മറിയാമ്മച്ചേട്ടത്തിയും ശോശാമ്മയും

soshamaഫോണ്‍ മണിയടിക്കുന്നതു കേട്ടാണ് ഉച്ചമയക്കത്തില്‍ നിന്നും മറിയാമ്മച്ചേട്ടത്തി ഞെട്ടിയുണര്‍ന്നത്. രണ്ട് റിംഗേ അടിച്ചുള്ളൂ അപ്പോഴേക്കും ആ ശോശാമ്മ ഓടിവന്ന്‍ എടുത്തിട്ടുണ്ടാകും. ആരാ ഇപ്പം വിളിക്കാന്‍ ചെലപ്പോ പോളായിരിക്കും. ക്രിസ്മസായിട്ട് അവന്‍ മാത്രമേ വിളിക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. മറ്റ് നാലുപേരും കാലത്തേ വിളിച്ചതാ.

“എടിയേ ശോശാമ്മോ, പോളാണോടി. നീയ്യാ സണ്ണികുട്ടി കൊണ്ട്ത്തന്ന ആ വയറില്ലാത്ത ഫോണൊന്നിങ്ങ്ട്ത്തേ എനിക്ക് പോളിനോട് ഇത്തിരി സംസാരിക്കാനാ” ആര് കേള്‍ക്കാന്‍.

“ഈയമ്മച്ചി എന്തോത്തിനാ ഫോണേല് സംസാരിക്ക്‌മ്പം ഇങ്ങ്നെ ബഹളം വെക്ക്ന്നെ”.

“നിനക്കപ്പം ആ ഫോണൊന്ന്‍ എന്‍റേല് തന്നാലെന്താടി. എന്തോരം നാളായി പോളിന്‍റെ ശബ്ദം ഒന്നുകേട്ടിട്ട്”.

“അതിന് അമ്മച്ചിക്ക്‌ ചെവി കേക്കാന്‍ മേലല്ലോ. അമ്മച്ചി പറയുന്നതൊന്നും പോളച്ചായന് മനസ്സിലാവത്തൂല്ല. പിന്നെ എന്തോത്തിനാ സംസാരിക്ക്ന്നെ. മാത്രല്ല കുറെ നേരം വര്‍ത്താനം പറഞ്ഞിട്ട് വേണം ഉള്ള വലിവ് കൂട്ടാന്‍. വല്ല മേലായ്കയും വന്നാലേ ഈ അമേരിക്കായിന്ന് വിളിക്ക്ന്നവരൊന്നും കാണത്തില്ല. പെടാപാട് പെടാന്‍ ഞാനൊര്ത്തിയേയുള്ളൂ. അമ്മച്ചീടെ മക്കള്‍ അമ്മച്ചീടെ കാര്യങ്ങള് തന്നേല്ലെ എന്നോട് ചോദിക്ക്ന്നെ. പിന്നെ എന്തോത്തിനാ അമ്മച്ചീ ഇത്ര കുശ്മ്പ്”.

അത് ശരിയാ, അമ്മച്ചിയെ വെയിലുകൊള്ളിക്കരുത്, കാറ്റുകൊള്ളിക്കരുത്, അമ്മച്ചിയെ മധുരം കഴിക്കാന്‍ വിടരുത്, ഉപ്പുള്ളതൊന്നുംകൊടുക്കരുത്, പുറത്തിറക്കരുത് ഇതൊക്കെയാണ് മക്കള്‍ക്ക് അവളോട് പറയ്യാനുള്ളത്. ഇന്ന്‍ ക്രിസ്മസായിട്ട് ഒര് തരി കേക്കിന്‍റെ കഷ്ണം പോലും അവളെനിക്ക്‌ തന്നില്ല. പണ്ട് എന്തോരം താറാവും പോര്‍ക്കുമൊക്കെ കഴിച്ചതാ. ഇപ്പഴോ പാവയ്ക്കാനീരും ഗോതമ്പുറൊട്ടിയും പുഴുങ്ങിയ പച്ചക്കറികളും പിന്നെ ഒരുപിടി ഗുളികകളും. പത്തുപതിനഞ്ച് വര്‍ഷമായി സഹചാരികളായി എപ്പോഴും കൂടെത്തന്നെയുണ്ട്‌ പ്രഷറും ഷുഗറും കൊളസ്ട്രോളും. പോരാത്തതിന് ആസ്തമയും.

മറിയാമ്മച്ചേട്ടത്തി പയ്യെ കട്ടിലില്‍ നിന്നെഴുന്നേറ്റ് വേച്ചു വേച്ചു ഉമ്മറത്തേക്ക്‌ നടന്നു.

“അമ്മച്ചി ഇതെവ്ടെ പോവ്വാ” ശോശാമ്മ വേവലാതിയോടെ ചോദിച്ചു.

“ഞാനൊന്ന്‌ ആ തൊടിയിലൊക്കെ നടന്നിട്ടു വരാടീ. എന്തോരം നേരാ മുറിയിലെന്നെ ഇങ്ങ്നെയടങ്ങിയിര്ക്ക്‌ന്നെ.”

“വേണ്ട വേണ്ട, ഇപ്പം കൂടി പോളച്ചായന്‍ പറഞ്ഞതേയുള്ളൂ. അമ്മച്ചിയെ പൊറത്തേക്കൊന്നും എറക്കര്തെന്ന്‍. നാട്ടിലപ്പടി പകര്‍ച്ചപനിയാ. ഇപ്പള്ത്തെ അസുഖങ്ങളാണേല് വായുവില്‍ കൂടിയാ പകര്ക. അമ്മച്ചിയിങ്ങ് കേറിയാട്ടെ. ഞാന്‍ അമ്മച്ചിക്ക് ടി.വീല് എന്തേലും വെച്ച്തരാം”.

ഈ ശോശാമ്മ തന്‍റെ കാര്യത്തില് ഇത്രമാത്രം ശ്രദ്ധ കാണിക്കുന്നത് തന്നോടുള്ള സ്നേഹം കൊണ്ടല്ലന്ന്‍ മറിയാമ്മച്ചേട്ടത്തിക്ക് നന്നായിട്ടറിയാം. അമ്മച്ചിക്ക് അസുഖമൊന്നുമില്ല, അമ്മച്ചി ആരോഗ്യവതിയാണ് എന്ന്‍ വരുത്തിതീര്‍ത്തില്ലേല് മക്കള്ടെ കൈയ്യീന്ന്‍ ശോശാമ്മയ്ക്ക് കിട്ടികൊണ്ടിരിക്കുന്ന കിമ്പളം കൊറയ്യുയേ.

“എടീ നോക്കിയേ, നല്ലൊരുപെങ്കൊച്ച് അതിനെയേതോ പിച്ചക്കാര് പിടിച്ചോണ്ട് പോയെന്ന്‍” ടി. വി കണ്ടുകൊണ്ടിരിക്കുന്നതിനിടെ മറിയാമ്മച്ചേട്ടത്തി വിളിച്ചു പറഞ്ഞു. ഏതാണ്ട് നമ്മ്ടെ പോളിന്‍റെ മോള്ടെ പ്രായം കാണും അല്ല്യോടീ. ആ കൊച്ചിനെ പെറ്റേപിന്നെ അവനും കുടുംബവും നാട്ടില് വന്നിട്ടേയില്ല. എന്‍റെ കണ്ണടയുന്നതിനു മുന്‍പേ ആ കൊച്ചിന്‍റെ മൊഖോന്ന്‍ എനിക്ക് കാണാനൊക്ക്യോടി. അവന്‍ വിളിക്ക്മ്പം നീയൊന്ന്‍ പറ”.

“ഈയമ്മച്ചിക്ക് ഇതെന്നാത്തിന്‍റെ കേടാ, അമ്മച്ചി വിചാരിക്കുമ്പോലെ അമേരിക്കായിന്നൊക്കെ പെട്ടന്നങ്ങനെ വരാനൊക്ക്വോ. എന്തോരം കാശ് ചെലവാ. പിന്നെയീ ഓണംകേറാമൂലയിലോട്ട് വന്നിട്ടിപ്പെന്താ. ഇവ്ടെയെന്നതാ കാണാന്ള്ളേ. അമ്മച്ചീടെയീ ചുക്കിചുര്ണ്ട മൊഖല്ലാണ്ട്. അമേരിക്കായിലൊക്കെ എന്തോരം കാഴ്ചകളാ കാണാന്ള്ളേ”.

എട്ടുമുറിയുള്ളയീ വീട്ടില് പട്ടാളച്ചിട്ട പഠിപ്പിക്കുന്ന ഹോംനഴ്സ് ശോശാമ്മയും മറിയാമ്മച്ചേട്ടത്തിയുമല്ലാതെ വേറെയാരുമില്ല. വല്ലപ്പോഴും ആശുപത്രീല് പോകാനായി ഭദ്രമായി പൊതിഞ്ഞ് ഷെഡ്ഡിന്‍റെയുള്ളില്‍ കയറ്റിവെച്ചിട്ടുള്ള കാറ് ഓടിക്കാന്‍ വരുന്ന വടക്കേവീട്ടിലെ ഡ്രൈവര്‍ചെക്കനാണ് ഇവിടെ വരാറുള്ള മറ്റൊരു മനുഷ്യജീവി. ബന്ധുക്കളാരേലും വരണെങ്കില്‍ ഒന്നെങ്കില്‍ കല്യാണം ഉണ്ടാവണം. അല്ലേല് മരണം ഉണ്ടാവണം. ഈ വീട്ടില് ഇനിയെന്തായാലും ഒരു കല്യാണം ഉണ്ടാവാന്‍ സാധ്യതയില്ല. മരിക്കാനാണേല് അടുത്ത ഊഴം മറിയാമ്മച്ചേട്ടത്തിയുടേതാണു താനും.

രാത്രി അത്താഴം കഴിഞ്ഞ് എണീറ്റപ്പോള്‍ ശോശാമ്മ പറഞ്ഞു.

“ഇനിയമ്മച്ചി പോയി പ്രാര്‍ത്ഥിച്ചിട്ട് കെടന്നോ”.

എന്നതായീ പ്രാര്‍ത്ഥിക്കേണ്ടെ. ആയുസ്സ് നീട്ടികിട്ടാനോ. നീട്ടികിട്ടിയിട്ടിപ്പോയെന്താ. ഇന്നത്തെപ്പോലെതന്നെയല്ലേ നാളെയും. ഇനിയുള്ള പുലരികള് എനിക്കായി പുതിയതൊന്നും കൊണ്ട് തരില്ലല്ലോ. പിറ്റേന്ന് കാലത്ത് പ്രാതലൊക്കെ കഴിഞ്ഞ് മുറിയിലൂടെ വെറുതെ ഉലാത്തുന്നതിനിടയിലാണ് മറിയാമ്മച്ചേട്ടത്തിക്ക് ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ തോന്നിയത്. അപ്പോഴതാ ഷെര്‍ലിയുടെ വീട്ടിലെ ഉമ്മറത്തെ ചാരുപടിയിലിരുന്നു പത്രം വായിക്കുന്നു വെളുത്തമുടിയുള്ള ഒരു വൃദ്ധന്‍. ഷെര്‍ലിയുടെ അപ്പച്ചനാന്നാ തോന്നുന്നെ. തന്നെക്കാളും ഏതാണ്ട് മൂന്നോ നാലോ വയസ്സ് കൂടുതല്‍ കാണുമായിരിക്കും. പക്ഷേ ഭാവങ്ങളും ചലനങ്ങളുമെല്ലാം തനിക്കിപ്പഴും ചെറുപ്പമാണെന്ന് പറയുന്നപോലെ. പത്രതാളുകളില്‍ നിന്നും എന്തിനോ വേണ്ടിയുയര്‍ത്തിയ ആ കണ്ണുകള്‍ ജനലിന് പിന്നില്‍ മറഞ്ഞിരിക്കുന്ന മറിയാമ്മച്ചേട്ടത്തിയെ കണ്ടു. ആ ചുണ്ടുകളില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. അതുകണ്ടപ്പോള്‍ മറിയാമ്മച്ചേട്ടത്തി നാണിച്ച് ഒരു കൗമാരക്കാരിയെപ്പോലെ പിന്നോട്ട് വലിഞ്ഞു. പിറ്റേന്ന്കാലത്ത് എണീറ്റ ഉടനെതന്നെ മറിയാമ്മച്ചേട്ടത്തി ജനലിനടുത്തേക്കാണ് ചെന്നത്. പ്രതീക്ഷിച്ചപ്പോലെ തന്നെ ഉമ്മറത്തെ ചാരുപടിയില്‍ തന്നെയിരിപ്പുണ്ട് ആ പുരുഷകേസരി. കൈയ്യിലൊരു പേരിന് പത്രമിരിപ്പുണ്ടെങ്കിലും ദൃഷ്ടി മുഴുവന്‍ ജനലിനു നേര്‍ക്കാണ്. ജാലകത്തെ മറയാക്കിയുള്ള അവരുടെ പരിചയം അങ്ങനെ വളര്‍ന്നു ആ പരിചയത്തിലാകെ ഒരു നിമിഷത്തേക്കുള്ള കണ്ണുകള്‍ തമ്മിലുള്ള കോര്‍ക്കലും പരസ്പരമുള്ള ഒരു പുഞ്ചിരിയും അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനപ്പുറത്തേക്കൊന്നും അത് കടന്നില്ല. അത് പ്രണയമായിരുന്നോ, സൗഹൃദമായിരുന്നോ അതോ വര്‍ണങ്ങളും മോഹങ്ങളും അവസാനിച്ചു കഴിഞ്ഞ ചോരയും നീരും വറ്റിയ രണ്ടു മനസ്സുകളുടെ വെറുമൊരു നേരമ്പോക്കോ. എന്തായാലും അതിനുശേഷം മറിയാമ്മച്ചേട്ടത്തിക്ക് ഒരു നവജീവന്‍ കിട്ടിയതുപോലെയാണ്. നടപ്പിലും എടുപ്പിലുമെല്ലാം ഒരു ഉന്മേഷവും ഉത്സാഹവും. അങ്ങനെയിരിക്കേ ഒരുദിവസം മറിയാമ്മച്ചേട്ടത്തി ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് ശോശാമ്മ കണ്ടു.

“ന്‍റെ ഈശോയേ, ഈ ജനലാരാ തൊറന്നിട്ടെ, അമ്മച്ചിയീ തൊറന്നിട്ട ജനലിനട്ത്ത് വന്ന്‍ നിന്ന്‍ ആ പൊടി മുഴുവന്‍ വലിച്ചുകേറ്റീട്ട്‌ വേണം ഇനി വലിവു കൂടാന്‍. അമ്മച്ചിയിങ്ങ് മാറിക്കേ” അതും പറഞ്ഞ് അവള്‍ ജനല് വലിച്ചടച്ച് കൊളുത്തിട്ടു

നീ പോടീ അവ്ട്ന്ന്‍. പൈലിച്ചായന്‍ മരിക്കുമ്പോള്‍ എനിക്ക് 32 വയസ്സേ ആയിട്ട്ണ്ടായിര്ന്ന്‍ള്ളൂ. അതിനുശേഷം ഇന്നേവരെ ഞാനെന്നെക്കുറിച്ച് ചിന്തിയിച്ച്ട്ട്ണ്ടായിര്ന്നില്ല. മക്കളൊക്കെ ഒപ്പമുണ്ടായിര്ന്നപ്പോ ഒറ്റയ്ക്കാന്ന്‍ തോന്നിയിട്ടുമില്ല. പിന്നെയിപ്പഴാ മിണ്ടാനും കേക്കാനുയൊക്കെ ഒരു കൂട്ട്ണ്ടാവണായിരുന്നൂന്ന്‍ തോന്ന്ന്നെ. കണ്ണെറിയാനും കരള് കൈമാറാനും കിന്നാരം പറയാനും ജീവിതം മുന്‍പില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന ഇരുപത്തഞ്ച് വയസ്സ് മാത്രം പ്രായമുള്ള നിനക്ക് എന്‍റെ മനസ്സിലെ നഷ്ടബോധം മനസ്സിലാവത്തില്ലെടീ. മറിയാമ്മച്ചേട്ടത്തിയുടെ ആത്മഗതം ശബ്ദമാര്‍ന്ന്‍ പുറത്തേക്ക് വരാതെ അവരുടെയുള്ളില്‍തന്നെ തങ്ങിനിന്നു. പിറ്റേന്ന് വെളുപ്പിന് ശോശാമ്മ വന്നു മറിയാമ്മച്ചേട്ടത്തിയെ കുലുക്കി വിളിച്ചുണര്‍ത്തി.

“അമ്മച്ചീ, അമ്മച്ചിയറിഞ്ഞാ അപ്പറ്ത്തെ ഷെര്‍ലിച്ചേച്ചിയുടെ അച്ഛന്‍ മരിച്ച് പോയെന്ന്‍. അങ്ങേര് പാലായിലുള്ള തറവാട്ടില് മോന്‍റെ കൂടാര്ന്ന്‍ താമസം. ഇവ്ടെയിപ്പം വന്നിട്ട് പത്ത്ദിവസേ ആയുള്ളൂ. ഇന്നലെ പാതിരാക്ക് ഒര് നെഞ്ച് വേദന വന്നതാ. ആശുയത്രീല് എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു. അമ്മച്ചി വേഗം എണീറ്റ് കൈയ്യും മൊഖോം കഴുകിയേച്ചും വാ. അമ്മച്ചിക്ക്‌ ആഹാരവും മരുന്നും തന്നിട്ടുവേണം എനിക്കത്രടം വരെ ഒന്ന്‍ പോവ്വാന്‍”.

മാലാഖമാര്‍ കുറച്ചുനാളായി കാട്ടികൊതിപ്പിച്ചിരുന്ന മനോഹരമായ റോസാപുഷ്പം കണ്‍വെട്ടത്തുനിന്നും മറയുന്നതുപോലെ മറിയാമ്മച്ചേട്ടത്തിക്ക് തോന്നി.

“എടീ ശോശാമ്മേ, നീയ്യാ അലമാരക്കകത്തൂന്ന്‍ ന്‍റെ ചട്ടയും മുണ്ടും ഇങ്ങെട്ക്കെടീ, ഞാനും വരാം”.

“അമ്മച്ചിയെന്നതായ്യീ പറേന്നെ. അങ്ങ് പാലായില്ളള തറവാട്ടിലേക്കാ കൊണ്ടേര്ന്നെ. ഈ വയ്യാത്തോട്ത്ത് അമ്മച്ചിക്കാവോ അത്രയും യാത്ര ചെയ്യാന്‍. അതൊന്നും വേണ്ട, ഞാന്‍ പോയി ശഠേന്ന്‍ ഇങ്ങ് വരാം”.

അന്നുരാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മറിയാമ്മച്ചേട്ടത്തിക്ക്‌ മനസ്സിന് ആകെയൊരു അസ്വസ്ഥത. തന്നോട് അടുക്കുന്നവരെയൊക്കെ കര്‍ത്താവങ്ങ് വിളിക്കയാ. തന്‍റെ എല്ലാമെല്ലാമായ പൈലിച്ചായനും തന്നെയിട്ടേച്ച് പോയി. ഇപ്പോയിതാ ജീവിതസായന്തനത്തിലിച്ചിരി സന്തോഷം തരാന്‍ വന്ന അയല്‍ക്കാരനും.

“എന്തോത്തിനാ കര്‍ത്താവേ, എന്നെ മാത്രം ഒറ്റയ്ക്ക് ഇവ്ടെയിങ്ങ്നെ നിര്‍ത്തിയിരിക്ക്‌ന്നെ. എന്നെയും കൂടി അങ്ങോട്ട്‌വിളിക്കര്തോ” ഉള്ളുരുകികൊണ്ട് മറിയാമ്മച്ചേട്ടത്തി കര്‍ത്താവിനോട്‌ പറഞ്ഞു. അഞ്ച് മക്കളും പതിമൂന്ന്‍ കൊച്ചുമക്കളുമുണ്ട്. അവരിലാരെങ്കിലും ഒരാള് ഇപ്പോതന്‍റെയൊപ്പം ഉണ്ടായിരുന്നെങ്കിലെന്നാ പാവം ആശിച്ചുപോയി. മറിയാമ്മച്ചേട്ടത്തിയുടെ മനസ്സിന്‍റെ ആവലാതികള്‍ പയ്യെ ശരീരത്തിലേക്കും പടര്‍ന്നു. പ്രഷറും ഷുഗറുമൊക്കെ കൂടി മറിയാമ്മച്ചേട്ടത്തിക്ക് ഒട്ടും വയ്യാതായി. “കര്‍ത്താവേ, എന്‍റെ പൈലിച്ചായന്‍റടുത്ത് എന്നെയെത്രയും പെട്ടെന്നു കൊണ്ടുപോണേ” എന്നാപാവം രൂപക്കൂടിനുമുന്നില്‍ വന്നു നിന്നു നിത്യവും പ്രാര്‍ത്ഥിക്കലായി. ഒരു ദിവസം വ്യസനത്തോടെ മറിയാമ്മച്ചേട്ടത്തി ശോശാമ്മയോട് പറഞ്ഞു. “എടിയേ, എനിക്ക് മക്കളെയൊക്കെയൊന്ന്‍ കാണണമെന്ന്‍ തോന്ന്‍യാ. നീ, അവര് വിളിക്ക്മ്പം പറ ഒന്ന്‍ നാട്ടില് വന്ന്‍ അമ്മച്ചിയെ കണ്ടേച്ചും പോവ്വാന്‍” രണ്ട് ദിവസം കഴിഞ്ഞു മറിയാമ്മച്ചേട്ടത്തിയുടെ മൂത്തമകന്‍ സണ്ണികുട്ടി വിളിച്ചപ്പോള്‍ ശോശാമ്മ കാര്യങ്ങളൊക്കെ പറഞ്ഞു.

“നീയെന്നതാ ശോശാമ്മേ ഈ പറേന്നെ. നിനക്കും അമ്മച്ചിക്കുയൊക്കെ ഇവ്ടത്തെ തെരക്കും കാര്യങ്ങളുയൊക്കെ അറിയണോ. കോട്ടയത്തൂന്നും പാലായിന്നും ഒക്കെ വര്ന്നപോലെ അമേരിക്കായിന്ന്‍ വരാനൊക്ക്വോ. ഇവ്ടെ കൊച്ച്ങ്ങള്‍ക്കൊക്കെ പരീക്ഷയാ. രണ്ട്മാസം കഴിഞ്ഞേ സ്കൂള്‍ അടക്കത്തുള്ളൂ. അപ്പഴേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വരാനും ഒക്കത്തുള്ളൂ. നീയൊരു കാര്യം ചെയ്യ്‌, അമ്മച്ചിയെ എറണാകുളത്ത്ള്ള ഏതേലും നല്ല ആശുയത്രീല് കൊണ്ടോയി കാണിക്ക്. കാശ് എത്ര വേണേലും ഞാനയച്ച് തരാ. ഒര് രണ്ട്മാസത്തേക്ക് എങ്ങനേലും കാര്യങ്ങളൊക്കെ നീയൊന്ന്‍ പിടിച്ച് നിറ്ത്ത്” മരുന്നുമായി ശോശാമ്മ മുറിയിലെത്തിയപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ മറിയാമ്മച്ചേട്ടത്തി ചോദിച്ചു.

“എന്നതാടീ സണ്ണികുട്ടി പറഞ്ഞെ”.

“അവരൊക്കെ രണ്ട് മാസം കഴിഞ്ഞിട്ട് വരാന്ന്‍. അമ്മച്ചിയെ എറണാകുളത്ത്ള്ള നല്ല ആശുയത്രീല് കാണിക്കാന്. രണ്ട് മാസത്തേക്ക് കാര്യങ്ങളൊക്കെ എന്നോട് പിടിച്ച് നിറ്ത്താന്”.

“അമ്മച്ചീടെ മരണത്തെയല്ല്യോടീ പിടിച്ച് നിറ്ത്തണ്ടെ. അത് നീ വിചാരിച്ചാല്‍ പിടിച്ച് നിറ്ത്താനൊക്കുകേല. അതിന് കര്‍ത്താവുതന്നെ മനസ്സുവെയ്ക്കണം. “മറിയാമ്മച്ചേട്ടത്തി പയ്യെ എഴുന്നേറ്റ് പിടിച്ചു പിടിച്ചു നടന്ന്‍ രൂപക്കൂടിനു മുന്നിലെത്തി.

“കര്‍ത്താവേ, എന്‍റെ പൈലിച്ചായന്‍റട്ത്ത് എന്നെയും കൂടി കൊണ്ടുപോകാനാണ് എന്നും നിന്നോട് ഞാന്‍ പ്രാര്‍ത്ഥിക്കാറ്. എന്നാല്‍ ഇന്ന്‍ ഞാന്‍ കേണപേക്ഷിക്കയാ. എനിക്കൊരു രണ്ട്മാസം കൂടി സമയം തരണം. അങ്ങോട്ട് വര്ന്നേന് മുന്‍പ് എനിക്കെന്‍റെ മക്കളെയും കൊച്ച്മക്കളെയും ഒന്ന്‍ കാണാനാ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English