കാഞ്ഞിരക്കോട്ട് അമ്പലത്തിലെ കോമരം കുളിക്കാനായി പുഴയുടെ തീരത്തെത്തി പുഴയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കൈയിലിരുന്ന വാളും ഇളനീരും കരയില്‍ വച്ചു .
പുഴയിലിറങ്ങി വസ്ത്രങ്ങള്‍ അടിച്ചു നനച്ചു കുളിച്ചു . കോമരം കുളിക്കാനിറങ്ങിയതിനു പിന്നാലെ പലരും കടവിലെത്തി കുളിക്കാന്‍ തുടങ്ങി. പുഴയില്‍ കുളിക്കാനിറങ്ങുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചു. ജോലി കഴിഞ്ഞ് മടങ്ങിയ തെങ്ങു കയറ്റക്കാരന്‍ കുട്ടന്‍ പുഴയിലെ കാഴ്ച കണ്ടു. മദ്യം കഴിച്ച് ആടിയാടി വന്ന കുട്ടന്‍ അവിടെ നോക്കി നിന്നു. അല്പ്പ നേരം കണ്ടു നിന്നപ്പോള്‍ അയാള്‍ക്ക് പുഴയിലിറങ്ങി മുങ്ങിക്കുളിക്കണമെന്നു തോന്നി. കൈയിലിരുന്ന അരിവാളും നാളികേരവും പുഴയുടെ തീരത്തു വച്ച് കൊണ്ട് പുഴയിലേക്കിറങ്ങി.
കുളി കഴിഞ്ഞ് കരക്കു കയറി വീട്ടിലേക്കു മടങ്ങി. ഇടക്ക് ചെന്നപ്പോഴാണ് അരിവാളിന്റെയും നാളികേരത്തിന്റെയും കാര്യം ഓര്‍ത്തത് . ഓടി വന്ന് അരിവാളും നാളികേരവുമാണെന്നു കരുതി വാളും ഇളനീരും എടുത്തുകൊണ്ടു പോയി.
കോമരം കുളി കഴിഞ്ഞ് വന്നപ്പോള്‍ അരിവാളും നാളികേരവുമാണ് കണ്ടത്. ഇതെങ്ങനെ സംഭവിച്ചു കോമരത്തിനത്ഭുതം തോന്നി. കോമരം തുള്ളിക്കൊണ്ടു ചോദിച്ചു.
‘കാഞ്ഞിരക്കോട്ട് അമ്പലത്തിലെ വാള്‍ വളഞ്ഞ് അരിവാളായതെങ്ങിനെ ? ഇളനീര്‍ വിളഞ്ഞ് നാളികേരമായതെങ്ങിനെ?’
കേട്ടവര്‍ക്ക് അത്ഭുതം തോന്നി.
വാളും ഇളനീരും പോയ വഴി അവരറിഞ്ഞില്ല.