കോഴിക്കുഞ്ഞിനെ
റാഞ്ചിയെടുക്കാൻ
വട്ടമിട്ട് പറക്കുന്ന പരുന്തും
ചുട്ടുപൊള്ളുന്ന ഭൂമിയിൽ
ഇത്തിരി തണൽ കൊണ്ടുവരാറുണ്ട്.
റാഞ്ചുന്നതിന് മുമ്പ്
ഉന്നം പിടിച്ച്
ഒറ്റക്കുതിപ്പിന്
കാൽവിരലുകൾക്കുള്ളിൽ
അമർത്തിപ്പിടിക്കാനും
ഇര ഇലകൾക്കിടയിൽ
ഒളിക്കാതിരിക്കാനും
മറ്റു വഴികളില്ലാത്തതിനാൽ
മണ്ണിൽ അറിയാതെ
പതിഞ്ഞ ചിറകിന്റെ നിഴൽ
കണ്ടു നിന്നവർ പരുന്തിന്റെ
വിശാലഹൃദയത്തിന് നന്ദി പറഞ്ഞു
പിരിഞ്ഞു പോയി.
ഒച്ചവെച്ച് ഓടി നടക്കുന്ന ചെന്നായ്ക്കളും
ആട്ടിൻകുട്ടിയെ കാണുമ്പോൾ
അൽപ്പം നിശ്ശബ്ദമാവാറുണ്ട്.
പിന്നിൽ പതുങ്ങിയിരുന്ന്
ഒറ്റച്ചാട്ടത്തിന്
അന്നനാളവും ശ്വാസനാളവും
ഒന്നിച്ച് കടിച്ച് ഞെരിക്കാൻ
അൽപ്പസമയം
നിശ്ശബ്ദ ആവശ്യമാണ്.
കണ്ടു നിന്നവർ ചെന്നായ്ക്കളുടെ
നിശ്ശബ്ദതയെ വാനോളം പുകഴ്ത്തി
പിരിഞ്ഞു പോയി.
വേട്ടയാടിപ്പിടിച്ച
കലമാൻ കിടാവിനെ
ഉടനെ തന്നെ
കടുവകൾ കടിച്ചുകീറി കൊല്ലാറില്ല.
വേട്ടയാടാൻ പഠിക്കുന്ന
കുട്ടിക്കടുവകൾക്ക്
തട്ടി നോക്കിയും
എടുത്തെറിഞ്ഞും
ആർത്തു ചിരിക്കാൻ
അൽപ്പം ജീവൻ ആവശ്യമാണ്.
കണ്ടു നിന്നവർ
കടുവയുടെ കാരുണ്യം വാഴ്ത്തി
പിരിഞ്ഞു പോയി.