ഇതാ
ഇതു വാങ്ങിച്ചോളൂ
ബലിച്ചോറുരുള പോലെ
പരിശുദ്ധം
വെട്ടിയെടുക്കുമ്പോള്‍
കൈവിറയ്ക്കും
നൊന്തു പെറ്റതാണ്,
യന്ത്രത്തില്‍ കിടന്നരയുമ്പോള്‍
ഊറി വരുന്നത് ചുടുചോരയാണ് സാര്‍
പാഴ് കിനാവുകളൊക്കെയും
ചളിയും പതയുമായി പൊന്തുന്നത് തേവിക്കളഞ്ഞ്
കൊപ്രയില്‍ തിളക്കുന്നത്
വിയര്‍പ്പാണ്
ആര്‍ദ്രമായതൊന്നും ബാക്കിയില്ലാതെ പോവുമ്പോള്‍
കാലം ഉറച്ചു കട്ടപിടിച്ചു പോവും
ഉരുട്ടിയെടുക്കുമ്പോള്‍
പൊള്ളില്ല
ചരിത്രത്തിലെ എല്ലാ ഇഷ്ടികച്ചൂളകളും
ഇതേ കൈവെള്ളകളിലായിരുന്നല്ലോ പുകഞ്ഞത്
ഓരോ ഉരുളയിലും
പതിഞ്ഞു കിടക്കുന്ന
രേഖകള്‍ ചിതല്‍ തിന്നു പോയ
അഞ്ചു വിരലുകള്‍
ആളെയളക്കുന്ന യന്ത്രത്തില്‍
ഇതേ വിരലമര്‍ത്തുമ്പോള്‍
ദാരിദ്ര്യക്കാര്‍ഡില്‍
അരിയും മണ്ണെണ്ണയും തെളിയാറില്ല സാര്‍
ശര്‍ക്കരയുടെ നിറം
ചോരക്കറയുടെതാകും സാര്‍
അറയ്ക്കേണ്ട, വാങ്ങിക്കണം സാര്‍
കേടു വരില്ല , രുചി കൂടും
ഒരലങ്കാരക്കലര്‍പ്പുമില്ല
ഇത് ജീവിതത്തിന്റെ
കവിതയാണ് സാര്‍,
വായിക്കാതെ പോകരുത്