രാഹുല്‍ അടുക്കളയിലേക്ക് ചെന്നപ്പോള്‍ അമ്മ ഒരു സെറ്റ് ഗുളികകളുമായി നില്‍ക്കുന്നു.
“ എന്ത് പറ്റി ? “ അവന്‍ ചോദിച്ചു.
“ ഒരു ഓര്‍മയും ഇല്ലെടാ . ഇപ്പൊ കഴിക്കേണ്ട ഗുളികയാ. പക്ഷേ കഴിച്ചോ ഇല്ലയോ എന്ന് യാതൊരു ഓര്‍മ്മയും ഇല്ല.” അവനു പെട്ടെന്ന് ദേഷ്യം വന്നു.
“ ഇതൊക്കെ ഒന്ന് ഓര്‍ത്തിരുന്നു കൂടെ? ഓരോ കാര്യങ്ങള്‍ ഇങ്ങനെ മറക്കാന്‍ തുടങ്ങി കഴിഞ്ഞാലുള്ള അവസ്ഥ എന്താകും. ഇന്നലെ പിച്ചാത്തി തപ്പി ഇവിടം നടക്കുന്നത് കണ്ടു .”
അവന്റെ വാദങ്ങള്‍ക്ക് അമ്മ മറുപടിയൊന്നും പറഞ്ഞില്ല. എല്ലാം നിശബ്ദയായി കേട്ടു കൊണ്ട് നിന്നു.
ഇതിനു ഇപ്പൊ എന്താ ഒരു പരിഹാരം അവന്‍ ആലോചിച്ചു. പെട്ടെന്ന് അവന്റെ തലയില്‍ ഒരു ബള്‍ബു കത്തി.
“ ഈ ഗുളിക എന്നാ മേടിച്ചത്? ”
“ മിനിയാന്ന്.”
“ എത്ര ഗുളിക ഉണ്ടായിരുന്നു. ? ”
“ഇരുപത്തി അഞ്ചിന്റെ ഒരു സെറ്റ്.”
“ ഇന്ന് ഉച്ച വരെ ഉള്ള ഗുളികകള്‍ കഴിച്ചിരുന്നോ.”
“ഹിമ ഉണ്ടായിരുന്നതു കൊണ്ട് ഇത് വരെ സമയത്തിന് എടുത്തു തരുമായിരുന്നു”
മകളെ പറ്റിയാണ് പറയുന്നത്. അവള്‍ വൈകുന്നേരം വരെ വീട്ടില്‍ ഉണ്ടായിരുന്നു. വൈകുന്നേരം ഭര്‍ത്താവിന്റെ വീട്ടിലേക്കു തിരിച്ചു പോയി. രാഹുല്‍ മനസ്സില്‍ കണക്കു കൂട്ടി. ഇത് വരെ എട്ടെണ്ണം കഴിച്ചിട്ടുണ്ടാകണം. അവന്‍ ബാക്കി ഇരിക്കുന്ന ഗുളികകള്‍ എണ്ണി നോക്കി. പതിനാറ് എണ്ണമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.
“ദാ ഇതില്‍ പതിനാറെണ്ണമേ ബാക്കിയൊള്ളൂ. ഇപ്പോഴേക്കുള്ളത് അമ്മ കഴിച്ചു കഴിഞ്ഞു”
അവര്‍ക്ക് ആശ്വാസമായി. രാഹുല്‍ മുറിയിലേക്ക് പോയി.
ഫോണ്‍ കയ്യിലെടുത്തു. ഒന്ന് രണ്ടു സെല്‍ഫികള്‍ എടുത്തു ഇന്‍സ്റ്റാഗ്രമില്‍ പോസ്റ്റ് ചെയ്തു. കുറെ ഹാഷ് ടാഗുകള്‍ നെറ്റില്‍ നിന്നും കോപ്പി ചെയ്തിട്ടു. ഫോട്ടോ ഇട്ടു ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ ലൈക്കുകള്‍ വരാന്‍ തുടങ്ങി. എല്ലാം വിദേശത്ത് നിന്നാണ്. ബ്രസീലില്‍ നിന്നും ഒരു ഫ്രണ്ടുണ്ട്. റഷ്യയില്‍ നിന്നും ഒരു ഹെര്‍മന്‍ ബ്രാണ്ടി. കാനഡയില്‍ നിന്നും കത്രീനയും സഹോദരി ലൂസിയും ഒരുമിച്ചു ലൈക് ചെയ്തിരിക്കുന്നു. കേരളത്തില്‍ നിന്നും ഒരു കുഞ്ഞു പോലും ലൈക് ചെയ്തിട്ടില്ല. ഹാഷ് ടാഗുകള്‍ കണ്ടു പിടിച്ചവരെ അവന്‍ മനസ്സില്‍ നമിച്ചു. ഈ ഹാഷ് ടാഗ് ഒന്നും ഇല്ലായിരുന്നെങ്കില്‍ തന്റെ ചിത്രങ്ങള്‍ക്ക് ഒരു ലൈക്ക് പോലും കിട്ടില്ലായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ തന്നെ ഫോണില്‍ ഡാറ്റയുടെ ഉപയോഗം കഴിയാറായി എന്ന് മെസ്സേജ് വന്നു. നിലവില്‍ ദിനം പ്രതി നാല് ജിബി ഡാറ്റ ഉപയോഗിക്കുന്ന ഒരു പ്ലാന്‍ ആണ് ഉള്ളത്. വന്ന് വന്ന് അത് ഒന്ന് മൂക്കില്‍ പൊടി വലിക്കാന്‍ പോലും തികയാത്ത അവസ്ഥയിലേക്ക് വന്നിരിക്കയാണ്.
ഇപ്പോഴുള്ള പ്ലാന്‍ മാറ്റി ദിവസവും എട്ടു ജീബി ഉപയോഗിക്കാന്‍ പറ്റുന്ന പ്ലാന്‍ ചെയ്യേണ്ട സമയം ആയി എന്ന് അവന്‍ മനസ്സില്‍ ഉറപ്പിച്ചു.
പെട്ടെന്നാണ് അവന്‍ നാളെ പീ എസ് സീ പരീക്ഷ ഉള്ള കാര്യം ഓര്‍ത്തത്. രാവിലെ ഏഴരയ്ക്കു തങ്കശ്ശേരി സ്കൂളില്‍ വച്ചാണ് പരീക്ഷ. അപ്പോഴാണ് ഹാള്‍ ടിക്കറ്റ് പ്രിന്റ് എടുത്തിട്ടില്ല എന്ന കാര്യം ഓര്‍ത്തത്. ഇനിയിപ്പോള്‍ എന്ത് ചെയ്യും. നാളെ രാവിലെ ആ സമയത്ത് കടകള്‍ ഒന്നും തുറക്കില്ല. അവന്‍ തന്റെ പരിചയക്കാരന്‍ ഗോപനെ ഓര്‍ത്തു. കാര്യം പറഞ്ഞപ്പോള്‍ പിറ്റേ ദിവസം രാവിലെ ആറുമണിക്ക് അവനു വേണ്ടി കട തുറക്കാം എന്ന് ഗോപന്‍ സമ്മതിച്ചു. അപ്പോഴാണ് രാഹുലിന്റെ ശ്വാസം ഒന്ന് നേരെ വീണത്. ഇനി ഒരു ഷര്‍ട്ട് അയണ്‍ ചെയ്യണം. അയന്‍ ബോക്സ് പ്ലഗ് ഇന്‍ ചെയ്തിട്ട് ഫോണ്‍ എടുത്തു ഫെയ്സ് ബുക്കിന്റെ ലോകത്തിലേക്ക് കയറി. ആഹാ ഒരു ലൈവ് വന്നിട്ടുണ്ടല്ലോ. അമ്പലത്തിനു അടുത്തുള്ള ഒരു പയ്യന്റെ കല്യാണം ഇന്നായിരുന്നു. വീടിന്റെ മുന്‍പിലുള്ള വയലില്‍ വച്ച് നടക്കുന്ന ഡീ ജെ ആയിരുന്നു ലൈവില്‍. വയലില്‍ തല്‍ക്കാലത്തേക്ക് കെട്ടി ഉയര്‍ത്തിയ പന്തലില്‍ പാട്ടും ഡാന്‍സും പുരോഗമിക്കുന്നു. അതില്‍ ലയിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല. റൂമില്‍ പുക നിറഞ്ഞപ്പോഴാണ് അവന്റെ ബോധം തിരിച്ചു വന്നത്. അയണ്‍ ബോക്സ് കുത്തി ഇട്ടിട്ടു ഏകദേശം അര മണിക്കൂര്‍ ആയിരുന്നു. അത് ചൂടായി അവന്റെ ബെഡ് ഷീറ്റിന്റെ മുകളില്‍ വീണു അത് മുഴുവന്‍ കരിഞ്ഞ പുകയാണ് മുറിയില്‍ നിറഞ്ഞത്. ഉടന്‍ തന്നെ പോയി ജനാലകള്‍ മുഴുവന്‍ തുറന്നിട്ടപ്പോള്‍ പുക കുറച്ചു കുറഞ്ഞു കിട്ടി. തന്റെ അശ്രദ്ധയെ പറ്റി അവനു ആകെ പശ്ചാത്താപം തോന്നി. ഈ നെറ്റ് ആണ് എല്ലാത്തിനും കാരണം. അവന്‍ മുറിക്കു പുറത്തിറങ്ങി. അടുത്ത മുറിയില്‍ നിന്നും അമ്മയുടെ കൂര്‍ക്കംവലി ഉയരുന്നുണ്ടായിരുന്നു. നേരത്തെ അവരെ വഴക്ക് പറഞ്ഞതില്‍ അവനു കുറ്റബോധം തോന്നി. പ്രായത്തിന്റെതായ ഓര്‍മ്മപ്പിശക് ആണ് അമ്മ . എന്നാല്‍ താനോ? ദിവസവും ഫ്രീ ആയി കിട്ടുന്ന ഇന്റെര്‍ നെറ്റില്‍ മതി മറന്നു ചെറിയ ചെറിയ കാര്യങ്ങള്‍ വരെ മറന്നു പോകുന്നു. ഇതിനു പരിഹാരം ഒന്നേ ഉള്ളു. അവന്‍ തന്റെ ഫോണ്‍ കയ്യില്‍ എടുത്ത് ജിയോയുടെ സിം ഉരി മാറ്റി, രണ്ടായി ഒടിച്ചു തെങ്ങിന്‍ കുഴിയിലേക്ക് എറിഞ്ഞു. നാളുകള്‍ക്കു ശേഷം അന്ന് അവന്‍ ശാന്തമായ മനസ്സോടെ കിടന്നുറങ്ങി.
Click this button or press Ctrl+G to toggle between Malayalam and English