മാറാപ്പ്

3d198122200513c57dd458a4a5c5652e

ഈ മാറാപ്പ്
ഇവിടെ
തെരുവിൽ ഇറക്കി വെക്കുന്നു.

ഉള്ളിൽ
ചീഞ്ഞുനാറുന്ന
മാലിന്യക്കൂമ്പാരങ്ങൾ
വഴിയാത്രക്കാർക്കായി
ഇവിടെ തുറന്നു വെക്കുന്നു.

മാനം വിറ്റതിന്റെ
വരവുചെലവുകൾ
വരിയും നിരയുമായി
നിറം പിടിപ്പിച്ചു വരച്ചു വെച്ചതിന്റെ
ബാക്കിപത്രങ്ങൾ.

ഒളിഞ്ഞുനോട്ടത്തിന്റെ
വൈറലായ ലൈവുകൾ.

തട്ടിയെടുത്ത
മനുഷ്യ മാനത്തിന്റെയും
മാംസത്തിന്റെയും
വിഘടിക്കപ്പെടാതെ കിടക്കുന്ന
ചെറുകഷ്ണങ്ങൾ.

കുതികാൽ വെട്ടിന്റെ
സൂത്രവാക്യങ്ങൾ.

തമ്മിലടിപ്പിച്ചു
കൊന്നും തിന്നും തീർത്ത ശരീരങ്ങൾ
തെറിപ്പിച്ച ചോരപ്പാടുകൾ.

ബന്ധങ്ങൾ അറുത്തുമാറ്റി
കബന്ധങ്ങൾ സൃഷ്ടിച്ചെടുത്ത
സ്റ്റിംഗ് ഓപ്പറേഷനുകൾ.

നഗ്നരാജാവിന്
നാണം തുന്നിക്കൊടുത്തതിന്
കൂലിയായി കിട്ടിയ
സമ്മാനത്തിന്റെ
ചിതലെടുക്കാത്ത ഭാഗങ്ങൾ.
ഒറ്റിക്കൊടുത്തു നേടിയ
വെള്ളിക്കാശുകൾ..

ഈ വിഴുപ്പുഭാണ്ഡം
ഇനിയും വഹിക്കാൻ കഴിയാത്തതിനാൽ
“മാപ്പ് ” എന്നെഴുതി
മാലോകർക്കായി
വഴിത്താരയിൽ തുറന്നു വെക്കുന്നു.

കാക്കകൾ കൊത്തിവലിച്ചതിന്റെ
അവശിഷ്sങ്ങൾ
തെരുവുപട്ടികൾക്കു
ദാനം കൊടുത്ത മഹാമനസ്കതയ്ക്കു
മംഗളാശംസകൾ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here