മരണത്തോടൊരു മുഖാമുഖം

maranathinu

 

തിരക്കുള്ള റോഡരികിലൂടെ തിരക്കിട്ടു നടക്കവേ

പിന്നില്‍ നിന്ന് ആരോ വിളിച്ചതായി തോന്നിയോ

പമ്മി പതുങ്ങി പിന്നിലാരോ ഒളിച്ചിരിക്കുന്നുവോ

കാറ്റിനു കനം കൂടുന്നു,ചുറ്റിലും പരക്കുന്നു

കത്തിയെരിയുന്ന കര്‍പ്പൂരത്തിന്‍ ഗന്ധം

ഒളിഞ്ഞിരിപ്പുണ്ടിവിടെയാരുമറിയാതെ

നിറമില്ലാത്ത രൂപമില്ലാത്ത

അവ്യക്തമാം എന്തോയൊന്ന്‍

തിരിഞ്ഞുനോക്കിയില്ല ഞാന്‍

ഭയപ്പാടോടെ വേഗേനയോടിയെങ്ങോട്ടെന്നറിയാതെ

തിരഞ്ഞുകൊണ്ടേയിരുന്നു നയനങ്ങള്‍

ചുറ്റിലും ആത്മരക്ഷയ്ക്കായി

ദയയിരന്നുകൊണ്ടേയിരുന്നുയെന്‍

വിറയാര്‍ന്ന അധരങ്ങള്‍

നീ വരൂ വരൂ ആവര്‍ത്തിച്ചു

വിളിക്കുന്നുവെന്നെയാരോ

കൂറ്റന്‍തിരമാലകള്‍ ആഴിതന്‍

ആഴങ്ങളിലലിഞ്ഞുചേരുവാന്‍ ക്ഷണിക്കും പോലെ

പൊടുന്നനെയെന്നോടാരോ

ഉര ചെയ്യുന്നു, ഒരശരീരിപോലെ

നിന്നെ ഞാന്‍ കൊണ്ടുപോകാം

അനന്തമായ മറ്റൊരു ലോകത്തേക്ക്

വിസ്മയിപ്പിക്കുന്ന ശാന്തിയിലേക്ക് നയിക്കാം

കയ്പുനീരേറെ കുടിച്ചവളല്ലയോ

കണ്ണുനീരേറെ പൊഴിച്ചവളല്ലയോ

ഇനി നിന്നെ ഞാന്‍ഉറക്കികിടത്താം
ഒന്നുമറിയാത്തല്ലലൊന്നുമില്ലാത്തയുറക്കം

കയ്പുനീരെത്ര കുടിച്ചാലും

കണ്ണുനീരെത്ര പൊഴിച്ചാലും

ഞാന്‍ വരില്ല, വരാനൊക്കില്ല

ചെയ്യുവാനുണ്ടേറെയെനിക്കിവിടെ

പാടുവാനുണ്ടേറെയെനിക്കിവിടെ

കാത്തിരിക്കാന്‍ കുരുന്നുകളുമുണ്ട്

ന്യായങ്ങളെന്തുതന്നെ നിരത്തിയാലും

നിന്നെ ഞാന്‍ കൊണ്ടുപോകും

ഞാന്‍ വിളിച്ചാല്‍ വരാതിരിക്കാനാവില്ലയാര്‍ക്കും

കാരണം ഞാനൊരു സത്യമാണ്

ഏറ്റവും വലിയ പ്രപഞ്ചസത്യം

എന്‍റെ സിരകളില്‍ ഭീതി പടരുന്നു

കൈകാലുകള്‍ കുഴയുന്നു, ശരീരം തളരുന്നു

വെട്ടിയിട്ട മരം കണക്കെ നിലംപതിച്ചൊ-

രെന്‍ മേനിയില്‍ കയറിയിറങ്ങുന്നു

എതിര്‍ദിശയില്‍ നിന്നോടി

കുതിച്ചെത്തിയ നാലുചക്രങ്ങള്‍

വിട ചൊല്ലുന്നു ഞാന്‍

കുളിരേറെയേകിയ നിലാവിനോടും

പാട്ടുമൂളി തഴുകുവാനെത്തിയ കാറ്റിനോടും

താരാട്ടുപാടിയുറക്കിയ അരുവികളോടും

പിന്നെ കാത്തിരിക്കുന്ന കുരുന്നുകളോടും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here