മരണത്തിനും മുൻപേ ” മരിച്ചു ” പോകുന്നവർ

 

 

 

 

 

എഴുന്നേറ്റ് മൊബൈൽ നോക്കിയപ്പോൾ നാലര ആയതേ ഉള്ളൂ ..

” ആറുമണിക്കാണല്ലോ അലാറം വച്ചത് .. അലാറം അടിച്ചെന്ന് എനിക്ക് വെറുതെ തോന്നിയതാണോ ”

എന്ന് മനസ്സിലോർത്തു സമീറ മൊബൈൽ മേശപ്പുറത്ത് വച്ച് വീണ്ടും കിടക്കയിലേക്ക് തിരിഞ്ഞു, അപ്പോഴാണ് ശ്രദ്ധിച്ചത് ഷാനവാസ് കിടക്കയിൽ ഇല്ല.

” ഷാനിക്കാ .. ഷാനിക്കാ ..”

ഉറക്കെ വിളിച്ചു കൊണ്ട് ബെഡ് റൂമിലെ ടോയ്‌ലെറ്റിൽ നോക്കി , അകത്തു നിന്ന് പൂട്ടിയിട്ടില്ല സമീറ വാതിൽ തുറന്നു നോക്കി , ടോയ്‌ലെറ്റിൽ ഇല്ല.

ബെഡ്റൂമിന്റെ വാതിൽ പാതി തുറന്നു കിടക്കുക്കുകയായിരുന്നു.

” ഷാനിക്കാ .. ഷാനിക്കാ ..ഇങ്ങള് എവിടെയാ ഉള്ളത് ”

സമീറയുടെ ചോദ്യം കേട്ട് അടുത്ത റൂമിൽ നിന്ന് ഷാനവാസിന്റെ ഉമ്മ ജമീല കണ്ണും തിരുമ്മി പുറത്തേക്ക് വന്നു.

” സമീറ , എന്താ …നീയെന്തിനാ ഇത്രെയും വെളുപ്പിന് എണീറ്റേ … ”

” ഉമ്മാ .. ഷാനിക്കയെ റൂമിൽ കാണുന്നില്ല .. ” സമീറ പറഞ്ഞു.

” ഓൻ അപ്പുറത്തെ കക്കൂസിൽ പോയിട്ടുണ്ടാകും ” അതും പറഞ്ഞു ജമീല അടുക്കളയിലേക്ക് നടന്നു .

കുളിമുറിയിലും കക്കൂസിലും ഒക്കെ നോക്കി വിളിച്ചു … ” എടാ ഷാനി .. എടാ ഷാനി ..”

പുലർച്ചെ ഉള്ള ഒച്ചപ്പാട് കേട്ട് ജമീലയോടൊപ്പം താഴത്തെ റൂമിൽ ഉറങ്ങിയിരുന്ന ഷാനവാസിന്റെ മകൾ റിഹാനയും
മുകളിലത്തെ റൂമിൽ ഉറങ്ങിയിരുന്ന ഷാനവാസിന്റെ മകൻ റിഹാനും ഏഴുന്നേറ്റു.

പിന്നെ നാലുപേരും ചേർന്ന് ഷാനവാസിനെ തിരയൽ ആയി
മുറ്റത്തും വിറക് പുരയിലും തേങ്ങാകൂടയിലും ഒക്കെ നോക്കി …

ആളെവിടെയും ഇല്ല …

സമീറയുടെ തേങ്ങൽ കരച്ചിലായി , ഒപ്പം ജമീലയും റിഹാനയും കരയാൻ തുടങ്ങി .

പുലർച്ചെ ഉള്ള നിലവിളി അടുത്ത വീടുകളിലേക്കും എത്തി
അയൽവാസികളായ രാജീവനും ഭാര്യ ഉഷയും എത്തി , പിന്നാലെ അടുത്ത വീടുകളിൽ നിന്ന് മുജീബും സഹദേവനും മോഹനൻമാഷും ഒക്കെ എത്തി… ചോദ്യങ്ങളും അടക്കം പറച്ചലുകളും കുശുകുശുക്കലും ഒക്കെ ആയി ….

” നിങ്ങള് ബേജാറാവണ്ട , ഷാനവാസ് എന്തെങ്കിലും ആവശ്യത്തിന് പോയതായിരിക്കും , നേരം വെളുക്കട്ടെ … മ്മക്ക് കണ്ടുപിടിക്കാം ..”
സമീറയെ സമാധാനിപ്പിക്കാനായി മോഹനൻ മാഷ് പറഞ്ഞു.

സഹദേവന്റെ ബൈക്കിൽ മുജീബും കൂടി കയറി , റോഡിലൊക്കെ നോക്കി , ചാല – താഴെ ചൊവ്വ – കാപ്പാട് – കോയ്യോട് ഒക്കെ തിരഞ്ഞു ചെമ്പിലോട് തന്നെ തിരിച്ചെത്തി.

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ മോഹനൻ മാഷും രാജീവനും ഒക്കെ വിളിച്ചു നോക്കി .ആർക്കും ഒരു വിവരവുമില്ല ..

അപ്പോഴേക്കും നേരം വെളുത്തു , ഷാനവാസിനെ കാണാനില്ല എന്ന വാർത്ത ചെമ്പിലോട് ഗ്രാമത്തിലാകെ പരന്നു.

വെളുത്തു സുമുഖനായ ഷാനവാസിന്റെ വർണ്ണ ചിത്രവും ചെറുവിവരണവും ഉള്ള പോസ്റ്റുകൾ ഫേസ് ബുക്കിലും നാട്ടിലെ പാർട്ടി , വായനശാല , കലാസമിതി , മഹല്ല് കമ്മിറ്റി , കുടുംബ – സൗഹൃദ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൊക്കെ നിറഞ്ഞു.
ഷാനവാസ് ഒഴികെ വാട്സ് ആപ്പ് ഉള്ള മുഴുവൻ ചെമ്പിലോട്ടുകാരും ഷാനവാസിനെ കാണാനില്ലെന്ന പോസ്റ്റുകൾ കണ്ടു.

ആളുകൾ ഷാനവാസിന്റെ വീടിനടുത്ത് കൂട്ടം കൂടാൻ തുടങ്ങി , ചിലരൊക്കെ മുറ്റത്തു പോയി കാര്യം തിരക്കി .

ഷാനവാസിന് കണ്ണൂരിൽ ഒരു മെഡിക്കൽ ഷോപ്പുണ്ട് , അവിടെ ജോലി ചെയ്യുന്ന വസന്തനെയും സലീമിനെയും രേഖയെയും മുജീബാണ് വിളിച്ചത്.

അവർക്കൊന്നും ഷാനവാസ് എവിടെ എന്നറിയില്ല

” ഷാനു കുറച്ചു കഴിഞ്ഞാൽ ഇങ്ങെത്തും ,എന്നാലും എവിടെയാ പോയെന്ന് അറിയാത്തകൊണ്ട് മ്മക്ക് പോലീസിൽ ഒരു പരാതി കൊടുക്കാം ..”

മോഹനൻ മാഷ് പറഞ്ഞതിനെ മുജീബും രാജീവനും അനുകൂലിച്ചു.

റിഹാനോട് ഒരു പേപ്പർ കൊണ്ടുവരാൻ മാഷ് പറഞ്ഞു
മാഷ് തന്നെ പരാതി എഴുതി , സമീറയോട് ഒപ്പിടാൻ പറഞ്ഞു.

ഒപ്പിടാൻ പേന വാങ്ങുമ്പോൾ സമീറ പൊട്ടിക്കരഞ്ഞു. ഉഷ അടുത്തിരുന്നു സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

നാട്ടുകാരൻ കൂടിയായ എസ് ഐ സന്തോഷിനോട് മാഷ് കാര്യങ്ങൾ ഫോൺ ചെയ്തു പറഞ്ഞിരുന്നു, സന്തോഷിന് ഷാനവാസുമായി നല്ല പരിചയം ഉണ്ടായിരുന്നു. അച്ഛന് അസുഖം വന്നു കിടപ്പിലായപ്പോൾ മുടങ്ങാതെ മരുന്നുകൾ എത്തിച്ചത് ഷാനവാസായിരുന്നു.

പത്തുമണിയോടെ സന്തോഷും രണ്ട് പോലീസുകാരും ഷാനവാസിന്റെ വീട്ടിലെത്തി.

വിശദമായി തന്നെ കാര്യങ്ങൾ അന്വേഷിച്ചു , സമീറയെയും ജമീലുമ്മയെയും മക്കളെയും സമാധാനിപ്പിച്ചാണ് സന്തോഷ് മടങ്ങിയത്.

ആളുകൾ പലരും പിരിഞ്ഞുപോയി .റിഹാൻ വരാന്തയിൽ തന്നെ ഒരേ ഇരിപ്പാണ്.

സമീറ മുറിയിൽ കയറി കിടന്നു , മകൾ റിഹാനയും ഉമ്മയുടെ ചാരത്തു കിടന്നു.

” എന്നാലും ഷാനിക്ക എവിടെ പോയതായിരിക്കും ? ” സമീറ തന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു

21 വർഷമായി സമീറ ഷാനവാസിനൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട്.
വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു , ചെറുപ്പത്തിലേ പാർട്ടിക്കാരനായവൻ ഏതാവശ്യത്തിനും ഒരു വിളിപ്പുറത്ത് ഷാനവാസ് ഉണ്ടാകും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ഫാർമസിയിൽ ബിരുദം നേടിയത്, ഒന്ന് രണ്ട് ആശുപത്രികളിൽ കുറച്ചുകാലം ജോലി ചെയ്തതിന് ശേഷമാണ് കണ്ണൂരിൽ സ്വന്തമായി ഒരു മെഡിക്കൽ ഷോപ്പ് ഷാനവാസ് തുടങ്ങിയത്.

സമീറ അവസാന വർഷ ബിരുദ വിദ്യാർത്ഥി ആയിരുന്നപ്പോൾ ആണ് നിക്കാഹ് കഴിഞ്ഞത്. സന്തുഷ്ടമായ കുടുംബജീവിതം രണ്ടു മക്കൾ മൂത്തയാൾ റിഹാന മൂന്നാം സെമസ്റ്റർ എൻജിൻറിങ്ങിനു പഠിക്കുന്നു. മകൻ റിഹാൻ പ്ലസ് വൺ വിദ്യാർത്ഥി.

സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബം …എന്നിട്ടും ഷാനവാസിന് എന്ത് പറ്റി ?

ആ ചോദ്യം ആ നാടാകെ ചോദിക്കുന്നുണ്ടായിരുന്നു.

കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഷാനവാസിൽ മാറ്റങ്ങൾ തുടങ്ങിയത്
എപ്പോഴും സൗമ്യതയോടെ പെരുമാറിയിരുന്ന ആൾ ഇടക്കൊക്കെ വല്ലാതെ ദേഷ്യം കാണിച്ചു തുടങ്ങി.

വീട്ടിൽ മാത്രമല്ല മെഡിക്കൽ ഷോപ്പിലും ആ മാറ്റം കാണാമായിരുന്നു.

പലപ്പോഴും രാവിലെ പോകാനിറങ്ങുമ്പോൾ സമീറയെ വിളിക്കും.

” സമീ എന്റെ വാച്ചെവിടെ ? ”

വാച്ചെടുത്തുകൊടുക്കുമ്പോഴെക്കും അടുത്ത ചോദ്യം വരും.

” എന്റെ മൊബൈൽ എവിടെ ‘

” ബൈക്കിന്റെ കീ എവിടെ ”

” പേഴ്‌സ് എവിടെ ‘

” അല്ല ഷാനിക്കാ …. എല്ലാ കാര്യവും തനിച്ചു ചെയ്യണമെന്ന് വാശിപിടിക്കുന്ന ഇക്ക തന്നെ ആണോ ഓരോ സാധനവും എവിടെ ചോയിച്ചു എന്നെ വിളിക്കുന്നത് … ”

” ഇവിടെ ഒരു സാധനവും വെച്ച സ്ഥലത്തു കാണില്ല ” ഷാനവാസ് പറഞ്ഞു ..

‘ ഇവിടെ ആരും ഇക്ക വെച്ച സാധനങ്ങൾ ഒന്നും മാറ്റാറില്ല ,ഇക്കാക്ക് ഓർമ്മയില്ലാഞ്ഞിട്ടാണ് ..”

സമീറയുടെ മറുപടി ഷാനവാസിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.

” ഓർമ്മയില്ലെന്നു … എനിക്ക് ….വെറുതെ എന്നെ കൊണ്ട് പറയിപ്പിക്കേണ്ട ”

അടുത്തയിടെ പലപ്പോഴും ഇതാണ് സ്ഥിതി …

മെഡിക്കൽ ഷോപ്പിൽ വാങ്ങിക്കേണ്ട മരുന്നുകളുടെ ലിസ്റ്റ് പലപ്പോഴും എവിടെ എന്ന് എത്ര തിരഞ്ഞാലും കാണില്ല.

ഒട്ടും വഴക്ക് പറയാത്ത ഷാനവാസ് വസന്തനെയും സലീമിനെയും രേഖയെയും ഒക്കെ കുറ്റപ്പെടുത്താൻ തുടങ്ങി . തനിക്കാണ് മറവി എന്ന് അംഗീകരിക്കാൻ അയാളുടെ മനസ്സ് അനുവദിക്കുന്നില്ല,

എന്നാലും ഓർമ്മശക്തിക്കുറവും മനസ്സിലാക്കിയ കാര്യങ്ങൾ മറന്നുപോവുന്നതും അയാളെ വേദനിപ്പിച്ചു. തന്മാത്ര സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അവസ്ഥയിൽ താനും എത്തുമോ എന്നയാൾ ഭയന്നു.

ആ ഭയം അയാളെ മനസ്സില്ലാ മനസ്സോടെ തനിക്ക് പരിചയമുള്ള പ്രമുഖ ന്യുറോളജിസ്റിന്റെ അടുത്തെത്തിച്ചു.

പരിശോധനനകൾക്ക് ശേഷം പ്രീ-ഡിമെൻഷ്യ ആണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.

ദിവസങ്ങൾ ….ആഴ്ചകൾ …മാസങ്ങൾ …പിന്നിട്ടു.

സി. ടി സ്കാൻ, എം. ആർ.ഐ, സിംഗിൾ ഫോട്ടോൺ എമിഷൻ കമ്പ്യൂട്ടഡ് ടോമോഗ്രാഫി ടെസ്റ്റുകൾ ഒക്കെ നടത്തി.

പ്രീ-ഡിമെൻഷ്യ സ്റ്റേജ് കഴിഞ്ഞു ഡിമെൻഷ്യ സ്റ്റേജിലേക്ക് മാറിതുടങ്ങി

ഓർമ്മക്കുറവ് കൂടിക്കൂടി വന്നു.
,
ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് തന്നെ പലപ്പോഴും മറന്നു തുടങ്ങി.

മെഡിക്കൽ ഷോപ്പിൽ വല്ലപ്പോഴും മാത്രമേ പോകാറുണ്ടായിരുന്നുള്ളൂ …

കിടന്ന കിടപ്പിൽ സമീറ ചില കാര്യങ്ങളൊക്കെ ഉഷയോട് പറഞ്ഞു കരഞ്ഞു, ഒക്കെ അറിയുന്ന റിഹാനക്കും കരച്ചിലടക്കാൻ പറ്റിയില്ല.

പോകാൻ സാധ്യതയുള്ള എല്ലായിടത്തും ഷാനവാസിന് വേണ്ടിയുള്ള അന്വേഷണം എസ് ഐ സന്തോഷിന്റെ നേതൃത്വത്തിൽ നടത്തി , പാർട്ടി തലത്തിൽ മോഹനൻ മാഷുടെ നേതൃത്വത്തിലും അന്വേഷണം നടത്തി.

ഷാനവാസിനെ കുറിച്ച് ഒരു വിവരവും ആർക്കും ലഭിച്ചില്ല.

സമയം പിന്നെയും കടന്നു പോയി, ഒരു പകൽ മുഴുവൻ പ്രിയപ്പെട്ടവനെയോർത്ത് കരഞ്ഞു തളർന്നു കിടക്കുന്ന സമീറയോട്
” വെള്ളമെങ്കിലും കുടിക്കൂ ” എന്ന് പറഞ്ഞു ഒരു ജെഗ്ഗിൽ വെള്ളവും ഗ്ലാസുമായി റിഹാന വന്നു.

നിർബന്ധത്തിന് വഴങ്ങി അര ഗ്ലാസ് വെള്ളം സമീറ കുടിച്ചു.

ജഗ്ഗും ഗ്ലാസും മേശപ്പുറത്തു വെച്ചു. റിഹാന പറഞ്ഞു.

” ഉപ്പാക്കൊന്നും സംഭവിക്കില്ല .. മംഗലാപുരത്ത് ഒരു ന്യുറോളജിസ്റ്റ് ഉണ്ട് , അയാളെ കാണണം എന്നൊക്കെ പറഞ്ഞതല്ലേ? ഇനി ചിലപ്പോ ആരെയും കൂട്ടാതെ അങ്ങോട്ട് പോയതാണെങ്കിലോ ? ”

ഇത് കേട്ടപ്പോ , മംഗലാപുരത്താന്വേഷിക്കാൻ മോഹനൻ മാഷോട് പറയാൻ സമീറ പറഞ്ഞു.

റിഹാന തന്നെ മോഹനൻ മാഷോട് പറഞ്ഞു , മാഷ് എസ് ഐ സന്തോഷിന്റെയടുത്തും കാര്യം പറഞ്ഞു.

” ഉമ്മാ .. ഒന്ന് കുളിച്ചു ഡ്രസ്സോക്കെ മാറ്റൂ .. ”

അലമാരയിൽ നിന്ന് സമീറയുടെ വസ്ത്രമെടുത്തു കൊണ്ട് റിഹാന പറഞ്ഞു

” ഉം ” ഒരു മൂളലായിരുന്നു സമീറയുടെ മറുപടി.

വസ്ത്രമെടുത്ത് കിടക്കയിൽ വച്ച് അലമാര അടക്കാൻ നോക്കുമ്പോഴാണ് താഴത്തെ തട്ടിൽ ഷാനവാസിന്റെ ഫോൺ കണ്ടത്.

” ഉമ്മാ ഉപ്പയുടെ ഫോൺ ഇവിടെ ഉണ്ട് ” അവളതെടുത്തുകൊണ്ട് പറഞ്ഞു.

മൊബൈൽ സ്വിച്ച്ഓഫ് ആയിരുന്നു

മൊബൈലിന് താഴെ ഒരു ചെറിയ പേപ്പർ , ഏതോ നോട്ടു ബുക്കിൽ നിന്ന് കീറിയെടുത്തത്.

” ഉപ്പാ .. ന്റെ ഉപ്പാ …”

അവളുടെ നിലവിളി കേട്ട് ജമീലയും റിഹാനും ഒക്കെ ആ മുറിയിലേക്ക് ഓടിയെത്തി അവൾ ആ പേപ്പർ സമീറയുടെ നേരെ നീട്ടി,

” സമീ ..ഞാൻ പോകുന്നു …. മക്കളെയും ഉമ്മയെയും നോക്കണം ..
നിന്നെയും മക്കളെയും ഉമ്മയെയും പ്രിയപ്പെട്ടവരെയും തിരിച്ചറിയാൻ കഴിയാതെ ഓർമ്മകൾ നഷ്ടപ്പെട്ട് എനിക്ക് ജീവിക്കാനാവില്ല. മാപ്പ് ”

സമീറയുടെയും റിഹാനയുടെയും ജമീലയുടെയും നിലവിളികൾ …..

എങ്ങിനെ സമാധാനിപ്പിക്കണമെന്നറിയാതെ അയൽവാസികൾ ….

സ്‌മൃതി നാശത്തിന്റെ മഹാ ഗർത്തത്തിലേക്ക് താഴ്ന്നു താഴ്ന്നു പ്രിയപ്പെട്ടവരെയൊക്കെ തിരിച്ചറിയാൻ കഴിയാതെ മരണത്തിനും മുൻപേ മരിച്ചു ജീവിക്കാൻ അയാൾ തയ്യാറല്ലായിരുന്നു.

ഉറ്റവരുടെ ഓർമ്മകൾ പോലുമില്ലാതെ ഒരു നിമിഷം പോലും തനിക്ക് കഴിയാനികില്ലെന്നു തിരിച്ചറിഞ്ഞ അയാൾ സ്വയം മരണത്തിലേക്ക് പോകാനുറച്ചു.

പിന്നെയും രണ്ട് ദിവസങ്ങൾ …

മോഹനൻ മാഷെ തേടി സന്തോഷിന്റെ ഫോൺ വന്നു …

മഞ്ചേശ്വരത്തിനടുത്ത് ഉപ്പളയിൽ വച്ച് ട്രെയിൻ തട്ടി ഷാനവാസ് മരണപ്പെട്ടു.

( ഓർമ്മകൾ മനസ്സിൽ നിന്ന് മാഞ്ഞു മാഞ്ഞു പോയി ഒട്ടും ഇല്ലാതാകുന്നത് സഹിക്കാൻ കഴിയാതെ പ്രിയപ്പെട്ടവരോടവസാനമായി പറയാനുള്ളതൊക്കെ ഒരു കൊച്ചു കത്തിലെ നാലുവരിയിൽ ഒതുക്കി മരണത്തിലേക്ക് നടന്നു കയറിയ പഴയ ഒരുപരിചയക്കാരന്റെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സു നമിക്കുന്നു )

✍️ ഷാജി ചെമ്പിലോട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English