മരണനിദ്ര

 

 

 

 

 

 

മരണമതോ വൈഷമ്യഗാഥ!
ചരണമതോ വൈധുര്യവ്യഥ!
‘തരണ’മതോ വൈയർത്ഥ്യവേല!
സരണമതോ വൈധേയരീതി!

മരുയെഴും വഴിയമ്പലത്തിൽ
മകിഴുവതിന്നവളന്നുപോയി.
മരമുറി, വീടാളേതുമില്ല
മടങ്ങുമോ? മതിവരും നാളെ.

ചമയങ്ങൾ മെല്ലെ അഴിച്ചേ!
ചങ്കിലെ പൊൻതാലിയും നീക്കി;
കുങ്കുമക്കുറിയവർ മായ്ച്ചേ.
പൂർണ്ണേന്ദുപോലവളോ തഞ്ചി.

വെള്ളമൊഴിച്ചംഗം തുടച്ചു;
വെൺപട്ടുടയാട ചമച്ചേ;
വെള്ളപുതച്ചിറയേ കിടത്തി.
വെള്ളിടി എൻ കരളിൽ ധ്വനിച്ചു.

“‘ഗമന’മിനി അന്യമാകുക”- യെൻ
നിനവിലീര വാക്കുകൾ മിന്നി;
നാരുകളെൻ ബാഹുവിലൊതുക്കി,
കാലുരണ്ടും ചേർത്തുവരിഞ്ഞു.

“വേണ്ടിഹ നിൻ ഹസ്തസഹായം”-
ഹസ്തകപ്പൂ ബന്ധനം ചെയ്തു.
“വാക്കുകൾക്കുയിരൊളി ചോരട്ടെ”-
രസന മൂതകിളിപോലടങ്ങി.

മീനമാസരാവിൽ നടുങ്ങി;
മമ കൈവല്യഭാഗ്യമകന്നു.
പൂക്കുലയേന്തി ചിലരന്നെത്തി,
പൂതല്പം മേലവൾ തുഞ്ചി.

അന്തികസ്സ്തരിയിൽ നിരന്തം
നിന്നവൾ അവികൃതഭാവേ!
നിസ്തബ്ധയായവളു മഞ്ചി –
നറുപുകച്ചുരുളിൻ്റെ മടിയിൽ.

ആ പുകച്ചുരുളിൽ മറഞ്ഞും,
തെന്നിത്തെളിഞ്ഞും ചരിഞ്ഞും,
വാരിധരം നീക്കിത്തെളിയും
ചന്ദിരനെപ്പോലവൾ മിന്നി.

വെയിലതിലോൾ വാടാതെ നിന്നു,
മഴയതിലോ ചീയാതെ നിന്നു.
ദീപതാപമേറ്റിന്നു വാടി,
ജീവനാശമേറ്റവൾ ചീഞ്ഞു.

ഭൂമിതന്നിള മാർവ്വു പിളർന്നു,
നാരിതൻ്റെ മയ്യം ഇറക്കി.
മാറുപിന്നൊരുമിച്ചിട തുന്നി.
തായ് വേരോ മാഞ്ഞു മറഞ്ഞേ!

മണ്ണറേന്നൊരു സ്വരം കേട്ടു,
മഹിതയെ പുണരുന്ന മഹിരവം!
എൻശ്രവണേ രോദനം മൂളി:
“രക്ഷിക്ക!യെന്നെ നീ നകുലാ.”

മമകരളിൽ ധ്വാനം മുഴങ്ങി,
മനമിടിച്ചു,ടലുയിരറ്റാടി.
“തിരികെ വന്നേറിയോ പ്രാണൻ?
ജീവനോടാഴ്ത്തിയോ ദേഹം?”

ചലനമുണ്ടേനെന്നുരച്ചാൽ
ഉന്മാദനാന്ദിയായ് തോന്നും.
കബറിടം മാന്തിപ്പൊളിച്ചാൽ
ഭ്രാന്താളിയെന്നോളുറുമിടും.

അരനിമിഷം മൃതൻ പോൽ നിന്നു,
വിഷയിയഞ്ചു വെന്തുവെന്തുരുകി.
ശിരസ്സിലൊരു ഖഡ്ഗമുന താണു:
അവളിനിയുമെന്തെന്തു ചെയ്യും?

കബറിലവൾ കൺതുറക്കിലോ?
ഇരുളിലവൾ അജ്ഞയായിടും,
എവിടെ താൻ കരേറിയെന്നോർത്തു
അറിയാതെ മിഴി നിറഞ്ഞീടും.

കൈയ്യടിച്ചാരവം തീർക്കാൻ
കൈകൂട്ടികെട്ടിവച്ചില്ലേ!
കാലെടുത്തൊരുകാതമലയാൻ
കാൽപൂട്ടികെട്ടിവച്ചില്ലേ!

സങ്കല്പചാരത്തിരുന്നേൻ,
പിടയുന്നഥ! ഭവതിയെ കണ്ടേൻ,
ബന്ധിതതാനിഹയെന്നറിവോൾ
ബന്ധമോക്ഷം മോഹിപ്പതും.

മുളരിയിലേൽ വീണൊരു നാഗം
ഇഴയാനണു തുനിയാത്തപോലെ,
നിസ്തരംഗയായവൾ തേങ്ങി;
നിസ്തേജസറയിൽ നൊന്തലറി.

ഒരുവഴി, പലവഴിയവൾ തേടി.
കൺതുറന്നങ്ങിങ്ങിട നോക്കി.
വിസ്തൃതം! വിസ്വരം! ചുറ്റും.
നിസ്സഹം! വിഹ്വലം! ചുറ്റും.

അധരമൊഴി സുഗമനവഴി തേടി,
അധമജനം സ്വനികവഴി പൂട്ടി.
ഗതകാലസ്മരയിൽ ലേതം
പുലർമഞ്ഞു പോലൂറി നിന്നു.

മിഴികളവർക്കില്ലിതു കാണാൻ.
ചെവികളവർക്കില്ലിതു കേൾക്കാൻ.
കൂട്ടില്ലിഹ, കൂടാരുമില്ല;
കൂട്ടിന്നു നിഴൽപോലുമില്ല.

ശാഖകളോ ഉഴറിത്തുടങ്ങി,
വേരുടയാതിളയിൽ മയങ്ങി.
നൂറുകണ്ണുകളാറി തുടങ്ങി,
രണ്ടുകൺകൾ നീറി തുടങ്ങി.

നാകമോയിത്? നരകമോ? താഴെ
പാതാളഗർഭഗസരിത്തോ?
സ്വപ്നമോ? സങ്കല്പശയമോ?
ധീയിലവൾ ശങ്കനം പൂണ്ടു.

ഉള്ളിലാസ്യത്തിരിയേഴ് പൂത്തു;
സുഖഃകരം! ലയമയം കിനാവ്.
കിനാവിലൊരു ബോധനം മൂളി:
“സ്വപ്പനം സ്വപ്നം തന്നല്ലേ?”

നിദ്രവിട്ടുണരണം; രാവിൽ
മുറ്റമടിക്കേണം; മേലിൽ
വെള്ളമൊഴിക്കേണം; ചേലിൽ
ഭക്ഷ്യമൊരുക്കേണം; ഓർത്താൾ.

പൊന്നുണ്ണിയെയൂട്ടണം; മെല്ലെ
സ്കൂളിലയയ്ക്കണമകലെ; പിന്നെ
ചന്തയിൽ പോകേണം; നല്ല
കറിരണ്ടൊരുക്കണം വേഗം.

ഊണുവിളമ്പണം; കാന്തനോ
അറിഞ്ഞുവിളമ്പണം; സ്നേഹം
ഉടയാതെ നോക്കണം; നിത്യം
പ്രാർത്ഥിച്ചുറങ്ങണം നന്നായ്.

മോഹങ്ങൾ ഹൃദയേയൊതുക്കി
സുസ്മിതമതി പോലവളുറങ്ങി;
വാസ്തവമറിയാതവളുറങ്ങി.
ഉറങ്ങാതുറങ്ങാതുറങ്ങി!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാർട്ടൂൺ
Next articleകാർട്ടൂൺ
തിരുവനന്തപുരം ജില്ലയിലെ, നെയ്യാറ്റിൻകര താലൂക്കിൽ കാരോട് എന്ന പ്രദേശത്താണ് ജനനം. കേരള യൂണുവേഴ്സിറ്റിയിൽ നിന്നും തത്വശാസ്ത്രത്തിൽ ബിരുദം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here