മരണമേ……. നീയൊരു ഓർമ്മപ്പെടുത്തൽ….

 

 

 

 

 

മരണമേ നീയൊരു ഓർമ്മപ്പെടുത്തൽ.

ഞാൻ ഒരു ഓർമ്മയാകും,

വെറും ഒരു ഓർമ്മ മാത്രം
.
ഒരു കനൽനാളമായ്

എരിഞ്ഞൊടുങ്ങേണ്ട സൃഷ്ടി മാത്രം,

ഞാൻ പ്രപഞ്ച സൃഷ്ടികളിലൊന്നുമാത്രം.

സ്വന്തമെന്ന പദത്തിനും പൂർവ്വീകരാൽ

കടപ്പെട്ടിരിക്കുന്ന ഞാനാരീ-

മായാപ്രപഞ്ചത്തിലെന്നോർമ്മിക്കാനുള്ള

ഓർമ്മപ്പെടുത്തലാണ് നീ.

പുതുപുലരിയും നിറമുള്ള സന്ധ്യയും

എനിക്കേകിയ മായാപ്രപഞ്ചമേ…..

വർണ്ണങ്ങൾ വർണ്ണിക്കാനാകാതെ

നിശ്ചേഷ്ടമാം തൻ വപുസ്സിനു ചുറ്റി

മൺകുടങ്ങൾ ഉടയ്ക്കാൻ

ആക്കം കൂടുന്നീ ഞാനും…

പ്രളയതാളത്തിൽ

രൗദ്രനടനമാടിയെങ്കിലും

മരണമേ നീയൊരു ഓർമ്മപ്പെടുത്തൽ!!

ലോകജ്ഞർ എനിക്കേകിയ

ലോകത്രയത്തിലൊന്നാം

ഭൂമിയെ രണ്ടെന്നാകാതെ

കാക്കണം നൽകണമെൻ

അനുഗാമികൾക്കെങ്കിലും.

ക്ഷണികമാം ജീവിതയാത്രയിതെങ്കിലുമീ

ഭൂമിയിൽ അവകാശങ്ങളില്ലാത

അവകാശിയാകുന്നു ഞാൻ.

എന്റേതായതൊന്നും എന്റേതല്ലെന്നു

പറയാതെ പറഞ്ഞു പോകുന്ന

മരണമേ…

നീയൊരു ഓർമ്മപ്പെടുത്തൽ.

ഞാൻ ഞാനെന്ന ചിന്തകൾ

ജീവനെടുക്കുന്ന മേച്ചിൽപുറങ്ങളാകുന്ന

ലോകമേ,

നിനക്കേകുവാൻ

നിന്നെ അറിയാൻ എന്നിലേതുമില്ല,

എങ്കിലുമീ സ്വാർത്ഥിഭാവത്തിൽ

ഉത്കൃഷ്ടനാകുന്നു ഞാൻ.

എന്നെയീ ലോകത്തിനോടു ബന്ധിച്ച

രക്തബന്ധമെന്ന സത്യങ്ങളെ

നെഞ്ചിലേറ്റി കരയാൻ നിനവുകൾ

നൽകിയ നിങ്ങൾ തൻ വിയോഗത്തിലും

ഓർക്കുന്നു ഞാൻ,

നിങ്ങൾക്കും നൽകാതെ

സ്നേഹമുത്തുകളെൻ മക്കളിൽ തേടുന്ന

വിഡ്ഢിയാണിന്നു ഞാൻ…

ഞാനെന്ന മിഥ്യാബോധമല്ല സത്യം

സത്യമാണ് മരണം!!!!!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here