മമമരണം ചുമക്കുന്നുണ്ടു ഞാൻ;
തവസ്മൃതിയിലിടം തേടുന്നു ഞാൻ.
പൊടിയീന്നുയിരേറ്റയീയുടലിന്ന-
വിടടിയുവാനഭിവാഞ്ഛിച്ചിരിപ്പു.
ഗർഭം ചുമക്കുന്ന നാരിപോലെ
മമഗർഭിതം ചുമക്കുന്നു നിന്നെ.
ഇന്നു ഞാൻ നിന്നെ ചുമ്മുന്നു നാളെ-
നീയെന്നെ ചുമന്നിടും നാൾ വരും.
നീ കനവിൽ തികട്ടും കിരാതൻ,
നീ കനിവിൽ നിഴറ്റും നിഹീനൻ,
“വാഴക്കുല”യിലെ “തമ്പിരാൻ” പോലെ
തട്ടിപ്പറിക്കുമെൻ സ്വപ്നങ്ങളെ.
നീയെന്റെ ഉള്ളുയിരിനെ്റ ശ്വാസം!
നീയങ്ങകലേയ്ക്ക് പോയിടുമ്പോൾ,
നീയെൻ മേനിയിൽ ലേപനഗന്ധം;
നീയെന്നരികിലെരിയും ചിരാതും.
നൃപനായ് ജനിച്ചോനരോചകം-
നീ നിപുണനു ചിന്തോദ്ദീപകവും.
പാപിയ്ക്കു ആതങ്കകാരണമേ-
നീയല്പനു ആനന്ദവാരിധിയും!
അല്ലലുള്ളോനുത്തെല്ലലല്ലാ,
വല്ലതുമില്ലാത്തോനാന്തലല്ല,
വല്ലവൻമേലിലെ വല്ലി നീയേ!
വേരില്ലാ അംബരവല്ലിപോലെ.
മല്ലനെ്റ കണ്ണിലെ പേടി നീയേ,
വൃദ്ധനു ആലംബശയനമല്ലേ,
രോഗിയ്ക്കു സൗഖ്യത്തിന്നൗഷധം നീ
പ്രകൃതിതാളത്തിനെ്റ ദുന്ദുഭിയും.
എൻമേനീന്നുനീ മറുടലാ൪ജ്ജി-
ക്കിലെന്നുടൽ മണ്ണും ചാരവുമേ.
എ൯ സതതാത്മ സവിധമടിയുമ്പോൾ
നിൻദേഹമഗ്നിയ്ക്കിരയായിടും.
കാലഭൈരവത്താണ്ഡവം! തെല്ലു-
മോർക്കാൻ മടിക്കുന്ന പാഠകമേ!
നീ വന്നവഴികളിലന്യോന്യമോർ-
മ്മകൾ തിക്കിത്തിരക്കുന്നുണ്ടിന്നും.
കണ്ണുകളില്ലാത്ത വിഭ്രാന്തിയേ!
കരൾനൊന്തു ഞാനിത് പാടിടുന്നു:
ഇവിടെ ജനിപ്പതു ജീവനല്ലല്ല!
ഇവിടെ ജനിപ്പതു മൃത്യുവത്രേ!
Click this button or press Ctrl+G to toggle between Malayalam and English