ഇന്നൊരു ദിവസമെങ്കിലും
എന്നെ നീ അനുഗമിക്കരുതെന്ന്
എത്ര തവണ പറഞ്ഞിട്ടും
നിഴൽ കൂട്ടാക്കുന്നില്ല.
കറുത്ത വർണ്ണം അണിഞ്ഞ്
എപ്പോഴും കൂടെ കൂടി,
അവൻ എൻറെയടുത്തുണ്ട്.
ഞാൻ പോകുന്നിടത്തെല്ലാം
വിടാതെ പിന്തുടരുന്നുണ്ട്.
ഒരു ദിവസം അവൻ എന്നെ വിളിക്കും.
അന്ന് ഞാൻ…
അവൻറെ വഴിയെ പോകണം.
ഒന്നൊരുങ്ങുവാൻ,
ഒരു യാത്ര പറയാൻ,
ഒരു നോക്ക് നോക്കാൻ,
അന്നവൻ അനുവദിക്കില്ല.
ചില നിമിഷങ്ങളിൽ,
മരണത്തെ മുന്നിൽ കണ്ടവരെ…
അടുത്ത നിമിഷത്തിലെ രക്ഷകൻ
തെന്നി മാറ്റുന്നുവെങ്കിലും,
മരണം വരുന്ന “വഴി”യെ
മരിപ്പിക്കുവാനവർക്കും കഴിയില്ല.
നിഴലിനെ മായ്ക്കുവാൻ
വൃഥാ പരിശ്രമിക്കാതെ
വിളിച്ചിടുന്ന സമയത്തെ
കാത്തു കാത്തിരിക്കാം.
ഇപ്പോഴല്ലെങ്കിലടുത്ത നിമിഷം…
അതുമല്ലെങ്കിലാ തൊട്ടടുത്ത നേരം…
വൈകിപ്പിക്കാനുമാവില്ലല്ലോ….!
മുന്നിൽ കണ്ടു കൊണ്ടിരുന്നാൽ
മുന്നേ വരും മനസ്സ്.
അവസാന കാഴ്ചക്ക്
ഒരുമിച്ച് ചേർന്നവർ
പിരിയുന്ന നേരത്ത് പിന്നിലായതാ…
ആരോ ഒരുത്തനെ,
താങ്ങി പിടിക്കുന്നു.
താഴെ വീണയാൾ ഒന്ന് പിടക്കുന്നു.
മരണത്തിനെവിടെയാ….
മരണ വീടെന്നൊരൗചിത്യം.