എത്ര വയസ്സായെന്ന്
എങ്ങിനെ പൂരിപ്പിക്കാനാണ്
ഓരോ നിമിഷത്തിലും
എന്നെത്തന്നെ പെറ്റു കൂട്ടിയതിനാല്‍
ഓരോ നിമിഷത്തിലും എന്നെ
ചത്തുകൂട്ടിയതിനാല്‍
ആര്‍ക്കുമെപ്പോഴും എത്രയും വയസ്സാകാമല്ലോ
എന്ന പ്രാക്കുവേദം
എന്താണ് പേരെന്ന്
എങ്ങിനെ പൂരിപ്പിക്കണം?
മനുഷ്യനെന്നെഴുതുമ്പോള്‍
തെറ്റിപ്പോകും മാതിരി
ലിംഗമെന്തെന്നുദ്ധരിച്ചു
നില്‍ക്കും ചോദ്യത്തിന് കീഴേ
വരണ്ടു കിടക്കുമ്പോള്‍
മനുഷ്യനെന്നെഴുതിയാല്‍
പിന്നെയും ക്ലീഷെയെന്നു നീ
ഒരു തിയ്യതിച്ചതുരത്തില്‍
കരഞ്ഞു വീണതെന്ന്
ഇന്നോയിന്നലെയോ, നാളെയാമോ?
തൂക്കിയിട്ടച്ചുമരിടിഞ്ഞഴിഞ്ഞു
പോകുന്നു കാലം
ജാതിയുപജാതി
ആധാരനിരാധാരഭീതികള്‍
മേലടിയുടുപ്പുകളുടെ നിറം
തീറ്റപ്പൊതി, മറുപിള്ള
തപ്പിയിഴയും വിഷനാവുകള്‍
കണ്ടു കണ്ടങ്ങിരിക്കും നേരത്ത്
എന്റെ മരണ സര്ട്ടിഫിക്കറ്റ്
കൈവിറക്കാതെങ്ങിനെ പൂരിപ്പിക്കാനാണ്
നിങ്ങളിങ്ങനെ
പിന്നെയും പിന്നെയും
ചോദിക്കുമ്പോള്‍??