മരം

 

 

 

 

 

 

 

മരം എല്ലാമറിയുന്നു
മുകുളങ്ങൾ ഉറക്കം
വിട്ടുണർന്നതും
ഇലകൾ പൊടിച്ചതും
വേരുകൾ ഭൂമിയുടെ
നെഞ്ച് കീറി മുറിച്ചതും
പാറക്കൂട്ടങ്ങൾ
വേരുകളെ വിണ്ടു കീറി
കൊന്നതും
മരം അറിഞ്ഞിരുന്നു…

വെയിലിൽ വാടിതളർന്നതും
ആകാശം കുടപൂട്ടി
മഴപെയ്ത്തിനാൽ
ദാഹജലം ഒഴുക്കിയതും
ചില്ലകൾ പൂത്തുലഞ്ഞു
കായ്ച്ചു
വിനയം ചുമന്നു
തല കുനിച്ചു ഭൂമിയോളം
താഴ്ന്നതും
ഇടതൂർന്ന
പച്ചിലക്കൂട്ടിൽ
കിളികൾ
ഇണസുഖം തേടിയതും
തലമുറകൾക്കായ്
കൂടൊരുക്കി
അമ്മക്കിളി അടയിരുന്നതും
മരപ്പൊത്തിൽ
മനംനിറഞ്ഞു
കലപില ചിലച്ചതും
മൂവന്തിയിൽ,
പകൽക്കാട്ടിലലഞ്ഞു
തളർന്നു തൂങ്ങിയ
ചിറകുമായ്
ആലസ്യം പൂണ്ടു
ഇരുൾ ആവാഹിച്ച
മരച്ചില്ലയിൽ
മറച്ചൊതുക്കിയ
സ്വപ്നക്കൂട്ടിൽ
രാക്കാറ്റിൻ രാരീരം
കേട്ടുറക്കത്തിന്റെ
പരിലാളനത്തിലമർന്നതും
ചില്ലകളുടെ ചെറു- മറയ്ക്കുള്ളിലൂടെ
ചിതലരിച്ചു ചീന്തിതുടങ്ങിയ
തായ്തടിയെ വെട്ടിവീഴ്ത്താൻ
കാച്ചി മൂർച്ചയേറ്റിയ
മഴുവുമായ്
പുഴയൊഴിഞ്ഞു
മല കഴിഞ്ഞു
മെല്ലെ മെല്ലെ
ആരാച്ചാർ മരത്തണലിൽ
ഇരു കൈത്താങ്ങിൽ
ഇരുന്നു തളർച്ചയകറ്റിയ
തെന്തിനെന്നും
മരമറിഞ്ഞിരുന്നു……..
മരമെല്ലാമറിഞ്ഞിരുന്നു…
എല്ലാം…… എല്ലാം…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English