മറക്കില്ലൊരിക്കലും പ്രിയപ്പെട്ട മോഹൻ സാർ..

 

 

 

 

 

 

 

പ്രശസ്ത കാർട്ടൂണിസ്റ്റും പത്രാധിപരുമായിരുന്ന എസ്.മോഹൻ സാറിന്റെ വേർപാട് അത്യന്തം ദുഖത്തോടെയാണ് അറിഞ്ഞത്.പാക്കനാർ വിനോദമാസികയുടെ പത്രാധിപരായിരിക്കുമ്പോൾ തുടങ്ങിയ സൗഹൃദം പാക്കനാർ പിന്നെ ഹാസ്യകൈരളി മാസികയായി മാറിയപ്പോഴും തുടർന്നു.അന്നു മുതൽ ഇന്നു വരെ എന്റെ എത്ര കഥകൾ ഹാസ്യകൈരളിയിൽ  പ്രസിദ്ധീകരിച്ചുവെന്ന് എണ്ണി തീർക്കാൻ കഴിയില്ല.എന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഹാസ്യഗ്രന്ഥങ്ങളിലെ കഥകൾ ഏറെയും ഹാസ്യകൈരളിയിൽ വന്നവയാണ്.

നേരിട്ടു കാണുന്നത് അദ്ദേഹം ആലപ്പുഴ ജില്ലാ ട്രഷറി ഓഫീസറായിരിക്കുമ്പോഴാണ്. അന്ന് അതിനടുത്തു തന്നെയുള്ള ഇൻടസ്ട്രിയൽ ട്രൈബൂണൽ ഓഫീസിൽ ജോലിയായിരുന്ന ഞാൻ ഓഫീസാവശ്യത്തിനും അല്ലാതെയും വരുമ്പോൾ സാറിനെ കാണുമായിരുന്നു.ആലപ്പുഴ ജില്ലാ ട്രഷറി ഓഫീസറുടെ മുറിയിൽ എപ്പോഴും ഒരു സന്ദർശക കസേര എനിക്കുമുണ്ടായിരുന്നു. ആയിടയ്ക്കാണ് എന്റെ മൂന്നാമത് നർമ്മകഥാ സമാഹാരമായ ‘’ഇമ്മിണി ബല്യ നൂറ്’’ പ്രകാശനം തീരുമാനിച്ചത്.മോഹൻ സാറിനെയല്ലാതെ ആരെയാണ്  ആ പുസ്തകം ഏറ്റു വാങ്ങാൻ വിളിക്കുക? എന്റെ നാടായ മണ്ണഞ്ചേരിയിൽ ആ പുസ്തപ്രകാശനത്തിന് വേണ്ടി മാത്രം ആകെ കിട്ടുന്ന ഒരു ഞായറാഴ്ച്ച ഒഴിവു കൂടി വേണ്ടെന്ന് വെച്ച്  വള്ളികുന്നത്തു നിന്നും ഒരു മടിയും പറയാതെ അദ്ദേഹം ഓടിയെത്തി.

അയച്ച കഥകൾ  ഏതാണ്ടെല്ലാം അദ്ദേഹം പ്രസിദ്ധീകരിച്ചു.എന്തെങ്കിലും    മാറ്റങ്ങൾ വേണ്ടതാണെങ്കിൽ അത് വിളിച്ചു പറയും.’’അത് ഇങ്ങനെയായാൽ കുറച്ചു കൂടി നന്നാകില്ലേ..’’ . മിക്കവാറും ഓണപ്പതിപ്പിലേക്ക് മാവേലി കഥാപാത്രമായി എഴുതുമ്പോൾ സാറിന്റെ നിർദ്ദേശമുണ്ടായിട്ടുണ്ട്. ഒരു ഓണപ്പതിപ്പിലേക്ക് കഥ അയക്കാൻ വൈകിയപ്പോൾ അത് ആ വർഷം ചേർക്കാൻ കഴിയാതിരുന്നതു കൊണ്ട് അത് വേറെ ആർക്കും അയക്കരുതെന്ന് പറഞ്ഞ്  അടുത്ത ഓണം വരെ സൂക്ഷിച്ചു കവർ പേജിൽ തലക്കെട്ട്  നൽകി വലിയ പ്രാധാന്യത്തോടെ  പ്രസിദ്ധീകരിച്ചത് ഓർക്കുന്നു. കഥയ്ക്ക് നമ്മൾ ചേർക്കുന്ന തലക്കെട്ട് ചില പത്രാധിപൻമാരെപ്പോലെ വെട്ടി മാറ്റി ഒരു ബന്ധവുമില്ലാത്ത തലക്കെത്ത് കൊടുക്കുന്ന സ്വഭാവമൊന്നും സാറിനില്ലായിരുന്നു.

ഇത്രയും കഥകൾ ഞാനയച്ചിട്ട് ആകെ ഒരു കഥയുടെ പേരേ സാറ് മാറ്റിയതായി  ഓർക്കുന്നുള്ളു. അതാകട്ടെ ആ കഥയ്ക്ക് ഏറ്റവും യോജിക്കുന്ന പേരായി എനിക്കും പിന്നീട് തോന്നി.ഡോക്ടർമാരുടെ സമരം നടക്കുന്ന സമയമായിരുന്നു അത്.അതുമായി ബന്ധപ്പെട്ടുള്ള ഒരു കഥയായിരുന്നു.ഞാൻ കഥയിൽ ചേർത്ത ഒരു പഴഞ്ചൊല്ലിന്റെ പാഠഭേദം സാർ ഹെഡ്ഡിംഗ് ആക്കി. ‘’രോഗിക്ക് പ്രസവ വേദന,ഡോക്ടർക്ക് സമരവായന..’’ അതു തന്നെ പുറത്ത് കവർ പേജിലും വലുതായി കൊടുത്തു. ആ  കഥയ്ക്ക് അതിനെക്കാൾ അനുയോജ്യമായ പേര് വേറെ ഏതാണ്?

പ്രശസ്ത നർമ്മകഥാകാരനും എന്റെ സുഹൃത്തുമായ ബാബു ആലപ്പുഴ മരിച്ചപ്പോൾ സാർ വിളിച്ചു.ഉടനെ ഒരു ലേഖനം വേണം.. ഞാൻ ലേഖനവും ബാബുവിന്റെ ഫോട്ടോയും ചേർത്ത് ഉടൻ അയച്ചു. പക്ഷേ, എന്റെ അനുസ്മരണം ഒത്തിരി നീണ്ടു പോയതിനാൽ ഹാസ്യകൈരളിയുടെ സ്ഥലപരിമിതി കാരണം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. സാർ പറഞ്ഞെങ്കിലും എനിക്ക് അത് ചുരുക്കാനും കഴിഞ്ഞില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ച് ഇതിലും ചുരുക്കി ഞാൻ എങ്ങനെ എഴുതാനാണ് സാർ എന്ന ക്ഷമാപണം അദ്ദേഹത്തിന് മനസ്സിലായി. ഒടുവിൽ ഞാനയച്ച ഫോട്ടോയും സാറിന്റെ ചെറിയ അനുസ്മരണക്കുറിപ്പുമായി അത് പ്രസിദ്ധീകരിച്ചു.

പ്രളയത്തിന്റെ സമയത്ത് കൊല്ലത്തായിരുന്നു എനിക്ക് ജോലി..അതിനടുത്തായിരുന്നു ഹാസ്യകൈരളിയുടെ ഓഫീസെങ്കിലും പല തവണ സാറിനെ  ഓഫീസിൽ പോയി കാണണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല..ഒരു വർഷമായപ്പോൾ  തിരിച്ച് ഞാൻ ആലപ്പുഴ ലേബർ ഓഫീസിലേക്ക് പോരുകയും ചെയ്തു. ഇതിനിടയിൽ മക്കളുടെ വിവാഹം ഓർത്തിരുന്നു വിളിച്ചതും മറക്കില്ല.. ആ വിവാഹങ്ങൾ  മലയാളത്തിലെ ഹാസ്യ എഴുത്തുകാരുടെയും കാർട്ടൂണിസ്റ്റുകളുടെയും സംഗമവേദി കൂടിയായി മാറി.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘’അവൻ താനല്ലയോ ഇവൻ?’’ എന്ന എന്റെ ഹാസ്യകഥാ സമാഹാരം ഔദ്യോഗികമായി പ്രകാശനം നടത്താൻ കഴിഞ്ഞില്ല. പ്രശസ്ത കാർട്ടൂണിസ്റ്റും എന്റെയും മോഹൻ സാറിന്റെയും സുഹൃത്തുമായ സുഭാഷ് കല്ലൂർ ഹാസ്യ കൈരളി ഓഫീസിൽ വെച്ച് ആ പുസ്തകം സാറിനു കൈമാറുന്ന ഫോട്ടോ എനിക്ക് അയച്ചു തന്നു.. ഏതായാലും ഞാനത് ആ പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം തന്നെയായി കണക്കാക്കി.എന്റെ എല്ലാ കഥകൾക്കും മനോഹരമായ ചിത്രം വരച്ചിട്ടുള്ള,, ഹാസ്യകൈരളിയുടെ മുഖചിത്രം എപ്പോഴും ആകർഷകമാക്കാറുള്ള സുഭാഷിനെക്കൊണ്ട് എന്റെ ഒരു പുസ്തകത്തിന്റെ കവറും ചിത്രങ്ങളും വരപ്പിക്കണമെന്നത് എന്റെ ഒരാഗ്രഹമായിരുന്നു.അത് സാദ്ധ്യമായത് ഈ പുസ്തകത്തിലാണ്.അതിന് മോഹൻ സാറാണ് എല്ലാ പിന്തുണയും തന്നത്. ഈ പുസ്തകത്തിൽ  സാറിന്റെ ഒരാമുഖമോ അവതാരികയോ ചേർക്കണമെന്ന എന്റെ ആഗ്രഹം നടക്കാതെ പോയി.ഇനി അത് ഒരു തീരാദു:ഖമായി അവശേഷിക്കും.

അതേ പോലെ ഏത് പുരസ്ക്കാരം എനിക്കു  കിട്ടിയാലും, പുസ്തകം പ്രസിദ്ധീകരിച്ചാലും അതിന്റെ വാർത്ത സാറിന് അയച്ചു കൊടുക്കും.സാറിന്റെതായ ഒരു ശൈലിയിലാണ് വാർതായും പുസ്തകക്കുറിപ്പും  കൊടുക്കുന്നത്.അത് ഏറെ രസകരമായിരിക്കുകയും ചെയ്യും. കാർട്ടൂണിസ്റ്റു കൂടി ആയതു കൊണ്ടാകാം അസാമാന്യയിരുന്നു മോഹൻ സാറിന്റെ നർമ്മബോധം. അസുഖബാധിതനായി വിശ്രമത്തിലാകുന്നതു വരെ ഹാസ്യകൈരളി മാസികയുടെ  പത്രാധിപരായിരിക്കാൻ കഴിഞ്ഞത് അനന്യമായ ഈ നർമ്മബോധം കൊണ്ടാകണം. മാസികയിലെ അമുഖക്കുറിപ്പും’ ’ഹാസ്യജി’’ എന്ന പേരിൽ എഴുതിയിരുന്നതും അദ്ദേഹമാണ്. ഒട്ടേറെ കാർട്ടൂണ്ണിസ്റ്റുകളെയും ഞാൻ ഉൾപ്പെടെയുള്ള ഒട്ടനവധി ഹാസ്യ എഴുത്തുകാരെയും വളർത്തി കൊണ്ടു വരാൻ മോഹൻ സാർ കാണീച്ച ആത്മാർഥത എന്നും നന്ദിയോടെ ഓർക്കും.എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ സംസാരിക്കുകയും  ചിരിപ്പിക്കുകയും  ചിരിപ്പിക്കുന്നവർക്ക് പ്രോൽസാഹനം നൽകുകയും ചെയ്ത മോഹൻ സാറിനെ മറക്കാൻ ഒരിക്കലും കഴിയില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅന്യഗ്രഹ മനുഷ്യര്‍
Next articleകോവിഡ് ഭീതി ഒഴിഞ്ഞു; അര്‍ച്ചന 31 നോട്ടൗട്ട് തിയേറ്ററുകളിലേക്ക്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here