സ്വപ്ന മാഡം… എന്റെ പേര് വിളിക്കുന്നത് കേട്ടു ഞാൻ തിരിഞ്ഞു നോക്കി…. ആളെ മനസിലാക്കാൻ രണ്ടു നിമിഷം എടുത്തു. മരകതം… പത്തു വർഷത്തിന് ശേഷം കാണുകയാണ്.
അവളെ ആദ്യമായി കണ്ടത് ഇരുപതു വർഷത്തിന് മുൻപാണ്. എന്റെ ഓഫീസിൽ ഹൗസ്‌കീപ്പിങ് സ്റ്റാഫ് ആയി ഒരു കരാർ കമ്പനി അയച്ചതാണ്. നല്ല ചുറു ചുറുക്കും ആത്മാർത്ഥതയും ഉള്ള ഒരു സ്ത്രീ. വൃത്തിയുള്ള വസ്ത്രധാരണം, പ്രസന്നമായ മുഖം, കൃത്യ സമയത്തു ഓഫീസിൽ വരിക, ചെയ്യേണ്ട ജോലികൾ ചെയ്യുക, കൂടെ ഉള്ള ആളുകളെ സ്നേഹപൂർവ്വം ശാസിച്ചു പണി എടുപ്പിക്കുക എന്നതെല്ലാം അവരുടെ സവിശേഷതകൾ. അനാവശ്യ സംസാരമോ നേരുമ്പോക്കുകളോ ഇല്ല. പ്രായം ഒരു ഇരുപത്തി അഞ്ചു വയസുണ്ടാകും. പ്രായത്തിൽ കടന്ന ഇരുത്തം. അവരുടെ ജോലിയിലുള്ള മിടുക്കു കാരണം ഞാൻ അവരെ അടുത്ത് ശ്രദ്ധിക്കുവാനും അവരോടു കൂടുതൽ സംസാരിക്കാനും തുടങ്ങി.
കല്യാണം കഴിഞ്ഞിട്ടുണ്ട്. ഒരു മകൻ ഉണ്ടായതോടെ ഭർത്താവു വേറെ ഒരു സ്ത്രീയുടെ കൂടെ പോയി. ഭർത്താവ് മരിച്ചു പോയ ഒരു അനിയത്തി, അനിയത്തിക്ക് രണ്ടു കുട്ടികൾ, അമ്മ. പ്രാരാബ്ധം നിറഞ്ഞ കുടുംബം. അമ്മയ്ക്ക് പൂ വില്പന. അനിയത്തി വീട്ടുകാര്യങ്ങൾ നോക്കി ചേച്ചിയെ സഹായിക്കുന്നു.
മിടുക്കി ആയ ഈ സ്ത്രീ അയ്യായിരം രൂപ ശമ്പളത്തിൽ ഇരിക്കേണ്ടവളല്ല എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു. അതിനുള്ള ഒരു അവസരവും തക്ക സമയത്തു വന്നു ചേർന്നു. മരകതം ജോലി ചെയ്തിരുന്ന കരാർ കമ്പനി പൊട്ടി പാളീസായി. പല പല ഹൗസ്കീപ്പിങ് കമ്പനികൾ പരീക്ഷിച്ചു ഞങ്ങളും മടുത്തു. ഞാൻ മരകത്തിന്റെ അടുത്ത് നിനക്കി കരാർ എടുത്തു നടത്തി കൂടെ എന്ന് നിർദേശിച്ചു. ഞാൻ സഹായിക്കാം എന്ന് വാഗ്ദാനവും ചെയ്തു. കുറച്ചൊരു മടിയോടെ അവൾ ഒരു ദിവസത്തെ സാവകാശം ചോദിച്ചു. പിറ്റേ ദിവസം രാവിലെ തന്നെ കുളിച്ചു, ഭസ്മകുറിയും വെച്ച് അമ്പലത്തിലെ പ്രസാദവും ആയി എന്റെ മുറിയിലേക്ക് ഞാൻ ചെയ്യാം മാഡം എന്ന് പ്രസന്നവതി ആയി പറഞ്ഞു വന്നു. പിന്നെ എല്ലാം വേഗത്തിൽ നടന്നു. ഒരു ഓഡിറ്ററുടെ സഹായത്തോടെ കമ്പനി ഉണ്ടാക്കൽ, ഇ സ് ഐ, പി ഫ് തുടങ്ങൽ മുതലായവ. എന്തിനു പറയുന്നു വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബിസിനസ്സിന്റെ നൂലാമാലകൾ അവൾ പഠിച്ചു. അവരുടെ ജീവിതം പച്ചപിടിക്കുന്നതു ഞാൻ വളരെ സന്തോഷത്തോടെ കണ്ടു നിന്നു. കഠിനമായി പ്രയത്നിക്കുന്നവർ ആയിരുന്നു അമ്മയും രണ്ടു പെൺമക്കളും. ഞങ്ങളുടെ പോലെ വേറെ കമ്പനികളുടെ കരാറുകളും അവർ എടുത്തു. സാവധാനം കാന്റീൻ നടത്തിപ്പ്, മാനവശേഷി കരാറുകൾ എന്നിവയിലേക്ക് അവരുടെ ബിസിനസ് വ്യാപിച്ചു. ടൂ വഹീലെറിൽ നിന്നു കാറിലേക്കും , പൊറമ്പോക്കു സ്ഥലത്തെ വീട്ടിൽ നിന്നും സിറ്റിയിൽനിന്നും അകലെയാണെങ്കിലും ഒരു രണ്ടു ബെഡ്‌റൂം ഫ്ളാറ്റിലേക്കും അവർ പുരോഗമിച്ചു. ഈ സമൃദ്ധികൾക്കിടയിലും എന്നെ ഇടയ്ക്കു ഇടയ്ക്കു വന്നു കാണാനും സംസാരിക്കാനും നന്ദി പറയാനും അവൾ മറന്നില്ല.
ആയിടയ്ക്ക് അവരെ പറ്റി ചില വർത്തമാനങ്ങൾ എന്റെ ചെവിയിലും വന്നു ചേർന്നിരുന്നു. ഭാര്യയും മക്കളും ഉള്ള ഒരു ആളോട് ചേർത്ത് ചില കാര്യങ്ങൾ. ബുദ്ധിമതി ആയ ഇവൾ ഭാവിയില്ലാത്ത ഒരു ബന്ധത്തിൽ എന്തിനു ചെന്ന് ചാടുന്നു എന്ന് എനിക്ക് മനസിലായില്ല. വെറും ചാപല്യമോ, ഒരു തുണ വേണമെന്ന തോന്നലോ? ചോദിക്കണം എന്ന് വിചാരിച്ചിരിക്കെ ടൗണിൽ നിന്നകലെ ഒരു ക്ഷേത്ര പരിസരത്തു വെച്ച് രണ്ടാളുകളെയും ഞാൻ കാണുന്നു. എന്റെ മുന്നിൽ ചെറിയ ഒരു പരുങ്ങലോടെ മരകതം അയാളെ എനിക്ക് പരിചയപ്പെടുത്തി. പിന്നെ കാണാം എന്ന് പറഞ്ഞു ഞാനും അവിടെ നിന്നും മാറി. പ്രതീക്ഷിച്ചതു പോലെ പിറ്റേ ദിവസം രാവിലെ എന്റെ ഓഫീസിൽ അവൾ ഹാജരായി.
മുഖവുരയൊന്നും ഇല്ലാതെ ഞാൻ നേരെ കാര്യത്തിലേക്കു കടന്നു. നീ എന്തിനാണ് വേറെ ഒരു സ്ത്രീയുടെ ജീവിതം തകർക്കുന്നത്? നീ ആ വേദന ഒരു കാലത്തു അനുഭവിച്ചതല്ലേ? ഒരു കൂട്ടു വേണമെന്ന് തോന്നുന്നെകിൽ പറ്റിയ ഒരു ആളെ കണ്ടുപിടിച്ചു കല്യാണം കഴിക്കു……എന്റെ നീരസം പ്രകടിപ്പിച്ച ശേഷം ഞാൻ എന്റെ ജോലി തുടർന്നു. ഒന്നും മിണ്ടാതെ അവൾ തലകുനിച്ചു നിന്നു. രണ്ടു തുള്ളി കണ്ണുനീർ തറയിൽ വീണത് ഞാൻ കണ്ടതായി ഭാവിച്ചില്ല. അമേരിക്കയിലേക്ക് വേറെ ജോലി ആയി പോകുന്ന തിരക്കിൽ ആയിരുന്നതിനാൽ ഈ സംഭവത്തെ പറ്റി അധികം ചിന്തിച്ചില്ല. പത്തു വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്നപ്പോഴേക്കും മരകതം എന്റെ ഓർമയിൽ നിന്നും മാഞ്ഞുപോയിരുന്നു……
സ്വപ്ന മാഡം…നീങ്കെ മാറവെ ഇല്ലെ… അവളുടെ വാക്കുകൾ എന്നെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നു.
നീങ്കെ സൊന്നതു മാതിരിയെ നാൻ പന്നിട്ടെ. ഇതു എൻ പുരുഷൻ, എൻ പോൺ. കൂടെ നിൽക്കുന്ന സുമുഖനായ ആളെയും ഓമനത്വം തുളുമ്പുന്ന എട്ടു വയസുകാരിയെയും മരകതം എനിക്ക് പരിചയപ്പെടുത്തി. പെരിയ പയ്യൻ എഞ്ചിനീയറിംഗ് മുടിച്ചിട്ടു വേലയ്ക്കു പോയിട്ടിരിക്കെ.
അവൾ എന്റെ കൈകൾ എടുത്തു നന്ദി പറഞ്ഞപ്പോൾ അവളെക്കാളും സന്തോഷിച്ചത് ഞാനാണ്. ബുദ്ധിയുള്ള സ്ത്രീ എന്ന എന്റെ വിലയിരുത്തൽ തെറ്റിക്കാതിരുന്നു എന്റെ മാനം കാത്തവൾ……