മറഡോണ

 

കണ്ണൂരിലങ്ങ് വന്നപ്പോഴുമൊരു നോക്ക്
നേരിട്ട് കാണാൻ കഴിഞ്ഞില്ല!

കണ്ടിട്ടുണ്ടുറക്കമൊഴിഞ്ഞെണ്ണിയാൽ തീരാത്ത രാവിൽ
കളിത്തിരശ്ശീലയിലങ്ങയുടെ
കുറുക്കലും വിസ്താരവും കാല്പന്തിൻ
മാസ്മരികമാം അമ്മാനവും.

സ്വർണക്കപ്പിന് മുത്തമേകാൻ പിറന്നവൻ നീ
ദൈവം തൊട്ടതാം പാദങ്ങളാൽ കീഴടക്കി ലോകത്തെ;
കാൽപ്പന്തു വാങ്ങാൻ കാശില്ലാത്ത ബാല്യത്തിൽ
തുണിപ്പന്തു കെട്ടി കളിച്ചത്രെ നീ നഗരത്തെരുവിൽ.

കളിപ്പന്തിൻ കുറുംതെയ്യം നീ
വായ്‌മൊഴിക്കതീതം നിന്റെ കാൽപ്പന്തടിയുടെ
സ്വരവ്യഞ്ജനാഘോഷങ്ങൾ!

ചിലപ്പോൾ മെരുങ്ങാത്ത ചുരുളൻ മുടിയുടെ സട കൊണ്ടും
ആവനാഴിയെ ഓർമിപ്പിക്കുന്ന കാലു കൊണ്ട് ചിലപ്പോൾ
പതുക്കെപ്പതുക്കെ തട്ടിനീക്കിയും
ചിലപ്പോൾ നീട്ടിച്ചവിട്ടിയും ചുഴലിക്കാറ്റിന്റെ വേഗത്തിൽ
ഗോളടിക്കുന്നു നീ വലയ്ക്കുള്ളിൽ ഗോളിയെ
വെറുമൊരു കോമാളിയാക്കി!

കളിപ്പന്ത് നിന്റെ ആറാമിന്ദ്രിയം
ആർക്കൊക്കും അത് നിന്നിൽനിന്നും വെട്ടിച്ചെടുക്കാൻ!
പുഴമത്സ്യത്തിന്റെ വഴക്കത്തോടെ,
ജലസർപ്പത്തിന്റെ ഊർജ്ജസ്വലതയോടെ
വളഞ്ഞും പുളഞ്ഞുമോടി ശത്രുനിര ഭേദിച്ചു
കാട്ടുകുറുക്കന്റെ കൗശലത്തിൽ വർഷിക്കുന്നു
നീ പൊട്ടിത്തെറിക്കുന്ന വെടിഗുണ്ടിന്റെ ശബ്ദത്തിൽ
തുരു തുരാ ഗോളുകൾ!

നേപ്പിൾസിൽ, ബ്യുണസ് അയേഴ്‌സിൽ മാത്രമല്ല ലോകമെങ്ങും നിന്റെ
ആരാധകർ നിനക്ക് വേണ്ടി കൂട്ടമണിയടിക്കുന്നു, വിലപിക്കുന്നു,
മെഴുകുതിരികൾ കത്തിക്കുന്നു,ദുഖത്തിന്റെ സ്പന്ദനങ്ങൾ
ആത്മാവിൽ ആവാഹിച്ചു പ്രാർത്ഥിക്കുന്നു. കണ്ണൂരിന്റെയും
കണ്ണീർപ്രണാമം അങ്ങേയ്ക്ക്!

കാൽപുണ്യത്തിന്റെ പൊൻചുണക്കുട്ടാ,
മറഡോണാ, ഇനിയങ്ങോട്ട് മീതെയുമില്ല താഴെയുമില്ല
എങ്കിലും നിന്നെയറിയുന്നവർക്ക് അറിയാം :
വേറൊരു കളിക്കളത്തിൽ
വേറൊരു കളിയച്ഛനായി നീ ബൂട്ടണിയും
പത്താം നമ്പർ ജഴ്സിയും!

മറഡോണാ, കാൽപ്പന്തിന്റെ രാജകുമാരാ,
പിൻവാങ്ങൽ വിറയേതുമില്ലാതെ സ്വർഗ്ഗത്തിലും
ചന്തമുള്ള പന്തടക്കത്താൽ രചിക്കേണമിനിയും നീ
ഛന്ദോബദ്ധമല്ലാത്ത ഫുട്ബോൾ കവിതകൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒരമ്മയുടെ വിലാപം
Next articleഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠപുരസ്‌കാരം ഡോ.എം. ലീലാവതിക്ക്; പുരസ്‌കാരസമർപ്പണം ജനുവരിയിൽ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here