കൂടുതലൊന്നും
ഞാനാവശ്യപ്പെടുന്നില്ല.
വേട്ടപ്പട്ടിയെന്ന് വിളിച്ച്
വെടിവെച്ച് കൊല്ലുമ്പോൾ
മണ്ണിൽ കിടന്ന്
കൈകാലിട്ടടിക്കാൻ അനുവദിക്കണം.
പീഡനം നടത്തി
കൊല ചെയ്യുമ്പോൾ
വാവിട്ട് കരയാൻ
വായയെങ്കിലും
തുറന്നിടണം.
ഭീകരവാദിയെന്ന് മുദ്രകുത്തി
തൂക്കുമരത്തിൽ കയറ്റുമ്പോൾ
മൃതദേഹത്തിന്റെ
മുഖമെങ്കിലും ബാക്കി വെക്കണം.
വിചാരണത്തടവ്‌കാരനായി
കഴിഞ്ഞ കാലം
തിരിച്ച് തന്നില്ലേലും
വിധിക്ക് മുമ്പ്
പ്രതിയെന്ന് വിളിച്ചത്
നല്ലതായില്ലെന്ന്
മനസ്സാക്ഷിയെങ്കിലും സമ്മതിക്കണം.
അഭയാർത്ഥിയെങ്കിലും
ഒരു നാടും വീടും
ഉണ്ടായിരുന്നെന്ന്
വിശ്വസിക്കാൻ
എനിക്കെങ്കിലും സ്വാതന്ത്ര്യം തരണം.