മുഖവുര
ശ്രീ സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’യെന്ന രചനയെക്കുറിച്ചൊരു സര്‍ഗാത്മക പഠനമാണിത്. സമുദ്രശില തീര്‍ച്ചയായും വായനയും പഠനവും അര്‍ഹിക്കുന്ന ഒരു രചനയാണ്. ‘കാലത്തെ കശക്കി’ കഥ പറയുന്നു എന്നും അങ്ങനെ പറയുന്നതിലൂടെ അനശ്വരപദവിയിലേക്കും ദൈവതുല്യതയിലേക്കും കലാകാരന്‍ എത്തിച്ചേരുന്നുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ അവകാശപ്പെടുന്നു.
പഠനവിധേയമായ രചനയെപ്പോലെ ‘കാലത്തെ കശക്കി’യെന്നോ, കാലത്തെ നിശ്ചലമാക്കിയെന്നോ, ത്രികാലസ്പര്‍ശിയെന്നോ ഒക്കെ പറയാവുന്ന ഒരു കഥനരീതിയിലൂടെ , പഠനവിധേയമാക്കുന്ന രചനയിലെ നായികയെ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ് ഇതിലെന്നു പറയാം. മരണത്തിനപ്പുറം, തന്നെക്കുറിച്ചു, തന്റെ പ്രിയ എഴുത്തുകാരന്‍ എഴുതിയ പുസ്തകം നായിക തന്നെ വായിക്കുന്ന രീതിയിലാണ് ഇതിന്റെ അവതരണം. അക്കൂട്ടത്തില്‍ സമകാല മലയാള, ലോകസാഹിത്യരചനകളുമായുള്ള സാദൃശ്യങ്ങളും സാമ്യങ്ങളുമൊക്കെ നോക്കിക്കാണാനുള്ള ശ്രമവും നടത്തുന്നുണ്ടു. ഇന്നത്തെ സാഹിത്യവും സാഹിത്യകാരന്മാരുമൊക്കെ എവിടെ നില്‍ക്കുന്നുവെന്നു പരിശോധിക്കാനും ഇതിലൂടെ ശ്രമിക്കുന്നുണ്ട്. സാഹിത്യവിമര്ശനത്തില്‍ ഒരു പുതുവഴി അന്വേഷിക്കുകയാണ് മൗലികമായ ഈ രചനയിലൂടെയെന്നു പറയാം.
പത്രാധിപര്‍
ഭാഗം ഒന്ന്
ഒരു രഥയാത്ര
പാലൊളിയില്‍ നിന്നു രക്തച്ഛവിയിലേക്കു നിറം മാറി നില്‍ക്കുന്ന പൂര്‍ണചന്ദ്രന്‍ പ്രകാശ വിന്യാസം നടത്തുന്ന കര്‍ക്കിടകമഴ, ചോരത്തുള്ളികളെപ്പോലെ, തിരക്കിട്ടു ഭൂമിലേക്കു പതിക്കുന്ന കാഴ്ചയിലേക്കാണ് ഏറെനാള്‍ കൂടി, എന്തിനെന്നറിയാതെ, അംബ കിടപ്പുമുറിയുടെ ജനാല തുറന്നത്. തണുത്തകാറ്റും കനത്ത മഴത്തുള്ളികളും മുറിയിലേക്കും അവളുടെ ശരീരത്തിലേക്കും ഇരച്ചുകയറി ‘മോനെ മഴനനഞ്ഞു പനിപിടിക്കണ്ട കേട്ടോ..’ കുട്ടിക്കാലത്തു ഇറവെള്ളം പിടിച്ചു കളിക്കുമ്പോള്‍ വീടിനുള്ളില്‍ നിന്നും അമ്മ വിളിച്ചുപറഞ്ഞതോര്‍ത്തവള്‍. കരുതലുകളാണ് ജീവിതം. അമ്മയും അച്ഛനും ഭര്‍ത്താവും മകനുമൊക്കെ ഓരോരോ കരുതലുകളാണ്. അവര്‍ നമ്മെയും നമ്മള്‍ അവരെയും കരുതുന്നു. അത്തരം കരുതലുകളാണ് ജീവിതത്തിനു അര്‍ത്ഥമുണ്ടാക്കുന്നത്. ജനാലയും കതകുകളുമൊക്കെയും ഓരോരോ കരുതലുകളാണ്- ചില മറച്ചുപിടിക്കലുകള്‍, സംരക്ഷണങ്ങള്‍, പ്രതിരോധങ്ങള്‍. എന്തിനാണ് താന്‍ ജനാല തുറന്നതെന്നു അവളോര്‍ത്തു. തുറന്നത്എന്തിനെന്ന് ഓര്‍ക്കണമെങ്കില്‍ അടഞ്ഞുകിടന്നത് എന്തിനെന്നു ഓര്‍ത്തെടുക്കണം. കൊതുക്,
ശ്മശാനം, ഏകാന്തതയോടുള്ള ഇഷ്ടം, ചുറ്റുമുള്ളവരോടൊന്നും മിണ്ടാനും പറയാനും ഇല്ലായ്ക, ജീവിതവിരസത.. എന്തോ ചില കരുതലുകള്‍ക്കു വേണ്ടി അടച്ചു . അവയിനി വേണ്ടെന്നു തോന്നിയപ്പോള്‍ തുറന്നു . അതാണോ അതിന്റെ അര്‍ത്ഥം? അര്‍ത്ഥം തിരയലുകളാണോ ജീവിതം? പ്രപഞ്ചത്തിന്റെ അര്‍ത്ഥം; ഭൂമിയുടെയും ചന്ദ്രന്റെയും സൂര്യന്റെയും അര്‍ത്ഥം; ധരിക്കുന്ന വസ്ത്രത്തിന്റെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും അര്‍ത്ഥം; വാക്കുകളുടെയും വരകളുടെയും
അര്‍ത്ഥം; തന്റെ ജീവിതം ഇങ്ങനെയായതിന്റെ അര്‍ത്ഥം.. അപ്പു തനിക്കു ജനിച്ചതിന്റെ അര്‍ത്ഥമെന്തെന്നു എത്രയോ തവണ സ്വയം ചോദിച്ചിരിക്കുന്നതായി അംബയോര്‍ത്തു. ജീവിതം കുറെ അര്‍ത്ഥം തിരയലുകളും കരുതലുകളും കൂട്ടിവായിക്കല്‍ ശ്രമങ്ങളുമാണ്. മനുഷ്യജീവിതത്തെ
അര്ഥമുള്ളതെന്നും ഇല്ലാത്തതെന്നും രണ്ടു പകുതികളാക്കി തിരിക്കാമെന്നും അംബയ്ക്ക് തോന്നി നല്ലതു മാത്രം ചിന്തിക്കുന്ന ഒരു പകുതി. നല്ല വസ്ത്രം, നല്ല ഭക്ഷണം, നല്ല വിദ്യ, നല്ല ഉദ്യോഗം, നല്ല ഭര്‍ത്താവ്, മക്കള്‍.. സ്വപ്നങ്ങള്‍ക്കൊപ്പമെത്താന്‍ വാശി പിടിച്ചോടുന്ന ജീവിതം. അതുകഴിഞ്ഞു ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ പോയ്‌പോകുന്നയൊരു രണ്ടാം പകുതി.
അത്തരമൊരു രണ്ടാം പകുതിയിലേക്ക് എത്തുന്നതിന്റെ ഗതിവേഗം മാത്രമേ ഓരോരുത്തരിലും വ്യത്യാസപ്പെടുന്നുള്ളൂ.
എഴുത്തുകാരാ,
ജീവിതത്തില്‍ എനിക്കു വേണ്ടി കരുതിയ കുറച്ചുപേരില്‍ ഒരാളാണ് താങ്കള്‍.
തന്റെ പ്രിയപ്പെട്ട എഴുത്തുകാരന് വേണ്ടി എഴുതിയതും സ്വജീവിതം പോലെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാം കാണാന്‍ പോകുന്നതുമായ ഒരു കത്തിന്റെ തുടക്കമായിരുന്നത്. .
ആഭാസയെന്നും അധമയെന്നും ലോകര്‍ വിളിച്ചാക്ഷേപിച്ചേക്കമായിരുന്ന ഒരു പാഴ്ജന്മത്തെ
അവരുടെ സ്നേഹബഹുമാനങ്ങളും സഹാനുഭൂതിയും നേടുന്ന ഒരാളാക്കി മാറ്റിയ എഴുത്തിന്റെ
ഒരു മന്ത്രവിദ്യയാണ് താങ്കളുടേത്. താങ്കള്‍ക്കു വലിയ ബഹുമതികള്‍ കിട്ടുന്നതും കോട്ടും
സ്യൂട്ടുമൊക്കെയിട്ടു വലിയ പത്രാസില്‍ (അല്ലെങ്കില്‍ തന്നെ പത്രാസുപറച്ചില്‍ കുറച്ചധികമുള്ള
ആളാണല്ലോ.)വേദിയില്‍ നിന്നു എന്നെക്കുറിച്ചു വാതോരാതെ പറയുന്നതും എനിക്ക്
കാണാനാവുന്നുണ്ട്.
അങ്ങനെയെഴുതിയതിന്റെ ഒടുവില്‍ ഒരു തംസ്അപ് മുദ്രയും വായ്‌തുറന്നു ചിരിക്കുന്നയൊരു
പെണ്ണിന്റെ ചിത്രവും അവള്‍ വരച്ചു ചേര്‍ത്തിരുന്നു . പ്രീഡിഗ്രി പഠിക്കുമ്പോള്‍ മുതല്‍
വളര്‍ത്തിയെടുത്തൊരു ശീലമായിരുന്നത്.
മരണകാഥികനാണ് താങ്കള്‍. പ്രണയവും ദാമ്പത്യവും വീടും കുടുംബവും
ഉദ്യോഗവും മക്കളുമൊക്കെ മരണത്തെ മധ്യബിന്ദുവായും ഗുരുത്വകേന്ദ്രമായും നമുക്കു ചുറ്റുമാരോ
വരക്കുന്നൊരു മായാവലയത്തിന്റെ വിളക്കുകണ്ണികള്‍ മാത്രമാണെന്നും അതിന്റെ
ഗുരുത്വകേന്ദ്രത്തിലേക്കു വീണു പോകാതിരിക്കാനുള്ള വിഫലശ്രമങ്ങളാണ് ജീവിതമെന്നും പറയാനാണ്
താങ്കള്‍ ശ്രമിക്കുന്നതെന്നു തോന്നി.
അങ്ങനെ എഴുതിയപ്പോള്‍ മരണം തന്നെ ഒരു മുതിര്‍ന്ന സ്ത്രീയാക്കിയിട്ടുണ്ട് എന്നു
അംബയ്ക്ക് തോന്നി.
അവളുടെ നോട്ടം വീണ്ടും രക്തചന്ദ്രനിലേക്കെത്തി. സൂര്യനും ചന്ദ്രനും ഇടയില്‍
ശല്യമായി നില്‍ക്കുന്ന ഭൂമി. ഭര്‍ത്താവിനും കാമുകിക്കും ഇടയില്‍ ശല്യമായി കടന്നുവരുന്ന ഭാര്യ!
പിടിക്കപ്പെട്ടതിന്റെ ജാള്യതയാണോ ചന്ദ്രമുഖത്തു കാണുന്ന കടുംശോണിമ? ഏതു അലങ്കാരമാണത്
–ഉത്പ്രേക്ഷ, ഉപമ? അതിന്റെ ശ്ലോകങ്ങളൊന്നും അംബയ്ക്ക് ഓര്‍മ വന്നില്ല. അര്‍ത്ഥമില്ലാതെ
പോയ പലതിന്റെയും കൂടെയൊരു മലയാളം .എംഎ.യും.
‘കഴിഞ്ഞുപോയ ഒന്നിനെക്കുറിച്ചുള്ള ഓര്‍മയ്ക്ക്
ഒരു സ്വപ്നത്തിന്റെ പദവിയേയുള്ളൂ; അതല്ലെങ്കില്‍
സങ്കല്പത്തിന്റെ; അതുമല്ലെങ്കില്‍ നുണയുടെ;
ഓ, ചിലപ്പോള്‍ അത്ര പോലുമില്ല!’
എഴുത്തുകാരന്റെ വരികള്‍ അങ്ങനെ തന്നെ എടുത്തെഴുതിയതിനു ഒടുവില്‍ മൂന്നു
തംസ്അപ്പ് മുദ്രകള്‍ വരച്ചുചേര്‍ത്തിരുന്നു അവള്‍.
തന്നിലെന്തോ മാറ്റങ്ങള്‍ വരുന്നതായി അംബയ്ക്ക് തോന്നി. വിചിത്രമായ ചില
കാഴ്ചകളും ചിന്തകളും മനസിലേക്കെത്തുന്നു. തണുത്ത കാറ്റും മഴത്തുള്ളികളുമേറ്റു ശരീരം
വിറയ്ക്കുന്നുണ്ടെന്നുള്ളത് അപ്പോളാണ് അവളോര്‍ത്തതു. അപ്പുവിനും തണുക്കുണ്ടാവും. അവന്റെ
പുതപ്പു മാറിക്കിടക്കുയാണെന്ന് കണ്ടു നേരെയാക്കാന്‍, ജനാലകളടച്ചു , അവനരികിലേക്കു
നീങ്ങിയവള്‍.
‘മരിച്ചവരോളം അവഗണിക്കപ്പെട്ടവരായി തോന്നിച്ച… മുന്‍പു ഞാനവരെ കണ്ടിട്ടില്ല.’
എഴുത്തുകാരന്റെയാ വരികളത്രയും എടുത്തെഴുതിയിട്ടു അവയുടെ ഒടുവിലും മൂന്നു തംസ് അപ്പ്
മുദ്രകള്‍ വരച്ചു ചേര്‍ത്തിരുന്നു അംബ.
പുതപ്പിനുള്ളിലൂടെ, ഒരു സര്‍ക്കസ് കൂടാരത്തിന്റെ നടുംതൂണെന്ന പോലെ വിജൃംഭിച്ചുയര്‍ന്നു
നില്‍ക്കുന്ന അപ്പുവിന്റെ ലിംഗത്തിന്റെ പതിവു കാഴ്ച്ച ഇത്തവണ അവളെ അലോസരപ്പെടുത്തി.
അവന്റെ മുഖത്തേക്ക് നോക്കിയവള്‍. കണ്ടുകണ്ടു താനിഷ്ടപ്പെട്ടു പോരുന്ന ഓമനത്വമുള്ള
അപ്പുവിന്റെ മുഖമല്ല അതെന്നാണ് അംബയ്ക്ക് തോന്നിയത്. എന്തോ അരുതായ്ക തോന്നി
പെട്ടെന്നവള്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി.
വാങ്ങുന്നവരുടെ കണ്ണിനു ഇമ്പമേകും വിധം തന്റെ മിഠായിഭരണികളെ മാറ്റിമറിച്ചടുക്കുന്ന ഒരു
മിഠായിക്കച്ചവടക്കാരനല്ലേ കഥാകാരനും? ഇന്നലെകളുടെ മാതൃകകളെ അവലംബമാക്കുന്നയൊരു
അഴിച്ചടുക്കല്‍?
ശരീരം തുടച്ചു വസ്ത്രവും മാറി, അടുക്കളയില്‍ ചെന്നു ദേഹമല്പം ചൂടും പിടിപ്പിച്ച
ശേഷം അംബ മേശയ്ക്കരികില്‍ വീണ്ടും വന്നിരുന്നു.
ഇന്നലെകളെയും ഇന്നിനെയുംകുറിച്ചു മാത്രമാണ് നാം കേട്ട കഥകളൊക്കെയും. മാതൃകകളെ
അവലംബമാക്കിയുള്ള മിഠായിഭരണികളുടെ സ്ഥാനമാറ്റങ്ങള്‍. മാതൃകയും അവലംബവുമില്ലാതെ
ഒഴിഞ്ഞുകിടക്കുന്ന ശൂന്യയിടമാണ് നാളെ. അവിടെ ഏതു മിഠായിയാണ് ചിലവാകുക
എങ്ങെനെയാണതിന്റെ ഭരണികള്‍ അടുക്കുക എന്നറിയുന്നവനല്ലേ ശരിക്കും സ്രഷ്ടാവ്,
ദൈവതുല്യന്‍, അനശ്വരപദത്തിന് അര്‍ഹന്‍?
ഒരു വസന്തകാലസന്ധ്യ. മരച്ചില്ലകള്‍ക്കിടയിലൂടെ കാട്ടുവഴി തെളിച്ചുനിന്ന പാലൊളിച്ചന്ദ്രന്‍.
വഴിയിലുടനീളം താലംപിടിച്ചു പൂവിട്ടുനിന്ന പൂമരങ്ങള്‍. പാതയൊരം ചേര്‍ന്നൊഴുകിയ
കാട്ടരുവിയുടെയും ചേക്കേറുന്ന പക്ഷികളുടെയും ചെറുകാട്ടുജീവികളുടെയും ഇടവിട്ട ശബ്ദങ്ങള്‍.
രഥചക്രങ്ങളുടെയും കുതിരക്കുളമ്പടികളുടെയും തേര് തെളിക്കുന്ന സൂതന്റേയുമൊക്കെ ശബ്ദങ്ങല്‍
അതിനോട് ഇടകലര്‍ന്നു. അതിന്റെയെല്ലാം മേലെ നിശബ്ദതയുടെ വലിയൊരു പുതപ്പണിഞ്ഞു
കിടന്ന ഗംഭീരമായ കാടകം.
എനിക്ക് തോന്നുന്നത് സ്ത്രീകള്‍ മിക്കവരും ഒരു സങ്കല്പലോകത്തില്‍ കൂടി
കഴിയുന്നുണ്ടെന്നാണ്. അവിടെയവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വീടുപണിയുന്നു. ചുറ്റുപാടുകള്‍
നിര്‍മിക്കുന്നു. നിറങ്ങള്‍ പൂശുന്നു. ഇഷ്ടമുള്ളവരോടൊത്തു കഴിയുന്നു. ആനന്ദത്തിന്റെയും
ആശ്വാസത്തിന്റെയും ഒരു ലോകം. ചിലപ്പോള്‍ അതൊരു പ്രതിരോധത്തിന്റെയും
പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെ പോലും ലോകമായി മാറുന്നുമുണ്ട്.
അതിനകം മേശയില്‍ വെച്ചിരുന്ന വീഞ്ഞില്‍ നിന്നും വീണ്ടും കുടിച്ച അംബയ്ക്ക് തലയും
ദേഹവും പെരുത്തു തുടങ്ങി.
രഥത്തിന്റെ ഏറ്റവും മുന്നില്‍ സൂതനിരുന്നു. തൊട്ടുപിന്നില്‍ അദ്ദേഹം. അതിനു പിന്നിലായി
ഞാനും അനുജത്തിമാരും. രഥവേഗത്തില്‍, വാസനതൈലം പുരട്ടിയ അദ്ദേഹത്തിന്റെ മുടി എന്റെ
മുഖത്തേക്കു പാറിയപ്പോള്‍ മുജീബിനെ ഓര്‍മ്മ വന്നു. അവന്റെ മുടിയും ഇങ്ങനെ തന്നെ.
രഥചക്രം കുഴികളില്‍ വീഴുമ്പോഴൊക്കെ അദ്ദേഹത്തിന്റെ ശരീരം ഇരിപ്പിടത്തില്‍
മുറുകെപ്പിടിച്ചിരുന്ന എന്റെ കൈകളില്‍ അമര്‍ന്നു. അദ്ദേഹത്തിന്റെ വിയര്‍പ്പുമണവും തൈലം
പുരട്ടിയ മുടിയുടെ മണവും യാത്രയിലുടനീളം എനിക്ക് ഹൃദ്യമായിരുന്നു. വയനാട്ടിലെ
വീട്ടുതിണ്ണയില്‍ വൈകുന്നേരത്തേ ഇളംവെയിലേറ്റു പാട്ടും കേട്ടിരിക്കുമ്പോഴൊക്കെ അന്നത്തെ
രഥയാത്ര ഓര്‍മയിലെത്തും.
ഏതു പെണ്ണിലും വലിയൊരു പെണ്ണാളുന്നുണ്ട് താങ്കളില്‍ എന്നെനിക്കു തോന്നിയിട്ടുണ്ട്.
എത്രയോ മഹതികള്‍ സാഹിത്യമെഴുതി, കല ചമച്ചു. ഒരു പ്രസവമുറിയിലെ ആകാംക്ഷകളും
ചിന്തകളും ഇനിയൊരാള്‍ക്കും പറയാനില്ലാത്തത് പോലെ താങ്കള്‍ പറഞ്ഞിരിക്കുന്നു.
ഒരു മാസത്തോളം നീണ്ട വലിയൊരു ആഘോഷമായിരുന്നു ഞങ്ങളുടെ സ്വയംവരം. ചടങ്ങിലും
ആഘോഷത്തിലും പങ്കെടുക്കാന്‍ ക്ഷണിച്ചു നാടെങ്ങും വിളംബരം ചെയ്തു. അയല്‍രാജ്യങ്ങളിലെ
രാജാക്കന്മാര്‍ക്കെല്ലാം ക്ഷണം പോയി. ആ ഒരു മാസം കാശിനഗരം ഉത്സവപ്രതീതിയില്‍
ആയിരുന്നു. നഗരം വളരെ മനോഹരമായി അലങ്കരിച്ചു. നഗരത്തിലേക്ക് എത്തുന്ന
രാജാക്കന്മാന്‍ക്കും രാജ്യവാസികള്‍ക്കുമായി എല്ലാ സൗകര്യങ്ങളുമൊരുക്കി. പ്രത്യേകം
പണികഴിപ്പിച്ച രംഗമണ്ഡപങ്ങളില്‍ എല്ലാ ദിവസവും കലാപരിപാടികള്‍ നടന്നു. കച്ചവടക്കാരും,
അഭ്യാസികളും, മന്ത്രവിദ്യക്കാരും, മുച്ചീട്ടു കളിക്കാരും സര്‍ക്കസുകാരും, കുരങ്ങുകളിക്കാരും,
പാമ്പ് കളിക്കാരും, കൈനോട്ടക്കാരുമൊക്കെ തെരുവുകളില്‍ നിരന്നു. ഞാനും അനുജത്തിമാരും ഏറെ
സന്തോഷിച്ച ദിനങ്ങളായിരുന്നു അത്. കൊട്ടാരത്തിലെയാണെന്നോ സ്വയംവരകന്യകള്‍ ആണെന്നോ
അറിയിക്കാതെ ഞങ്ങള്‍ തെരുവായ തെരുവെല്ലാം ചുറ്റിക്കറങ്ങി. സാധങ്ങള്‍ വിലപേശി വാങ്ങി.
ഒരു ദിവസം ഒരു കൈനോട്ടക്കാരിക്കു കൈനീട്ടി ഞാന്‍. എന്റെ കൈകളിലേക്കും പിന്നെ ഭയസംഭ്രത്തോടെ മുഖത്തേക്കും നോക്കിയ അവര്‍, ‘മാപ്പാക്കണം, കൊട്ടാരത്തിലെ പെങ്കൊച്ചുങ്ങടെ കൈനോക്കി പറയാന്‍ ഞാനളല്ലേ ‘ എന്നു പറഞ്ഞു ഞങ്ങളുടെ കാല്‍ക്കല്‍ സാഷ്ടാംഗം വീണുകരഞ്ഞു. ഞങ്ങള്‍ കൊട്ടാരത്തിലെയാണെന്നു അറിഞ്ഞു പേടിച്ചിട്ടാവും എന്നു കരുതി. അടുത്ത ദിവസം മുതല്‍ അവരെ അവിടെ കാണാതായത് ഞങ്ങളെ സങ്കടപ്പെടുത്തി.
ആയിടക്കു വായിച്ച കുന്ദേരയുടെ നോവലിലെ തെരേസയെയും സബിനയെയും അംബയോര്‍ത്തു. വല്ലാത്തൊരു സഹനമാണ് തെരേസയുടെത്. തന്റെ പുരുഷന്‍ എപ്പോഴും അന്യ സ്ത്രീശരീരങ്ങളെയാണു മനസ്സിലോര്‍ത്തു നടക്കുന്നതെന്നറിഞ്ഞു എങ്ങനെയാണവള്‍ക്ക് ആത്മാഭിമാനത്തോടെ അയാളുടെ കൂടെ കഴിയാനാവുക?സബിനയും നല്ലൊരു സ്ത്രീയാണ്. സിദ്ധാര്‍ത്ഥനുമായുള്ള അടുപ്പമറിയുന്നത് വരെ തന്റെയും അപ്പുവിന്റെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന നല്ലൊരു കൂട്ടായിരുന്നു ശകുന്തള എന്നും അംബയോര്‍ത്തു.
സാഹിത്യം നമ്മെ നന്നാക്കുന്നുണ്ടോ? നാനൂറു വര്‍ഷം മുമ്പ് ഷേക്സ്പിയര്‍, ആന്റണിയെയും,
ക്ലിയോപാട്രയെയും, സീസറെയും മാക്ബത്തിനെയും ലേഡി മാക്ബത്തിനെയും
ഷൈലോക്കിനെയുമൊക്കെ ചൂണ്ടിക്കാട്ടി മനുഷ്യരുടെ സ്വാര്‍ത്ഥതയെയും, ധന, അധികാര,
കാമമോഹങ്ങളെയും കുറിച്ചു നമ്മോടു പറഞ്ഞു. ചതിയെയും വഞ്ചനയെയും ക്രൂരതയെയും
കുടിലതയെയും കൊലപാതക വാഞ്ഛയെയും പറ്റി പറഞ്ഞു. ഇന്നും നമ്മുടെ സാഹിത്യകാരന്മാര്‍
അതൊക്കെ തന്നെയല്ലേ പറയുന്നത്?
തന്റെ പ്രിയപ്പെട്ട എഴുത്തുകാരനെപ്പോലെ കാലത്തെ കശക്കി കഥപറയുന്നതാണ് കുന്ദേരയുടെയും
രീതിയെന്നും അംബ ശ്രദ്ധിച്ചു.
അവര്‍ കൈനോക്കുന്നതിന്റെ തൊട്ടപ്പുറത്തായി ചുറ്റുംകൂടി നിന്നവരോട് വലിയവായില്‍
വര്‍ത്തമാനം പറഞ്ഞു തന്റെ കുരങ്ങുകളെ കളിപ്പിച്ചിരുന്ന ഒരു കുരങ്ങുകളിക്കാരനെ കണ്ടു നല്ല
പരിചയം തോന്നി.
വീണ്ടും വീഞ്ഞ് കുടിച്ച അംബ എന്തോ കുഴക്കത്തിലെന്ന പോലെ അസ്വസ്ഥയായി.
അപ്പുവിന്റെ മുഖം വീണ്ടും ഓര്‍ത്തവള്‍.
‘ബായിയോം ഔര്‍ ബഹനോം..’ പെട്ടെന്നു അവളുടെ മുമ്പില്‍ ഒരു പുരസ്കാരവേദി ഉയര്‍ന്നു
വന്നു. ഒരു നേതാവ് പ്രസംഗിക്കുകയാണ്. അയാളുടെ ഘനഗംഭീരശബ്ദം പരിചിതമായി
തോന്നിയവള്‍ക്കു. വിശിഷ്ടാതിഥികളെ കൊണ്ടു നിറഞ്ഞ വേദി. പുരസ്കാരജേതാവായി തന്റെ
പ്രിയപ്പെട്ട എഴുത്തുകാരന്‍. രാജ്യത്തിനു വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ ഒന്നൊന്നായി
പറഞ്ഞു പ്രസംഗം തുടരുന്നതിനിടയില്‍ പുരസ്കാരാര്‍ഹമായ പുസ്തകത്തെക്കുറിച്ചും നേതാവ്
പറഞ്ഞു. അതിലെ നായികയുടെ ദുരന്തം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും അത്തരം
കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലില്‍ ശ്രദ്ധിക്കുമെന്നും അതുപോലുള്ള കുട്ടികളുടെ
പഠനത്തിനും ചികിത്സക്കുമായി കൂടുതല്‍ തുക വകയിരുത്തുമെന്നും പറഞ്ഞു. കൂടാതെ
റോഡുകളുടെ മോശം അവസ്ഥ, കൊതുകുശല്യം എന്നിവ പരിഹരിക്കാനും നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വേദിയുടെ കുറേക്കൂടി അടുത്തേക്ക് ചെന്നവള്‍.
അന്നു കാക്കാലത്തിയുടെ അരികെ നിന്നു തന്റെ കുരങ്ങുകളെ കളിപ്പിച്ചിരുന്ന അതേയാള്‍. ഒരുജന്മം കുരങ്ങുപിടുത്തക്കാരനായും മറുജന്മം പെണ്ണു പിടുത്തക്കാരനായും മറ്റൊരു ജന്മം ആളുപ്പിടുത്തക്കരനായും, അരയില്‍ ബന്ധിച്ച തന്റെ ജന്മപാശത്തിന്റെ ചലനങ്ങള്‍ക്കൊത്തു ചാടിക്കളിക്കുന്ന സാക്ഷാല്‍ റൂമി ജലാലുദ്ദീന്‍! ‘സ്വഭാവികമായ പരിണാമം’. തന്നോടുതന്നെയായി അംബ പറഞ്ഞു.
എഴുത്തുകാരന്‍ പറയുന്ന സമുദ്രശിലയില്‍കാമുകനുമൊത്തു പോയതായി ഓര്‍ക്കുന്നില്ല ഞാന്‍.
വയനാട്ടിലെ വീട്ടുതിണ്ണയില്‍ വൈകുന്നേരത്തേ ഇളംവെയിലും കൊണ്ടു പാട്ടും
കേട്ടിരിക്കുന്നതു തന്റെ സ്വകാര്യ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. മരങ്ങളും ചെടികളും നിറഞ്ഞ
പറമ്പ്. മഞ്ഞിന്റെ നേരിയ പുതപ്പണിഞ്ഞ നീലമലമടക്കുകള്‍ ദൂരെ കാണാം. അവിടെ
അങ്ങനെയിരിക്കുമ്പോള്‍ ചിത്രയുടെ ‘ആലോലമാടുന്ന കാറ്റേ’ എന്ന പാട്ടു പതിവായി
കേള്‍ക്കാറുള്ളത് അംബയോര്‍ത്തു. ആ നീലമലമടക്കുകളിലെ ഉയരം കൂടിയ മലയായിരിക്കുമോ
ഊട്ടി? പദ്മരാജന്റെ ‘കൂടെവിടെ’ കണ്ടപ്പോള്‍ തുടങ്ങിയ ആഗ്രഹമാണ് അവിടെ പോകണമെന്ന്.
‘പൊന്നുരുകും പൂക്കാലം…’ എന്ന പാട്ടില്‍ സുഹാസിനി അഭിനയിക്കന്ന മുറ്റം നിറയെ പൂച്ചെടികളും
ചുറ്റും ചില്ലുജാലകങ്ങളുമുള്ള വീടു തന്റെയും സ്വപ്നവീടായിരുന്നു. ”നമുക്ക് ഊട്ടിക്കു
പോയാലോ?” കോളേജില്‍ നിന്നു ടൂര്‍ പോകാന്‍ ആലോചിച്ചപ്പോള്‍ മുജീബിനോട് താന്‍
സ്വകാര്യമായി പറഞ്ഞു. അതിന്റെ നനഞ്ഞ ചില്ലുജാലകത്തിനരികില്‍ ഞാനും മുജീബും
മുട്ടിയുരുമ്മി നില്‍ക്കുന്നത് എത്രയോ തവണ ഞാന്‍ സങ്കല്പിച്ചിട്ടുണ്ട്. ജനലിനു പുറത്തു
മഞ്ഞിലും തണുപ്പിലും കുളിര്‍ന്നുവിറച്ചു നില്‍ക്കുന്ന തേയിലയും പൈനും യൂക്കാലിയും
പൂവാകകളും. താഴെ മലമടക്കുകളില്‍ നിന്നു പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഹില്‍ട്രെയിന്‍. എന്തു
മനോഹരമായ ദൃശ്യം. ഇടസമയങ്ങളില്‍ തിരക്കൊഴിയുന്ന അവിടത്തെ റെയില്‍വെ സ്റ്റേഷന്റെ ഒരു
കോണില്‍, മനസ്സുമാറി, എന്നെങ്കിലും മടങ്ങി വന്നേക്കാവുന്ന കുഞ്ഞികുട്ടേട്ടനെയും കാത്തു
ദേവിടീച്ചറും, അലക്സിയെ കാത്തു അന്നയും, തന്റെ കണ്ണനെ കാത്തു പര്‍ദ്ദ ധരിച്ചൊരു അമ്മയും
ഇരിപ്പുറപ്പിച്ചിട്ടുണ്ടാവുമോ?
കാത്തിരിപ്പുകളാണ് പെണ്ണിന്റെ ജീവിതം. മനസ്സുമാറി മടങ്ങി വന്നേക്കാവുന്ന
കുഞ്ഞികുട്ടേട്ടനെയും, അലക്സിയെയും, കണ്ണനെയും, ഭീഷ്മരെയും, സല്‍വരാജനെയുമൊക്കെ
കരുതിയുള്ള പാഴായ്‌പ്പോകുന്ന കാത്തിരിപ്പുകള്‍.
അന്നു മറ്റെവിടെയോ ആണ് ടൂര്‍ പോയത്. ഊട്ടിക്കു പോകാനായി താനിന്നും
കാത്തിരിക്കുകയാണെന്നു ഒരു മന്ദഹാസത്തോടെ അംബയോര്‍ത്തു.
വ്യവസ്ഥയും പരിധിയുമില്ലാതെ പ്രണയിക്കാന്‍ പോകുമ്പോഴും ഗര്ഭനിരോധനയുറ കരുതിയ
കാമുകന്‍.
അതിന്നൊടുവിലും വായ്തുറന്നു ചിരിക്കുന്ന പെണ്ണിന്റെ ചിത്രം വരച്ചിരുന്നു.
മുജീബുമായി അടുക്കാനിടയായ ക്ലാസ്സിലെ അന്നത്തെ സംഭവവും അവളുടെ മനസ്സിലേക്കെത്തി.
രണ്ടാം വര്‍ഷ ഡിഗ്രിക്ലാസ്. വായ്‌കോണിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാന്‍തുപ്പല്‍ കൈകൊണ്ടു
വടിച്ചെടുത്തു, സ്വാഭാവികമെന്ന പോലെ, അയാളിരുന്ന മേശയുടെ കീഴില്‍ തന്നെ തുടച്ചശേഷം
കൈകള്‍ കൂട്ടിത്തിരുമ്മി വൃത്തിയാക്കുന്നതിനിടയില്‍ ‘വാസവദത്ത’യിലെ വരികള്‍ക്ക് വഷളന്‍
വാഖ്യാനങ്ങള്‍ നല്‍കുന്ന അധ്യാപകന്റെ ക്ലാസ്സില്‍ തുടരണോ അതോ ഇറങ്ങിയോടണോ
എന്നോര്‍ത്തു തലയും കുമ്പിട്ടിരിക്കുന്ന താന്‍ ഉള്‍പ്പെടെയുള്ള പെണ്കുട്ടികള്‍. ഏതു നഗരത്തിന്റെ
ഔദ്യോഗികമുദ്രയുമായാണ് അയാളുടെ വരവെന്നു ഓര്‍ത്തിരിക്കെ മുജീബ് ചാടിയെഴുന്നേറ്റു.
കുമാരനാശാന്‍ സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ ഉയര്‍ച്ച ലക്ഷ്യംവെക്കുകയും ചെയ്ത
ആളാണെന്നും തന്റെ വരികള്‍ക്ക് അത്തരം അര്‍ഥകല്പനകള്‍ അദ്ദേഹം ഉദ്ദേശിച്ചുണ്ടാവില്ല
എന്നും പറഞ്ഞു. ക്ലാസ്സില്‍ ഒരു അടക്കിയ ചിരി പടര്‍ന്നു. പിന്നീട് ഒരിക്കലും അയാള്‍ ക്ലാസ്സില്‍
അത്തരം വര്‍ത്തമാനങ്ങള്‍ പറഞ്ഞില്ല എന്നു അംബയോര്‍ത്തു.
ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചു പറയുന്നതിനുള്ള ഉപാധിയാണോ അനശ്വരത?
” അമ്മേ, ഞങ്ങടെ കോളേജില്‍ ഒരു മുസ്ലിംചെക്കനും ഹിന്ദുപെണ്ണുമായി ഇഷ്ടത്തിലാണ്.”
അടുക്കളയില്‍ പെരുമാറിയിരുന്ന അമ്മയുടെ പിന്നില്‍ നിന്നു അംബ പറഞ്ഞു.
”ഉവ്വോ?” തിരിഞ്ഞു നോക്കാതെ തന്നെ അമ്മ ചോദിച്ചു.
”അവര്‍ തമ്മില്‍ കല്യാണം കഴിക്കാനിരിക്കുകയാണ്.”
തനിക്കു എത്തേണ്ട കര ലക്ഷ്യമാക്കി തുഴഞ്ഞുതുടങ്ങി അംബ.
”വീട്ടുകാര്‍ എതിര്‍ക്കില്ലേ?”
തനിക്കു വേണ്ട ചോദ്യത്തിലേക്കു അമ്മയെ എത്തിച്ചതിന്റെ സന്തോഷത്തില്‍, ” അമ്മയാണെങ്കില്‍
എതിര്‍ക്കുമോ?” എന്നൊരു മറുചോദ്യം ഉതിര്‍ത്തവള്‍. അമ്മ അവളുടെ നേര്‍ക്കു തിരിഞ്ഞു, കണ്ണുകളിലേക്കു നോക്കിപ്പറഞ്ഞു: ‘അച്ഛനുമമ്മയും എതിർക്കുമോ എന്നതല്ല മോനെ കാര്യം..’അവർ പറഞ്ഞു.’അത്തരം കാര്യങ്ങളിൽ ലോകത്തോടേതിരിട്ടു നിൽക്കാൻ നമുക്കാർക്കുമാവില്ല എന്നതാണ്.’
സിദ്ധാര്‍ഥനുമായുള്ള വിവാഹം ഉറപ്പിക്കുന്നതിനു മുന്‍പ് അങ്ങനെയൊരു വര്‍ത്തമാനം
അമ്മയുമായി നടന്നിരുന്നോയെന്നു അംബ ഓര്‍ത്തു. കൂട്ടത്തില്‍, ഒളിച്ചുകളികള്‍ കുറഞ്ഞയൊരു
ബന്ധമായിരുന്നു തങ്ങളുടേതെന്നും. തനിക്കു അത്രയും ഇഷ്ടമുള്ള പച്ചപ്പുകളെ വിട്ടു അത്തരമൊരു
പ്രേതംപിടിച്ച പാറയില്‍ പ്രണയസഫലത തേടിപ്പോയതിന്റെ സാധുതയില്‍ സംശയം തീരാതെ,
ഓര്മയില്ലാത്തവര്‍ക്കു ഓര്‍മയും കഥയില്ലാത്തവര്‍ക്കു കഥയുമാണ് എഴുത്തുകാരന്‍.
എന്നെഴുതി തന്റെ ഓര്‍മക്കുറവിനെയും എഴുത്തുകാരന്‍ തന്റെ മേലുള്ള അധികാരത്തെയും
അംഗീകരിച്ചു അവള്‍.
എന്തു സുന്ദരന്മാരാണ് പുരുഷന്മാര്‍. ദൈവവും ഒരു പുരുഷനാണെന്നു തോന്നുന്നു. അതാണിത്ര പക്ഷപാതം.
അതിനൊടുവിലായി വായ്തുറന്നു ചിരിക്കുന്നയൊരു പെണ്ണിന്റെയും കുശുമ്പെടുത്തിരിക്കുന്ന
മറ്റൊരു പെണ്ണിന്റെയും ചിത്രം വരച്ചുചേര്‍ത്തവള്‍.
‘എന്നെ വരിഞ്ഞുചേർത്തുനിർത്തി നിങ്ങളുടെ. അടിമയും കളിപ്പാട്ടവുമാക്കൂ..’….
വീട്ടില്‍ നിന്നും ഒന്നിച്ചുപോയി സിനിമ കാണലൊക്കെ കുറവായിരുന്നു. എല്ലാവര്‍ക്കും സമയവും സന്ദര്‍ഭവും ഒത്തുകിട്ടുന്നതിന്റെ വിഷമം. അച്ഛനും അമ്മയുമൊത്തു ബത്തേരിയില്‍ പോയി കണ്ട സിനിമയാണ് ‘ഒരു വടക്കന്‍ വീരഗാഥ.’ അതിലെ മമ്മൂട്ടി ക്ഷീണിച്ചുമിരുണ്ടുമിരുന്നാൽ സല്‍വരാജനാകും എന്നു തോന്നി.
വേനലവധിക്ക് വരാന്തയില്‍ എന്തോ വായിച്ചിരിക്കുകയായിരുന്നു ഞാന്‍. അച്ഛനും അമ്മയും
പുറത്തു പോയിരിക്കുന്നു. മുറ്റത്തൊരു കാല്‍പെരുമാറ്റം കേട്ടു നോക്കിയപ്പോള്‍ സല്‍വന്‍. .
നല്ലൊരു കുസൃതിച്ചിരിയുമായി അങ്ങനെ നില്‍ക്കുകയാണ്. നല്ലയാളാണ്. എത്ര നാളായി..പരിഭവം
ഭാവിച്ചു മുഖം കുനിച്ചിരുന്നു ഞാന്‍. അയാള്‍ പതിയെ എന്റെ താടി പിടിച്ചുയര്‍ത്തി കണ്ണിലും
ചുണ്ടിലുമൊക്കെ ഉമ്മവെച്ചു. പിന്നെ എന്നെയും തൂക്കിയെടുത്തു അകത്തേക്കൊരു
പോക്കായിരുന്നു. അച്ഛനും അമ്മയും മടങ്ങിവരുന്നതു വരെ ഞങ്ങള്‍ ഒന്നിച്ചുകഴിഞ്ഞു. അയാള്‍
പോകാന്‍ നേരം ഞാന്‍ ചോദിച്ചു: ‘ഇനിയെന്നു കാണും?’
ലോകം ഓടുന്നു; സാഹിത്യം മുടന്തുന്നു.
കാലാകാലമായി വലിയ പുതുമകളൊന്നുമില്ലാതെ നില്‍ക്കുന്ന സാഹിത്യരൂപങ്ങളെക്കുറിച്ചാവുമോ അവള്‍ ഉദ്ദേശിച്ചത്?
അങ്ങനെയെഴുതിയിടത്തും വായ്തുറന്നു ചിരിക്കുന്ന പെണ്ണിന്റെ ചിത്രം വരച്ചു ചേര്‍ത്തവള്‍.
യാദൃശ്ചികതകളുടെയും നിമിത്തങ്ങളുടെയും ലോകമാണിതെന്നു കുന്ദേര പറയുന്നു. അന്നയും
വ്റോൻസ്കിയും റെയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടുന്നത് അങ്ങനെയാണ്. റ്റോമാസും തെരേസയും
തമ്മിലുള്ള കൂടിക്കാഴ്ചയും അങ്ങനെ കുറെ യാദൃശ്ചികതകളുടെ അത്ഭുതകരമായ സങ്കലനം
കൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജനനത്തോടൊപ്പം നമ്മോടൊത്തു ജീവിക്കാന്‍
തുടങ്ങുന്ന രണ്ടു വലിയ യാദൃശ്ചികതകളാണു അച്ഛനും അമ്മയും. അവര്‍ക്കു അകമ്പടിയായുള്ള
സാമൂഹിക ചുറ്റുപാടുകള്‍ നമുക്കും അകമ്പടിയാകുന്നു. പുരാണത്തിലെ അംബയുടെ
ജന്മപാശത്തിന്റെ ഇങ്ങേത്തലയ്ക്കല്‍, ചന്ദ്രികടീച്ചറിന്റെയും ബാലഗംഗാധരന്റെയും മകളായും
സിദ്ധാര്‍ഥന്റെ ഭാര്യയും അപ്പുവിന്റെ അമ്മയായും കൊരുക്കപ്പെട്ടു മറ്റൊരു അംബ വരുന്നതും
അത്തരമൊരു യാദൃശ്ചികതയാണോ– അംബ എന്നവര്‍ക്കു. നാമകരണം ചെയ്ത അച്ഛന്‍
ബാലഗംഗാധരന്റെയൊരു നിഷ്കളങ്കത കൊണ്ടുണ്ടായൊരു യാദൃശ്ചികത?
മഹാഭാരതവും, ടാഗോറും, ഗംഗയും, ശ്മശാനവും, പട്ടടയും, സതിയും, പ്രണയവും,
പ്രതികാരവും, വീര്‍പ്പുമുട്ടിക്കുന്ന സമൂഹവും, ദാരിദ്ര്യവും, ശത്രുസ്ഥാനത്തു
വരുന്ന പുരുഷനും, കൊലപാതകികളായ നായികമാരും, ബംഗാളും ബംഗാളികളും, പരാധീനരായ രണ്ടു മനുഷ്യാത്മാക്കളും, ചിത്രകാരിയായ നായികയും, ചിത്രകാരിയായ എഴുത്തുകാരിയും രണ്ടു സമകാലരചനകളില്‍ ഒത്തു വരുന്നത് ഏതു യാദൃശ്ചികതയുടെ അത്ഭുതപ്രവര്‍ത്തനമാകും.
മരണത്തിനപ്പുറത്തിരുന്നു തന്നെക്കുറിച്ചു തന്റെ പ്രിയ എഴുത്തുകാരന്‍ എഴുതിയ പുസ്തകം വായിച്ചപ്പോള്‍ അത്തരം ചിന്തകള്‍ അംബയുടെ മനസ്സിലെത്തി.
ഭീഷ്മരുടെ അമ്പേറ്റു തകര്‍ന്ന ഇടതുകൈയ് ഒരു കച്ചയില്‍ പൊതിഞ്ഞു കഴുത്തില്‍ തൂക്കിയ
നിലയിലാണ്, സ്വയംവരപന്തലില്‍ കണ്ടതിനു ശേഷം, സല്‍വനെ കാണുന്നത്. ഭീഷ്മരുടെ വമ്പും
പ്രതാപവുമൊന്നും വകവെക്കാതെ, തനിക്കു വേണ്ടി അയാളെ എതിര്‍ത്തതിന്റെ കൂലി.
”ഞാന്‍ അയാളോട് അത്രയൊക്കെ എതിര്‍ത്തിട്ടും നീയൊരു വാക്കുപോലും പറഞ്ഞില്ല..”സല്‍വന്റെ കുറ്റപ്പെടുത്തലില്‍ മുഖം താഴ്ന്നു. ഭീഷ്മരെപ്പോലെയൊരു പുരുഷന്‍ സ്വയംവരപ്പന്തലും തെല്ലുനേരം തന്റെ മനസ്സും അലങ്കോലപ്പെടുത്തിയിരുന്നില്ലെങ്കില്‍ തനിക്കു യോജിച്ച ആളായിരുന്നു സല്‍വന്‍
എന്നു അംബയോര്‍ത്തു.
കതകു തുറന്നു വിസ്തരിച്ചു കാണുന്നതാണ് പുരുഷന്റെ രീതി. പാതിയടഞ്ഞ ജനലിലൂടെ
ഒളിനോക്കുന്നത് പെണ്ണിന്റെയും. ആണ് കതകും പെണ്ണു ജനാലയുമാണ്.
ജനാലകളോട് അവള്‍ക്കുള്ള ആഭിമുഖ്യം പ്രകടമാക്കുന്നയാ വരികള്‍ക്കു ഒടുവിലും
വായ്തുറന്നു ചിരിക്കുന്നയൊരു പെണ്ണിന്റെ ചിത്രമവള്‍ വരച്ചിരുന്നു.
യാദൃശ്ചികത ഒരു സ്ഥായിയായ വിടുതലും കുറ്റവിമുക്തിയുമാണ്. എല്ലാ അനീതികളെയും
അധര്‍മത്തെയും അതു കുറ്റവിമുക്തമാക്കുന്നു. എല്ലാ സിദ്ധാര്‍ഥന്മാരും സഞ്ജയ്ബാബുമാരും
ഉപാധികളില്ലാതെ ജയില്‍ മോചിതരാകുന്നു. ഒരു സിദ്ധാര്‍ത്ഥന്‍ അല്ലെങ്കില്‍ മറ്റൊരാള്‍; ഒരു
സഞ്ജയ്ബാബു അല്ലെങ്കില്‍ പകരമൊരാള്‍ ഉണ്ടായേനെ എന്നാണതിന്റെ പരോക്ഷം. അന്ത്യത്തെ
മുന്‍കൂട്ടിക്കാണുന്നയാ തിരക്കഥ തനിക്കു ചേരില്ല. ”സംഭവിച്ചതെല്ലാം നല്ലതിന്..’ എന്നു പറയുന്ന
ഗീതാശ്ലോകവും അംബയ്ക്ക് സ്വീകാര്യമായില്ല. ചരിത്രത്തിലെ എല്ലാ നീതിനിഷേധങ്ങള്‍ക്കും
മേലിടുന്ന വലിയൊരു പുതപ്പാണതെന്നു അംബയ്ക്ക് തോന്നി. പ്രകൃതിനിര്‍ധാരണത്തിന്റെ
സ്വഭാവിക വഴികളെ പിന്തുരുക മാത്രമാണ് സിദ്ധാര്‍ഥനും സഞ്ജയ്ബാബുവുമൊക്കെ ചെയ്യുന്നത്
എന്നു കരുതാനും അവള്‍ തയ്യാറായില്ല. അത്തരമൊരു ഘട്ടത്തെ നിരസിച്ചാണ് മനുഷ്യകുലം
ഇന്നത്തെ രീതിയില്‍ ജീവിക്കുന്നത്. അതു എങ്ങോ കൈയൊഴിഞ്ഞോരു പഴംപുരാണം മാത്രം.
വീണ്ടുമവള്‍ വീഞ്ഞു കുടിച്ചു. വീര്‍പ്പുമുട്ടിക്കുന്ന വ്യവസ്ഥക്കെതിരെ നേര്‍ക്കുനേര്‍ പൊരുതാന്‍
ത്രാണിയില്ലാത്ത ഭീരുവിന്റെ സ്വാതന്ത്ര്യസമരം– മദ്യപാനത്തെക്കുറിച്ചു അങ്ങനെയാണവള്‍ക്കു
തോന്നിയത്. അപ്പുവിനെ പോലെ പരിമിതചലനങ്ങളും പ്രതികരണങ്ങളുമായി തറ്റുകിടക്കുന്നയൊരു
ശയ്യാവലംബിയാണ് താന്‍ ജീവിക്കുന്ന സമൂഹമെന്നും അംബയ്ക്ക് തോന്നി. അതിനകം മദ്യമവളെ
യഥാര്‍ഥത്തിന്റെ ലോകത്തു നിന്നും ഇളക്കിയെടുത്തു മദ്യപരൊക്കെയും ഇഷ്ടപ്പെടുന്ന
അയഥാര്ഥത്തിന്റെ ആകാശയൂഞാലിലിരുത്തി ആട്ടിത്തുടങ്ങിയിരുന്നു.
‘എന്തു തമാശയാണല്ലേ ചേച്ചി നമ്മുടെയൊക്കെ ജീവിതം.’
അവിടെയും ഒരു തംസ്അപ് മുദ്രയും വായ്തുറന്നു ചിരിക്കുന്ന പെണ്ണിന്റെ ചിത്രംവും അവള്‍
വരച്ചുചേര്‍ത്തു.
‘ഹലോ’ എന്നാരോ മൃദുവായി വിളിക്കുന്നത് കേട്ടു മയക്കത്തില്‍ നിന്നുണര്‍ന്ന അംബ
കോട്ടും സ്യൂട്ടുമൊക്കെയിട്ടൊരാള്‍ തന്റെ മുമ്പില്‍ ചിരിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ഞാന്‍
ഗാരി കാസ്പറോവ്. ലോക ചെസ്സ്ചാമ്പ്യന്‍ ആയിരുന്നു. ക്ഷമാപണത്തോടെ അദ്ദേഹം
പരിചയപ്പെടുത്തി. മുഖവുരയും കുശലവും കഴിഞ്ഞു അദ്ദേഹം കാര്യം പറഞ്ഞു. താങ്കളുടെ
പ്രിയ എഴുത്തുകാരന്റെ പുസ്തകം വായിച്ചു. വളരെ നന്നായിട്ടുണ്ട്. നല്ല സിദ്ധിയുള്ള
എഴുത്തുകാരന്‍. അതില്‍ ചെസ്സ്കളിയെയും കളിക്കാരെയും ഒരിടത്തു പരാമര്‍ശിച്ചു കണ്ടു. വളരെ
പരിമിതമായ അറിവ് വെച്ചുള്ള ഒരു വിലയിരുത്തലാണതെന്നു തോന്നി. ബാല്യം തൊട്ടു
നാല്പതുവയസ്സു വരെ ഒരു പ്രൊഫഷണല്‍ ചെസ്സ്കളിക്കാരനായിരുന്നു ഞാന്‍. അതിനു നേട്ടവും
കോട്ടവും ഉണ്ട്. ചെസ്സ്കളി ഉള്ളിടത്തോളം കാലം ലോകമെങ്ങും അറിയുകയും, ആദരിക്കുകയും
ചെയ്യുന്ന ഒരാളായി എന്നതാണ് നേട്ടം. ചുറ്റുമുള്ള ലോകത്തിലെ മറ്റു കാര്യങ്ങള്‍ അറിയാതെ
പോയിയെന്നതാണ് കോട്ടം. നാമെല്ലാം അങ്ങനെയാണ്. നാം ഏര്‍പ്പെടുന്ന, വ്യവഹരിക്കുന്ന ഒരു
ലോകമുണ്ട്- പൊതുലോകത്തില്‍ നിന്നു വളച്ചുകെട്ടിത്തിരിച്ച ഒരു ലോകം. അതാണ് ശരിയെന്നു
നമ്മില്‍ മിക്കവരും കരുതും– ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്നു ആരോ
പറഞ്ഞപോലെ. ലോകജനതയില്‍ ചെസ്സ്കളിക്കുന്നവരും അതിനോട് ആഭിമുഖ്യം
പുലര്‍ത്തുന്നവരും വളരെ കുറവാണ്. സാഹിത്യവും അങ്ങനെ തന്നെയല്ലേ? ലോകചാമ്പ്യന്‍
ആയിരുന്ന കാലത്തു എന്റെ തലയില്‍ കൂടിയാണ് എല്ലാം ഓടിയതെന്നു ഞാനും കരുതി.
ലോകപട്ടം ആരെങ്കിലും എന്നെ തോല്‍പിച്ചു കൊണ്ടു പോകുന്നത് ആലോചിക്കാന്‍ പോലും
പറ്റാത്തയത്ര ഈഗോയുള്ളോരു മനുഷ്യന്‍ ആയിരുന്നു ഞാന്‍. (അതു പറഞ്ഞു കുടുകുടാ ചിരിച്ചു
അദ്ദേഹം.) അത്കൊണ്ടു നാല്പതാമത്തെ വയസ്സില്‍ ലോകചാമ്പ്യന്‍ ആയിരിക്കെ തന്നെ ഞാന്‍
സ്വയം വിരമിച്ചു. അതുമൊരു പരാജയ ഭീതിയാണ് എന്നു പിന്നീട് ആലോചിച്ചപ്പോള്‍ എനിക്ക്
ബോധ്യമായി. (ചിരിക്കുന്നു.) ഒന്നോന്നിനു വളമാകുകയെന്നതാണ് ലോകത്തിന്റെ നടപ്പുരീതി.
പൂര്‍വികരില്‍ നിന്നു എനിക്കു കിട്ടി. അതിനെ കുറേകൂടി മെച്ചപ്പെടുത്തി ഞാന്‍ അടുത്തയാള്‍ക്കു
കൊടുക്കുന്നു. മൊത്തം ലോകത്തെ ചുമന്നുതാങ്ങി നിര്‍ത്തുന്നത് ഞാനാണ് എന്ന ചിന്തയൊന്നും
ഇപ്പോഴില്ല. (വീണ്ടും ചിരി.) എന്റെ ഒന്നുരണ്ടു പുസ്തകങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
സാധിക്കുമെങ്കില്‍ അദ്ദേഹത്തിന് കൊടുക്കുക. അല്പം തിരക്കിലാണ്, കാണാം. .
അദ്ദേഹം പോയശേഷം പുസ്തകങ്ങളിലൂടെ അംബ കണ്ണോടിച്ചു. ‘How Life Imitates Chess.’
എന്നായിരുന്നു ഒരു പുസ്തകത്തിന്റെ പേരു. പുസ്തകങ്ങളുടെ താളുകള്‍ മറിച്ചപ്പോള്‍ ഒരിടത്തു
ഇങ്ങനെ എഴുതിക്കണ്ടു: Chess combines art with science; psychology blends with mathematics; logical
reasoning is in love with intuition; analytical faculty is the tutor for calculating power; reality mingles
with fantasy; creativity is being supplied with high quality fibre of imagination; decision making looks for
a coupled life with wisdom. The man/woman, sitting in front of the board learns to solve the problems
both on and off it.
”മനുഷ്യ മാംസം ഞങ്ങള്‍ കഴിക്കും” എന്നു പുസ്തകമച്ചടിച്ചു വിളംബരപ്പെടുത്താന്‍
കഴിയുന്ന സോഷ്യലിസം എന്നാണ് വരിക എന്ന പ്ലക്കാടും തൂക്കി കൊമ്പുകുലുക്കി, മുക്രയിട്ടു
നിന്ന കാളക്കൂറ്റനെ മയക്കത്തില്‍ സ്വപ്നം കണ്ടതിതിനെക്കുറിച്ച് അംബയോര്‍ത്തു.
സ്വയംവരത്തിന്റെ സമയത്തു കാശിരാജ്യം സര്‍വ്വപ്രതാപത്തിലായിരുന്നു.
കാശിരാജ്യവുമായി ബന്ധം സ്ഥാപിക്കുന്നതിനു അയല്‍രാജാക്കന്മാര്‍ ആഗ്രഹിച്ചിരുന്ന കാലം.
കൂടാതെ ഞങ്ങള്‍ മൂവരും അതിസുന്ദരികളും. കൂട്ടത്തില്‍ ഞാനാണ് കൂടുതല്‍ സുന്ദരിയെന്നു
നേരിട്ടും അല്ലാതെയും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വയംവരത്തിനു ക്ഷണിച്ച
രാജാക്കന്മാരൊക്കെ എത്തിച്ചേര്‍ന്നിരുന്നു. ‘ഈ തെമ്മാടികള്‍ നമ്മളെ കുഴക്കുമല്ലോ’
സ്വയംവരപ്പന്തലില്‍ നിരന്നിരുന്ന ഒന്നിനൊന്നു പോന്ന രാജാക്കന്മാരെ കണ്ടു അംബാലിക
കളിപറഞ്ഞു. രാജവേഷവും ചമയങ്ങളുമിട്ടിരുന്ന സല്‍വനെ കാണാന്‍ എന്തു സുന്ദരനായിരുന്നു.
അതിലൊരു രാജാവിനെ കണ്ടു മുജീബ് ഒരുങ്ങിയാല്‍ അതുപോലിരിക്കും എന്നു തോന്നി. ‘എടീ
അയാള്‍ എങ്ങനുണ്ട്?’ ഞാന്‍ അംബികയെ തോണ്ടി. ‘ അപ്പോള്‍ സല്‍വനെ വിട്ടോ.’ അവള്‍ കളിയാക്കി. മറ്റൊരു വേദിയിലിരുന്ന അച്ഛനും അമ്മയും സന്തോഷം ഭാവിച്ചെങ്കിലും എന്തോ വിഷമങ്ങള്‍ അവരെ അലട്ടുന്നത് പോലെ തോന്നി.
ചേതുവിന്റെ രാമുദായെപ്പോലെ സങ്കടങ്ങളും വിഷമങ്ങളും പറയാന്‍ ഒരു
ആങ്ങളയുണ്ടായിരുന്നെങ്കില്‍. നമ്മുടെ പരിചയം മുന്നേ വേണ്ടിയിരുന്നു.
‘ഞാന്‍ ഭീഷ്മര്‍..’ അറബിക്കടലിലേക്കു മറഞ്ഞുമായുന്ന അസ്തമയസൂര്യന്‍ അവശേഷിപ്പിച്ചു
പോകുന്ന ചെമ്മാനചുവപ്പിന്റെ വിദൂരദൃശ്യം കോളേജിന്റെ മുകള്‍നിലയില്‍ നിന്നു
കാണുകയായിരുന്നു ഞാന്‍.’ ദേ, നോക്കെടീ’ കൂട്ടുകാരി തോണ്ടിയപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.
കോളേജ് മുറ്റത്തൊരു കോണില്‍ നില്‍ക്കുന്ന പൂവാകയുടെ ചുവട്ടില്‍ എന്തോ വായിച്ചിരിക്കുന്ന
മുജീബ്. ചെമ്മാനം പൂവാകക്കും അവന്റെ മുഖത്തിനും അധികനിറം നല്‍കിയോ എന്നൊരു
കുസൃതിച്ചിന്ത തോന്നി. എങ്ങനെയെല്ലാമാണ് ഒരു പെണ്ണിന് ആണിനോട് ഇഷ്ടം തോന്നുക?
നൂറ്റൊന്നു രാജ്യങ്ങളിലെ പ്രതാപികളായ രാജാക്കന്മാര്‍ നിരന്നിരിക്കുന്നയൊരു
സ്വയംവരപ്പന്തലിലേക്ക് കയറിച്ചെന്നു, സ്വയംവരം തന്റെ നാട്ടില്‍ അറിയിക്കാത്തതില്‍
പ്രതിഷേധിക്കുന്നുവെന്നും പെണ്കുട്ടികളെ താന്‍ കൂട്ടിക്കൊണ്ടു പോകുകയാണെന്നും പറഞ്ഞ
കൂസലില്ലായ്മ തനിക്കു ഇഷ്ടമായി. തനിക്കു മാത്രമല്ല അനുജത്തിമാര്‍ക്കും അതിഷ്ടമായി
എന്നവരുടെ മുഖംപറഞ്ഞു. ‘നിന്നെയെന്നാണ് അറബിക്കുളത്തിലൊന്നു കുളിച്ചു കാണുക?’
‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചു മടക്കിക്കൊടുക്കുമ്പോഴായിരുന്നു അവന്റെ വഷളന്‍ ചോദ്യം. ‘ഛീ, പോടാ’ എന്നു ഞാനും ചിരിച്ചു. ക്ലാസ്സിലെ അന്നത്തെ സംഭവം മുതല്‍ അവനോട്
അടുത്തു തുടങ്ങിരുന്നു ഞാന്‍. അവന്റെ നേരിയ താടി എന്റെ മുഖത്ത് ഉരസുന്നത് എത്രയോ
തവണ ഞാന്‍ സങ്കല്പിച്ചിരിക്കുന്നു.
പുരുഷനില്ലാത്ത ജീവിതം നിര്‍ജീവവും അര്ഥമില്ലാത്തതുമാണു.
യാത്രയിലുടനീളം അദ്ദേഹം മൗനിയായിരുന്നു. അതൊന്നും ഞങ്ങളെ ബാധിച്ചില്ല. ഒത്തയൊരു
പുരുഷന്റെ കൂടെ ജീവിക്കാന്‍ പോകുന്നതിന്റെ സന്തോഷം പരസ്പരം കുശുകുശുത്തും നുള്ളിനോവിച്ചുമൊക്കെ ഞങ്ങള്‍ പ്രകടിപ്പിച്ചു.
ചെത്തിമിനുക്കലും ചിന്തേരിടലും – ‘ഖസാക്കിന്റെ ഇതിഹാസം’
എന്നെഴുതിയിട്ടു മൂന്നു തംസ്അപ്പ് മുദ്രകള്‍ വരച്ചുചേര്‍ത്തിരുന്നു ഒരിടത്തവള്‍.
ഹസ്തിനപുരത്തെ കൊട്ടാരത്തില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ ഇരുട്ടിത്തുടങ്ങിയിരുന്നു.
അമ്മസത്യവതിയും കുറച്ചു കൊട്ടാരം പരിചാരകരും ചേര്‍ന്നു ഞങ്ങളെ സ്വീകരിച്ചു. ‘വരൂ
മക്കളെ, നിങ്ങള്‍ വളരെ ക്ഷീണിച്ചിട്ടുണ്ടാവും. ഭക്ഷണമൊക്കെ കഴിഞ്ഞു വിശ്രമിച്ചോളൂ. നമുക്ക്
രാവിലെ മഹാരാജാവിനെ മുഖംകാണിക്കാം’ അവര്‍ പറഞ്ഞതില്‍ ചില പൊരുത്തക്കേടുകള്‍
തോന്നി. അപ്പോള്‍ ഞങ്ങളെ കൂട്ടിവന്ന ഭീഷ്മര്‍ മഹാരാജാവല്ലേ. സ്വയംവരത്തിനു ക്ഷണിക്കുകയും
പങ്കെടുക്കുകയും ചെയ്യുക രാജാക്കന്മാരല്ലേ…? യാത്രയിലുടനീളം അദ്ദേഹം മൗനിയായിരുന്നതിനാല്‍
ഒന്നും ചോദിച്ചറിയാനും പറ്റിയില്ല.
സത്യവതിയുടെ സ്ഥാനത്തു താനായിരുന്നെങ്കില്‍ അപ്പുവിന് വേണ്ടി അങ്ങനെ
ചെയ്യുമായിരുന്നോ എന്നു അംബ പിന്നീട് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. അപ്പോഴെല്ലാം ‘ഇല്ല’
എന്നുള്ള ഉത്തരം മാത്രമേ അവള്‍ക്കു കിട്ടിയുള്ളൂ. ‘വാക്കിലും പ്രവൃത്തിയിലും വിനയം
പുരട്ടിയ വിഷം ഒളിപ്പിച്ച സ്ത്രീ’ അങ്ങനെയാണ് അംബ അവരെ ഓര്‍ത്തത്.
പെണ്ണിന്റെ നെറ്റിയിലെ സിന്ദൂരക്കുറി അവളുടെ പുരുഷനെ
പ്രതിഷ്ഠിക്കുന്നയിടവും മറ്റു പുരുഷന്മാരോടുള്ള ഒരു ‘ദൂരേ’യുമല്ലേ?
കാശിയിലെ കൊട്ടാരത്തേക്കാള്‍ എത്രയോ വലുതും പ്രൗഢവുമായിരുന്നു ഹസ്തിനപുരം കൊട്ടാരം.
രാവിലെ മുതല്‍ ഓരോരോ കാഴ്ചയും കണ്ടുനടന്നു ഞങ്ങള്‍. കൊട്ടാരമുറ്റത്തു നിന്നാല്‍
അല്പം ദൂരെയായി കാണാവുന്ന പൂവാക മുജീബിനെ ഓര്‍മിപ്പിച്ചു; ഒപ്പം എന്റെ ആദ്യചിത്രത്തെയും.
ചെമ്മാനവും ചുവന്ന പൂവാകയും മുജീബും ഒക്കെയുള്ളൊരു ചിത്രം. രണ്ടു വലിയ ചുവന്ന
മേഘങ്ങള്‍ മുകളില്‍. അതിനു താഴെ ഒരു ചുവന്നമരത്തിന്റെ നിഴല്‍ചിത്രം. അതിന്നരികിലായി നിന്ന
ഒരു രണ്ടിലച്ചെടിയുടെ കുടന്നയില്‍ നിറയെ തലമുടിയുള്ളൊരു ചുവന്നആപ്പിള്‍. ഞാനതു അവനെ
കാണിച്ചു. ചിത്രത്തിലേക്കും എന്നെയും മാറിമാറി നോക്കിയിട്ടു, ‘ബേ, ബേ’ എന്നവന്‍ പൊട്ടന്‍കളിച്ചു.
‘ഈ ചുവന്ന ആപ്പിളാടാ പൊട്ടാ നീ.’ എന്നു മനസ്സില്‍ പറഞ്ഞു ഞാനും ചിരിച്ചു. പില്‍ക്കാലത്തു
എന്‍. എസ്.മാധവന്റെ ‘കപ്പിത്താന്റെ മകള്‍’ വായിച്ചപ്പോള്‍ അതിലെ മാളവികയെപ്പോലെ ഞാനും
ചീറ്റിപ്പോയൊരു കലാകാരിയാണെന്നു തോന്നി. തന്റെ വ്യക്തിപരമായ അനുഭവങ്ങളും കാഴ്ചകളും
സമൂഹത്തിന്റെ അനുഭവങ്ങളും കാഴ്ചകളും ആക്കുന്നവരാണ് വിജയിക്കുന്ന കല നിര്‍മിക്കുന്നത്
എന്നെനിക്കു തോന്നി.
കരിമ്പിന്റെ ഉല്പത്തി തേടിയുള്ള അന്വേഷണം എനിക്കിഷ്ടമായി. പക്ഷെ,
മേലും കീഴുമില്ലാതെ നില്‍ക്കുന്ന എന്നെ കൂട്ടുപിടിച്ചു അതു പാസ്സാക്കുന്നതിലും നല്ലത് ഒരു പണ്ഡിത
സദസ്സില്‍ ചര്‍ച്ച ചെയ്യുകയല്ലേ?
അതിന്നൊടുവിലും വായ്തുറന്നു ചിരിക്കുന്ന പെണ്ണിന്റെ പടമാണ് അവള്‍ വരച്ചത്.
ക്ഷണിക്കപ്പെട്ട കുറച്ചു പേര്‍, മുതിര്‍ന്ന കൊട്ടാരം ജീവനക്കാര്‍, അമ്മ സത്യവതി,
ഭീഷ്മര്‍. ഞങ്ങളെ കൂടാതെ അത്രയും പേരേ ദര്‍ബാര്‍ പന്തലില്‍ ഉണ്ടായിരുന്നുള്ളു. പുകള്‍പെറ്റ
കുരുവംശത്തിന്റെ സിംഹാസനാധിപനെ കാണാന്‍ ഞങ്ങള്‍ക്കും തിടുക്കമായി.
ബന്ധങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള മരുന്നു– വെറുപ്പ് .
എഴുത്തുകാരന്റെയൊരു വാചകം താന്‍ അങ്ങനെ തന്നെ എടുത്തെഴുതിയത് എന്തിനാണെന്ന് അംബയ്ക്ക് ഓര്‍ത്തെടുക്കാനായില്ല. അപ്പുവിനും അവള്‍ക്കുമിടയില്‍ അങ്ങനെയൊന്നുണ്ടാകുമോ എന്നവള്‍ ഭയന്നപോലെ.
ഒരു ഉന്തുവാഹനത്തിലായിരുന്നു അദ്ദേഹത്തെ കൊണ്ടുവന്നത്. വളരെ ശ്രമപ്പെട്ടു അതില്‍ നിന്നും സിംഹാസനത്തിലേക്കു മാറ്റിയിരുത്തുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്.
‘അയ്യോ, അപ്പു.’
വളരെ നേരം കഴിഞ്ഞു ബോധം തെളിഞ്ഞപ്പോഴും ഞാന്‍ ‘അപ്പു, അപ്പു’ എന്നു പുലമ്പിക്കൊണ്ടിരുന്നു. ചുറ്റും നിന്നവര്‍ക്കോ അനുജത്തിമാര്‍ക്കു പോലുമോ ഒന്നും മനസ്സിലായില്ല .
എഴുത്തുകാരാ അതെന്റെ അപ്പുവായിരുന്നു.
നാല്പത്തിയേഴ് വര്‍ഷം നീണ്ടയൊരു ശൂന്യതയായിരുന്നു തന്റെ ജീവിതമെന്ന് അംബയ്ക്ക്
തോന്നി. എവിടെയാണ് തെറ്റിയത്? നല്ലൊരു ഇണയും തുണയും ഇല്ലാതെ പോയതാണോ?
പുരുഷന്മാരെ തനിക്ക് എന്തിഷ്ടമായിരുന്നു. നല്ലൊരു പുരുഷനുമൊത്തു ജീവിക്കുന്നതിനാണ് താന്‍
കൊതിച്ചതത്രയും. അംബയ്ക്ക് വാവിട്ടു കരയാന്‍ തോന്നി.
പുരുഷന്മാര്‍ മഹാകുറുമ്പന്മാരും തന്‍പോരിമക്കാരുമാണ്. ഒരു പെണ്ണിനെ മനസ്സിലാക്കാനോ
സ്നേഹിക്കാനോ അറിയാത്തവര്‍.
‘ബ്രഹ്മം സമ്പൂര്‍ണമായൊരു ഏകതയാണെന്നും അതിനോടു ചേരാനായാല്‍ ഒരുവനു
സ്വാശ്രയനും സംപൂര്‍ണ്ണനുമാകാമെന്നും ബ്രഹ്മചാരിയാകാമെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ അവര്‍
കരുതും പോലെ ബ്രഹ്മം ഒരു ഏകപിണ്ഡമല്ല. അതു വ്യത്യസ്ത നിറവും മണവും അളവും
തൂക്കവുമുള്ള അനേകകോടി പിണ്ഡങ്ങളുടെ നിരന്തരമായ സംയോഗ വിയോഗങ്ങളും കൊടുക്കല്‍
വാങ്ങലുകളുമാണ്. അതു ചലനാത്മകവും സൃഷ്ടിപരവുമാണ്. അത് ബഹുത്വവും ദ്വന്ദത്മകവുമാണ്.
അതിനു നിറവും മണവും ഗുണവുമുണ്ട്. ചൈതന്യമുണ്ട്. അതില്‍ ആണും പെണ്ണുമുണ്ട്. പുരുഷനും
സ്ത്രീയുമുണ്ട്. ലോകത്തിന്റെ ചലനം അതിന്റെ ചക്രങ്ങളില്‍ ഊന്നിയാണ്. അതിന്റ ചലനം
നിലച്ചാല്‍ മേല്‍പ്പറഞ്ഞ ബ്രഹ്മചാരിപോലും ഇല്ല. എന്നാല്‍ ആദ്യം പറഞ്ഞ ഏകതാസിദ്ധാന്തത്തില്‍
ഇതൊന്നുമില്ല. അതില്‍ സങ്കലനത്തിന്റെയും വ്യവകലനത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളും
പരസ്പരപൂരണ ശ്രമങ്ങളുമില്ല. സൃഷ്ടിയും ബഹുത്വവും ദ്വന്ദത്മകതയുടെ ഭംഗിയും ഒന്നും തന്നെയില്ല.
അതിനു നിറവും മണവും ഗുണവുമില്ല. അതു ചരമല്ല, അചരമാണ്; അതു ഘടനയല്ല, വിഘടനയാണ്;
അതു സംയോഗമല്ല, വിയോഗം മാത്രമാണ്; അതു ബ്രഹ്മചരിത്വമല്ല, ബ്രഹ്മനിഷേധമാണ്; അതു
നിര്‍ജീവവും നിശ്ചലവുമാണ്. അതു സുന്ദരിയായ അംബയുടെ സൗന്ദര്യം തിരിച്ചറിയാത്ത, അവളുടെ
സങ്കടങ്ങളും വിഷമങ്ങളും മനസിലാക്കാതെ പോകുന്ന ഭീഷ്മരെപ്പോലെയിരിക്കും. അതില്‍ സ്വാര്‍ത്ഥത
മുറ്റിയിരിക്കും.’
വിവാഹാഭ്യാര്‍ത്ഥനയുമായി ഭീഷ്മരുടെ മുമ്പില്‍ നിന്നപ്പോള്‍, അന്നു ക്ലാസ്സിനെ കൂട്ടത്തോടെ
ചിരിപ്പിച്ച, ബ്രഹ്മചരിത്വത്തെക്കുറിച്ചും ഭീഷ്മരെക്കുറിച്ചുമൊക്കെയുള്ള തന്റെ വ്യത്യസ്ത
നിലപാടുകള്‍ അവതരിപ്പിച്ച അധ്യാപകനെ അംബയോര്‍ത്തു. ആര്‍ക്കും ഒരു ഉപകാരവുമില്ലാത്ത
മൂഢവിശ്വാസങ്ങളും പേറിനടക്കുന്നവരെ കൊണ്ടു നിറഞ്ഞതാണ് ഈ ലോകം. ഭീഷ്മരുടെയടുത്തു
നിന്നു മടങ്ങുമ്പോള്‍ അതാണ് അംബ ചിന്തിച്ചത്. മന്ദനായൊരുവനെ മഹത്വവത്കരിക്കാനുള്ള
ശ്രമത്തില്‍ ഒരു പാവം പെണ്ണിന്റെ ജീവിതം വാടിക്കരിയുന്നത് കാണാതെ പോകുന്നയാളാണോ
മഹാഋഷി? വൃദ്ധവ്യാസനോടും അവള്‍ക്കു കടുത്ത നിന്ദ തോന്നി.
അണ്ടിയാണോ മാങ്ങയാണോ; ആണാണോ പെണ്ണാണോ; പുരുഷനാണോ സ്ത്രീയാണോ; ശാസ്ത്രമാണോ കലയാണോ; വായനക്കാരനാണോ എഴുത്തുകാരനാണോ;, ദൈവമാണോ നോവലിസ്റ്റാണോ?
അതിനൊടുവില്‍ വായ്തുറന്നു ചിരിക്കുന്ന പെണ്ണിന്റെ മൂന്നു ചിത്രങ്ങള്‍ അവള്‍ വരച്ചിരുന്നു.
സ്വയംവരത്തിന്റെ അന്ന് അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നതിന്റെയും കക്കാലത്തി കൈനോക്കി
പറയാന്‍ വിസമ്മതിച്ചതിന്റെയും കാരണങ്ങള്‍ എത്രയോ കഴിഞ്ഞാണ് അറിഞ്ഞത്. ഒരു നാള്‍
നായാട്ടിനു പോയ കാശിനാഥന്‍ ഇണചേര്‍ന്നു നിന്നിരുന്ന മാനുകളിലെ കലമാനിനെ കൊന്നു. ‘നിന്റെ
സന്തതികള്‍ക്കും ദാമ്പത്യസുഖവും സന്താനസുഖവുംകിട്ടാതെ പോകട്ടെ’ യെന്നു പേടമാന്‍ ശപിച്ചത്രേ.
ഉയര്‍ന്നു പൊന്തിയ ഒരു പുരുഷലിംഗം; അതില്‍പെട്ടു തിക്കുമുട്ടുന്ന സിന്ദൂരക്കുറി.
മുഖചിത്രത്തിലെ ചെറിയൊരു മാറ്റം വലിയൊരു അര്‍ത്ഥവ്യത്യസം കൊണ്ടു വന്നേനെയെന്നു
അവളിലെ ചിത്രകാരി ഓര്‍ത്തതാവാം.
ബോധം തെളിഞ്ഞു ഏറെ കഴിഞ്ഞാണ് ഭീഷ്മര്‍ക്കു വേണ്ടിയല്ല, വിചിത്രവീര്യനു വേണ്ടിയാണ്
തങ്ങളെ കൂട്ടിക്കൊണ്ട് വന്നതെന്നു അറിഞ്ഞത്. അനുജത്തിമാരെക്കാളും അയാള്‍ക്ക് തന്നെയാണ്
ഇഷ്ടപ്പെട്ടതത്രെ. അമ്മ സത്യവതി ഉള്‍പ്പെടെ ചുറ്റും നിന്നവരൊക്കെ ഓരോരോ മോഹനവാഗ്ദാനങ്ങളും
പ്രലോഭനങ്ങളും നല്‍കി അയാളുടെ പത്നിയാകാന്‍ നിര്‍ബന്ധിച്ചു. അപ്പോഴെല്ലാം ‘അപ്പു, അപ്പു’ എന്നു ഉരുവിടുക മാത്രമേ അവൾ ചെയ്തുള്ളൂ.
വീഞ്ഞുകുപ്പി വീണ്ടും കൈയിലെടുത്ത അംബയ്ക്ക് അതുനിറയെ
ചോരയാണെന്നു തോന്നി. ചോരകുടിക്കുന്നവരുടെ ലോകമാണിത്. ചുറ്റുമുള്ള
സകലജീവജാലങ്ങളുടെയും ചോര കുടിക്കുന്ന മനുഷ്യര്‍. കൂടുതല്‍ ചോരകുടിക്കുന്നവര്‍ കൂടുതൽ കേമർ. അതിനു പ്രാപ്തിയില്ലാത്ത തന്നെപ്പോലുള്ളവര്‍ വീണുപോകും. നന്നായി പരവേശം
തോന്നിയതു കൊണ്ടു കുറെയേറെ വീഞ്ഞുകുടിച്ചവര്‍. വലിയൊരു ഭാരം തന്നിലേക്ക് കയറ്റിവെച്ച
പോലെ അംബയ്ക്ക് തോന്നി. പ്രത്യേകിച്ചെങ്ങും ഉറയ്ക്കാതെ അവളുടെ കണ്ണുകള്‍ ഓടിനടന്നു.
എഴുത്തു പൂര്‍ത്തിയാകാതെ ചിതറിത്തുടങ്ങിയ കടലാസുകളിലൊന്നില്‍ ഇങ്ങനെ എഴുതി:
പൂര്‍വജന്മത്തിലെയും വരും ജന്മത്തിലെയും അംബമാരുമായി ഞാന്‍ ചങ്ങാത്തത്തിലാണ്.
റ്റോമാസിന്‍റെ തോക്കിന്‍മുനയില്‍, നീന്തല്‍ക്കുളത്തിനു ചുറ്റും വലംവയ്ക്കുന്ന പെണ്ണുങ്ങളുടെ
കൂട്ടത്തില്‍ തെരേസയ്ക്കൊപ്പം അംബയും കൂടി. അങ്ങനെ വലംവയ്ക്കുന്നതിനിടയില്‍ മുട്ടുവളയാതെ
നിലംതൊടുന്നത് രസമുള്ള കളിയായി അവള്‍ക്കു തോന്നി.
‘Strip!’ തോക്കുചൂണ്ടി റ്റോമാസ് ആജ്ഞാപിക്കുകയാണ്. ഉടുതുണിയഴിക്കാനുള്ള, മൃദുവെങ്കിലും, കര്‍ശനനിര്‍ദ്ദേശം. പെണ്ണിനു വസ്ത്രവുമൊരു തടവാണ്. ജനിച്ചയന്നു മുതല്‍ പുരുഷന്‍ ഏര്‍പ്പാടാക്കുന്ന പല രീതിയിലുള്ള വിലക്കുകളുടെയും തടവുകളുടെയും കര്‍ശനപരിശീലന പദ്ധതികളുടെയും തുടര്‍ച്ച.
പുരുഷന്‍ ‘അണിയട്ടെ’ എന്ന് പറയുമ്പോള്‍ അണിയുവാനും ‘അഴിയട്ടെ’ എന്നു പറയുമ്പോള്‍
അഴിച്ചിടാനുമുള്ളൊരു മന്ത്രക്കുപ്പായം. കേട്ടുകേട്ടു അതാണ് തങ്ങളുടെ കാതുകളുടെ സംഗീതം എന്നവര്‍
തെറ്റിദ്ധരിക്കുന്നു. പര്‍ദ്ദയെടുത്തണിഞ്ഞു സ്വയംതടവ് വരിക്കുന്നതാണ് തന്‍റെ കണ്ണനു വേണ്ടി
ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമെന്നു തെറ്റിദ്ധരിക്കുന്ന ഒരു അമ്മ. ചിത്രശലഭത്തിന്‍റെ
സ്വപ്നം തന്‍റെ സ്വപ്‌നമായി തെറ്റിദ്ധരിക്കുന്ന യുവസന്യാസി.
തനിക്കു ചുറ്റും പുരുഷഗന്ധങ്ങള്‍ നിറയുന്ന പോലെ തോന്നിയവള്‍ക്ക്. അന്നത്തെ രഥയാത്ര വീണ്ടും
ഓര്‍മ്മയിലെത്തി. തൈലം പുരട്ടിയ മുടിയുടെയും വിയര്‍പ്പിന്‍റെയും സമ്മിശ്രഗന്ധം. തന്‍റെ താടി
പിടിച്ചുയര്‍ത്തി കണ്ണിലും ചുണ്ടിലും ഉമ്മവയ്ക്കുന്ന സല്‍വന്‍. ഊട്ടിയിലെ ബംഗ്ലാവിന്‍റെ
ചില്ലുജാലകത്തിനരികില്‍ മുജീബുമൊത്തു മുട്ടിയുരുമ്മി നില്ക്കുകയാണ് താന്‍.അംബയാകെ
ഉന്മത്തയായി..
ആന്റണ്‍ ചെക്കോവ്, റസിയയും ജോണിയും, വീട്ടുവര്‍ത്തമാനം, സ്വര്‍ണഖനനം, ദൈവവും
ചെകുത്താനും, ദേവരാജന്‍…
അങ്ങനെയെഴുതിയതിന്റെ ഒടുവില്‍ ചിന്താക്കുഴപ്പത്തില്‍ പെട്ടയൊരു പെണ്ണിന്റെയും, ഉറക്കം തൂങ്ങുന്ന പെണ്ണിന്റെയും മുഖംവീര്‍പ്പിച്ചിരിക്കുന്ന മറ്റൊരു പെണ്ണിന്റെയും ചിത്രങ്ങള്‍ വരച്ചവള്‍.
വിവരണാത്മകഭംഗി -എഴുത്തുകാരൻ; വിശകലനാത്മക ഭംഗി–കുന്ദേര
എത്രയോ നേരംകഴിഞ്ഞു നനഞ്ഞ തറയില്‍ ബോധമറ്റു കിടന്നിടത്തു നിന്നുണര്‍ന്ന നിലയിലാണ്
അംബയെ നാം കാണുന്നത്. മേലാകെ നനഞ്ഞിരുന്നു. പല ശ്രമങ്ങള്‍ക്കൊടുവില്‍ മാത്രമേ മേശക്കാലിലും
കസേരയിലുമൂന്നി എഴുന്നേറ്റിരിക്കാന്‍ അവള്‍ക്കായതുള്ളു. പരവേശവും തൊണ്ടവരള്‍ച്ചയും
അനുഭവപ്പെട്ടപ്പോള്‍ മേശയിലിരുന്ന വീഞ്ഞു കൈയെത്തിച്ചെടുത്തു കുടിച്ചു. ബാധകേറിയവളെപ്പോലെ
കിതച്ചും ഏങ്ങിയും അങ്ങനെ തന്നെ കുറെനേരം തലയും കുമ്പിട്ടിരുന്ന ശേഷം പതിയെ തലയുയര്‍ത്തി
ചുറ്റുംനോക്കി. നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ നിന്നു തെന്നിമാറിപ്പോയൊരു ബഹിരാകാശപെടകം പോലെ
അലഞ്ഞു നടന്ന കണ്ണുകള്‍ പതിയെ ചുറ്റുമുള്ള കാഴ്ചകള്‍ അവളിലേക്ക് എത്തിച്ചു തുടങ്ങി. നനഞ്ഞ
തറയിലാണ് താന്‍ ഇരിക്കുന്നതെന്നും തുറന്നു കിടക്കുന്ന ജനാലയിലൂടെ വന്ന മഴവെള്ളമാണ്
അവിടമാകെ നനച്ചതെന്നും അംബയ്ക്ക് അങ്ങനെ മനസിലായി. ജനാല താന്‍ അടച്ചതാണല്ലോ.
അതിനിടയില്‍ കസേരയിലേക്ക് കയറിയിരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും, ജീവിതത്തിലെന്ന
പോലെ, അതിലും തോറ്റുപോയവള്‍. അപ്പോഴൊക്കെ തുറന്നു കിടന്ന ജനലിലൂടെ ദൃശ്യമായ
കൂരിരുട്ടിലെക്കായിരുന്നു അവളുടെ ശ്രദ്ധ മുഴുവന്‍. അവിടെ നിന്നും തന്നെ ആരോ മാടി
വിളിക്കുന്നുണ്ട്. അംബ സൂക്ഷിച്ചു നോക്കി. പരിചിതമായൊരു മുഖം. നിമിഷനേരം കൊണ്ടു,
പൂര്‍വജന്മത്തിലെയും നടപ്പുജന്മത്തിലെയും അംബമാര്‍ നടത്തിയ എല്ലാ ക്രയവിക്രയങ്ങളുടെയും
മാനുഷിക ഇടപാടുകളുടെയും ഫയലുകളിലൂടെയും ഭ്രാന്തമായ ഒരു പരതലിനു ശേഷം അംബയുടെ
ഓര്‍മ അവള്‍ക്കു മുമ്പില്‍ കിതച്ചണച്ചു നിന്നു:’വിചിത്രവീര്യനാണത്,വിചിത്രവീര്യന്‍! ‘ നടുങ്ങിപ്പോയി അവള്‍. അനുജത്തിമാരെക്കാള്‍ തന്നെയന്നു മോഹിച്ചയാള്‍. ഭാര്യയാക്കാനായി മോഹനവാഗ്ദാനങ്ങള്‍ പറഞ്ഞു പ്രലോഭിപ്പിച്ചയാള്‍. ജന്മാന്തരങ്ങള്‍ക്കപ്പുറവും കെട്ടടങ്ങാത്ത മോഹവുമായി അയാളെന്നെ
ശല്യപ്പെടുത്തുകയാണ്. ‘ആസക്തിയുടെ മാംസഗദ’ നീട്ടിക്കാണിച്ചു പ്രലോഭിപ്പിക്കുകയാണ്. അപ്പുവിന്റെ
വേഷത്തില്‍ വന്നു എന്നെ പറ്റിക്കാന്‍ നോക്കുകയാണ്. എന്നെയും അപ്പുവിനെയും തമ്മില്‍ അകറ്റാനാണ് അയാള്‍ വന്നിരിക്കുന്നത്. ‘കൊല്ലും ഞാനവനെ, കൊല്ലും!’ കൈയ്യില്‍ കിട്ടിയതെന്തോ
എടുത്തു ജനലിനു നേര്‍ക്കെറിഞ്ഞവള്‍. ‘ഫോ..’ ഏതോ കൂടിയ ബാധയൊഴിപ്പിക്കാനിരിക്കുന്നയൊരു
മന്ത്രവാദിയെപ്പോലെ തന്‍റെ കൈയ്യും വായും കുഴയുന്നതു വരെ കയ്യേറുകളും ‘ഫോ’കളും തുടര്‍ന്നവള്‍. അതിനിടയില്‍ ‘ദുഷ്ടന്‍’, ‘കാമഭ്രാന്തന്‍’, ‘വലിയൊരു ബ്രഹ്മചാരി’, ‘ദുര്‍ക്കിളവന്‍’, ‘സത്യവതി
പോലും സത്യവതി’ ,’കള്ളക്കാക്കാലത്തി’, ‘ആപ്പിള്‍ മോന്ത’,’മമ്മൂട്ടിയാണെന്നാ ഭാവം’ എന്നിങ്ങനെ
തന്‍റെ ചരിത്രവഴിയിലെ സന്നിഗ്ദ നിമിഷങ്ങളെ ഒറ്റയും ഇരട്ടയും വാക്കുകളില്‍ ഓര്‍ത്തെടുത്തു
മന്ത്രോച്ചാരണം പോലെ ഉരുവിടുന്നുമുണ്ടായിരുന്നു അവള്‍.
പ്രശ്നനിര്‍ദ്ധാരണത്തിന്‍റെ മഹാസമുദ്രങ്ങള്‍ താണ്ടി ചുറ്റും തങ്ങളുടെ
സങ്കല്പലോകം പടുത്തുയര്‍ത്തിയ മനുഷ്യകുലത്തില്‍ തന്നെയാണു തന്‍റെയും സ്ഥാനമെന്നുറപ്പിച്ചു
ഒടുവില്‍ തന്‍റെ പ്രശ്നമെന്തെന്നു കണ്ടെത്തുക തന്നെ ചെയ്തു അംബ: തുറന്നു കിടക്കുന്ന ജനാലയാണ്
പ്രശ്നങ്ങൾക്കെല്ലാം കാരണം! മിക്ക മനുഷ്യരിലുമെന്നപോലെ, മനസ്സും ശരീരവും തമ്മിലുള്ള
സ്വരച്ചേര്‍ച്ചക്കുറവ് അംബയിലും ഉണ്ടായിരുന്നു. ‘ജനാല അടയ്ക്കൂ’ എന്ന മനസ്സിന്‍റെ നിര്‍ദ്ദേശം
നടപ്പാക്കാന്‍ തുനിഞ്ഞു അവളുടെ ശരീരം പലവട്ടം ചാടിയെഴുന്നേല്ക്കാന്‍ ശ്രമിച്ചതാണ്. അപ്പോഴെല്ലാം
അംബയെക്കന്നല്ല ഭൂമിയിലൊരാള്‍ക്കും തന്‍റെ ചൊല്ലുവിളിയില്ലാതെ ചലിക്കാനാവില്ല
എന്നോര്‍മ്മപ്പെടുത്തി ഭൂമി തന്‍റെ അദൃശ്യകരങ്ങളാല്‍ നിലത്തേക്കു തന്നെ അവളെ വലിച്ചിട്ടു.
പരാജയത്തിന്‍റെ പ്രതികരണമെന്ന പോലെ വശങ്ങളിലേക്കും മുകളിലേക്കും താഴേക്കുമൊക്കെ
തലയിട്ടാട്ടിയും, തലമുടി പിഞ്ചിയും, ഗോഷ്ടി കാണിച്ചും, പിച്ചുംപേയും പറഞ്ഞും, കണ്ണരുട്ടിയുമൊക്കെ കുറേനേരം അവിടെത്തന്നെ ചിലവഴിച്ചവള്‍. ‘നിനക്കു നിലത്തിഴഞ്ഞു പോകരുതോ അംബേ?;– വീണ്ടും പോംവഴി നിര്‍ദ്ദേശിച്ചു മനസ്സ്.
ജനലരികില്‍ എത്തിയപ്പോഴേക്കും കിതച്ചും ശ്വാസംമുട്ടിയും അവശയായ അവള്‍
ഭിത്തിയിലേക്കു നെറ്റിയൂന്നി, തളംകെട്ടിയ വെള്ളത്തിലാണു ഇരിക്കൂന്നതെന്നൊന്നും കാര്യമാക്കാതെ,
അവിടെയും കുറേനേരം അങ്ങനെ കഴിച്ചു. കുറച്ചൊരു ആക്കമായപ്പോള്‍ എഴുന്നേല്ക്കാനുള്ള ശ്രമം
പുനരാരംഭിച്ചു. ഇത്തവണ ജനലഴികളെന്ന ഉത്തോലകങ്ങളെ കണക്കറ്റു ആശ്രയിച്ചു തന്‍റെ ശ്രമത്തില്‍
വിജയം കണ്ടെത്തുക തന്നെ ചെയ്തവള്‍.
അതിനകം, താതെന്തിനാണു ജനലിനു അരികില്‍ വന്നതെന്നു മറന്നു പോയ
അംബ, എന്തിനെന്നില്ലാതെ, ഇരുട്ടിലേക്കു തുറിച്ചു നോക്കി നില്ക്കുന്നതില്‍ സഹതാപം തോന്നിയിട്ടെന്ന
പോലെ, ഇരുട്ടു തന്‍റെ ഗര്‍ഭത്തിലൊളിപ്പിച്ച വിശിഷ്ടമായ കാഴചകളെ ഒന്നൊന്നായി അംബയ്ക്കൂ ദൃശ്യമാക്കിക്കൊടുത്തു
പട്ടട പോലെ തിളച്ചുമറിയുന്ന ചെങ്കടല്‍; അതില്‍ ജീവനോടെ വേവുന്നയൊരു ഭീമന്‍ പുരുഷലിംഗം പോലെ സമുദ്രശില. എത്രയോ നേരം കഴിഞ്ഞു, അക്കാഴ്ചയുടെ അര്‍ത്ഥം തിരിച്ചറിഞ്ഞ പോലെ ഒന്നു മന്ദഹസിച്ചിട്ടു എവിടെ നിന്നോ കിട്ടിയൊരു അധികശക്തിയില്‍ മേശയുടെ അടുത്തേക്കു കുതിച്ചെത്തി
അവിടിരുന്ന വീഞ്ഞുകുപ്പിയുമെടുത്തു അപ്പുവിന്‍റെ മുറിയിലേക്കു നീങ്ങിയവള്‍. അവിടൊരു കോണിലെ ഇരുട്ടിൽ ഒരു കൈയിലൊരു വീഞ്ഞു ഗ്ലാസ്സുമായി മറുകൈയിൽ, തുറന്നുപിടിച്ച സോഫോക്ലിസ്സിന്റെ ‘ഈഡിപസ്സി’ ലേക്കും നോക്കി നിന്നിരുന്ന തെരേസയെ അംബ കണ്ടില്ല.
അതിനകം മുറിക്കുള്ളില്‍ വീശിയടിച്ച കാറ്റിലും മഴയിലും പെട്ടു നാനാവഴിക്കും
പാറിത്തുടങ്ങിയിരുന്ന എഴുത്തുകടലാസുകളില്‍ ഒന്നില്‍ ഇങ്ങനെ കണ്ടു:
ആസക്തിയും ആഭാസവും ധ്വനിക്കുന്നല്ലോ ദൈവമേ ‘കവച്ചു’വില്‍..
ഭാഗം.2
നോവലിസ്റ്റും കുന്ദേരയും
പക്ഷങ്ങളുടെ ലോകമാണിത്. പക്ഷം ചേര്‍ന്നു നില്‍ക്കാന്‍ ആരൊക്കെയോ നമ്മെ നിരന്തരം
നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്ന ലോകം. തങ്ങളുടെ പക്ഷം ചേര്‍ന്നു നിന്നാല്‍ ഉറപ്പായും സ്വര്‍ഗ്ഗരാജ്യം
നേടിത്തരാം എന്നാണവര്‍ പറയുന്നത്. അതങ്ങനെ കേട്ടുകേട്ടു നാമെല്ലാം ഓരോരോ പക്ഷങ്ങളിലായാണ്
നിലയുറപ്പിച്ചിട്ടുള്ളത്. പക്ഷം ചേരുന്നതും ചേര്‍ക്കുന്നതും നിലനില്‍പ്പും അതിജീവനവും അധികാര
ലബ്ധിയുമാണെന്നു വരുമ്പോള്‍ അതു തത്വാധിഷ്ഠിതമല്ലാതാകും; നേരും നെറിയുമില്ലാത്ത മത്സരമാകും;
സ്വാര്‍ത്ഥവും ഹിംസാത്മകവുമാകും; ആടു പട്ടിയാകും; ചെന്നായ ആട്ടിന്‍തോലിടും.
അംബ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ടവളാണ്; അവഗണിക്കപ്പെട്ടവളും
ചവുട്ടിമെതിക്കപ്പെട്ടവളുമാണ്; ‘ഉപാധികളില്ലാത്ത സ്നേഹം’ വച്ചുനീട്ടുന്ന അമ്മയാണ്. അവളോട്
കരുണ കാണിക്കൂ; അവളോട് സ്നേഹവും സഹാനുഭൂതിയും കാണിക്കൂ; അവളുടെ പക്ഷംചേര്‍ന്നു
നില്‍ക്കൂ എന്നാണ് നോവലിസ്റ്റ് നമ്മോടു പറയുന്നത്. തന്റെ കക്ഷിക്ക് വേണ്ടി വാദിക്കുന്ന
പ്രഗത്ഭനായൊരു വക്കീലിനെപ്പോലെ അംബയ്ക്ക് വേണ്ടി വാദിക്കുകയാണ് എഴുത്തുകാരന്‍.
സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചു അര്‍ത്ഥം തേഞ്ഞ വാക്കുകളാണ്
‘മനുഷ്യത്വ’;വും ‘മാനവികത’യും. ആരാണ് ഇന്ന് നാം കാണുന്ന മനുഷ്യന്‍? അധിനിവേശത്തിന്റെയും
അടിച്ചമര്‍ത്തലിന്റെയും സ്വേഛാധികാരത്തിന്റയും പ്രതീകം. എല്ലാം കൈയടക്കി വയ്ക്കണമെന്ന്
ആഗ്രഹിക്കുന്ന ദുരാഗ്രഹി. വലിയൊരു ഹിംസകന്‍.
‘കാലത്തെ കശക്കി’ കഥ പറയുന്ന കഥാകാരന്‍ ‘ദൈവത്തെക്കാള്‍ ശ്രേഷ്ഠ’നാണെന്നും ‘അനശ്വരപദ’ത്തിനു
അര്‍ഹനാണെന്നും നോവലിസ്റ്റ് സ്വയം പറയുമ്പോള്‍, ‘ഉപാധികളില്ലാത്ത സ്നേഹ’ത്തെക്കുറിച്ച്
പറയുന്നതിനുള്ള ഉപാധി പോലെയാണ് നമുക്കത് തോന്നുന്നത്; തന്റെ വക്കീല്‍ഫീസ്
വെളിപ്പെടുത്തുന്നതു പോലെയാണ് നമുക്കത് അനുഭവപ്പെടുന്നത്. ഇരുനിലവീടും, അതിലേക്കു വളഞ്ഞു
കയറുന്ന ടാറിട്ട റോഡും, ശീതീകരണി വെച്ച ചില്ലുകൂടും, കാറും കമ്പ്യൂട്ടറും, മൊബൈല്‍
ഫോണുമൊക്കെയാണ് സമൂഹത്തില്‍ താനെന്നു അടയാളപ്പെടുത്തുന്നതും കൂട്ടിവായിക്കുമ്പോള്‍ അത്തരം
ഭൗതിക സമൃദ്ധിയുടെ ശ്രേഷ്‌ഠ സഞ്ചിതനിധിയിലേക്കുള്ള വൈരരത്നക്കല്ലുകളാണ് അദ്ദേഹം മനസ്സില്‍
ലഡു പൊട്ടിക്കുന്ന വക്കീല്‍ ഫീസ് എന്നു കാണണം.
പരിമിത വിഭവയാണ് നമ്മുടെ പ്രകൃതി. നാം ഒന്നെടുത്താല്‍ മറ്റെയാള്‍ക്കു അതു കുറഞ്ഞെ
കിട്ടൂ എന്നാണു ധനശാസ്ത്രം പറയുന്നത്. നാം എത്ര കൂടുതല്‍ എടുക്കുന്നുവോ അത്രകണ്ടു നമുക്ക്
ചുറ്റുമുള്ളവര്‍ക്കു കുറയുന്നുണ്ടെന്നും അത്ര കണ്ടു അവര്‍ ദുര്ബലപ്പെടുന്നുണ്ടെന്നും അത്ര കണ്ട്
അവര്‍ മരണാസന്നരാകുന്നുണ്ടെന്നും അര്‍ത്ഥം. ഭാരിച്ച വക്കീല്‍ഫീസ് ആവശ്യപ്പെടുന്ന അംബയുടെ
വക്കീലും മറ്റൊന്നല്ല ചെയ്യുന്നത്– അതു ഇന്നത്തെ മനുഷ്യാവസ്ഥയുടെ തത്സമയ സാക്ഷ്യമാണെങ്കില്‍
പോലും.
റിഹേഴ്സലും തിരുത്തലും പാഠഭേദവുമൊന്നുമില്ലാതെ നമുക്കു കിട്ടുന്ന ചെറിയൊരു ജീവിതം
കൊണ്ടു ശരിതെറ്റുകളെ അളക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ചാണ് കുന്ദേര
ഉത്ക്കണ്ഠപ്പെടുന്നത്. മൂന്നോ നാലോ ജന്മം ഒരേ ജീവിതം ജീവിച്ചതിനു ശേഷം(അങ്ങനെ ഒരു സാധ്യത
ഉണ്ടെങ്കില്‍.) അഞ്ചാമതൊന്നിന്‍, മുമ്പുണ്ടായ ജീവിതങ്ങളിലെ ശരിതെറ്റുകളെ താരതമ്യപ്പെടുത്തി ,
ചിലപ്പോള്‍ അത്തരമൊരു വിലയിരുത്തല്‍ സാധ്യമായേക്കാം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അംബയാണോ, ഭീഷ്മരാണോ, സല്‍വനാണോ, വിചിത്രവീര്യനാണോ, സത്യവതിയാണോ ,റൂമി
ജലാലുദ്ദീനാണോ, അതോ വ്യാസനാണോ ശരിയും തെറ്റുമെന്നുമൊക്കെ ഒരൊറ്റ ജീവിതത്തിന്റെ ചെറിയ കാലപരിധിക്കുള്ളില്‍ നിന്നു നിശ്ചയിക്കാന്‍ ശ്രമിക്കുന്നതും അതിന്റെ പേരില്‍ പക്ഷം ചേരുന്നതു മണ്ടത്തരമാകില്ലേ എന്നാണ് അദ്ദേഹത്തിന്റെ സന്ദേഹം.
നിര്ബന്ധിക്കുകയാണ് നമ്മെ.