മനുഷ്യനിൽനിന്നും ദൈവത്തിലേക്കുള്ള ദൂരം

 

 

 

 

 

ചന്തയിൽ മത്തായി നിറഞ്ഞാടുകയാണ് . വെറും മത്തായിയല്ല, ഇറച്ചി മത്തായി. അയാൾക്ക് ചന്തയിൽ ഇറച്ചിവെട്ടാണ് പണി . പക്ഷേ ഇറച്ചി മത്തായി എന്ന പേര് കിട്ടിയത് അതുകൊണ്ടൊന്നും അല്ല . തന്റെ എതിരാളികളെ പച്ച ജീവനോടെ കൊത്തി നുറുക്കുമ്പോൾ യാതൊരു വിഷമവും പ്രകടിപ്പിക്കാത്ത, കരിങ്കല്ലുകൊണ്ട് തീർത്ത ഒരു മനസ്സുള്ളതുകൊണ്ടാണ് . പക്ഷേ ഒന്നുണ്ട് , അയാളെ അന്നാട്ടിൽ ഇറച്ചി മത്തായി എന്ന് ധൈര്യത്തോടെ വിളിക്കുന്നത് ഒരാൾ മാത്രമാണ് . അത് മറ്റാരുമല്ല, അയാൾ തന്നെയാണ് .

‘ഇറച്ചി മത്തായിയോടാണോടാ നിന്റെ കളി ..’

തന്റെ എതിരാളികളെ നേരിടുമ്പോൾ അയാൾ പറയാറുള്ള വാചകമാണ് .

ആരെങ്കിലും അയാളെ അങ്ങനെ വിളിച്ചു എന്ന് അയാൾ അറിഞ്ഞാൽ, പിന്നെ ആ പേര് വിളിച്ചയാൾ ആ നാട് വിട്ടു പോകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം മത്തായി അയാളെ എത്ര ക്രൂരമായിട്ടായിരിക്കും കൈകാര്യം ചെയ്യുകയെന്ന് ആർക്കും ഊഹിക്കാൻ പോലും സാധിക്കില്ല .

അത്രയ്ക്ക് ക്രൂരവും പൈശാചികവുമായിരിക്കും അയാളോടുള്ള മത്തായിയുടെ സമീപനം .’ഇറച്ചിമത്തായി പറഞ്ഞാൽ നീ കേൾക്കില്ല …..അല്ലേടാ കഴുവർടെ മോനെ ..’ മത്തായിയുടെ കക്ഷത്തിലിരുന്ന് ഉടുമ്പ് വാസുവിന്റെ തല ഞെരിഞ്ഞു .

‘ലാസർ മുതലാളി പറഞ്ഞ ഒരു കാര്യം ചെയ്തുകൊടുക്കണമെന്ന് നിന്നോട് ഞാൻ പറഞ്ഞപ്പോൾ നീയെന്നാടാ പറഞ്ഞത് ….നാറീ …’ അതും പറഞ്ഞു മത്തായി വാസുവിനെ ആ ചന്തയുടെ നടുവിലിട്ട് ചവിട്ടിക്കൂട്ടി .

‘എന്നെ വെറുതെ വിട്ടേക്ക് മത്തായിച്ചേട്ടാ ..’ വാസു മത്തായിയോട് കേണു പറഞ്ഞു .

‘കഴുവർടെ മോനേ , നിന്റെ രണ്ടു കാലിലെ പെരുവിരലുകൾ തമ്മിൽ കൂട്ടിക്കെട്ടി നിന്നെ വിടാമെടാ…’

അതും പറഞ്ഞു മത്തായി വാസുവിന്റെ നെഞ്ചാംകുഴി നോക്കി ഒറ്റച്ചവിട്ട് !

വാസുവിന്റെ വായിൽ ഒരു രക്തപുഷ്പം മൊട്ടിട്ടു. എന്നിട്ട് അത് മെല്ലെ അയാളുടെ വായിലൂടെ പുറത്തേക്ക് അതിന്റെ ഇതളുകൾ വിടർത്തി .ആ രക്തവർണമുള്ള പൂവ് അവിടമാകെ ഒരു രക്തക്കളം തീർത്തു . വാസു വേദനകൊണ്ട് നിലത്തു കിടന്ന് പുളഞ്ഞു.

‘ഇനി ഞാൻ ഒരു കാര്യം പറഞ്ഞാൽ അതിനു എതിര്‌ നില്കുന്നത് ആരായാലും ഞാൻ അവന്റെ തലയെക്കൊണ്ട് പച്ചമണ്ണ് തീറ്റിക്കും .’ അതും പറഞ്ഞു ഇറച്ചിമത്തായി അവിടെ നിന്ന് നെഞ്ചും വിരിച്ച് നടന്നകന്നു .

ഇറച്ചിമത്തായി വെറുമൊരു ഒറ്റയാനല്ല .അയാളുടെ കൂടെ ഇരുമ്പ് സൈമൺ , സൈക്കിൾ ചന്ദ്രൻ ,ലിവർ രാജു, വെട്ടു ലത്തീഫ് എന്നിവരടങ്ങുന്ന ഒരു വലിയ ഗുണ്ടാപ്പട തന്നെയുണ്ട് . ഇരുമ്പ് സൈമൺ എപ്പോഴും ഇരുമ്പ് കൊണ്ടുള്ള ഏതെങ്കിലും ഒരു ആയുധം കൈവശം വച്ചിട്ടുണ്ടാകും . സൈക്കിൾ ചന്ദ്രന്റെ അരയിൽ എപ്പോഴും അയാൾ സാധാരണ ധരിക്കുന്ന കറുത്ത ലെതർ ബെൽറ്റിനടിയിൽ , വളരെ കട്ടിയുള്ളതും ബലമുള്ളതുമായ ഒരു സൈക്കിൾ ചെയിൻ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും .ലിവർ രാജു ഒറ്റയടിക്ക് ഏതൊരാളിന്റെയും തലയോട് പൊളിച്ച് തലച്ചോർ തെറിപ്പിക്കാൻ കഴിവുള്ള ഒരാളാണ് .വെട്ടു ലത്തീഫാകട്ടെ നിമിഷനേരം കൊണ്ട് ആളുകളെ വെട്ടിപ്പരിക്കേൽപ്പിച്ച് അവരെ കീഴ്‌പ്പെടുത്തുന്ന തരത്തിലുള്ള ഒരാളാണ് .അവർക്ക് പണം കൊടുക്കുന്ന ആർക്ക് വേണ്ടിയും ഏതു തരത്തിലുള്ള നെറികേടും യാതൊരു കുറ്റബോധവും കൂടാതെ ചെയ്തു കൊടുക്കുന്ന ഒരു കൂട്ടം മനുഷ്യമൃഗങ്ങളായിരുന്നു അവർ . ഉടുമ്പ് വാസുവും അത്ര മോശമൊന്നും ആയിരുന്നില്ല . മുമ്പ് പറഞ്ഞതുപോലെ തന്നെ തങ്ങൾക്ക് പണം തരുന്ന ആർക്കുവേണ്ടിയും ഏതു തരത്തിലുമുള്ള നെറികേടും ചെയ്യാൻ ശേഷിയുള്ള ഒരു ഗുണ്ടാപ്പട അയാൾക്കും സ്വന്തമായി ഉണ്ടായിരുന്നു.പക്ഷെ അവരെല്ലാവരും സാധാരണ കാണുന്ന ഏതൊരു ഗുണ്ടയെയും പോലെ ഒറ്റക്ക് ആയിപ്പോയാൽ പേടിച്ചു പോകുന്ന ഭീരുക്കളായിരുന്നു. അവിടെയാണ് ഇറച്ചി മത്തായി വ്യത്യസ്തനാകുന്നത് .അയാൾ ഒറ്റക്കാണെങ്കിലും നാട്ടുകാർക്ക് തീരാത്ത പേടിസ്വപ്നം തന്നെയായിരുന്നു .

ഇറച്ചിമത്തായി മാമോദീസ വെള്ളം വീണ സത്യക്രിസ്ത്യാനിയായതുകൊണ്ട് അയാളെ ഒന്ന് മെരുക്കിയെടുക്കാൻ അന്നാട്ടിലെ പോലീസുകാർ ഒരിക്കൽ അയാളുടെ ഇടവകപ്പള്ളിയിലെ വികാരിയച്ചനെ ചെന്ന് കണ്ടു . അവരുടെ വാക്കും കേട്ട് മത്തായിയെ ഉപദേശിക്കാൻ ചെന്ന ആ പാവം വൈദീകൻ മത്തായിയുടെ വായിലെ സകല തെറിയും കേട്ട് മനസ് വേദനിച്ച് ആ ഇടവകയിൽ നിന്നും എത്രയും പെട്ടന്ന് സ്ഥലം മാറിപ്പോയി എന്നത് വളരെ അടുത്ത നാളുകളിൽത്തന്നെ അവിടെ നടന്ന ഒരു സംഭവമാണ് . അതിനു ശേഷം അവിടെയുള്ള ആർക്കും മത്തായിയോട് ഏതെങ്കിലും ഒരു കാര്യം സംസാരിക്കാനോ, എന്തിനേറെ, അയാളെ ഒന്ന് നോക്കാൻ കൂടിയോ ധൈര്യം പോരാതെ വന്നു. അങ്ങനെയിരിക്കുമ്പോഴാണ് ആ നാട്ടിലെ പള്ളിയിലേക്ക് പുതിയ വികാരിയച്ചൻ നിയമിതനാകുന്നത്. മത്തായിയെപ്പറ്റിയുള്ള കുറെ കഥകൾ കേട്ടറിഞ്ഞ അദ്ദേഹം ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു . അതിന്റെ ആദ്യ പടിയെന്നോണം അച്ചൻ മത്തായിയെ നേരിട്ട് കണ്ട് ആ ഞായറാഴ്ചത്തെ കുർബാനയിലേക്ക് ക്ഷണിച്ചു.

അച്ചന്റെ ഭാഗ്യം !. മത്തായി അച്ചനോട് തെറിയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല , യാതൊന്നും പറഞ്ഞില്ല .അയാളുടെ അന്നേരത്തെ മൗനം സമ്മതമായി കരുതിക്കൊണ്ട് ആ സാധു വൈദികൻ പള്ളിയിലേക്ക് തിരികെ പോയി. പക്ഷെ ഈ സംഭവമറിഞ്ഞ അവിടത്തെ നാട്ടുകാർക്ക് ആർക്കും തന്നെ അച്ചൻ വിചാരിച്ചതു പോലെ മത്തായിയുടെ മൗനം അത്ര നിഷ്കളങ്കവും ,വരാനിരിക്കുന്ന ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനുള്ള അയാളുടെ സമ്മതമായും തോന്നിയില്ല. അങ്ങനെ മാത്രവുമല്ല, അയാൾ അച്ചന് കൊടുക്കാനായിട്ട് എന്തോ ഒരു മുട്ടൻ പണി ഒരുക്കി വച്ചിട്ടുണ്ട് എന്നും അവർക്ക് തോന്നി.

‘പാവം അച്ചൻ . അദ്ദേഹത്തിന് എന്തോ വലിയ കഷ്ടകാലം വരാൻ പോകുകയാണെന്ന് തോന്നുന്നു.’ നാട്ടുകാരിൽ ചിലർ അങ്ങനെ അടക്കം പറഞ്ഞു.

സംഭവബഹുലമായ ആ ഞായറാഴ്ച സമാഗതമായി. അച്ചൻ വിചാരിച്ചത് ശരിയാണെന്ന് ആ ഇടവകയിലെ ജനങ്ങൾക്ക് ബോധ്യമായി.കുർബാന തുടങ്ങിയിട്ട് ഏകദേശം സുവിശേഷം വായന ആയപ്പോഴേക്കും മത്തായി പള്ളിയിൽ ഹാജരായി. അച്ചൻ സുവിശേഷം വായന ആരംഭിച്ചു .

”വിശുദ്ധ മത്തായി എഴുതിയ സുവിശേഷം,ഇരുപത്തഞ്ചാം അദ്ധ്യായം , മുപ്പത്തൊന്നു മുതൽ നാൽപത് വരെയുള്ള വാക്യങ്ങൾ. മനുഷ്യപുത്രൻ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തിൽ എഴുന്നള്ളുമ്പോൾ അവൻ തന്റെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകും .അവന്റെ മുമ്പിൽ എല്ലാ ജനതകളും ഒരുമിച്ച് കൂട്ടപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്നതുപോലെ അവൻ അവരെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലതുവശത്തും,കോലാടുകളെ തന്റെ ഇടതുവശത്തും നിറുത്തും .അനന്തരം രാജാവ് തന്റെ വലതു ഭാഗത്തുള്ളവരോട് അരുളിച്ചെയ്യും ;എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ ,വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ . എന്തെന്നാൽ എനിക്ക് വിശന്നു ;നിങ്ങൾ ഭക്ഷിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു;നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു;നിങ്ങൾ എന്നെ ഉടുപ്പിച്ചു.ഞാൻ രോഗിയായിരുന്നു;നിങ്ങൾ എന്നെ സന്ദർശിച്ചു.ഞാൻ കാരാഗൃഹത്തിലായിരുന്നു;നിങ്ങൾ എന്റെയടുത്തു വന്നു . അപ്പോൾ നീതിമാന്മാർ ഇങ്ങനെ മറുപടി പറയും: കർത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങൾ ആഹാരം നൽകിയതും ദാഹിക്കുന്നവനായിക്കണ്ട് കുടിക്കാൻ നൽകിയതും എപ്പോൾ ?.നിന്നെ ഞങ്ങൾ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദർശിച്ചത് എപ്പോൾ ? രാജാവ് മറുപടി പറയും. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത് .”

ഞായറാഴ്ചകളിലെ സുവിശേഷ വായനയുടെ അവസാനം പതിവുള്ള അച്ചന്റെ പ്രസംഗം കേൾക്കാനായി എല്ലാവരും ഇരുന്നപ്പോൾ മത്തായി മാത്രം ഇരുന്നില്ല.

‘അച്ചോ എനിക്കൊരു സംശയമുണ്ട് .’ അച്ചൻ മത്തായിയെ നോക്കി തന്റെ കൈകൊണ്ട് ഇരിക്കാൻ ആംഗ്യം കാണിക്കുന്നതിനിടെ അയാൾ പറഞ്ഞു.

‘അച്ചോ എനിക്ക് ഈശോയെ കാണാൻ പറ്റുമോ ?’

അച്ചന്റെ സമ്മതത്തിന് കാത്തു നില്കാതെ അയാൾ ചോദിച്ചു. മത്തായിയുടെ ചോദ്യം കേട്ടിട്ട് ആ പള്ളിയിൽ കൂടിയിരുന്ന ആളുകൾ ഉറക്കെ ചിരിച്ചു. മത്തായി അവരെയെല്ലാം പരുഷമായി ഒന്ന് നോക്കി. അത് കണ്ട മാത്രയിൽ അവിടെ കൂടിയിരുന്ന ആളുകളുടെ മുഖത്തെ ചിരി മാഞ്ഞു .

‘നിനക്ക് സാധിക്കും.’ആ നിമിഷത്തിന്റെ നിശബ്ദതയെ നന്നേ അമ്പരപ്പിച്ചുകൊണ്ട് അച്ചന്റെ മറുപടി അയാളിലേക്കെത്തി .

ഈ അച്ചനിതെന്തു പറ്റി ? ഒന്നുകിൽ അദ്ദേഹം മത്തായിയെക്കണ്ട് പേടിച്ചിരിക്കണം, അല്ലെങ്കിൽ അദ്ദേഹത്തിന് അയാളെപ്പറ്റി വേണ്ട വിധത്തിലുള്ള അറിവില്ലായിരിക്കണം .അച്ചന്റെ മറുപടി കേട്ട ആളുകൾ ആശ്ചര്യപ്പെട്ടുപോയി .

‘അച്ചോ എനിക്ക് ഇന്ന് ഈശോയെ കാണാൻ സാധിക്കുമോ ?.’ മത്തായി ചോദിച്ച രണ്ടാമത്തെ ചോദ്യം അപ്പോഴുള്ള അവിടത്തെ സാഹചര്യം കൂടുതൽ സങ്കീർണമാക്കി. മത്തായിയുടെ മുൻപിൽ അച്ചൻ ശരിക്കും പെട്ടുപോയെന്ന് ആളുകൾക്ക് മനസിലായി.

‘നിനക്ക് സാധിക്കും.’ അച്ചൻ ചഞ്ചലചിത്തനായി അയാളോട് മറുപടി പറഞ്ഞു.

‘എങ്കിൽ ഈ കുർബാന കഴിഞ്ഞ് അച്ചൻ എന്റെ അടുത്തേക്ക് വന്നേക്കണം .അല്ലങ്കിൽ എനിക്ക് ഈശോയെ കണ്ടിട്ട് മനസിലായില്ലങ്കിലോ ?’. അതും പറഞ്ഞ് അയാൾ ആ ജനമധ്യത്തിൽ നിന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു .അയാൾ പറഞ്ഞതുകേട്ട് അവിടെ കൂടിയിരുന്ന ആളുകൾ എല്ലാവരും സ്തബ്ധരായി. തിരുവസ്ത്രങ്ങൾ അണിഞ്ഞ് അൾത്താരയ്ക്ക് മുന്നിൽ നിൽക്കുന്ന ഒരു വൈദികനെ അപമാനിക്കാൻ പോലും ധൈര്യമുള്ള അയാളുടെ ഹൃദയകാഠിന്യം ആ ആളുകളെ ശരിക്കും അലോസരപ്പെടുത്തി.

‘മഹാപാപം ..മഹാപാപം .’സ്ത്രീകളുടെ വശത്ത് നിന്ന് ആരോ പറഞ്ഞു.

‘ അച്ചനങ്ങ് വന്നേക്കണം .’അപ്പോഴും അക്ഷോഭ്യനായി നിന്ന ആ വൈദികനെ നോക്കിക്കൊണ്ട് ഭീഷണിയുടെ സ്വരത്തിൽ അങ്ങനെ പറഞ്ഞിട്ട് അയാൾ പള്ളിയിൽ നിന്നും പുറത്തേക്ക് നടന്നു. അച്ചൻ പ്രാർത്ഥന തുടർന്നു .പ്രാർത്ഥന തീരുന്ന മുറയ്ക്ക് അവിടെ കൂടി നിന്ന ജനങ്ങളുടെ ഹൃദയമിടിപ്പും വർധിച്ചു വന്നു. കുർബാന കഴിഞ്ഞ് അവിടെ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റി ഓർത്തപ്പോൾ അവർ കൂടുതൽ ആകുലചിത്തരായി.

അല്പസമയം കൂടി കഴിഞ്ഞു. അന്നത്തെ കുർബാനയും കഴിഞ്ഞു. തിരുവസ്ത്രങ്ങൾ അഴിച്ചു വച്ച് അച്ചൻ പള്ളിമുറ്റത്തേക്ക് വന്നു.

‘നമുക്ക് മത്തായിയുടെ വീട് വരെ ഒന്ന് പോകാം .’ അച്ചൻ തന്റെ സമീപത്തേക്ക് വന്ന കൈക്കാരന്മാരിൽ ഒരാളോട് പറഞ്ഞു.

‘അത് വേണോ അച്ചോ …അയാൾ വല്ല തണ്ടും പറഞ്ഞെന്നു കരുതി…’കൈക്കാരൻ മറുപടി പറഞ്ഞു .

‘ പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോൾ അയാൾ പള്ളിയിൽ കയറി അച്ചനെ അച്ചനെ ഭീഷണിപ്പെടുത്തിയെന്ന് നമുക്ക് പോലീസിൽ പരാതി കൊടുത്താലോ?. അവനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ .’മറ്റൊരു കൈക്കാരൻ പറഞ്ഞു.

‘അതൊന്നും വേണ്ട. നിങ്ങളിലാരെങ്കിലും അവിടെ വരെ വന്നു അയാളുടെ വീടൊന്നു കാണിച്ചു തന്നാൽ മതി.’ അച്ചൻ പറഞ്ഞു.

‘അതിന് അയാൾ ഈ സമയത്ത് അയാളുടെ വീട്ടിലൊന്നും ഉണ്ടാകില്ലച്ചോ . ആ മാർക്കറ്റിൽ ഇരുന്ന് ഇറച്ചി വെട്ടുന്നുണ്ടാകും.’ കപ്യാർ ലോനപ്പൻ പറഞ്ഞു.

‘എങ്കിൽ ഞാൻ തനിയെ പോയി അയാളെ കണ്ടുകൊള്ളാം .നിങ്ങളെല്ലാവരും നിങ്ങളുടെ വീട്ടിലേക്ക് പൊയ്‌ക്കോ.’ അതും പറഞ്ഞ് അച്ചൻ മാർക്കറ്റിലേക്ക് നടന്നു.

അച്ചൻ അവിടേക്ക് നടന്നു വരുന്നത് ദൂരെ നിന്നെ കണ്ട ഇറച്ചി മത്തായി തന്റെ കത്തിയുടെ മൂർച്ച ഒരിക്കൽ കൂടി ഒന്ന് കൂട്ടി. എന്നിട്ട് മുഖത്ത് ഒരുതരം പുച്ഛഭാവത്തോടെ അദ്ദേഹത്തെ കാത്തു നിന്നു .

‘അപ്പോൾ അച്ചൻ എന്റെ കൂടെ ഈശോയെ കാണാൻ തീരുമാനിച്ച് വന്നതാണല്ലേ ?’ അച്ചൻ അടുത്തെത്തിയപ്പോൾ അയാൾ പരിഹാസത്തോടെ ചോദിച്ചു.

അതേടാ മത്തായി , പക്ഷെ ഈശോയെ കാണാൻ പറ്റിയ സ്ഥലം ഇതല്ല. വാ …നമുക്ക് നിന്റെ വീട്ടിലേക്ക് പോകാം. നമുക്ക് അവിടെ ഈശോ വരുന്നതും കാത്ത് ഇരിക്കാം.’ അച്ചൻ പറഞ്ഞു.

”ഓ ..അതിനെന്താ, അച്ചൻ വാ ..പക്ഷെ ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഈശോയെ കണ്ടില്ലെങ്കിലുണ്ടല്ലോ, അച്ചനെ ഞാൻ കുരിശേൽ തറയ്ക്കും .’ അയാൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.

‘നീ വാ..’ അതും പറഞ്ഞു അച്ചൻ അയാളുടെ കൂടെ അയാളുടെ വീട്ടിലേക്ക് നടന്നു.

സാമാന്യം തരക്കേടില്ലാത്ത, എന്നാൽ ഓട് മേഞ്ഞ ഒരു വീടായിരുന്നു മത്തായിയുടേത്. വലിയ പൂമുഖം, വിശാലമായ മുറ്റം. ആ മുറ്റത്തിന് വലതു വശത്തായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു സപ്പോർട്ട മരം ഉണ്ടായിരുന്നു.

‘നീ വാ… നമുക്ക് ആ മരത്തിന്റെ ചുവട്ടിൽ ഇരിക്കാം.’അച്ചൻ ആ സപ്പോർട്ട മരം ചൂണ്ടിക്കാണിച്ചുകൊണ്ട് അയാളോട് പറഞ്ഞു.

‘അത് ശരിയാ..നമുക്ക് മുറ്റത്തു തന്നെ ഇരിക്കാം. അല്ലെങ്കിൽ ഈശോ ഈ വഴി വന്നിട്ട് നമ്മളെ കാണാതെ തിരിച്ചു പോയാലോ ..’ അതും പറഞ്ഞു അയാൾ ഉറക്കെ ചിരിച്ചു.

അവർ രണ്ടു കസേരകളിലായി അവിടെ ഇരിപ്പുറപ്പിച്ചു. അപ്പോൾ കുറച്ചു ദൂരെ ഒരു സ്ത്രീ തന്റെ കയ്യിൽ ഒരു കുഞ്ഞിനേയും എടുത്തുകൊണ്ട് ആ വഴി നടന്നു വരുന്നുണ്ടായിരുന്നു.

‘ആ വരുന്നത് ആരാണെന്നു അച്ചന് അറിയാമോ ?’ അയാൾ ചോദിച്ചു.

‘അറിയാം.’ അച്ചൻ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു

‘ആഹാ..അച്ചൻ ആള് കൊള്ളാമല്ലോ …എന്നാൽ അത് ആരാണെന്നു പറ .’ അയാൾ അച്ചനോട് ആവശ്യപ്പെട്ടു.

‘ആ വരുന്നതാണ് പരിശുദ്ധ കന്യാമാതാവ് .’ അച്ചൻ മറുപടി പറഞ്ഞു.

‘അപ്പോൾ അവളുടെ കയ്യിൽ ഉള്ളത് ഉണ്ണിയേശു ആയിരിക്കുമല്ലേ ?’ അയാൾ പരിഹാസത്തോടെ ചോദിച്ചു. എന്നിട്ട് തുടർന്നു .

‘എന്റച്ചോ അത് ഇവിടത്തെ മാർക്കറ്റിലുള്ള വാസന്തിയാണ്. പൂക്കാരി വാസന്തി എന്ന് പറഞ്ഞാലേ ഇവിടെ ഉള്ളവർക്ക് അവളെ മനസിലാകൂ.അവൾ ഇന്നാട്ടിൽ അറിയപ്പെടുന്ന ഒരു സഞ്ചരിക്കുന്ന പടക്കക്കടയാണ്.’
അയാൾ പറഞ്ഞു നിർത്തി.

‘നീ നോക്കിക്കോ ..അവൾ നിന്റെ വീട്ടിലേക്കാണ് ഇപ്പോൾ വരുന്നത് .’ അച്ചൻ പറഞ്ഞു.

‘അത് ശരിയായിരിക്കും. ഞാനും അവൾക്ക് കുറെ കാശ് കൊടുക്കാനുണ്ട് .’മത്തായി അവളെ നോക്കി ആസക്തിയോടെ ചിരിച്ചു. അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അവൾ ആ മുറ്റത്തേക്ക് കയറി വന്നു.

‘മത്തായിച്ചേട്ടാ എനിക്ക് കുറച്ചു കാശ് വേണം. ഈ കൊച്ചിന് രാവിലെ മുതൽ വല്ലാത്ത പനി .ഇതിനെ ആശുപത്രിയിൽ കൊണ്ടുപോകാനാണ്.’ അത് പറയുമ്പോൾ അവൾ വിതുമ്പുന്നുണ്ടായിരുന്നു.

‘കടന്നു പോടീ തേവിടിശ്ശീ ..ഇപ്പോൾ നിനക്ക് തരാൻ എന്റെ കയ്യിൽ കാശൊന്നുമില്ല .’ മത്തായി അവളുടെ നേർക്ക് ആട്ടി.

‘ഫ നായേ !..ഞാൻ നിന്റെയടുത്ത് കടം ചോദിയ്ക്കാൻ വന്നതല്ലടാ ..നിനക്കൊക്കെ ചെയ്തു തന്നതിന്റെ കൂലി നീ കൊറേ കടം പറഞ്ഞിട്ടില്ലേ …അത് ചോദിച്ചു വന്നതാണെടാ നാറീ ..’ അവൾ ആ മുറ്റത്തു നിന്ന് അലറിത്തുള്ളി .

മറ്റൊരാളുടെ മുൻപിൽ അഭിമാനക്ഷതം സംഭവിച്ചപ്പോൾ മത്തായിയുടെ മട്ടും മാതിരിയും മാറി.

ഈ തേവിടിശ്ശിയെ ഇന്ന് ഞാൻ …’ അങ്ങനെ ആക്രോശിച്ചുകൊണ്ട് അയാൾ തന്റെ അരയിൽ നിന്നും കത്തി ഊരിക്കൊണ്ട് അവളുടെ നേർക്ക് പാഞ്ഞു. അപ്പോഴുള്ള അയാളുടെ ഭാവം കണ്ടിട്ട് അച്ചൻ പെട്ടന്ന് അയാളെ കടന്നു പിടിച്ചു. എന്നിട്ട് ആ കസേരയിലേക്ക് അയാളെ ബലമായി ഇരുത്തി. അതിനിടയിൽ ചീറ്റിക്കൊണ്ട് വരുന്ന പോത്തിനെ കണ്ടപോലെ അവൾ തന്റെ കുഞ്ഞിനേയും കൊണ്ട് അവിടെ നിന്നും ഓടി രക്ഷപെട്ടു.

‘നീ പുഴുത്തു ചാകുമെടാ നാറീ ..’അവൾ അവിടെ നിന്നും ഓടിപ്പോകുന്നതിനിടെ അയാളെ ഉറക്കെ പ്രാകി .

‘എന്താണ് മത്തായീ ഇത് ? നീ ഈശോയെ കാണാൻ വേണ്ടിയല്ലേ ഇവിടെ ഇരിക്കുന്നത് ?’ അയാൾ തെല്ല് ശാന്തനായപ്പോൾ അച്ചൻ ചോദിച്ചു.

‘അച്ചൻ എന്നെ വട്ടം പിടിച്ചത് നന്നായി. അല്ലെങ്കിൽ അവൾ കണ്ടേനെ ഇപ്പോൾ, ഇവിടെ വച്ച്…ഈശോയെ !. ഒറ്റക്കുത്തിനു ഞാൻ അവളുടെ പണ്ടം പുറത്തു ചാടിച്ചേനെ.’ മത്തായി മുറുമുറുത്തു.

‘അവളുടെ കയ്യിലിരിക്കുന്നത് ആരുടെ കുഞ്ഞാണ് ?’അച്ചൻ ചോദിച്ചു.

‘അത് അവൾക്കു പോലും നല്ല തിട്ടമുണ്ടാകില്ലച്ചോ .പിന്നെ എനിക്കെങ്ങനെ അറിയാനാണ്.’ ഞാൻ അവളുടെ അടുത്ത് കുറച്ചു പ്രാവശ്യം പോയിട്ടുണ്ടന്നല്ലാതെ … ‘.അയാൾ പരിഹാസത്തോടെ പറഞ്ഞു.

‘എന്നിട്ടും ആ കുഞ്ഞിനോട് അവൾക്കുള്ള സ്നേഹം നീ കണ്ടോ ?. അതിന് അസുഖം വന്നപ്പോൾ അവളുടെ ഹൃദയം നോവുന്നത് നീ ശ്രദ്ധിച്ചോ ?’അച്ചൻ ചോദിച്ചു.

‘ഈ കുരിപ്പൊക്കെ വളർന്നിട്ട് എന്തിനാണച്ചോ .അവനും നാളെ ഈ തെരുവിലെ ഒരു ഗുണ്ടയായിട്ട് മാറാനുള്ളതല്ലേ ..’അയാൾ നിർവികാരനായി പറഞ്ഞു.

‘ചേട്ടാ വിശക്കുന്നു.വല്ലതും തിന്നാൻ തരാമോ? അപ്പോൾ അയാളുടെ വീടിന്റെ ഗേറ്റിന്റെ മുൻപിൽ നിന്നും ഒരു കൗമാരക്കാരന്റെ ദയനീയമായ ചോദ്യം.

‘പോടാ നാറീ …ഇവിടെ നിന്റെ തള്ള ഉണ്ടാക്കി വെച്ചത് ഇരിപ്പുണ്ടോ ..നീ ചോദിച്ച ഉടനെ എടുത്തങ്ങോട്ട് വിളമ്പിത്തരാൻ ?’

അയാൾ തന്റെ ഇരിപ്പിടത്തിൽ അമർന്നിരുന്നുകൊണ്ട് ആ കുട്ടിയെ തറപ്പിച്ചു നോക്കി പറഞ്ഞു.

‘നീയവിടെ നിൽക്ക് കുഞ്ഞേ ..’മത്തായിയുടെ ആട്ടു കേട്ട് അവിടെ നിന്നും നിരാശയോടെ നടന്നു നീങ്ങാൻ തുടങ്ങിയ ആ കുട്ടിയെ നോക്കി അച്ചൻ പറഞ്ഞു.എന്നിട്ട് അദ്ദേഹം മത്തായിയുടെ നേർക്ക് തിരിഞ്ഞു.

‘നീ പോയി നിന്റെ അടുക്കളയിൽ ചെന്ന് നോക്ക് .അവിടെ കഴിക്കാൻ എന്തെങ്കിലും ഇരിപ്പുണ്ടാകും.നീ അതെടുത്ത് , ഇനി അതിച്ചിരി പഴയതാണേലും സാരമില്ല, അതാ കൊച്ചിന് കൊടുക്ക്. ‘അച്ചൻ മത്തായിയോട് പറഞ്ഞു.

‘ആ…ഇന്ന് വൈകിട്ട് വരെ അച്ചന് സമയമുണ്ട് .അത് കഴിയുമ്പോഴാ..’അയാൾ അച്ചനെ നോക്കി അങ്ങനെ പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. അയാൾ തിരികെ വന്നപ്പോൾ കൊടുത്ത ഒരു പത്രം കഞ്ഞി മുഴുവൻ ഒറ്റ ഇരിപ്പിനു കുടിച്ച് തീർത്തിട്ട് ആ കുട്ടി അവർക്ക് നന്ദി പറഞ്ഞ് അവിടെ നിന്നും നടന്നു നീങ്ങി.

‘നീ ആ കുഞ്ഞിനെ ശ്രദ്ധിച്ചോ ?. നീ കാരണം ദിവസങ്ങളായുള്ള അവന്റെ വിശപ്പിനു തൽക്കാലത്തേക്കെങ്കിലും ആശ്വാസം കിട്ടിയതിന്റെ സന്തോഷമുണ്ട് അവന്റെ മുഖത്ത് .’അച്ചൻ പറഞ്ഞു.

‘ഓ ..ഞാൻ ശ്രദ്ധിച്ചില്ല .’ അപ്പോൾ അച്ചൻ പറഞ്ഞ കാര്യങ്ങൾ തന്നെ തെല്ലും ബാധിക്കുന്ന വിഷയമേയല്ല എന്ന ഭാവത്തിൽ അയാൾ മറുപടി പറഞ്ഞു.

‘എങ്കിൽ ഇനി മുതൽ നീ ശ്രദ്ധിക്കണം. അപ്പോൾ നിനക്ക് പുതുതായി പല കാര്യങ്ങളും കാണാൻ സാധിക്കും .’അച്ചൻ പറഞ്ഞു.

‘മോനേ …കുറച്ച് വെള്ളം തരാമോ ?’.ഗേറ്റിനു വെളിയിൽ നിന്ന് ദീനമായ ഒരു ചോദ്യം. അവരിരുവരും അങ്ങോട്ടേക്ക് നോക്കി. വളരെയധികം പ്രായമായ ഒരു അമ്മൂമ്മ മത്തായിയുടെ വീടിന്റെ ഗേറ്റിൽ പിടിച്ചു നിന്ന് കിതക്കുന്നു.അവർ ദീർഘമായി നിശ്വസിക്കുമ്പോൾ അവരുടെ നടുഭാഗം നന്നേ കൂനിയിരുന്നു.കഠിനമായ ദാഹം കാരണം തൊണ്ട വറ്റി വരണ്ട അവർ സംസാരിക്കുമ്പോൾ അവരുടെ ശബ്ദം പുറത്തേക്ക് വരുന്നത് പോലും ഇല്ലായിരുന്നു.

മത്തായി അച്ചനെ നോക്കി.അപ്പോൾ അദ്ദേഹം ആ വൃദ്ധയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.
അയാൾ മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. എന്നിട്ട് ഒരു കപ്പ് നിറയെ തണുത്ത വെള്ളം അവർക്ക് കുടിക്കാനായി എടുത്തുകൊണ്ട് വന്നു.,അയാൾ കൊണ്ടുവന്നു കൊടുത്ത വെള്ളം കുടിച്ചുകൊണ്ടിരിക്കേ അവരുടെ കണ്ണുകളിൽ അയാളോടുള്ള നന്ദി നിറയുന്നത് അയാൾ ശ്രദ്ധിച്ചു.

‘അമ്മൂമ്മ എവിടെ നിന്നാണ് വരുന്നത് ?’ അയാൾ ചോദിച്ചു.

‘എന്റെ നാട്ടിൽ നിന്ന് .’ അവർ മറുപടി പറഞ്ഞു.

‘നിങ്ങളുടെ നാടിന് പേരില്ലേ തള്ളേ ?’. അമ്മൂമ്മയുടെ മറുപടി കേട്ട മത്തായിക്ക് ദേഷ്യം വന്നു.

‘അത് ഞാൻ മറന്നു പോയി മോനേ ..’ അവർ സങ്കടത്തോടെ പറഞ്ഞു.

‘പിന്നെ നിങ്ങൾ എങ്ങനെ ഇവിടെ എത്തി ?’ അയാൾ ആകാംഷയോടെ ചോദിച്ചു.

‘എന്റെ മക്കൾ …’കാലിയാക്കിയ കപ്പ് മത്തായിയെ തിരികെ ഏൽപ്പിക്കുന്നതിനിടെ അവർ ഒരുവിധം പറഞ്ഞൊപ്പിച്ചു. പിന്നീട് ഒരക്ഷരം പോലും പറയാതെ അവർ അവിടെ നിന്നും തിരികെ നടന്നു.അപ്പോൾ മത്തായിയുടെ ഹൃദയത്തിൽ എവിടെയോ ഒരു ചെറിയ വേദന അനുഭവപ്പെട്ടു തുടങ്ങി. ചെറുതായി തന്റെ ഹൃദയധമനികളിൽ ആരോ പിടിച്ചു മുറു ക്കുന്നതുപോലെ ഒരു തോന്നൽ. അയാൾ അത് കാര്യമാക്കാതെ തന്റെ കസേരയിൽ ഇരിപ്പു തുടർന്നു .ഇപ്രാവശ്യം അച്ചൻ ആ വൃദ്ധയെപ്പറ്റി അയാളോടൊന്നും സംസാരിച്ചില്ല. ആയാളും അച്ചനോട് അവരെപ്പറ്റി യാതൊന്നും പറഞ്ഞതുമില്ല.

സമയം ഉച്ചയാകാറായല്ലോ അച്ചോ . ഇനി എപ്പോഴാ നമ്മൾ ഈശോയെ കാണുക ?’ അയാൾ വീണ്ടും അച്ചനെ പരിഹസിച്ചുകൊണ്ട് ചോദിച്ചു.

‘ഇന്ന് വൈകുന്നേരം വരെ സമയമില്ലേ ..നീ കുറച്ചു നേരം കൂടി ക്ഷമിക്ക് .’അച്ചൻ തികച്ചും ശാന്തനായി പറഞ്ഞു.അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അൽപനേരം മുമ്പ് അയാളുടെ വീട്ടിലേക്ക്‌ വന്ന വാസന്തിയെന്ന സ്ത്രീ ,ആ കുട്ടിയേയും ഒക്കത്തു വച്ച് വിതുമ്പിക്കൊണ്ട് പിന്നെയും അത് വഴി ധൃതിയിൽ കടന്നു പോയി. അവർ അയാളുടെ വീട്ടുപടിക്കൽ എത്തിയപ്പോൾ ,അവൾ അവിടേക്ക് നോക്കി നീട്ടിത്തുപ്പി .എന്നിട്ട് വേഗത്തിൽ നടക്കാൻ തുടങ്ങി. അപ്പോൾ അത് കണ്ട മത്തായിക്ക് അരിശം വന്നു.

‘ഇന്നാടീ നിൻറെ കാശ്…എനിക്കങ്ങനെ ആരുടെയും സൗജന്യമൊന്നും വേണ്ട.’അതും പറഞ്ഞു അയാൾ തന്റെ കസേരയിൽ നിന്നും എഴുന്നേറ്റ് ,പോക്കറ്റിൽ നിന്നും പണമെടുത്ത് അവളുടെ നേർക്ക് നീട്ടി.

‘ഇനി അത് വേണ്ടടാ കാലമാടാ ..അത് നീ തന്നെ വച്ചോ ..എന്റെ കുഞ്ഞിന് അനക്കമില്ലാതെയായി.അതിപ്പോൾ തന്നെ ചത്ത് പോകുമെന്നാണ് തോന്നുന്നത് .രാത്രിയിൽ എന്നെ തിരഞ്ഞു വരുന്ന ഒരു ചെറ്റയും ഉണ്ടായില്ല ഇപ്പോൾ എന്നെ ഒന്ന് സഹായിക്കാൻ.’ അവൾ പറഞ്ഞത് കേട്ടപ്പോൾ മത്തായിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ആ രണ്ടു വികാരങ്ങളും തമ്മിൽ പ്രവർത്തിച്ച് അത് പുതിയൊരു തോന്നലായി അയാളിൽ രൂപാന്തരപ്പെട്ടു. അങ്ങനെ ജീവിതത്തിൽ ആദ്യമായി അയാൾക്ക് കുറ്റബോധം തോന്നി. സപ്തവര്ണങ്ങൾ ചേർന്ന് ഏകവർണ്ണരാജി രൂപപ്പെടുന്നത് പോലെ …
ഇവൾ ആദ്യം വന്നപ്പോൾത്തന്നെ ഇവളുടെ പണം കൊടുത്ത് ഒഴിവാക്കേണ്ടതായിരുന്നു. അയാൾ അപ്രകാരം ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ലാസർ മുതലാളിയുടെ ജീപ്പ് അതുവഴി വരുന്നത് അയാൾ കണ്ടു.അയാൾ ധൃതിയിൽ ആ റോഡിലേക്ക് നടന്നു.

ജീപ്പിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ .അയാൾ ആ റോഡിൻറെ നടുവിൽ കയറി നിന്ന് തന്റെ ഇരുകൈകളും വിരിച്ചു പിടിച്ചു ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടു.

‘മുതലാളിയുടെ തോട്ടത്തിലേക്ക് വളം എടുക്കാൻ അത്യാവശ്യമായി പോകുവാണ് .’ജീപ്പ് നിർത്തി, തല വെളിയിലേക്ക് ഇട്ടുകൊണ്ട് ഡ്രൈവർ പറഞ്ഞു.

‘നിന്റമ്മേടെ വളം .കൊച്ചീനേം കൊണ്ട് വേഗം ജീപ്പിലേക്ക് കേറടീ ..’ അയാൾ അവളെ നോക്കി അലറി.അവൾ ധൃതിയിൽ കൊച്ചിനെയും കൊണ്ട് ജീപ്പിന്റെ പിൻനിരയിലേക്ക് കയറിയിരുന്നു.

‘അച്ചനും കൂടി പോരെ ..ആശുപത്രിയിൽ എന്തെങ്കിലും കാര്യമായി സംസാരിക്കേണ്ടി വന്നാൽ ഒരാളായല്ലോ..’ അയാൾ അച്ചനോട് പറഞ്ഞു.

‘വണ്ടി എടുക്കടാ നാറീ ആശുപത്രിയിലേക്ക് .’ അച്ചനും കൂടി ജീപ്പിലേക്ക് കയറിക്കഴിഞ്ഞപ്പോൾ അയാൾ ഡ്രൈവറോട് കൽപ്പിച്ചു. ജീപ്പ് ശരവേഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ചു.

‘തക്കസമയത്ത് ഇവിടെ എത്തിച്ചതുകൊണ്ട് കുഞ്ഞിന്റെ ജീവൻ രക്ഷപെട്ടു .’ കുട്ടിയെ ചികിൽസിച്ച ഡോക്ടർ അവരോടു പറഞ്ഞു.കുറച്ചു പണം കൂടി വാസന്തിയെ ഏല്പിച്ച ശേഷം മത്തായി അച്ചനെയും കൂട്ടിക്കൊണ്ട് ആശുപത്രിയിൽ നിന്നും തിരിച്ചു പോന്നു .

‘നമ്മൾ തിരികെ പോകുന്ന വഴിയിൽ അച്ചനെ ഞാൻ പള്ളിയിൽ ഇറക്കി വിട്ടേക്കാം.’മത്തായി അച്ചനോട് പറഞ്ഞു.

‘അതെന്താടാ മത്തായീ നിനക്ക് ഈശോയെ കാണണ്ടേ ?’അച്ചൻ ചോദിച്ചു.

‘മണി അഞ്ചല്ലേ അച്ചാ ആയിട്ടുള്ളൂ .സമയം ഇനിയും കിടക്കുവല്ലേ .എങ്ങാനും സന്ധ്യയാകാറായിട്ടും അങ്ങേരെ കണ്ടില്ലെങ്കിൽ ഞാൻ പള്ളിയിലേക്ക് ഒരു വരവ് വരും. അച്ചൻ ഒരുങ്ങിയിരുന്നോണം .’അതും പറഞ്ഞ് ജീപ്പ് പള്ളിമുറ്റത്ത് നിർത്താൻ മത്തായി ഡ്രൈവറോട് ആവശ്യപ്പെട്ടു.അച്ചൻ ഒന്നും മിണ്ടാതെ ജീപ്പിൽ നിന്ന് ഇറങ്ങി പള്ളിമേടയിലേക്ക് നടന്നു.

സമയം ഏതാണ്ട് സന്ധ്യയാകാറായി.കപ്യാർ ലോനപ്പൻ പള്ളിമേടയിലേക്ക് ഓടിക്കിതച്ചു വന്നു.

‘അച്ചോ .. അച്ചനറിഞ്ഞോ .. മത്തായിക്കൊള്ളത് ദൈവം കൊടുത്തച്ചോ ..’അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

‘അയാൾക്ക് എന്നാ പറ്റി ?’ അച്ചൻ ചോദിച്ചു.

‘അവനെ ആരൊക്കെയോ ചേർന്ന് ചന്തയിലിട്ടു വെട്ടിക്കൂട്ടി.ചോര കുറെയേറെ പോയിട്ടുണ്ട്.ആരും അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും കൂട്ടാക്കുന്നില്ല .’

അത് കേട്ട അച്ചൻ ധൃതിയിൽ ചന്തയിലേക്ക് നടന്നു.അപ്പോൾ അവിടെ ചോരയിൽ കുളിച്ചു കിടക്കുന്ന മത്തായിയെ അച്ചൻ ദൂരെ നിന്നേ കണ്ടു.അച്ചൻ അയാളുടെ അടുത്തേക്ക് ഓടിയെത്തി.

‘ആരാ മത്തായി നിന്നോടിത് ചെയ്തത് ?’ അച്ചൻ അയാളുടെ അടുത്തേക്ക് കുനിഞ്ഞിരുന്നുകൊണ്ട് ചോദിച്ചു.

‘അച്ചനാരോടും പറയരുത്……ഞാൻ….പോലീസുകാരോട് പോലും…..പറയത്തില്ല . എനിക്ക്….. എനിക്ക് പരാതിയില്ല…….എന്നെ വെട്ടിയത്…..ഉടുമ്പ്…. ഉടുമ്പ്…. വാസുവും….പിള്ളേരുമാണ് .’ അയാൾ ഞരങ്ങിക്കൊണ്ട് പറഞ്ഞു.

‘അതെന്താടാ നിനക്ക് പരാതിയില്ലാത്തത് ?’ അപ്പോൾ മത്തായി പറഞ്ഞത് വിശ്വാസം വരാഞ്ഞിട്ടെന്നപോലെ അച്ചൻ അയാളോട് ചോദിച്ചു.

‘അച്ചോ ..കുറച്ചു മുൻപ് …അങ്ങേര് …എന്റെ അടുത്ത് …വന്നായിരുന്നു …എന്നിട്ട് നമ്മളെ …ഉപദ്രവിക്കുന്നവരെ ….തിരിച്ച് ഉപദ്രവിക്കരുതെന്നും ….പകരം…..സ്നേഹിക്കണമെന്നും പറഞ്ഞിട്ട് പോയി ….’ മത്തായി കഷ്ടപ്പെട്ട് പറഞ്ഞൊപ്പിച്ചു.

‘ആര്..?’ അച്ചൻ അത്ഭുതത്തോടെ ചോദിച്ചു.

‘ഈശോ ….’അതും പറഞ്ഞു അയാൾ ആ നിലത്തു കിടന്നു ഞരങ്ങി മൂളാൻ തുടങ്ങി.അച്ചൻ അയാളെയും എടുത്തുകൊണ്ട് അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു വണ്ടിയിൽ കയറി ആശുപത്രിയിലേക്ക് പാഞ്ഞു .

‘എനിക്ക്…..തല…..കറങ്ങുന്നച്ചോ ..’അയാൾ നിസ്സഹായനായി പറഞ്ഞു.

‘സാരമില്ലടാ..നമ്മൾ ഇപ്പോൾ തന്നെ ആശുപത്രിയിൽ എത്തും .’ അതും പറഞ്ഞ് അച്ചൻ അയാളുടെ തല എടുത്ത് തന്റെ മടിയിലേക്ക് വച്ചു .

ഒരാഴ്ച കഴിഞ്ഞു. അച്ചൻ മത്തായിയെ സന്ദർശിക്കാനായി ആശുപത്രിയിൽ എത്തി.

എടാ മത്തായീ..അന്ന് നിന്നോട് അങ്ങനെ പറഞ്ഞ ആൾ ഈശോ ആണെന്ന് നിനക്ക് എങ്ങനെ മനസിലായി ?’ അച്ചൻ കൗതുകത്തോടെ ചോദിച്ചു.

‘എനിക്കും ആദ്യം അങ്ങേരെ തീരെ മനസിലായില്ലച്ചോ .പക്ഷെ തിരിച്ചു പോകുന്നതിനു മുമ്പ് അങ്ങേര് എന്നോട് ഒരു കാര്യം കൂടി പറഞ്ഞായിരുന്നു.’ മത്തായി ഒരു നിമിഷത്തേക്ക് സംസാരം നിർത്തി. എന്നിട്ട് തുടർന്നു .

‘നിനക്ക് നിന്റെ ശത്രുക്കളോടു ക്ഷമിക്കാനും , പകരം അവരെ സ്നേഹിക്കാനും ഇന്ന് തന്നെ ഞാൻ ഒരു അവസരം തരുമെന്ന് ..’ മത്തായി പറഞ്ഞു നിർത്തി.

മത്തായിയുടെ അപ്പോഴുള്ള മറുപടി കേട്ട അച്ചൻ ആ ആശുപത്രിയുടെ ചുവരിൽ തൂക്കിയിട്ടിരുന്ന ക്രൂശിതരൂപത്തിലേക്ക് ഒന്ന് നോക്കി. അപ്പോൾ ആ ക്രൂശിതരൂപം തന്റെ കണ്ണുകൾ തുറന്നു മത്തായിയെ തന്നെ നോക്കി കിടക്കുകയായിരുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

  1. Beautiful story, narrates the courageousness of the Priest to confront ഇറച്ചി മത്തായി .
    Eeshoykku vendy oru aathmavine neduvan

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here