അകാലത്തിൽ അന്തരിച്ച യുവ കഥാകൃത്ത് മനോരാജിന്റെ സ്നേഹസ്മരണകളിൽ ബ്ലോഗ് സുഹൃത്തുക്കൾ മനോരാജിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ചെറായിയിൽ ഒത്തുകൂടി. മനോരാജിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ കഥാപുരസ്‌കാര സമർപ്പണവും നടത്തി. ബിജു സി.പി. യുടെ ‘പെലയസ്ഥാനം’ എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 33,333 രൂപയും ശില്പവുമാണ് അവാർഡ്.
പള്ളിപ്പുറം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂയപ്പിള്ളി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പുരസ്കാരം സമർപ്പിച്ചു. അജിത് നീലാഞ്ജനം പുസ്തക പരിചയം നടത്തി. ദേവരാജൻ മാസ്റ്റർ, വിവേകാനന്ദൻ മുനമ്പം, സന്ദീപ് സലിം, ബിജു സി.പി. എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം നേടിയ പൂയപ്പിള്ളി തങ്കപ്പന് ഡോ. ജയൻ ഏവൂർ ഉപഹാരം സമർപ്പിച്ചു.