കുറൂരിൻറെ കവിതകളെക്കുറിച്ച് ഒരു വായനക്കാരിയുടെ കുറിപ്പ്

 

നോവലിസ്റ്റും കവിയും ലേഖകനുമായ മനോജ് കുറൂറിന്റെ കവിതകളുടെ മികച്ച ഒരു സമാഹാരം ഡിസി അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകത്തെപ്പറ്റി ഷീബ ഡിൽഷാദ് എഴുതിയ കുറിപ്പ് വായിക്കാം:

മനോജ് കുറൂരിന്റെ 1997 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ രചിച്ച കവിതകളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച കവിതകളുടെ സമാഹാരമാണ് ” കവിതകൾ” എന്ന പേരിൽ ഡി.സി.ബുക്ക്സ് ഈയിടെ പുറത്തിറക്കിയത്.കവിതയുടെ വൈവിധ്യമാർന്ന പുതുമകൾക്കിടയിലും ഛന്ദോ ബദ്ധമായ രചനകൾ പുതിയ ഭാവുകത്വത്തോടെ നമുക്ക് മുന്നിൽ തിളങ്ങി നിൽക്കുന്നു .

“തൃത്താളക്കേശവൻ” തായമ്പകയുടെ വ്യവസ്ഥാപിത സങ്കല്പങ്ങളെ തകിടം മറിച്ച കലാകാരനാണെന്ന് കവി .കവിതയാലൊരു അക്ഷരത്തായമ്പക തീർക്കുകയാണ്.കവിതയിൽ നാല് ഭാഗങ്ങളുണ്ട്. ഒരു തിരനോട്ടം പോലെ മഹായവനികയ്ക്കുള്ളിൽ മറഞ്ഞ കലാകാരന്റെ അനന്യമായ വാദനാനുഭൂതി വാക്കുകളിലൂടെ പകർത്തുന്നു.

“കാലപ്പെരുവലന്തല- ധീംതധീംധീം
കുളിരു പെയ്തതു മുറുകി മുറുകി –
പ്പെരിയ പേമഴ ലഹരിയായിട്ടിടി
മുഴങ്ങിയൊടുങ്ങിയൊടുവിൽ
പുതിയ താളമിഴഞ്ഞു നീങ്ങുന്നു ” .

തുടർന്ന് കേശവപ്പൊതുവാൾ തായമ്പകയുടെ വന്യവും തിരസ്കൃത വുമായ ഒറ്റയടിപ്പാതയിലൂടെ നടന്നു കയറിയ പ്രപഞ്ചത്തെ പരിചയപ്പെടുത്തുന്നതിങ്ങനെ:

” നേർവഴിക്കടുക്കാത്ത കാടിനും നടുക്കെത്തി
കേശവൻ മുരളുന്നു മൂന്നു ലോകവും നോക്കി
ചെണ്ടയിൽ പ്രപഞ്ചത്തെ തല കുത്തനെ നിർത്തി
കേശവൻ ചിരിക്കുന്നു മൂന്നു കാലവും നോക്കി ”
താളവും,പദഗാംഭീര്യവുമൊത്തു വന്ന അനേകം സന്ദർഭങ്ങൾ ഈ കവിതയിലുണ്ട്. വൃത്തഭംഗി വരുത്തുമ്പോൾ കവിതകളുടെ ജീവൻ നഷ്ടപ്പെടുന്നതായാണ് അനുഭവം. എന്നാൽ ,

“അമൃതിൻ കൈകൾ തൊട്ടു നനച്ചും
കതിരവനെ കൈതൊട്ടു വിളിച്ചും
വിരലിൽ നിന്നൊരു ചങ്ങല നീട്ടിയ –
തുലകത്തണ്ടിൽ ചുറ്റിവരിഞ്ഞും
കടലുകളേഴും കൈയിലെടുത്തും
കളിയാണവനീ വക മുഴുമിക്കാൻ
ഒന്നിലൊതുങ്ങിയ താളമനന്തം
തുടരുകയെങ്കിലു,മപ്പുറമേതെ-
ന്നുഴറുകയാണവനതിരു വരയ്ക്കാൻ ”

കവിയ്ക്കാപ്പം വായനക്കാരനും മേളപ്പദങ്ങളിൽ ആമഗ്നനാവുന്ന കാഴ്ചയാണ് ഈ അക്ഷരത്തായമ്പകയിലുടനീളമുണരുന്ന രസം. ധന്യമായൊരു ജീവിതത്തിൻറെ ചിത്രണത്തിൽ കടന്നു വരാവുന്ന
സ്വകാര്യതയുടെ വല്മീകം അടർത്തിക്കൊണ്ട് അദ്വൈതത്തിൽ എരിയുമ്പോഴാണ് ഒരു കവി വിശ്രുത നാവുകയെന്ന്, ഒരു സന്ദർഭത്തിൽ ആശാ മേനോൻ പറഞ്ഞിട്ടുണ്ട്. എന്നാൽ കേവലമായ ആനന്ദത്തിൽ വാഴുന്ന അദ്വൈതിയല്ല, ആധുനിക കവി. അവനവൻ സംഭരിക്കുന്നത് മധുവാണെങ്കിൽപ്പോലും അതിൽ സ്വയം മറന്ന് ആണ്ടു പോകുമ്പോൾ, ഒരു തരം നിമഗ്നതയാണുണ്ടാവുക.. ആത്മാവിഷ്കാരം എന്നത്, ആത്മ വിമോചനമാണെന്ന് ടി.എസ്. ഇലിയറ്റ് ചൂണ്ടിക്കാട്ടുന്നത് ,എങ്കിൽ മാത്രമേ വായനക്കാരന്റെ ഹൃദയത്തെ, ആത്മാവിനെ സ്പർശിക്കൂ എന്നത് എത്ര വാസ്തവമെന്ന് നോക്കൂ ..

മരത്തിന്നുടൽ മൂടും
പോളകൾ തിരഞ്ഞു നാം
ഉള്ളിലേക്കിറങ്ങിയാൽ
പുറമേ മാഞ്ഞിട്ടവ
പിന്നെയും തെളിഞ്ഞേക്കും
ചുവടിൽ, നിറുകയിൽ

വേരുകൾ മണ്ണിൽനിന്നു –
മടർന്നു കഴിഞ്ഞാലും
ചില്ലകൾ വസന്തത്തെ
യോർമ്മിക്കുന്നതു പോലെ
ഇരുപാതകൾ നോക്കി
നാമിനിപ്പിരിഞ്ഞാലും
നിറയാമുള്ളിൽച്ചില –
തിത്തിരി നേരം കൂടി

ഇനിയും വരുന്നവർ
നമ്മളെ വായിക്കട്ടെ
മറ്റൊരു കാലത്തിന്റെ
വേരിലുമിലയിലും..

കവിത, ഒരു കനിവ് അല്ലെങ്കിൽ ഒരു അഴൽ എന്ന നിലവിട്ട് സാർവ്വത്രിക സ്വഭാവം കൈവരിക്കുന്നത് നമുക്കിവിടെ ദർശിക്കാനാകും. ഇതരചരാചരങ്ങളെ പരിഗണിക്കാതെ, അവനവനിൽ ആണ്ടു പോകുമ്പോൾ ഈ സാർവ്വജനീനഭാവം കൈവരിക്കാനാകില്ല.

കവിതകളേറെയും ആത്മസ്പർശിയായി കടന്നു വരികയും, ഓർമ്മകളുടേയും വ്യക്തി ബന്ധങ്ങളുടെയും ‘ഉടലിലിരുന്ന് ഉള്ളിലേക്ക് നോക്കുന്ന ഞാനെന്ന് ” വായനക്കാരെ പഠിപ്പിക്കുകയും ചെയ്യുന്ന കവിതകൾ

” മുറിയടിക്കുന്ന ചൂലിൽ കുരുങ്ങുന്നു
പകുതി തീർന്ന സിഗരറ്റു കുറ്റികൾ
മറുപകുതിയിലുണ്ടെന്റെ കൂട്ടുകാർ
പലരു കൂടി മുടിച്ച കവിതകൾ

എവിടെ തീപ്പെട്ടി? ഞാനും തിരക്കയാ –
യവളൊരുക്കും ചിതയിൽ കൊളുത്തുവാൻ
കളയുവാനുള്ളതേ, തറിയാതെ ഞാൻ
മുറിയിൽ സൂക്ഷിച്ച ജീവിതമാണതിൽ ”

ഓപ്പിയം എന്ന കവിതയിൽ പ്രണയമാണ് ഇതിവൃത്തം. സത്യസൗന്ദര്യങ്ങൾ ഒരു വ്യക്തിയിൽ സ്വാംശീകരിക്കുകയും, ജീവിതത്തിന്റെ നിത്യപ്രചോദനമായ കലാസൃഷ്ടിയായി പുനർജ്ജനിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ നമുക്ക് ദർശിക്കാം. പ്ലേറ്റോ പ്രണയത്തിന് കൊടുക്കുന്ന ഉദാത്ത സ്ഥാനങ്ങളിൽ ദ്വിതീയ സ്ഥാനമാണ് ഈ ദർശനത്തിന്. പ്രഥമസ്ഥാനം പ്രണയസാഫല്യം കുടുംബ ജീവിതത്തിന്റെ അടിത്തറയാകുന്നതിന്റെ ആന്തരിക സത്തയുമായി ബന്ധപ്പെട്ടാണ്.സത്യ സൗന്ദര്യങ്ങൾ ഒരു വ്യക്തിയിൽ കണ്ടെത്തുമ്പോൾ ആ വ്യക്തിയെ സ്വന്തമാക്കാനും അതിൽ പുനർജ്ജനിക്കാനുമുള്ള ആഗ്രഹമാണ് അത്. വ്യക്തിയോട് തോന്നുന്ന പ്രണയത്തെ വിശ്വപ്രേമമായി മാറ്റാനുള്ള ശ്രമമാണ് മൂന്നാമത്തേത്. ഈ മൂന്നു പ്രണയഭാവങ്ങളും കുറൂർ കവിതകളിൽ നമുക്ക് ദർശിക്കാനാകും:

” നീ ഇളക്കങ്ങളുടെ ദേവത
ഒഴുക്കുകളുടെയും ഓളങ്ങളുടെയും
കവണയും കിളിയും നീ തന്നെ ”
“എങ്കിലും ഒരു കാറ്റിനെ
എനിക്കിപ്പോൾ
വിളിച്ചു വരുത്താതെ വയ്യ
ഈ പൂക്കളൊക്കെ കൊയ്തുകൂട്ടാൻ” –
(ഓപ്പിയം.)

”ഞാനെന്നൊരിരുട്ടിലും
നീയെന്നെ നിലാവാണു
കാഴ്ചയായിരുന്നതെ-
ന്നന്നൊക്കെ പറഞ്ഞിട്ടും
ഇത്രനാളൊരേ വീട്ടിൽ
ഒരുമിച്ചുണ്ടായിട്ടും
എത്രയാണ് നമ്മൾ തമ്മിൽ
നോക്കിയി,ട്ടിതേ പോലെ?”
(ആകയാൽ പ്രിയേ..)

അതിരുമാന്തൽ എന്ന കവിത..

അതിരുകൾ കനം തൂങ്ങുന്ന വിലക്കുകളാണ്, സ്വാർത്ഥതയാണ്, അമാനവികവും പ്രകൃതി വിരുദ്ധവുമാണ്.. കവിതയിൽ, അതിരു കെട്ടിയ കരിങ്കല്ലിന്റെ മാഞ്ഞുപോകലിനോടൊപ്പം അവനവന്റേതെന്ന ബോധവും ഇല്ലാതാകുന്നു.. പകരമവിടെ മുളയ്ക്കുന്നത് വാടാമുല്ലകളാണ്, കാവൽ നിൽക്കുന്നത് പുൽച്ചാടികളാണ്, ദൃഢപ്പെടുന്നത് പൂക്കളും ഇലകളും തുമ്പികളും വീതിച്ചെടുക്കുന്ന പ്രകൃതിയുമായുള്ള വിലയം പ്രാപിക്കലാണ്.. പ്രകൃതിയിലെ സർവ്വ തിര്യക്കുകളും ഒന്നാകുന്ന സമദർശിത്വമാണ്. അവയെ തൊട്ടു കൊണ്ടല്ലാതെ കവിയ്ക്കൊരു കവിതയിലും ചുവടുറപ്പിക്കാനാവില്ല. ഒരു പച്ചയോ നിഷ്കപടമായൊരു നോട്ടമോ കടന്നു പോകാതെ ഒരു കവിതയും അവസാനിക്കുന്നില്ല, പൂർണ്ണതയിലെത്തുന്നുമില്ല.

“പച്ചയിത്തിരി കണ്ടാ
ലപ്പോഴേ നമുക്കുള്ള
സ്വർഗ്ഗമാണവിടെന്നു
കണ്ണുകൾ കോർക്കുമ്പോഴും ”

“ഇന്നത്തെ പുലരിക്കു
കത്രിക വയ്ക്കല്ലേ,
നാം മാഞ്ഞു പോയാലും
നേരം മാറാതെയിരുന്നോട്ടെ”

“ചില നേരങ്ങളിലെങ്കിലു
മൊരു തുമ്പപ്പൂ മതിയീ
മലയാളത്തെ പൂക്കളമാക്കാൻ ”

കവിത ഒരു ലഹരിയായി കൊണ്ടു നടക്കുന്ന ഒരാൾക്ക് ഏതു വരിയിൽ നിന്നു തുടങ്ങിയാലും പൂർണ്ണതയുടെ സൗന്ദര്യം ആസ്വദിക്കാനാവുന്ന, ആത്മാവിൽ അനന്യമായ ഹ്ളാദത്തെ ജനിപ്പിക്കുവാൻ ഈ കവിതകൾക്ക് പ്രാപ്തിയുണ്ടെന്ന് സംശയലേശമന്യേ പറയട്ടെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here