സണ്ണി എം. കപിക്കാടിന്റെ ‘ജനതയും ജനാധിപത്യവും: ദളിത് വിജ്ഞാനത്തിന്റെ രാഷ്ട്രീയപാഠങ്ങൾ’ എന്ന പുസ്തകത്തിന്റെ വായനാനുഭവത്തെപ്പറ്റി കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.വ്യക്തമായ ദിശാബോധത്തോടെ എഴുതപ്പെട്ട ഈ കൃതി മറുവായനകളും ,പുനർവായനകളും ആവശ്യപ്പെടുന്നു.
സണ്ണി എം. കപിക്കാടിന്റെ ‘ജനതയും ജനാധിപത്യവും: ദളിത് വിജ്ഞാനത്തിന്റെ രാഷ്ട്രീയപാഠങ്ങൾ’ എന്ന പുസ്തകം വായിക്കുന്നു. അതിലെ ഒന്നാം ഭാഗമായ ‘ഭൂമി വിഭവാധികാരം’ വായിച്ചു കഴിഞ്ഞപ്പോൾത്തന്നെ ഒരു കുറിപ്പെഴുതണം എന്നു തോന്നി. അദ്ദേഹമുന്നയിക്കുന്ന ഒരു കാര്യത്തോടുപോലും വിയോജിപ്പു തോന്നിയില്ല. മാത്രമല്ല, മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും ഇതിൽ വിശദീകരിക്കുന്ന വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളെ എന്തുകൊണ്ട് അവഗണിക്കുന്നു എന്നൊരമ്പരപ്പും തോന്നി. വ്യക്തമായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഉന്നയിക്കുന്ന ചില വിഷയങ്ങളെ സംഗ്രഹിക്കുക മാത്രം ചെയ്യട്ടെ:
1957 ൽ വന്ന ഭൂപരിഷ്കരണബിൽ കേരളഭൂപരിഷ്കരണനിയമമായി നടപ്പാക്കുന്നത് 1970 ജനുവരി ഒന്നിനാണ്. ജന്മിയിൽനിന്നു ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്ന കുടിയാന്മാർക്ക് ഭൂമിയുടെ മേൽ സ്ഥിരാവകാശം നൽകുക, ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കുക, പരിധി നിശ്ചയിക്കുമ്പോൾ അധികം വരുന്ന ഭൂമി സർക്കാർ ഏറ്റെടുത്തു മിച്ചഭൂമിയായി പ്രഖ്യാപിക്കുക, മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നിവയായിരുന്നു കേരള ഭൂപരിഷ്ക്കരണ നിയമത്തിന്റെ വ്യവസ്ഥകൾ. ഈ നിയമത്തിൽ നിന്ന് കേരളത്തിലെ കൃഷിഭൂമിയിൽ 60 ശതമാനത്തിലധികം വരുന്ന തോട്ടംമേഖലയെ ഒഴിവാക്കിയിരുന്നു.
അതുവരെ കേരളത്തിലെ കൃഷിഭൂമി പൂർണമായും കൈവശം വച്ചിരുന്നത് ജാതിശ്രേണിയിലെ ‘ഉയർന്ന’വരായ ബ്രാഹ്മണ- സവർണ്ണ വിഭാഗങ്ങളായിരുന്നു. ഇവർ നേരിട്ടു കൃഷി ചെയ്യുന്നതിന് പകരം തൊട്ടടുത്ത ജാതികൾക്കു കൃഷി ചെയ്യുവാൻ ഭൂമി പാട്ടത്തിനും വാരത്തിനും കൊടുക്കുകയായിരുന്നു പതിവ്. ഇത്തരം ഭൂമികളിൽ കൃഷിപ്പണി ചെയ്തിരുന്നത് കാർഷിക അടിമകളായിരുന്നു. ജാതി ശ്രേണിയുമായി ബന്ധപ്പെട്ട ഈ യാഥാർത്ഥ്യം കാണാതിരിക്കുകയും കാർഷിക അടിയാളത്തത്തെ പ്രത്യേകമായി മനസ്സിലാക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ഭൂപരിഷ്ക്കരണനിയമത്തിന് ഭൂവുടമസ്ഥതയിൽ ഒരു വിപ്ലവകരമായ മാറ്റവും വരുത്താനായില്ല. ഇതിന്റെ ഫലമായി ഉയർന്ന സവർണ സമുദായങ്ങളിൽനിന്ന് സവർണ്ണ മധ്യമ സമുദായങ്ങളിലേക്കുള്ള ഒരു ഭൂമികൈമാറ്റമാണു ഭൂപരിഷ്ക്കരണ നിയമത്തിലൂടെ നടന്നത്. അയിത്തജാതി വിഭാഗങ്ങൾക്ക് പാട്ടമായോ വാരമായോ ഭൂമി കൈവശം വയ്ക്കാൻ അവകാശമില്ലാതിരുന്നതുകൊണ്ട് കർഷകത്തൊഴിലാളികൾക്ക് കൃഷിഭൂമി ലഭ്യമായില്ല.
കൈവശഭൂമിയില്ലാത്ത ഇവർക്കു വേണ്ടിയാണ് കുടികിടപ്പുനിയമം പാസാക്കപ്പെട്ടത്. അതായത്, കൃഷിഭൂമിയിൽ യാതൊരവകാശവുമില്ലാതെ അധ്വാനിക്കേണ്ടിവന്ന വിഭാഗങ്ങൾ പഞ്ചായത്തു മേഖലയിൽ പത്തും മുനിസിപ്പാലിറ്റിയിൽ അഞ്ചും കോർപ്പറേഷനിൽ മൂന്നും സെന്റ് ഭൂമിയിലേക്കു മാറ്റപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷവും ദലിതരും ആദിവാസികളുമായിരുന്നു. 5.3 ലക്ഷം പേർക്ക് ഇത്തരത്തിൽ ഭൂമി ലഭിച്ചെങ്കിലും, 1. 26 ലക്ഷം മിച്ചഭൂമിക്കൊപ്പം ഭൂരഹിതരായ വലിയൊരു ജനവിഭാഗവും മിച്ചം വരികയാണു ചെയ്തത്. ഇവരെ പുനരധിവസിപ്പിക്കാനാണ് ലക്ഷംവീടു കോളനികളും ഹരിജൻ കോളനികളും നിർമ്മിച്ചത്. കേരളത്തിൽ ദലിതർക്കും ആദിവാസികൾക്കും മാത്രമേ കോളനികൾ ഉള്ളൂ എന്നത് ഭൂപരിഷ്കരണം ബഹിഷ്കരിച്ചത് ആരെ എന്ന ചോദ്യത്തിന്റെ സ്പഷ്ടമായ ഉത്തരമാണ്.
കേരളശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ഒരു സാമ്പിൾ സർവേയുടെ ഫലം പുസ്തകത്തിലുണ്ട്. ഇതനുസരിച്ച് ഒരു കുടുംബത്തിന്റെ കൈവശഭൂമി സെന്റിൽ:
മുന്നോക്കജാതി- 105
പിന്നോക്കജാതി- 63
ക്രിസ്ത്യാനികൾ- 126
മുസ്ലീങ്ങൾ- 77
ദലിതർ- 2.7
ഏറ്റവും ഒടുവിൽ കേരള റവന്യൂ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ഭൂമിയോ വീടോ ഇല്ലാത്ത 2,33,232 കുടുംബങ്ങളുണ്ട്. കേരളത്തിലെ ദലിതരിൽ 75 % പേരും ദരിദ്രരോ പരമദരിദ്രരോ ആണെന്ന് ഒരു സർവേ ഫലം പറയുന്നു.
ആദിവാസികളുടെ അവസ്ഥയും ഇതിനോടു ചേർത്തു വയ്ക്കണം. വിദേശ- ആഭ്യന്തര കുടിയേറ്റങ്ങളിലൂടെയാണ് അവർക്കു ഭൂമി നഷ്ടമാകുന്നത്. ആദ്യം യൂറോപ്യൻ പ്ലാന്റർമാരുടെ കുടിയേറ്റം, പിന്നെ ആഭ്യന്തര കുടിയേറ്റം, സർക്കാരിന്റെ വിവിധ പദ്ധതികൾ എന്നിവയിലൂടെയാണ് അവർക്കു ഭൂമി നഷ്ടമാകുന്നത്. വയനാട്ടിൽ ഭൂപരിഷ്കരണനിയമം നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ നിയമവ്യാഖ്യാനത്തിൽ ആദിവാസി ജന്മിയും കുടിയേറ്റക്കാർ പാട്ടക്കാരുമായി! ആദിവാസികളെ പറഞ്ഞു പറ്റിച്ചു പുറത്താക്കിയ അനുഭവങ്ങളും ധാരാളം.
ഇത്തരത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശവും ജാതിയും ഒരേപോലെ പ്രതിസന്ധികൾ നിർമ്മിച്ച അവസ്ഥയിലാണ് കേരളത്തിൽ മുത്തങ്ങ സമരം, ചെങ്ങറ സമരം തുടങ്ങിയ പ്രതിഷേധങ്ങളുണ്ടാവുന്നത്. അവയെ അവഗണിക്കാനും അടിച്ചമർത്താനും ഭരണവർഗം നടത്തിയ കൗശലങ്ങളുടെ സൂക്ഷ്മമായ വിശദീകരണം ഈ പുസ്തകത്തിലുണ്ട്. ഒരുദാഹരണം മാത്രം പറയാം. മുത്തങ്ങ സമരത്തിന്റെ ഭാഗമായി ആദിവാസി ഗോത്ര മഹാസഭ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്, ആദിവാസിമേഖലയെ ഭരണഘടനയുടെ 244 ആം വകുപ്പനുസരിച്ച് പട്ടികവർഗ്ഗ പ്രദേശമായി പ്രഖ്യാപിക്കുക എന്നതായിരുന്നു. എന്നാൽ ഈയൊരാവശ്യത്തെ കേട്ടില്ലെന്നു നടിക്കുകയും കൗശലത്തോടെ വിഷയം വഴിതിരിച്ചു വിടുകയുമാണ് കേരളീയ സമൂഹം ചെയ്തത്. ഭരണഘടനാപരമായിത്തന്നെ ആദിവാസികൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇതുമൂലം കേരളത്തിൽ നഷ്ടമായി. 1996 ൽ കേന്ദ്ര ഗവൺമെന്റ് ‘പെസ’ (Panchayati Raj Extension to the Scheduled Areas) എന്ന നിയമമുണ്ടാക്കിയിട്ടും കേരളം അറിഞ്ഞമട്ടു കാണിച്ചില്ല. ഗോത്രമഹാസഭയുടെ ആവശ്യങ്ങളെ നിർവീര്യമാക്കാൻ അവരെ ഭീകരവാദികൾ എന്ന ലേബലൊട്ടിക്കുകയാണു ചെയ്തത്. ചെങ്ങറയിലാകട്ടെ ഏഴര മാസത്തോളം സമരം ചെയ്തിട്ടും ആ സമരം അവഗണിക്കപ്പെടുകയും ചെയ്തു.
കേരളത്തിൽ ഇനി ഭൂരഹിതർക്കു വിതരണം ചെയ്യാൻ മിച്ചഭൂമിയില്ല എന്നു പറയുന്നവരുണ്ട്. ഹാരിസൺ മലയാളം പോലുള്ള കുത്തകകൾ നിയമംലംഘിച്ചു കൈവശംവച്ചിരിക്കുന്ന ഭൂമിയെപ്പറ്റി പുസ്തകത്തിൽ വിശദീകരണമുണ്ട്. ഇത്തരത്തിലുള്ള ഭൂമി തിരിച്ചുപിടിക്കുകയും അനിയന്ത്രിതമായി കൈവശംവയ്ക്കാവുന്ന തോട്ടഭൂമിക്കു നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ മിച്ചഭൂമി കണ്ടെത്തുകയും ചെയ്തുകൊണ്ട് ഭൂരഹിതരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള സാധ്യതയും ഈ പുസ്തകം നിർദ്ദേശിക്കുന്നുണ്ട്.
സാഹിത്യം, തത്വശാസ്ത്രം, വികസനംപോലുള്ള സമകാലിക സാമൂഹിക വിഷയങ്ങൾ എന്നിവ ഈ പുസ്തകത്തിന്റെ ബാക്കി ഭാഗങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വായന അത്രയുമായില്ല. എങ്കിലും വായിച്ച ഭാഗത്തു യുക്തിയുക്തമായി ഉന്നയിക്കപ്പെട്ട ഒരു പ്രധാന കാര്യം കൂടുതൽ ചർച്ചകൾ ആവശ്യപ്പെടുന്നുണ്ട് എന്നു തോന്നി. അതുകൊണ്ട് ഇത്രയും.
(കോഴിക്കോട് വിദ്യാർത്ഥി പബ്ലിക്കേഷൻസ് ആണു പ്രസാധകർ. വില 800 രൂപ)