മണ്ണിനും ആകാശത്തിനും ഇടയിലൊരാൾ

magical-art-of-shadow-photography-19

“കറുപ്പേട്ടന്റെ പട്ടി ചത്തു.”

ഈ വിവരം ആദ്യം പുറത്തറിയുന്നത് വറീച്ചായന്റെ പണിക്കാരൻ ആ തമിഴൻ ചെക്കൻ വന്നു പറയുമ്പോയാണ്.

രണ്ടു ദിവസം പന്നിഫാമിലേക്ക് കറുപ്പേട്ടനെ മുന്നറീപ്പില്ലാതെ കാണാതിരിന്നപ്പോഴാണ് വറീച്ചായൻ തമിഴനെ കുന്നിൻ മോളിലുളള കറുപ്പേട്ടന്റെ ഓലമേഞ്ഞ ഷെഡിലേക്ക് പറഞ്ഞു വിട്ടത്. ചളി നിറഞ്ഞ കളളി മുണ്ട് മടക്കിയുടുത്താണ് അവൻ അതു വന്നു പറഞ്ഞത് .

“ഓന്റെ നായ ചത്ത് ”

തമിഴൻ പറഞ്ഞമ്പോൾ വറീച്ചായൻ ശരിക്കും അമ്പരന്നു. ആ പട്ടിയില്ലാതെ കറുപ്പേട്ടനെ ആരും കണ്ടിട്ടില്ല. രാവിലെ നാലുമണിക്ക് രണ്ടു കട്ട ടോർച്ചും മിന്നിച്ച് ഫാമിൽ പണിക്കു വന്നുകയറുമ്പോൾ മുതൽ  അയാൾ തിരിച്ചു പോവുന്നത് വരെ പട്ടി ഫാമിന്റെ ഗെയിറ്റിനു അരികിലുളള കാർ ഷെഡിൽ ചടഞ്ഞുകിടക്കും ഇടക്കിടെ അത് പന്നിച്ചൂര് മണക്കുന്ന വലിയ തളങ്ങളിൽ പോയി  ചുറ്റികറങ്ങി തിരിച്ചു വരും .

ഒൽമ്പതു മണിക്ക് പണിക്കാർ ചായ കുടിക്കണ സമയം കറുപ്പേട്ടൻ ഈണത്തിൽ നീട്ടിവിളിക്കും

“എടാ രാമുവേ ….”

പിന്നെ രണ്ടു പേരും കൂടെ പറമ്പിന്റെ ഒതിക്കിലെവിടെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കും. ഇത് ഫാമിൽ വർഷങ്ങളായുളള സ്ഥിരം കാഴ്ച്ചയാണ് .തനിക്കു കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് എപ്പോഴും കറുപ്പേട്ടൻ പട്ടിക്കു പകുത്തിരുന്നു.

“എന്നിട്ട് ഒനെന്താ പറഞ്ഞത് നാളെ വരോ.”

വറീച്ചായന്റെ ചോദ്യത്തിന് തമിഴൻ  അറിയില്ല
എന്ന അർത്ഥത്തിൽ തലയാട്ടി. അവൻ തിരിച്ചു നടന്നു പോയപ്പോൾ വറീച്ചായൻ മേശവലിപ്പു തുറന്ന് ചട്ടകീറിയ വലിയ ഡയറി എടുത്ത് കറുപ്പേട്ടന്റെ നമ്പർ തിരഞ്ഞു .

കുന്നിൻ പുറത്തേക്കുള്ള വഴിവക്കിൽ നിറയെ കുറ്റികാടു മുളച്ചു പൊന്തിയിരുന്നു. വഴിക്കരികിലൂടെ ശുഷ്ക്കിച്ചൊഴുകുന്ന നീർച്ചാലിൽ ചെമ്പൻ നിറമുള്ള ഉരുളൻ കല്ലുകൾ കിടന്നിരുന്നു.

കർക്കിടക മാസത്തിൽ ഈ ചാലിൽ കൂടി വെള്ളം നിറഞ്ഞൊഴുകുന്നത് ഒരു വെളുത്ത വരപോലെ വറീച്ചായന്റെ ഫാമിൽ നിന്ന് കാണാമായിരുന്നു.

വറീച്ചായന് കയറ്റം ബുദ്ധിമുട്ടായി തോന്നിതുടങ്ങി ഇപ്പം കുന്നു കയറാനൊന്നും വയ്യ, എങ്കിലും പോവാതെ പറ്റില്ല കറുപ്പേട്ടനുമായി എത്രയോ വർഷത്തെ ബദ്ധമുണ്ട്. അയാളുടെ ഫോൺ നമ്പർ തപ്പിയെടുത്തു വിളിച്ചെങ്കിലും ഇപ്പോൾ നിലവിലില്ലെന്ന മറുപടിയാണ് കിട്ടിയത് .

പണ്ടു കാലത്ത് പുള്ളിക്ക് നാടൻ ചാരായം വാറ്റായിരുന്നു പണി. അന്നു മുതലേ കറുപ്പേട്ടൻ വറീച്ചായന്റെ പ്രിയപ്പെട്ടവനായിരുന്നു.

മുകളിൽ കുന്നിന്റെ മറുവശത്തേക്ക് സൂര്യൻ താണുതുടങ്ങിയിരുന്നു. മാനം ചെങ്കനൽ പോലെ ചുവന്നു തുടുത്തിരിക്കുന്നു .

മൂളിവരുന്ന മൂവന്തികാറ്റിന് കുന്നിൻ മുകളിൽ പൂത്തു കിടന്ന കരിമ്പനപ്പൂക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു.

ഏകാകിയായ തീർത്ഥാടകനെ പോലെ വറീച്ചായൻ കയറ്റം കയറി കൊണ്ടേയിരുന്നു.

കറുപ്പേട്ടൻ തണുത്ത സിമന്റ് തറയിൽ കമഴ്ന്ന് കിടന്നു . ഇനി മുതൽ താൻ ഒറ്റക്കാണ്. ആദ്യം ഭാര്യ പോയി പീന്നീട് എപ്പോഴോയാണ് രാമു കൂടെ വന്നത് , എന്നാണെന്നു പോലും ഓർമ്മയില്ല ,പക്ഷേ അതിനുശേഷം അവനില്ലാതെ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം പോലും ഉണ്ടായിട്ടില്ല.

വറീച്ചന്റെ ഫാമിലെ പണിയും, ജനറേറ്ററർ ഷെഡിന്റെ തറയിലെ ഉച്ചയുറക്കവും കഴിഞ്ഞ്, നാരായണന്റെ ഷാപ്പിൽ നിന്ന് ഒരു കുപ്പി പതിവും കള്ളും അകത്താക്കി രാമുവിനെയും കൂട്ടി കുന്നു കയറുമ്പോൾ കറുപ്പേട്ടൻ പാടുന്ന പഴയ തമിൾ പാട്ടിന്റെ ശീലുകൾ അയാൾ തന്നെ സ്വയം ചവച്ചരച്ച് വയറ്റിലിറക്കി.

ഓർമ്മകളുടെ ഭാരം കൂടുകയാണ്.

ഉച്ചയ്ക്ക് അവനു പൊട്ടിയ മൺക്കുനയിൽ വെച്ചു കൊടുത്ത ചോറിൽ ഉറുമ്പരിക്കുന്നത് കറുപ്പേട്ടൻ കണ്ടു. മണ്ണിൽ കലർന്ന് ഉറുമ്പുകൾ അവന്റെ കുഴിമാടത്തിലൂടെ മൽസരിച്ചു നടന്നു പോയി. അവന് ഇനി ചോറു വേണ്ട, പക്ഷേ അവനു കൊടുക്കാതെ താനെങ്ങനെ കഴിക്കുമെന്ന് കറുപ്പേട്ടൻ ഓർത്തു . അയാൾ എഴുന്നേറ്റ് പതിയെ അവിടേക്ക് നടന്നു .

“നീ തിന്നില്ലേടാ…….”

ഇടതു കൈ കുത്തി കറുപ്പേട്ടൻ മൺകൂനയിൽ ഇരുന്നു .

“പിണക്കാ നിയ്യ് നിന്നെ ഒറ്റയ്ക്ക് പറഞ്ഞയച്ചേന് സാരല്ലെടാ നമ്മുക്ക് വഴിണ്ടാക്കാം”

കുന്നുകയറി വറീച്ചായൻ എത്തിയപ്പോൾ ഇരുൾ വീണിരുന്നു മാനത്ത് നക്ഷത്രങ്ങൾ തിളങ്ങി നിന്നു .

മങ്ങിയ വെളിച്ചത്തിൽ ആകാശം മുട്ടിയ കരിമ്പനകളുടെ നിഴലുകൾ കൂരയുടെ മുകളിൽ വീണു കിടന്നു. കാറ്റിൽ ഇടക്കിടെ അവ ആടികൊണ്ടിരുന്നു .

“കറുപ്പേട്ടാ ”

നിശബ്ദതയിൽ നിന്ന് മറുപടി വന്നില്ല വറീച്ചായൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു. ഇരുളിൽ നിന്ന് രാമുവിന്റെ നേർത്ത മുരുളൽ കേൾക്കുന്നു.

കരിമ്പനയിൽ നിന്ന് ആത്മാവിനെ വഹിക്കുന്ന പക്ഷികളുടെ കലപിലകൾ

കറുപ്പേട്ടന്റെ കളളുമണക്കുന്ന തമിഴ് പാട്ടുകൾ കേൾക്കുന്നു. ഇരുളിൽ ചുറ്റുമുള്ള കുറ്റിക്കാടുകൾ കാറ്റിൽ ആത്മാക്കളെ പോലെ നൃത്തം ചെയ്യുന്നു.

വറീച്ചായൻ കൂടുതൽ ഉച്ചത്തിൽ പിന്നെയും വിളിച്ചു

“കറുപ്പേട്ടോയ്…….. ”
“വറീച്ചനാണേ……….”

ഇടക്കിടെ വറീച്ചായന്റെ ശബ്ദം മാത്രം കാറ്റിൽ തിരിച്ചു വന്നു. ചെറിയ ഉൾഭയത്തോടെ തിരിഞ്ഞു നടന്നു .

പേരാലിൽ തൂങ്ങി നിന്ന കറുപ്പേട്ടന്റെ കാലുകൾക്ക് അപ്പോഴും ജീവനുണ്ടായിരുന്നു……

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here