മെഡിക്കൽ സ്റ്റോർ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് തല വേദനയുടെ ഗുളിക വാങ്ങാൻ അയാൾ അങ്ങോട്ട് ചെന്നത്.മദ്ധ്യവയസ്ക്കനായ ഉടമ അയാളെ നോക്കി ചിരിച്ചു. ഒരു യുവതിയും ഭർത്താവും അയാളോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കഴിയാൻ അയാൾ കാത്തു നിന്നു
.’’അവൻ വളരെ അവശനിലയിലാണ്. അത്യാവശ്യമായി എന്തെങ്കിലും മരുന്ന് തരണം.’’ അവളുടെ സ്വരത്തിൽ അകാംക്ഷ നിറഞ്ഞു നിന്നു.
‘’ഇത്രയും രാത്രിയായി. അല്ലെങ്കിൽ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകാമായിരുന്നു.’’
ഭർത്താവിന്റെ നിരാശ കണ്ടാകാം മെഡിക്കൽ സ്റ്റോറുകാരൻ പറഞ്ഞു.
’സാരമില്ല ലൂസ് മോഷനല്ലേ.ഈ ഗുളിക കൊണ്ട് മാറും’’
‘’ ഈശ്വരാ,ഇതു കൊണ്ട് മാറിയാൽ മതിയായിരുന്നു.’’ പ്രാർഥനയോടെ അവൾ ഗുളിക വാങ്ങി ബാഗിൽ വെച്ചു.
’’നാളെ കുറവില്ലെങ്കിൽ രാവിലെ തന്നെ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകണം..’’ അയാൾ ഓർമ്മിപ്പിച്ചു.
’രാത്രി തുറന്നിരിക്കുന്ന എത്ര ആശുപത്രികളുണ്ട് ഇവിടെ,അത്രയ്ക്കും സുഖമില്ലെങ്കിൽ അവനേയും കൊണ്ട് അവർക്ക എവിടെങ്കിലും പോയിക്കൂടെ.’’
എന്റെ സംശയം കേട്ട് മെഡിക്കൽ സ്റ്റോറുകാരൻ ചിരിച്ചു
‘’അവരുടെ പട്ടിയുടെ കാര്യമാണ് അവർ പറഞ്ഞത്. ഈ രാത്രി ഏതു മൃഗാശുപത്രിയാണ് തുറന്നിരിക്കുന്നത്…’’
അയാൾ ജാള്യതയോടെ ചിരിച്ചു. തലവേദനയുടെ ഗുളികയും വാങ്ങി തിരിച്ചിറങ്ങുമ്പോൾ സിറിയയിലെ കുഞ്ഞുങ്ങളുടെ നിലവിളി അയാളുടെ വാട്സ് ആപ്പിൽ മുഴങ്ങി.