നിന്റെ വേർപ്പാട് ഘനീഭവിച്ച വീണ
തുഷാരബിന്ദുവാണ് ഞാൻ.
മണ്ണിലലിയും മുമ്പേ
പുൽക്കൊടിയിൽ
നിന്റെ മഴവിൽ വർണ്ണങ്ങൾ
വിരിയിക്കണമെന്നുണ്ടായിരുന്നു.
നിന്റെ പുഞ്ചിരിപ്പൂവിൽ
അലിഞ്ഞ് ചിരിച്ചതും ഞാനായിരുന്നു.
നീയുറങ്ങവെ ജാലകച്ചില്ലുകളിൽ
നിന്നെത്തേടിയെത്തിയിരുന്നു ഞാൻ.
കാത്തിരിപ്പിന്റെ ഇളം വെയിലിൽ
സ്വയം ഉരുകിത്തീർന്ന്
അകലങ്ങളിലേക്ക് വീണ്ടും
ഞാൻ പാറിയകന്നു.
മൗനത്തിൽ ഒരായിരം പ്രണയ
സാഗരങ്ങൾ ഒതുക്കി
ജല കണികയായി ഘനീഭവിക്കാനും
കാത്തിരുന്നു സ്വയം ഉരുകിത്തീരാനും
ഞാൻ എന്നേ പഠിച്ചിരുന്നു.
കാത്തിരിപ്പുകൾ അവസാനിക്കുന്നിടത്ത്
മൗന കവാടങ്ങൾ തുറക്കുമ്പോൾ
രാവുംപകലും ഇണ ചേരുന്നിടത്ത്
നമുക്ക് സംഗമിക്കാം..