മാണിക്യം തിരയുന്ന ചില അധ്യാപകര്‍

 

 

 

 

 

തൃശൂര്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളീല്‍ ഒരു വെള്ളിയാഴ്ച ആറാമത്തെ പിരീഡ് അവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ ഒരു ചരിത്രം പിറവിയെടുത്തു. അതില്‍ ഭാഗമാകാന്‍ നമുക്കും സാധിച്ചപ്പോള്‍ നാം പോലുമറിയാതെ നാമൊക്കെ പറഞ്ഞു പോകുന്നു.

” ഇങ്ങനെ വേണം അധ്യാപകര്‍”

” ആകാശമായവളെ അകലെ പറന്നവളെ” എന്ന പാട്ടിലൂടേ ഒരദ്ധ്യാപകന്‍ ഒരു മാണിക്യകല്ലിനെ ഊതിക്കാച്ചിയെടുത്ത് ‘ നവമാധ്യമത്തെ’ കൂട്ടു പിടിച്ച് ലോകത്താകമാനമുള്ള മലയാളികളുടെ ശ്രദ്ധയില്‍ എത്തിച്ചിരിക്കുന്നു .

സോഷ്യല്‍ സയന്‍സ് ക്ലാസ് അഞ്ചു മിനിറ്റു നേരത്തെ നിര്‍ത്താന്‍ തോന്നിയതും, ആരെങ്കിലും ഒരു പാട്ടു പാടു എന്ന് പ്രവീണ്‍ മാഷ് പറഞ്ഞയുടനെ മിലന്‍ എഴുന്നേറ്റ് വന്ന് പാടാന്‍ തോന്നിയതും ആ മാണിക്യകല്ലിന് വെളിച്ചത്തുവരാന്‍ സമയമായതുകൊണ്ടു തന്നെ .

സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ അതിനൊരു നിമിത്തമായി .
മിലന്റെ പേരില്‍ അറിയപ്പെടാന്‍ തുണയായി. ഇത്തരത്തില്‍ ചില നിസ്വാര്‍ത്ഥ മനസുള്ള അദ്ധ്യാപകരുടെ മുഖം നമ്മള്‍ ഓരോരുത്തരും കലണ്ടര്‍ പിന്നിലേക്കു മറിച്ചു നോക്കുമ്പോള്‍ കണ്ടെത്താനാകും.

വൈപ്പിന്‍ കരയിലെ എടവനക്കാട് k p m h s -ല്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ് എടുക്കാന്‍ വരാറുള്ള വേലായുധന്‍ മാഷ് ചിലപ്പോള്‍‍ പത്തു മിനിറ്റ് നേരത്തെ ചരിത്രം നിര്‍ത്തും. എന്നിട്ട് ബാഗില്‍ നിന്ന് ‘കുട്ടികളുടെ മഹാഭാരതം’ എന്ന ചെറിയ ഡിക്ഷണറി വലിപ്പത്തിലുള്ള പുസ്തകം എടുക്കുന്നു വായിക്കുന്നു. വെറും വായനയല്ല അഭിനയത്തോടെ, ഭീമനും, ശകുനിയും, അര്‍ജ്ജുനനും, ദുര്യോധനനനും ഒക്കെ മിഴിവാര്‍ന്ന ചിത്രങ്ങളായി മനസില്‍ കുടികൊള്ളുന്ന വായന. ആ കഥാകഥനം കേള്‍ക്കുന്നതും ആസ്വദിക്കുന്നതും ഒരനുഭവം തന്നെയായിരുന്നു.

കുറച്ചു പേര്‍ക്കെങ്കിലും തന്നിലൂടെ സാഹിത്യലോകത്തേക്കുള്ള വാതില്‍ തള്ളീത്തുറക്കാന്‍‍ ആ ക്ലാസ്മുറി നിമിത്തമായി. പിന്നീട് മാല്യങ്കര s n m കോളേജില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ‘ഓടയില്‍ നിന്ന്’ എന്ന മലയാളം നോണ്‍സീട്ടെയില്‍സ് പഠിപ്പിക്കാന്‍ ഗീത ടീച്ചര്‍ എത്തി. സാക്ഷാല്‍ ഡോ. ഗീത സുരാജ്.

അന്നൊക്കെ ടീച്ചര്‍ ഞങ്ങളൊടു പറയുമായിരുന്നു. നിങ്ങള്‍ ഓരോരുത്തരും ഒരു കഥയെങ്കിലും എഴുതാന്‍ ശ്രമിക്കണമെന്ന്. അതിനു സാധിക്കുമെന്ന്. ചിലരൊക്കെ ശ്രമിച്ചു ഈ ഞാനും.
പഴയകാല അദ്ധ്യാപക വിദ്ധ്യാര്‍ത്ഥി ബന്ധത്തിന്റെ മാറ്റ് തിരിച്ചറിയണമെങ്കില്‍ അവരുടെയൊക്കെ ഓര്‍മ്മകളിലൂടേ സഞ്ചരിക്കണം. മുപ്പതോ നാല്പ്പതോ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള അവരുടേ യാദൃശ്ചികമായ കണ്ടുമുട്ടലുകള്‍, സംസാരങ്ങള്‍ നേരില്‍ കാണണം.

ജോസഫ് പനക്കല്‍, ജോസ് ഗോതുരുത്ത്, ആനന്ദന്‍ ചെറായി, പൂയപ്പിള്ളി തങ്കപ്പന്‍ മാഷ്, പത്മിനി സുബ്രമണ്യന്‍,‍ കെ. ആര്‍. ബേബി, അദ്ധ്യാപിക അവാര്‍ഡ് നേടിയ അമ്മിണി ടീച്ചര്‍, ശാരദാ നായര്‍ തുടങ്ങി കുറെ അദ്ധ്യാകര്‍ വിവിധ കാലങ്ങളീല്‍ തങ്ങളുടെ ക്ലാസ്മുറികളില്‍ മാണിക്യകല്ല് തിരഞ്ഞവരാണ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here