പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്.1993ലെ ക്രിസ്തുമസ് അവധിക്കാലത്താണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത ഈ സൈക്കോ ത്രില്ലര്‍ തിയറ്ററുകളില്‍ എത്തിയത്.
മോഹന്‍ലാലും സുരേഷ് ഗോപിയും നായക വേഷങ്ങള്‍ ചെയ്ത ശോഭനയുടെ വ്യത്യസ്ഥമായ ഭാവ പകര്‍ച്ചകള്‍ കണ്ട സിനിമ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഈ സിനിമ. അഞ്ചു കോടിയില്‍പരം രൂപയാണ് ചിത്രം എ ക്ലാസ് ബി ക്ലാസ് തിയറ്ററുകളില്‍ നിന്നു മാത്രം നേടിയത്. മണിച്ചിത്രത്താഴ് ഉണ്ടാക്കിയ ഓളങ്ങളില്‍ പെട്ട് മുങ്ങാനായിരുന്നു കൂടെയിറങ്ങിയ മറ്റു ചിത്രങ്ങളുടെ വിധി. നല്ല നിലവാരമുണ്ടായിട്ടും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഗോളാന്തര വാര്‍ത്തകളും വേണു നാഗവള്ളി ഒരുക്കിയ കളിപ്പാട്ടവും ബോക്സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന് കാരണം മറ്റൊന്നല്ല.
കളക്ഷന്‍ റിക്കോര്‍ഡുകളില്‍ മാത്രമല്ല അംഗീകാരങ്ങളുടെ നിറവിലും ചിത്രം തിളങ്ങി. നിരവധി സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമ ദേശിയ തലത്തിലെ ഏറ്റവും മികച്ച ജനപ്രിയ ചിത്രവുമായി. ഗംഗയായും നാഗവല്ലിയായും ഇരട്ട വ്യക്തിത്വങ്ങളില്‍ തിളങ്ങിയ ശോഭന ഇന്ത്യയിലെ ആ വര്‍ഷത്തെ മികച്ച നടിയുമായി. മലയാളത്തില്‍ നിന്ന്‍ മറ്റു ഭാഷകളിലേക്കുള്ള റീമേക്കുകള്‍ക്ക് വന്‍ തോതില്‍ തുടക്കം കുറിച്ചത് മണിച്ചിത്രത്താഴാണെന്ന് പറയാം. കന്നടയിലും,ബംഗാളിയിലും തമിഴിലും ഹിന്ദിയിലും വരെ പുന:സൃഷ്ടിക്കപ്പെട്ട സിനിമ എല്ലായിടത്തും വന്‍ വിജയമായി.
ബാബ എന്ന സിനിമയുടെ കനത്ത പരാജയത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിനെ രക്ഷിച്ചത് തന്നെ സിനിമയുടെ തമിഴ് റീമേക്കായ ചന്ദ്രമുഖിയാണ്. ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലിറങ്ങിയ ചിത്രം അക്കാലത്ത് വിദേശത്ത് നിന്ന്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രവുമായി. ദേശീയ തലത്തിലുള്ള ശോഭനയുടെ അവാര്‍ഡ് നേട്ടം ആവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞില്ലെങ്കിലും തമിഴിലും കന്നടയിലും നായികമാര്‍ക്ക് ആ വര്‍ഷത്തെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി.
മോഹന്‍ലാലിനെയും സുരേഷ്ഗോപിയെയും ശോഭനയെയും കൂടാതെ ഇന്നസെന്‍റും കുതിരവട്ടം പപ്പുവും നെടുമുടി വേണുവും തിലകനും കെ.പി.എ.സി ലളിതയും വിനയപ്രസാദും സുധീഷും ഗണേശനുമെല്ലാം തങ്ങളുടെ വേഷം മനോഹരമാക്കി. ഫാസിലിനെ കൂടാതെ അദേഹത്തിന്‍റെശിഷ്യന്മാരായിരുന്ന സിബി മലയില്‍, സിദ്ധിക്ക്–ലാല്‍, സുഹൃത്ത് പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മണിച്ചിത്രത്താഴിന് ശേഷം മധു മുട്ടം വേറെ രണ്ടു ചിത്രങ്ങള്‍ക്ക് കൂടി തിരക്കഥ ഒരുക്കിയെങ്കിലും അവ വിജയമായില്ല.
സിനിമയുടെ സംപ്രേക്ഷണ അവകാശമുള്ള ഏഷ്യാനെറ്റിന് രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷവും ഇന്നും ഏറ്റവുമധികം പരസ്യ വരുമാനം നേടിക്കൊടുക്കുന്ന സിനിമ വേറൊന്നല്ല. അതിന് ശേഷം വന്ന പല സിനിമകളുടെയും സംപ്രേക്ഷണം അപ്രസക്തമായ സമയങ്ങളിലേക്ക് മാറ്റിയെങ്കിലും ഈ ചിത്രം ഇന്നും ഓടുന്നത് പ്രൈം ടൈമില്‍ തന്നെയാണ്. സിനിമയുടെ ടിആര്‍പി റേറ്റിങ് ഇന്നും ഉയര്‍ന്നു തന്നെയാണ്. അത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. സിനിമയിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ തുടര്‍ച്ചയായി ഇപ്പോള്‍ പ്രിയദര്‍ശന്‍ ഒരു ചിത്രമെടുക്കുന്നതും ഈ വന്‍ ജനപ്രീതിയില്‍ കണ്ണും നട്ടാണ്.
കന്നടയില്‍ സിനിമയുടെ രണ്ടാം ഭാഗം ഇതിനകം വരുകയും വന്‍ വിജയമാകുകയും ചെയ്തു.തെലുങ്കില്‍ സിനിമയുടെ തുടര്‍ച്ച വന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടു ഭാഷയിലും സിനിമ സംവിധാനം ചെയ്തത് മലയാളിയായ പി വാസുവാണ്.
മണിച്ചിത്രത്താഴിന്‍റെ വന്‍ വിജയത്തിന് കാരണമായി ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. നല്ല തിരക്കഥ,നിലവാരമുള്ള ഹാസ്യം,തന്‍മയത്വം ഒട്ടും ചോര്‍ന്നു പോകാത്ത അവതരണം, മികച്ച അഭിനേതാക്കള്‍ എന്നിവയെല്ലാം ചേര്‍ന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സിനിമ.പക്ഷേ അതിന് ശേഷം കാലമിത്ര കഴിഞ്ഞിട്ടും മണിച്ചിത്രത്താഴ് പോലെ ഒരു സിനിമ ഒരുക്കാന്‍ മലയാളത്തിന് കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും ചില നല്ല കാര്യങ്ങള്‍ അങ്ങനെയാണ്, അപൂര്‍വമായേ സംഭവിക്കൂ. അതുപോലൊരു അപൂര്‍വതക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.