പേരറിയാക്കിളി തൻ്റെ കൊക്കുകൾ മാഞ്ചില്ലയിലുരച്ചു.
പശയിലൊട്ടിയൊരു വിത്ത് ചില്ലകൾക്കിടയിലൊളിച്ചു
മഴയൂർന്ന ശിഖരത്തിൽ വിത്തൊന്നു കുതിർന്നു
മുളപൊട്ടിയിളം ചെടി വെളിച്ചം തേടിയുയിർത്തു.
ചെറുനാഗമായ് ഇത്തിക്കണ്ണി തഴുകിയിഴഞ്ഞപ്പോൾ
തേൻമാവ് ഇക്കിളിയൊതുക്കി മൗനം ഭജിച്ചു.
ശാഖയിൽ നുള്ളിയൊന്നാഴ്ന്ന ചെറുവേരിനെ
അവൾ ചുംബനമെന്നോർത്ത് ഉളളം തുടിപ്പിച്ചു.
അവൻ ചുറ്റി വളർന്നു വരിഞ്ഞു പുണർന്നതിൽ
ആലിംഗനമെന്നോർത്തിലകൾ പൊഴിച്ചു.
തൻ്റെ ജീവസ്രവങ്ങളെ ഊറ്റിയെടുത്തതിൽ
നിർവ്യതിയാൽ രതിയെന്നോർത്തവൾ ജലം പൊഴിച്ചു
മാമ്പൂ മണക്കുന്ന മറ്റൊരു വേനലിൽ
പുത്ത പ്രണയത്തിലായ് സ്വയം പൂക്കാൻ മറന്നുപോയ്
പൂത്തു നിറയുന്ന ഇത്തിക്കണ്ണിതൻ പൂക്കളെ
അവൾ ഗന്ധ- മരന്ദങ്ങൾ നോക്കാതെ കൊഞ്ചിച്ചു
നുറുമ്പിച്ചു താഴെ പതിച്ചചെറുചില്ലതൻ
നോവുകൾ കാട്ടാതെ പുഞ്ചിരിച്ചു
ചുക്കിചുളിഞ്ഞ മാഞ്ചില്ലയെ മടുത്തൊരാ
പ്രേമസ്വരൂപനെ സംശയിച്ചു; കാമ –
-നിദ്രയിൽ നിന്നവൾ വിറച്ചുണർന്നു.
ഉണങ്ങിക്കരിഞ്ഞ തേൻമാവിൻ്റെ നെറുകയിൽ
നിർഘണ്യമായവൻ മെയ് വിരിച്ചു.
തേൻമാവ് അവസാന ശ്വാസം വലിക്കിലും
പൈദാഹമോടവൻ നീർക്കുടിച്ചു
കൂട്ടമായ് നിന്നൊരു മറ്റൊരു തേൻമാവിൻ
ചില്ലയിൽ ചുംബിച്ചിടം പിടിച്ചു;
ഹൃദയമില്ലാതവൻ പരിണയിച്ചു
ജഡമായി വീണ തേന്മാവിന്റെ തടികളിൽ
വേരുൻ്റെ പാടുകൾ മായ്ഞ്ഞതില്ല
പ്രണയം കൊതിച്ചു ‘മരിച്ച’തേൻമാവിൻ്റെ
മാറിലായ് മാറാത്ത മുറിപ്പാടുകൾ
ഒരു ഇത്തിരിക്കണ്ണിതൻ നഖക്ഷതങ്ങൾ ….