മലയാളികളുടെ വായനാശീലം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച മംഗളം വാരിക ഓര്‍മയാകുന്നു. മലയാള ജനപ്രിയ സാഹിത്യത്തില്‍ നിര്‍ണായക സ്ഥാനമുള്ള വാരിക അച്ചടി നിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
1969ല്‍ മംഗളം വര്‍ഗീസ് (എം.സി വര്‍ഗീസ്) എന്ന അതുല്യ പ്രതിഭാശാലി ആരംഭിച്ച വാരിക ഒരു കാലത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു. 1985ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോര്‍ഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല. പുതിയ എഴുത്തുകാരെ അണിനിരത്തിക്കൊണ്ട് നൂറു കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്.
മംഗളം വാരിക പ്രസിദ്ധീകരണം നിർത്തിയത് ചർച്ചചെയ്യുകയാണ് മലയാളി. സോഷ്യൽ മീഡിയയിലും അല്ലാതെയും മംഗളത്തിന്റെ വിടവാങ്ങൽ വികരനിർഭരമായ പോസ്റ്റുകളോടെയാണ് ആളുകൾ സ്വീകരിച്ചത്. എന്നാൽ, ഈ വിഷയത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായം മുന്നോട്ടുവെക്കുകയാണ് എഴുത്തുകാരനായ സുസ്മേഷ് ചന്ദ്രോത്ത്. പൾപ്പ് ഫിക്ഷൻ വിഭാഗത്തിൽ വരുന്ന മംഗളം വാരിക മലയാളിയുടെ നാലു തലമുറയെ വരെ ദോഷകരമായി ബാധിച്ചു എന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.
- പോസ്റ്റ് വായിക്കാം:
‘മംഗളം’ പ്രസിദ്ധീകരണം നിർത്തുമ്പോൾ…
മലയാളിയെ വായിക്കാൻ പഠിപ്പിച്ച പ്രസിദ്ധീകരണം, സാക്ഷരതായജ്ഞത്തിന് ഊറ്റം പകർന്ന പ്രസിദ്ധീകരണം എന്നെല്ലാം പലമട്ടിൽ മംഗളം പോലുള്ള ജനപ്രിയ വാരികകളുടെ ഉള്ളടക്കത്തെ കാലാകാലങ്ങളായി പലരും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അതായത് അതിന്റെ പോരായ്മകൾ കാണാതിരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ആ ന്യായീകരണക്കാരെല്ലാവരും.
1969 ൽ ആണ് മംഗളം വാരിക ആരംഭിക്കുന്നത്. പൈങ്കിളി എന്ന് പരിഹസിക്കപ്പെട്ട ജനപ്രിയ (?) സാഹിത്യത്തിന്റെ (pulp) തൂടർച്ചയായുള്ള പാരായണം മലയാളിയുടെ നാല് തലമുറയെ എങ്കിലും കാര്യമായ വിധത്തിൽ അപകടത്തിലാക്കിയിട്ടുണ്ട്. 1985 കാലഘട്ടത്തിൽ മംഗളത്തിന്റെ പ്രചാരം ഇന്ത്യയിൽത്തന്നെ, അതോ ഏഷ്യയിലോ മറ്റൊരു വാരികയ്ക്കുമില്ലാത്ത റെക്കോഡായ 17 ലക്ഷം കോപ്പിയായിരുന്നു.
ഇന്നുകാണുന്ന സകല പിന്തിരിപ്പൻ വിശ്വാസങ്ങളും ആചാരസംരംക്ഷണങ്ങളും സ്ത്രീ പുരുഷ ബന്ധങ്ങളിലെ പവിത്രതാസങ്കൽപ്പവും സ്ത്രീ പുരുഷ സൗഹൃദങ്ങളിൽ ഭയപ്പെടുത്തി നേടിയ സകല അകൽച്ചകളും തുടങ്ങി ഒട്ടേറെ അപകടങ്ങൾ അത്തരം പ്രസിദ്ധീകരണങ്ങളിലെ സാഹിത്യം നമ്മളിൽ നാമറിയാതെ ഏൽപ്പിച്ചിട്ടുണ്ട്. അതിലും വലുതാണ് ഉത്തമമെന്ന് കരുതാവുന്ന സാഹിത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ വളർത്തിയതും അതിനോടെല്ലാം പരിഹാസതുല്യമായ അകൽച്ച വർദ്ധിപ്പിച്ചതും. പുരുഷനെയും സ്ത്രീയെയും രണ്ട് തട്ടിലാക്കി തിരിച്ച് സമൂഹത്തിൽ വേർതിരിവുണ്ടാക്കുന്നതിനും ആണധികാരരൂപങ്ങളെ തുടർച്ചയായി പ്രതിഷ്ഠിക്കുന്നതിനും അത് സ്ത്രീകളെക്കൊണ്ട് സമ്മതിപ്പിക്കുന്നതിനും ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അതിനാൽ ഈ വാർത്ത കേൾക്കുമ്പോൾ ഒരു പ്രസിദ്ധീകരണം നിന്നുപോകുമ്പോഴുള്ള വേദന തോന്നുന്നില്ല. (തൊഴിലില്ലാതാകുന്നവരുടെ പ്രയാസം കാണാതിരിക്കുന്നില്ല. ഇവിടെ പറയാൻ ശ്രമിക്കുന്നത് അതല്ല)
തിരിഞ്ഞുനിന്നു നോക്കുമ്പോൾ ഒരുകാലത്ത് ആർത്തിയോടെ കാത്തിരുന്ന് വായിച്ച ആ പ്രസിദ്ധീകരണങ്ങൾ (അന്ന് എന്റെ ജീവിതസാഹചര്യങ്ങളിൽ അതേ കിട്ടാനുണ്ടായിരുന്നുള്ളൂ.) എന്റെ അഭിരുചികളെ മോശപ്പെടുത്തിയതും ഞാൻ തിരിച്ചറിയുന്നു. മംഗളത്തിൽ മൂന്നാം പേജിൽ പ്രസിദ്ധീകരിക്കാനായി ആവശ്യപ്പെട്ട പ്രകാരം ഞാൻ രണ്ട് ചെറിയ കഥകൾ പിൽക്കാലത്ത് കൊടുത്തിട്ടുണ്ട്. അപ്പോളൊക്കെ മലയാളിയെ വായനക്കാരാക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചിരുന്ന പ്രസിദ്ധീകരണം എന്നുതന്നെയാണ് തെറ്റിദ്ധരിച്ചിരുന്നതും. പിന്നീട് ആലോചിച്ചപ്പോൾ ആ ഉള്ളടക്കമാണ് നമ്മുടെ സാമൂഹിക വളർച്ചയെ കാര്യമായി പിന്നോട്ടടിപ്പിച്ചതെന്നും മതങ്ങളെയും മനുഷ്യരെയും പ്രത്യേകിച്ച് അമ്മമാരെയും കൂടുതൽ അപകടകരമായ ശാഠ്യങ്ങളിലേക്കും ശീലങ്ങളിലേക്കും ഭയങ്ങളിലേക്കും നയിച്ചതെന്നും മനസ്സിലായി.