ഇടവഴിയിൽ വീണ മഞ്ചാടി മണികളിൽ
ഇടാവിടാ പെയ്യും മഴത്തുള്ളികൾ.
ഇടനെഞ്ചിൽ ഇപ്പോഴും നനയുന്നൊരോർമ്മയായി
ഇവിടെ തളിരിട്ട പ്രണയ നിശ്വാസങ്ങൾ..
ഹൃദയവികാരവും പ്രണയസന്ദേശവും
ഇഴചേർന്ന കൈവഴികളിൽ വിടർന്ന മോഹങ്ങൾ
ഇടവഴികളിൽ കൊഴിഞ്ഞ വിരഹപ്പൂക്കൾ
മനസ്സിൽ മധുരമായി നിറയും ഗൃഹാതുരം..
മഴ തോർന്നുവെങ്കിലും കുടചൂടിയെത്തുന്ന
ആർദ്രമാമോർമ്മകൾ തോരാതെ പെയ്യുന്നു..
ആൽമരച്ചോട്ടിലെ സ്നേഹസായന്തനം
കൈനീട്ടി വീണ്ടും വിളിക്കുന്നു നമ്മളെ..
സന്ധ്യയുടെ കണ്ണുകളിൽ നൊമ്പരത്തിന്റെ നനവ്
നിലാവിന്റെ കണ്ണിൽ സങ്കടത്തുള്ളികൾ
വിതുമ്പും സ്വരത്തിൽ ഇടനാഴി ചൊന്നത്
തിരികെ വരാത്ത നൻമയെക്കുറിച്ചാണോ?