നവരസങ്ങള്‍ മാറിമറിഞ്ഞണിഞ്ഞു
കഥകളിയാടുന്ന നീ സത്യത്തിലെന്താണ്
കാറ്റത്തൊഴുകുമൊരപ്പൂപ്പന്‍താടിയോ
കാക്കത്തൊള്ളായിരം കിളികള്‍ക്കുള്ളൊരു കൂടോ
വാനിലൂടുയര്‍ന്ന് ഉയരങ്ങളിലൊരു
പട്ടമായി പാറികളിക്കുമ്പോഴും
നിന്‍റെ ചരടിന്നൊരറ്റം
നിന്‍റെ നാഥന്‍റെ കൈയ്യില്‍ ഭദ്രമായിരിക്കും
ചിലപ്പോള്‍ തോന്നും
നീയൊരു മൃഗശാലയാണെന്ന്
വന്യമായതുമല്ലാത്തതുമായയൊത്തിരി
മൃഗങ്ങളുള്ള ഒരു മൃഗശാല
ശൃംഗാരമുണരുമ്പോള്‍
മയിലായിയാടുന്നതും നീ
കാമക്രോധങ്ങളാല്‍
സിംഹമായി ഗര്‍ജ്ജിക്കുന്നതും നീ
അന്നു നിറഞ്ഞൊഴുകിയ പുഴ നീ
ഇന്നെങ്ങു നിന്നോ ഒഴുകിയെത്തിയ
മാരകമായ അജ്ഞാതഋണചിന്തകള്‍
നിന്നടിത്തട്ടിലടിഞ്ഞു കുമിഞ്ഞു കൂടവേ
അതിമലിനമാകും നിന്‍ മേനി
പയ്യെ വറ്റിവരണ്ടൊരു ഊഷരഭൂമി
മാനസവീണേ, നിന്‍ തന്ത്രികളില്‍ നിന്നിന്നുണരും
രാഗങ്ങള്‍ തന്‍ ശോകാര്‍ദ്രഭാവം വെടിയപ്പെടട്ടെ
മായ്ച്ചു കളയുവിന്‍, പ്രിയ മാനസമേ
നിന്നടിത്തട്ടിലടിഞ്ഞു കൂടിയ
ഋണചിന്തകളാം മാലിന്യങ്ങളെ
അല്ലേല്‍ മൃതമായിടുമീ ജീവിതവും
ആയിരം നിറക്കൂട്ടുകള്‍ ചാലിച്ചു
നീ നിന്‍റെ രാഗങ്ങള്‍ക്കു വര്‍ണ്ണപൊലിമയേകുക
നിറമുള്ള സ്വപ്‌നങ്ങള്‍ കൊണ്ടു
നിന്‍റെ നിലവറ നിറയ്ക്കുക
നീര്‍കുമിളപോലതിക്ഷണികമാമീ
വാഴ്‌വിന്നമൃത് ആവോളം നുകരുക
മൃതിയുടെ പദനിസ്വനങ്ങളാസന്നമാകുമ്പോഴും
ജീവിതാമൃതു നിന്നില്‍ നിറയട്ടെ