മനസ്താപം

fb_img_1447401216462


തീരെ പിരിഞ്ഞിരിയ്ക്കാനാകില്ല എന്ന് ഞാൻ
തീരെ നിരീച്ചില്ല എൻപ്രിയ മൽസഖി  
നന്ദി പറഞ്ഞു നീ ദൂരെ മറഞ്ഞപ്പോൾ
നെഞ്ചിലാ ഗദ്ഗദം വീർപ്പുമുട്ടി

തമ്മിലിണങ്ങി പിണങ്ങി നടന്നപ്പോൾ
അറിഞ്ഞില്ല നമ്മിലെ ആത്മബന്ധം
ദൂരെയിരുന്നു നീ ചാരത്തെന്നോതുംമ്പോൾ
കണ്ടിലൊരിയ്ക്കലുമീ ശൂന്യത  

മരുഭൂമിയായൊരീ മാനസഭൂവിതിൽ
മരുപ്പച്ചയായതും നീയല്ലേ   മൽസഖി
കറ്റകിടാവുമായ കളിമുറ്റത്തോടുമ്പോൾ
പിന്നാലെ മത്സരിച്ചെന്നും നീ വന്നില്ലേ 
 
കഥകൾ പറഞ്ഞു ചിരിപ്പിച്ചുനീയെന്നെ
മൂകമാം എന്മനോഭാവത്തിലും  നിത്യം
നിദ്രയെ പുൽകി ഉറങ്ങുന്ന നേരത്തും
നീയെന്റെ ചാരത്ത് വന്നു നിശ്ശബ്ദയായി

മാനത്ത് പൊങ്ങുന്ന അമ്പിളിമാമനെൻ
കൈകളിൽ വരുമെന്ന് നീ ചൊന്നനേരം
സാധുതയൊട്ടുമേ ഇല്ലെന്നറിഞ്ഞിട്ടും
കൗതുകത്ത്തോടെ ഞാൻ ശ്രവിച്ചിരുന്നു

എങ്ങുപോയ് നമ്മിലെ  പാവന സൗഹൃദം   
ജീവിതയാഥാർഥ്യത്തെ നീ അറിഞ്ഞനേരം?  
ഇറ്റുവീഴുന്നൊരീ കണ്ണുനീർ മുത്തുകൾ
നിന്നെകുറിച്ചാണെന്നു നീ അറിയുന്നുവോ?

വാക്കുകളല്ല തുളുമ്പുന്നതീ താളിൽ
പാവമാം നിൻസഖിതൻ ഗദ്ഗദങ്ങൾ!
മിന്നാമിനുങ്ങുപോൽ ചിമ്മി മറഞ്ഞയീ
സൗഹൃദമെന്തിനായ് നീ കാഴ്ചവച്ചു?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here