മനസിലെ ചെപ്പിന്റെ താക്കോല്‍

finish-2ദക്ഷിണേന്ത്യന്‍ ഗെയിംസ് വേദി. ആഘോഷങ്ങളുടെ ആരവവും തിക്കും തിരക്കുമെല്ലാമായി തിങ്ങി നിറഞ്ഞിരിക്കുന്ന വേദി. സാജന്‍ അഭിനന്ദന പ്രവാഹങ്ങളെയെല്ലാം വകഞ്ഞു മാറ്റി പുറത്തു വന്നു. എല്ലാ പത്രക്കാരില്‍ നിന്നും താന്‍ രക്ഷപ്പെട്ടുവെന്നു കരുതിയിരിക്കുമ്പോള്‍ ക്യാമറയുമായി ഒരു പയ്യന്‍ കൂടെ ഒരു പെണ്‍കുട്ടിയും. ” സര്‍ പ്ലീസ്, ഒരഞ്ചു മിനിറ്റ്” ദയനീയമായ അവന്റെ മുഖം അവനു കാര്യം സാധിപ്പിച്ചു കൊടുത്തു. അവിടെ നിന്നും ഹോട്ടല്‍വരെ കാറിലിരിക്കുന്ന സമയം സാജന്‍ അവര്‍ക്കനുവദിച്ചു.

മൂന്നു സ്വര്‍ണ്ണങ്ങളുമായി ഇന്ത്യയുടെ യശസുയര്‍ത്തിപ്പിടിച്ച മലയാളിയായ സാജന്‍ ചോദ്യങ്ങള്‍ക്കുള്ള അവന്റെ മറുപടിയിലെല്ലാം ‘ എന്റെ പപ്പാ’ എന്ന വാക്ക് മുഴച്ചു നിന്നിരുന്നു. മകനിലെ കഴിവുകളെ കണ്ടെത്തി അതിനെ വളര്ത്തിയെടുക്കുന്നതിനിടയില്‍ മറ്റുള്ളവരില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകളും പരിഹാസവും അപമാനവുമെല്ലാം തന്റെ നേരെ ആഞ്ഞടിച്ചു. അപ്പോഴൊക്കെ അതിന്റെ മുന്നില്‍ തന്റെ മനസിനേയും കാതുകളേയും കരിങ്കല്ലാക്കി നിന്നു പപ്പ.

” നിങ്ങളൊരൊറ്റൊരുത്തനാ മനുഷ്യാ ഈ ചെക്കനെ വഷളാക്കുന്നത്.60% മാര്‍ക്കുണ്ട് പോലും നൂറില്‍ നൂറു വാങ്ങാന്‍ കഴിവുള്ള കൊച്ചാ ഇത്”

അമ്മക്കു മുന്‍പില്‍ ഒരു പരാജിതനേപ്പോലെ പപ്പ നിന്നപ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞ് സാജന് വിഷമം തോന്നി.

” മോന്‍ വിഷമിക്കേണ്ട ഇവരോടു പറയാനുള്ള മറുപടിയൊക്കെ പപ്പയുടെ മനസിന്റെ ചെപ്പിനുള്ളില്‍ ഒതുക്കി വച്ചിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആ ചെപ്പു തുറക്കാനുള്ള താക്കോല്‍ എന്റെ മോനു കിട്ടും. മോനാ താക്കോലുമായി വന്നിട്ടേ പപ്പാ ആ ചെപ്പു തുറക്കു ” പപ്പാ എന്താ പറയുന്നതെന്ന് എനിക്ക് മനസിലായില്ല.

ആദ്യമായി ഓട്ട മത്സരത്തില്‍ ഞാന്‍ പങ്കെടുക്കുന്നത് ആറാം ക്ലാസ്സില്‍ വച്ചാണ്. എന്റെ പരിശീലകന്‍ പപ്പാ തന്നെ. പേരു കൊടുത്തപ്പോള്‍ തന്നെ ക്ലാസിലെ വലിയ ഓട്ടക്കാരൊക്കെ എന്നെ കളിയാക്കി. ഇതു കേട്ട് മനസു വിഷമിച്ചിരുന്ന എന്നെ പപ്പാ പറമ്പിലേക്ക് കൊണ്ടു പോയി ചേമ്പില കാണിച്ചു തന്നു. അവരുടെ കളിയാക്കലുകള്‍ ഈ ചേമ്പിലയില്‍ വീഴുന്ന വെള്ളം പോലെ കുടഞ്ഞു കളയണമെന്ന് അന്ന് പപ്പ പഠിപ്പിച്ചു.

ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനു തൊട്ടു മുന്‍പ് പപ്പാ വന്ന് എന്റെ ചെവിയില്‍ പറഞ്ഞു.

” ഒന്നാമനാകാന്‍ പോകുന്നത് നീയാണ് അതു മറക്കണ്ട ”

പപ്പായുടെ മുഖത്തെ നിശ്ചയദാര്‍ഡ്യം എന്റെ അകത്തു കിടന്ന സിംഹത്തെ തട്ടിയുണര്‍ത്തി. വിസ്സില്‍ മുഴങ്ങി. ഞാന്‍ ഓടി. ജനക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നിന്ന് എന്റെ പപ്പയുടെ ശബ്ദം മാത്രം എനിക്കു വേര്‍തിരിച്ചു കേള്‍ക്കാന്‍ കഴിയുമായിരുന്നു. ഓരോരുത്തരെയായി പിന്‍തള്ളി ഞാന്‍ ഏറ്റവും മുന്‍പിലെത്തി. ഇനി ഏതാനും മീറ്റര്‍ മാത്രം, ഞാനാണ് ഇപ്പോള്‍ ഒന്നാമത്. പപ്പാ പറഞ്ഞതു പോലെ ഞാന്‍ ഒന്നാമതാകാന്‍ പോകുന്നു. പെട്ടന്ന് കാലിന്റെ പെരുവിരലില്‍ നിന്നും ഒരു വേദന…… അതു മുകളിലേക്കു കയറാന്‍ തുടങ്ങി. മുട്ടില്‍ നിന്നും തുടയിലേക്ക് … വേദന സഹിക്കാനാവാതെ ഞാന്‍ ഗ്രൗണ്ടില്‍ വീണു. സ്റ്റേഡിയം മുഴുവന്‍ നിശ്ചലമായതു പോലെ എനിക്കു തോന്നി. ഇല്ല എന്റെ പപ്പയുടെ ശബ്ദം മാത്രമേ നിലച്ചുള്ളു. എന്നെ കവച്ച് മുന്നോട്ടു കുതിക്കുന്ന മറ്റ് ഓട്ടക്കാര്‍ക്കു വേണ്ടി ജനം ഇപ്പോഴും കയ്യടിച്ചു കൊണ്ടിരിക്കുന്നു. എന്റെ കണ്ണൂകള്‍ നിറഞ്ഞൊഴുകി. വിതുമ്പുന്ന മുഖവുമായി ഞാന്‍ പപ്പാ ഇരിക്കുന്ന ഭാഗത്തേക്കു നോക്കി. പപ്പാ അവിടെ ഇല്ല. ഞാന്‍ വാവിട്ടു കരഞ്ഞു. എന്നാല്‍ ഞാന്‍ വീണ ഉടനെ തന്നെ പപ്പ ഒരു ചാമ്പ്യനേപ്പോലെ കസേര വിട്ട് എന്റെ അടുത്തേക്കു ഓടിയെത്തി. പപ്പയുടെ മുഖത്ത് ദു:ഖം നിറഞ്ഞു നിന്നിരുന്നു എങ്കിലും ആ കണ്ണുകളില്‍ ആവേശം കത്തി നില്‍ക്കുന്നത് ഞാന്‍ കണ്ടു. പപ്പാ എന്നെ കൈപിടിച്ചെഴുന്നേല്പ്പിച്ചു ഫിനീഷ് പോയിന്റിലേക്കു കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

” ഞാന്‍ നിന്നെ പിടിച്ചോളാം നീ ഫിനീഷ് ചെയ്യ് ” ഈ സമയം ഫിനീഷ് പോയിന്റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഞാന്‍ നിരാശയോടെ പപ്പായെ നോക്കി.

” എടാ ഫിനീഷ് ചെയ്യുന്നവരെല്ലാം വിജയിച്ചവരാണ് സമ്മാനം നമുക്കടുത്തതില്‍ വാങ്ങാം ”

ഞാന്‍ വേച്ച് വേച്ച് ഫിനീഷിംഗ് പോയിന്റിലേക്ക് നീങ്ങി. അപ്പോഴുള്ള പപ്പായുടെ ഓരോ വാക്കും എന്നിലെ ആവേശത്തെ കാട്ടുതീ പോലെ പടര്‍ത്തി. പെട്ടന്ന് തന്നെ സ്റ്റേഡിയം നിശബ്ദമായി. ആരോ ഒരാള്‍ പതുക്കെ കൈ തട്ടി. എല്ലാവരുടേയുംകണ്ണൂകള്‍ എന്റെ നേരെ തിരിഞ്ഞു. പതുക്കെ എല്ലാവരും കൈകള്‍ തട്ടാന്‍ തുടങ്ങി. മുഖത്തെ കണ്ണുനീര്‍ തുടച്ചു കൊണ്ട് ഞാന്‍ ഫിനീഷ് ചെയ്തു. അപ്പോഴേക്ക് എന്നെ രണ്ടു മുന്നു പേര്‍ വന്ന് പിടിച്ചുകൊണ്ടു പോയി ഗ്രൗണ്ടില്‍ കിടത്തി. എന്റെ കണ്ണുകള്‍ അപ്പോഴും പപ്പായെ തേടുകയായിരുന്നു. എന്നെ ഫിനീഷ് പോയിന്റിലാക്കിയ ശേഷം പപ്പ അവിടെ തന്നെ മുട്ടു കുത്തിയിരുന്ന് മുഖം പൊത്തി കരയുകയായിരുന്നു.

കാറ് ഹോട്ടലിന്റെ പോര്‍ച്ചിലെത്തി. പുറത്തിറങ്ങിയപ്പോള്‍ അവര്‍ രണ്ടു പേരും നിശബ്ദമായി എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

” പപ്പായുടെ മനസിലെ ചെപ്പു തുറക്കാനുള്ള താക്കോലാണ് എന്റെ ഈ വിജയം.”

ഇതു പറഞ്ഞ് മുഖത്തെ കണ്ണു നീര്‍ തുടച്ച് ആ യുവാവ് മുറിയിലേക്കു കയറിപ്പോയി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English