ഇംഗ്ലീഷ് മീഡിയം സ്കൂളീലെ വിദ്യാര്ത്ഥിനിയാണ് മേഘ. അവള്‍ പഠിപ്പില്‍ ഒട്ടും താത്പര്യമില്ല. രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുകയില്ല. അമ്മ എഴുന്നേല്‍ക്കാന്‍ പറഞ്ഞു വിളീച്ചാല്‍ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. അച്ഛന്‍ വന്ന് ദേഷ്യപ്പെടുമ്പോള്‍ എഴുന്നേറ്റു വന്ന് സ്കൂളീല്‍ പോകാന്‍ തയാറാകും. ദിവസവും ഇതു പതിവാണ്.
പുസ്തകങ്ങളോട് അവള്‍ക്ക് അലര്‍ജിയാണ്. അതാത് ദിവസം എടുക്കുന്ന പാഠഭാഗങ്ങള്‍ പഠിക്കുകയില്ല. വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ പുസ്തക സഞ്ചി വലിച്ചെറിയും. മുത്തശി സഞ്ചി എടുത്തു വയ്ക്കണം. ഷൂസും സോക്സും ഊരി എറിയും അത് മേശയുടെ ചുവട്ടിലോ മറ്റോ ചെന്നു കിടക്കും.
പിന്നെ പോയിരുന്നു ചായയും ചിപ്സും കഴിക്കും അത് കഴിഞ്ഞ് ടി വി കാണും. ഹോം വര്‍ക്ക് ചെയ്തു വയ്ക്കാന്‍ അമ്മ പറഞ്ഞാന്‍ ചെയ്യില്ല. വായിക്കാന്‍ പറഞ്ഞാലും വായിക്കുകയില്ല. ഇന്ന് ഒന്നും പഠിപ്പിച്ചില്ലെന്നു പറയും. അദ്ധ്യാപകരെ കുറ്റം പറയും. അദ്ധ്യാപകരോട് അവള്‍ക്ക് ഒട്ടും ബഹുമാനമില്ല. മുത്തശ്ശി പഠിക്കാന്‍ പറഞ്ഞാല്‍ അവള്‍ മുത്തശിയെ ചീത്ത വിളിക്കും. അമ്മ പറഞ്ഞാലും അവള്‍ അനുസരിക്കുകയില്ല. അച്ഛന്‍ പറഞ്ഞാല്‍ മാത്രം പുസ്തകം തുറന്നു നോക്കും.
പരീക്ഷക്കാലത്ത് അച്ഛന്‍ രാവിലെ വിളീച്ച് എഴുന്നേല്പ്പിച്ച് വായിക്കാന്‍ പറയും. മേഘ മനസില്ലാ മനസോടേ എഴുന്നേല്‍ക്കും. എന്നിട്ട് വായിക്കാനിരിക്കും. ഈ നശിച്ച പരീക്ഷ എന്നു പ്രാകികൊണ്ടാണ് വായിക്കാന്‍ ഇരിക്കുക.
മേഘക്ക് പരീക്ഷക്കു നല്ല മാര്‍ക്ക് ലഭിക്കാറില്ല. എങ്ങനെ കിട്ടും? നല്ല മനസോടെ അല്ലല്ലോ പഠനം. മനം പോലെ മംഗല്യ എന്നാണല്ലോ പഴമൊഴി. അവള്‍ കൊല്ലാവസാന പരീക്ഷക്കു തോറ്റു. അവളുടെ ക്ലാസില്‍ അവള്‍ മാത്രമാണു തോറ്റത്.
അപ്പോള്‍ അവള്‍ക്ക് സങ്കടമായി പഠിക്കാമായിരുന്നു എന്നു തോന്നി .
സന്തോഷത്തോടെ പഠിക്കണം. ഇഷ്ടപ്പെട്ട് പഠിക്കണം. പ്രാകി നേര്‍ന്നു കൊണ്ട് പഠിക്കരുത്. ഇഷ്ടപ്പെടാതെ ചെയ്യുന്ന ഒരു പ്രവൃത്തിയും വിജയിക്കുകയില്ല.