2019-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം അറേബ്യന്‍ എഴുത്തുകാരിയായ ജോഖ അല്‍ഹാര്‍ത്തിക്ക് ലഭിച്ചു.അറബ് സാഹിത്യത്തിന് തന്നെ മികച്ച ഒരു അംഗീകാരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലിനാണ് പുരസ്‌കാരം. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയാണ് ജോഖ അല്‍ഹാര്‍ത്തി. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 44.30 ലക്ഷം രൂപ) നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മാരിലിന്‍ ബൂത്തുമായി പങ്കുവെക്കും.
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയും അല്‍ഹാര്‍ത്തിയാണ്. അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുന്ന കൃതിയാണ് സെലസ്റ്റിയല്‍ ബോഡീസ്. സമൂഹത്തെക്കുറിച്ച് കാവ്യാത്മകമായ ഉള്‍ക്കാഴ്ചയുള്ള എഴുത്താണ് അല്‍ഹാര്‍ത്തിയുടേതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. നോവലിന്റെ ശില്പഭദ്രതയും ലോകവീക്ഷണവുമാണ് അവാർഡിന് അർഹമാക്കിയത്
ബെറ്റണി ഹ്യൂസ് അധ്യക്ഷയായ അഞ്ചംഗസമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ബ്രിട്ടനിലോ അയര്‍ലന്റിലോ പ്രസിദ്ധീകൃതമായ ഫിക്ഷന്‍ പുസ്തകങ്ങളാണ് മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനായി പരിഗണിച്ചത്.