മമ്മൂട്ടിയെയും മോഹൻലാലിനെയും നമ്മൾ അത്ഭുതത്തോടെയാണ് കാണുന്നത്. എത്രയോ കാലമായി നമ്മെ മടുപ്പിക്കാതെ അവർ മുന്നിൽ നിൽക്കുന്നു. നമ്മെ നടക്കാനുമുടുക്കാനും ചിരിക്കാനും കരയാനും നല്ലതു പറയാനും നന്നായി പെരുമാറാനും നല്ല മക്കളും നല്ല അച്ഛനും നല്ല ഭർത്താവും നല്ല കാമുകനുമാകാൻ അവർ പഠിപ്പിച്ചു. അവർ ദേഷ്യപ്പെടുന്നപോലെ നമ്മൾ ദേഷ്യപ്പെട്ടു; അവർ തല്ലുകൂടിയ പോലെ നമ്മളും തല്ലുകൂടി; അവർ കിടപ്പറയിൽ പെരുമാറിയ പോലെ നമ്മളും ചെയ്തു. വേറെങ്ങും നമുക്ക് നോക്കേണ്ടി വന്നില്ല. എന്തിനുമേതിനും അവർ നമുക്ക് മാതൃകയായി. അവരുടെ കഴിവിനെ തെല്ലു കുശുമ്പോടെ അംഗീകരിച്ചു നാം; നമ്മുടെ കഴിവുകേടിനെ സ്വയംപഴിച്ചു.
ജനനത്തോടെ നമ്മോടൊപ്പം കൂടുന്ന രണ്ടു യാദൃശ്ചികതകളാണ് അച്ഛനും അമ്മയും. അവർക്ക് അകമ്പടിയായ ചുറ്റുപാടുകൾ– ജാതി, മതം, ദൈവം, ആചാര വിശ്വാസങ്ങൾ, ഭാഷ, വേഷം– നമുക്കും അകമ്പടിയാകുന്നു. അതെന്താണെന്നും എന്തിനാണെന്നും നാം ചോദിക്കുന്നില്ല.
ജനനം ഒരാളുടെ ഇച്ഛയല്ലെന്നും ഒരു യാദൃശ്ചികത മാത്രമാണെന്നും മാർക്സ് പറഞ്ഞു. അതുകൊണ്ടു നിങ്ങൾ ഊറ്റംകൊള്ളുന്ന ഒന്നിനെയുമോർത്തു–ജാതി, മതം, വർണം, ജന്മസിദ്ധമായ സ്ഥാനമാനങ്ങൾ– ശരിക്കും നിങ്ങൾ ഊറ്റം കൊള്ളേണ്ടയെന്നും അതുപോലെ നിങ്ങൾ അവമാനിതനാകുന്ന ഒന്നിനെയോർത്തും ശരിക്കും നിങ്ങൾ അവമതിക്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ തന്റേടിയും പുരോഗമനവാദിയുമായിരുന്നു ദുര്യോധനൻ. മാർക്സിന്റെ ചിന്തകൾ അദ്ദേഹം മുൻകൂട്ടി അറിഞ്ഞിട്ടുണ്ടാവണം. അവർണ്ണനായ കർണ്ണനെ അദ്ദേഹം ഒരു നിമിഷം കൊണ്ട് സവർണ്ണനാക്കി. അന്നത്തെ സമൂഹം അക്കാഴ്ച കണ്ടു സ്തബ്ധമായിട്ടുണ്ടാവണം. നമുക്കായി വലിയ കാര്യങ്ങൾ ചെയ്ത ശ്രീ നാരായണ ഗുരുവിനെയും അംബേദ്ക്കറെയും അബ്‌ദുൽ കലാമിനെയും പോലുള്ളവരെ സവർണ്ണരാക്കാൻ പോന്ന ഇച്ഛാശക്തിയുള്ള ദുര്യോധനന്മാരെയല്ലേ നമുക്കും വേണ്ടത്. പല പ്രശ്നത്തിനും പരിഹാരമാണത്: സവർണരുടെ എണ്ണം കൂടും; അവർണ്ണരുടെ എണ്ണം കുറയും. കാലക്രമത്തിൽ ജാതിവ്യവസ്ഥയും സംവരണവും അന്യം നിന്നു പോകും.
ചക്കിക്കൊത്ത ചങ്കരനെന്നല്ലേ. മാറാത്ത നമുക്കായി മാറാത്ത നേതാക്കൾ വന്നു. അവർ ജാതി പറഞ്ഞു നമ്മെ തമ്മിൽ തല്ലിക്കുന്നു . മാറാത്ത നമുക്കായി മമ്മൂട്ടിയും മോഹൻലാലും മാറാതെ നിൽക്കുന്നു. ആരോ നമ്മെ മണ്ടരെന്നു വിളിക്കുന്നു. പേടിത്തൂറികളെന്നു ദുര്യോധനൻ പരിഹസിക്കുന്നു.
മാറ്റമൊന്നെ മാറാതുള്ളു എന്നു പറഞ്ഞ മാർക്സ് ഒഴുക്കുമോളവുമില്ലാതെ അഴുക്കുകെട്ടിക്കിടക്കുന്ന ഓടവെള്ളം പോലുള്ള നമ്മെ നോക്കി, പറഞ്ഞതോർത്തു വിഷമിക്കുണ്ടാവും .