വിരിഞ്ഞ രണ്ടു കുസുമങ്ങള്‍
അകലങ്ങളിലേക്കു പോയിമറഞ്ഞാലും
ഒരേ വേരാല്‍ തന്നെ മണ്ണിലുറച്ചു നില്‍ക്കേണ്ടവര്‍
ഒരമ്മ തന്‍ ചൂടും തണലും അറിഞ്ഞൊരുമിച്ച്
സ്വപ്നങ്ങളുണ്ടു വളര്‍ന്നവര്‍ നമ്മളിന്ന്‍
മനസ്സിനുള്ളില്‍ മതില്‍ക്കെട്ട് തീര്‍ക്കുന്നു
കാഴ്ചയെ കെട്ടിമറയ്ക്കുന്നു
വിയര്‍പ്പെന്തെന്നറിയാത്തവര്‍ നമ്മള്‍
പണ്ടെങ്ങോ അപ്പനപ്പൂപ്പന്മാരൊഴുക്കിയ
വിയര്‍പ്പിന്‍ കനിക്കായി കടിപിടി കൂടുന്നു
കോടതി കയറി അതിരുകള്‍ കാക്കുന്നു
ഒരൊറ്റമതിലു വരയിട്ട ഗൃഹങ്ങള്‍
ഇന്നകലത്തുള്ള രണ്ടു ഗ്രഹങ്ങള്‍
കുഞ്ഞന്നാളിലുണ്ണിക്കഥകളേറെ ചൊല്ലിതന്ന
എന്മൊഴികളിന്നുനിനക്കന്യമാമേതോ ഭാഷ
ഒരേയമ്മിഞ്ഞ രുചിച്ചവര്‍
നമ്മള്‍ കൂടപിറപ്പുകള്‍
കാലങ്ങളായി പറയാതെ കേള്‍ക്കാതെ
പോകുന്നതിതുവഴിയെന്തിനോ
സ്വത്താം സത്ത്വത്തിന്നാര്‍ത്തിയെ
ഗര്‍ഭം ധരിച്ചു കൊണ്ടു നാം
നമ്മിലറിയാതെ നമ്മിലിണങ്ങാതെ
കൊണ്ടും കൊടുത്തും പോകുന്നതെന്തിനോ
നീയും ഞാനും വെറും മനുഷ്യര്‍
മരണമുള്ളവര്‍, സ്വന്തമാക്കിയതും
സ്വന്തമാക്കാനാഗ്രഹിച്ചതുമെല്ലാം വെടിഞ്ഞൊരുനാള്‍
ശൂന്യഹസ്തങ്ങളുമായി പോകേണ്ടവര്‍
പിന്നെന്തിനാണു കൂടപിറപ്പേ
ഈ നോവുകളും നോവിക്കലുകളും
പിന്നെന്തിനാണു കൂടപിറപ്പേ
നമ്മെത്തന്നെയില്ലാതാക്കുന്നയീ മത്സരങ്ങള്‍