മാലിനി

 

 

 

 

ഓർമ്മകളുടെ കടലിരമ്പമാണ് മാലിനിയുടെ മനസ്സിൽ, കണ്ണുകൾ താനെ അടയുന്നുണ്ടെങ്കിലും ഉറങ്ങാൻ കഴിയുന്നില്ല.  തൊട്ടടുത്തിരിക്കുന്ന അമ്മ ഓമന നല്ല ഉറക്കത്തിലാണ്. ട്രെയിൻ കുറ്റിപ്പുറം കഴിഞ്ഞതേ ഉള്ളൂ, ഡിസംബറിലെ ആ നട്ടുച്ചക്ക് നല്ല ചൂടാണ്, അവളുടെ നെഞ്ചകമാകട്ടെ അതിനേക്കാളേറെ ചുട്ട് പൊള്ളുന്നുണ്ടായിരുന്നു.

അമ്മയെയും കൂട്ടി അതിരാവിലെ യാത്ര പുറപ്പെട്ടതാണ് മാലിനി, സുൽത്താൻ ബത്തേരിയിൽ നിന്ന് ആറു മണിക്കുള്ള കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറുമ്പോൾ മരം കോച്ചുന്ന തണുപ്പായിരുന്നു. സ്വെറ്ററും വൂളൻ ഷാളും ഒക്കെ ഉണ്ടെങ്കിലും ആ തണുപ്പിൽ അമ്മ വല്ലാതെ വിഷമിക്കുന്നുണ്ടെന്നു അവൾക്കറിയാം, പക്ഷെ തന്റെ മുന്നിൽ വേറെ വഴികളുണ്ടായിരുന്നില്ല.

കല്പറ്റയും വൈത്തിരിയും അടിവാരവും പിന്നിട്ട് ആനവണ്ടി താമരശ്ശേരി ചുരമിറങ്ങി, പണ്ട് സ്കൂളിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രക്ക് പോയപ്പോൾ താമരശ്ശേരി ചുരം മാലിനിയുടെ മുൻപിൽ വിസ്മയമായിരുന്നു.  ഓരോ ഹെയർപിൻ വളവുകൾ കയറുമ്പോഴും പിന്നിട്ട വഴികളും ചുരമിറങ്ങുന്ന വാഹനങ്ങളുമൊക്കെ ചെറുതായി ചെറുതായി ഒരു പൊട്ടുപോലെ ആയി കാണാമറയത്തേക്ക് മാഞ്ഞു പോകുന്നതും മുകളിലേക്ക് നോക്കുമ്പോൾ ഉയരങ്ങൾ കീഴടക്കി ഒടുവിൽ ആകാശം തൊട്ടരികിലേക്കെത്തുന്നതും ഒക്കെ അത്ഭുതത്തോടെ നോക്കി രസിച്ചിരുന്നു. പക്ഷെ ഇന്നത്തെ ഈ യാത്രയിലെ ചുരമിറക്കം അവൾ അറിഞ്ഞത് പോലും ഇല്ല.

അമ്മയോട് ചേർന്നിരുന്ന് തന്റെ തണുപ്പകറ്റാൻ ശ്രമിക്കുമ്പോഴും മാലിനിയുടെ മനസ്സിൽ അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. പിന്നെങ്ങിനെ ആണ് യാത്രയിലെ കാഴ്ചകൾ അവൾക്ക് കാണാനാവുക.

ഒൻപതുമണിക്ക് മുൻപ് തന്നെ ബസ് കോഴിക്കോട് എത്തിയിരുന്നു. ബസ് സ്റ്റാന്റിനടുത്തുള്ള പാരഗൺ ഹോട്ടലിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു, രാവിലെ കഴിക്കേണ്ട ഗുളികൾ അവിടെ വച്ച് തന്നെ അമ്മക്ക് കൊടുത്തു. അൽപ സമയം കഴിഞ്ഞു ഒരു ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി. ഏതാണ്ട് പതിനൊന്നേ കാൽ ആകുമ്പോഴേക്കും ഏറനാട് എക്സ്പ്രസ്സിൽ കയറി.

ഷൊർണ്ണൂർ എത്തിയാൽ അമ്മയെ വിളിച്ചുണർത്തി ഭക്ഷണം വാങ്ങി കൊടുക്കാമെന്നു മാലിനി കരുതി. തികച്ചും അപ്രതീക്ഷിതമായിരുന്നു തിരുവനന്തപുരത്തേക്കുള്ള ആ യാത്ര. മുന്നിൽ നിറയെ അനിശ്ചിതത്വം മാത്രം.
അമ്മ കൂടെയില്ലെങ്കിൽ ഒരു പക്ഷെ എന്നേ അവൾ ജീവിതം അവസാനിപ്പിച്ചേനെ.
എത്ര സുന്ദരമായ ജീവിതമാണ് ഒരു ദിവസം കൊണ്ട് ചില്ലു കൊട്ടാരം പോലെ തകർന്നുടഞ്ഞത്, എന്തൊക്കെ ദുരിതങ്ങൾ, ഓർക്കാൻ ഒട്ടും ഇഷ്ടമല്ലെങ്കിലും മാലിനിയുടെ മനസ്സ് സഞ്ചരിച്ചത് അങ്ങോട്ടേക്ക് തന്നെ ആയിരുന്നു.

കണ്ണൂർ ജില്ലയിലെ ചെമ്പൻമല ഗ്രാമത്തിലാണ് മാലിനി ജനിച്ചതും വളർന്നതും. അച്ഛൻ മോഹന ചന്ദ്രൻ ചെമ്പൻ മല ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു. മോഹന ചന്ദ്രന്റെയും ഓമനയുടെയും ഏക മകളാണ് മാലിനി.

തന്റെ ആഗ്രഹങ്ങളോടൊപ്പം എന്നും കൂടെ നിൽക്കുന്ന അച്ഛനെ മാലിനിക്ക് വലിയ ഇഷ്ടമായിരുന്നു.

നല്ല മാർക്കോടെ ആണ് എസ് എസ് എൽ സി യും പ്ലസ് ടു വും മാലിനി പാസ്സായത്. ബി എസ് സി കെമിസ്ട്രി ഫൈനൽ ഇയറിലെ പ്രാക്ടിക്കൽ പരീക്ഷയും കഴിഞ്ഞു സന്തോഷത്തോടെ കോളേജിൽ നിന്ന് വരികയായിരുന്നു അന്ന് മാലിനി, ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ വീടിനു പരിസരത്തു അച്ഛന്റെ ചില സുഹൃത്തുക്കൾ നിൽക്കുന്നത് കണ്ടു.അവർ കാര്യമായ ചർച്ചയിലാണ്.

എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു. അച്ഛന് വല്ലതും പറ്റിയോ അതോ അമ്മക്ക് എന്തെങ്കിലും പറ്റിയോ ?

അവളുടെ നടത്തത്തിന് വേഗത കൂടി, മുറ്റത്തും വരാന്തയിലും ചില ബന്ധുക്കൾ ഉണ്ട്. ഒരുവിധത്തിൽ ഓടി വീട്ടിനകത്തേക്ക് കയറി.

അമ്മ അകത്ത് കട്ടിലിരുന്ന് കരയുകയാണ്, ഇളയമ്മയും അമ്മായിയും അടുത്തിരിപ്പുണ്ട്

ബാഗ് മേശപ്പുറത്തേക്ക് വച്ച് മാലിനി അമ്മയുടെ അടുത്തേക്ക് ഓടി

” അമ്മേ , എന്താ പറ്റിയത് ? അച്ഛൻ എവിടെ ? ”

” എല്ലാം പോയില്ലേ മോളെ …” ഓമന കരഞ്ഞു കൊണ്ട് പറഞ്ഞു.

അച്ഛന് അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവൾ ഉറപ്പിച്ചു. അമ്മയെ കെട്ടിപിടിച്ചു കൊണ്ട് അവൾ വീണ്ടും ചോദിച്ചു.

” എന്താ പറ്റിയത് , പറ അമ്മാ ”

” ഒന്നും ഇല്ല , മോള് പോയി കാലും മുഖവും ഒക്കെ കഴുകി വസ്ത്രം മാറിയിട്ട് വാ ” അമ്മായി രമണി ആണ് മറുപടി പറഞ്ഞത്.

” കരയാതിരിക്കൂ, വിനോദൻ വക്കീലിനെ വിളിച്ചിട്ടുണ്ട് , സ്റ്റേഷനിൽ എത്താമെന്ന് പറഞ്ഞിട്ടുണ്ട്, ഞാനും സഹദേവനും അങ്ങോട്ട് പോവുകയാണ് ” അമ്മാവൻ രാധാകൃഷ്ണൻ അകത്തു കയറി അമ്മയോട് പറഞ്ഞു.

അപ്പൊ കാര്യം വേറെ എന്തോ ആണ്, മാലിനി കട്ടിൽ നിന്നെഴുന്നേറ്റ് അമ്മാവനടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.

” അമ്മാവാ എന്താ സംഭവിച്ചത് ? എന്തിനാ അമ്മാവനും ഇളയച്ഛനും സ്റ്റേഷനിലേക്ക് പോകുന്നത് ? ”

എന്ത് പറയണമെന്നറിയാതെ രാധാകൃഷ്ണൻ ഒന്ന് ശങ്കിച്ച് നിന്നു.

എങ്ങിനെ ആയാലും മാലിനിയോട് പറഞ്ഞേ പറ്റൂ, ഇന്നല്ലെങ്കിൽ നാളെ അവൾ അറിയും , അവൾ മുതിർന്ന കുട്ടി അല്ലേ …

രാധാകൃഷ്ണൻ അവളെ അടുത്തേക്ക് ചേർത്ത് നിർത്തി പറഞ്ഞു

” മോള് വിഷമിക്കേണ്ട , അച്ഛനെ ഒരു കേസിൽ സംശയത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു, ”

” അച്ഛനെ അറസ്റ്റ് ചെയ്തന്നോ ? എന്തിന് ? ഏതു കേസിൽ ” മാലിനി ചോദിച്ചു.

അപ്പോഴേക്കും ഇളയച്ഛൻ സഹദേവൻ അകത്തേക്ക് വന്നു.

” രാധാകൃഷ്‌ണാ വണ്ടി എത്തിയിട്ടുണ്ട് , നമുക്ക് ഇറങ്ങാം ”

” അച്ഛനെ എന്തിനാ അറസ്റ്റ് ചെയ്തേ ഇളയച്ഛ .. എന്താ ആരും ഒന്നും പറയാത്തത് ” മാലിനിയുടെ ചോദ്യം സഹദേവനോടായി.

” അത് മോളെ .. സ്കൂളിൽ ഏതോ കുട്ടിയെ അടിച്ചതിനാണ് ” ഒരുവിധം സഹദേവൻ പറഞ്ഞൊപ്പിച്ചു.

രാധാകൃഷ്ണനും സഹദേവനും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനിലേക്ക് പോയി

അച്ഛൻ കുട്ടികളെ പൊതുവെ അടിക്കാറില്ലല്ലോ , ഇതെന്ത് പറ്റി എന്നായി മാലിനിയുടെ ചിന്ത.

താൻ കരുതിയത് പോലെ അത്യാഹിതമൊന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിൽ മാലിനി അവളുടെ റൂമിലേക്ക് പോയി വസ്ത്രമൊക്കെ മാറി കാലും മുഖവും ഒക്കെ കഴുകി തിരിച്ചു അമ്മയുടെ അടുത്തേക്ക് വരിക ആയിരുന്നു.

അപ്പോഴാണ് അകത്തുനിന്നുള്ള അടക്കി പിടിച്ച സംസാരം അവൾ ശ്രദ്ധിച്ചത്

” എന്നാലും മോഹനേട്ടൻ അങ്ങിനെ ചെയ്യുമോ ? ” ഇളയമ്മ ഗിരിജയുടെ ചോദ്യമാണ് അവൾ കേട്ടത്.

” എന്താണ് എന്നാർക്കറിയാം , മാലിനിയോട് എന്ത് പറയും , ചാനലുകളിൽ ഒക്കെ വാർത്ത ഉണ്ടെന്നാ രാധേട്ടൻ പറഞ്ഞത് ” അമ്മായി രമണി പറഞ്ഞു.

റൂമിലേക്ക് കയറാതെ മാലിനി ഹാളിൽ തന്നെ നിന്നു , ഒരെത്തും പിടിയും കിട്ടുന്നില്ല, അവൾ ടിവി ഓൺ ചെയ്തു

ന്യൂസ് ചാനൽ വച്ചു

” ചെമ്പൻ മല ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ മോഹന ചന്ദ്രൻ അറസ്റ്റിൽ, പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസിലാണ് അദ്ധ്യാപകൻ അറസ്റ്റിലായത് … ”

ഫ്ലാഷ് ന്യൂസ് സ്ക്രോൾ ചെയ്തു പോകുന്നത് കണ്ടപ്പോൾ തന്നെ മാലിനിയുടെ തലയിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി, അവൾ സോഫയിലേക്ക് ഒരു വിധത്തിലാണ് ഇരുന്നത്.

” മാലിനി … മാലിനി ..മോളെ എഴുന്നേൽക്ക് ..” ഇളയമ്മ ഗിരിജ മുഖത്ത് വെള്ളം തളിച്ച് കുലുക്കി വിളിച്ചപ്പോഴാണ് മാലിനിക്ക് ബോധം തിരിച്ചു കിട്ടിയത്.

ടിവി ആരോ ഓഫ് ചെയ്തിരുന്നു. തന്റെ അച്ഛൻ ഒരു പെൺകുട്ടിയുടെ മാനം നശിപ്പിച്ചിരിക്കുന്നു, അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ഓർക്കും തോറും തല പെരുക്കുന്നു.

ഇന്നലെ വരെ കളിയും ചിരിയുമായി കഴിഞ്ഞിരുന്ന ആ വീട് അക്ഷരാർത്ഥത്തിൽ മരണ വീട് പോലെ ആയിരിക്കുന്നു.

ആരും പരസ്പരം ഒന്നും മിണ്ടാതെ ചുറ്റിലും മൗനം തളം കെട്ടി നിൽക്കുന്നു.
നിമിഷങ്ങളും മണിക്കൂറുകളും കടന്നുപോയി, പോലീസ് സ്റ്റേഷനിലേക്ക് പോയ രാധാകൃഷ്ണനും സഹദേവനും മടങ്ങിയെത്തി.

ജാമ്യം കിട്ടിയില്ല, പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു, കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് കൊണ്ട് പോയത്.

ഷൊർണൂർ എത്തുന്നതിനു മുൻപ് തന്നെ ഓമന ഉറക്കമുണർന്നു, കണ്ണടച്ചു ഇരിക്കുകയായിരുന്ന മാലിനിയെ തട്ടി വിളിച്ചു.

” മോളെ .. മാലിനി .. ഉറക്കമാണോ ? ”

” ഇല്ല അമ്മ , ഉറങ്ങിയിട്ടില്ല , അമ്മക്ക് വെള്ളം വേണോ ? ” മാലിനി ചോദിച്ചു.

” വേണ്ട മോളെ , ടോയ്‌ലെറ്റിൽ പോകണം ” ഓമന പറഞ്ഞു

അമ്മയെയും കൂട്ടി മാലിനി ടോയ്‌ലെറ്റിൽ പോയി, അമ്മയെ തിരികെ സീറ്റിൽ കൊണ്ടുവന്നിരുത്തിയ ശേഷം മാലിനി മുഖമൊക്കെ കഴുകി വന്നു, അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോൾ തങ്ങളെ നോക്കുന്ന ഓരോ കണ്ണുകളും പരിചയക്കാരുടേതാവല്ലേ എന്നവൾ മനമുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
വണ്ടി ഷൊർണ്ണൂരെത്തിയപ്പോൾ ഉച്ച ഭക്ഷണം കഴിച്ചു, അതിനു ശേഷം അമ്മയുടെ ഉച്ചക്കുള്ള ഗുളികകൾ നൽകി.

അധികമൊന്നും സംസാരിക്കാതെ രണ്ടുപേരും പുറത്തേക്ക് നോക്കിയിരുന്നു. ആ പകലിന്റെ കാഴ്ചകൾ അവരുടെ രണ്ടു പേരുടെയും കണ്ണുകളിൽ പതിയുന്നുണ്ടായിരുന്നില്ല, അനുഭവിച്ചു തീർത്ത ഇന്നലകളും സഹനങ്ങളും പെയ്തു തീരാത്ത കണ്ണീരോർമ്മകളും ഒരു തിരശീലയിലെന്ന പോലെ ഇരു മനസ്സുകളിലും മിന്നിമാഞ്ഞു കൊണ്ടിരുന്നു.

ട്രെയിൻ ചാലക്കുടിയും കഴിഞ്ഞു ആലുവയിലെത്തുമ്പോഴേക്കും ഓമന വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.

അമ്മയെ ഒന്ന് നോക്കി ഒരു നെടുവീർപ്പോടെ മാലിനി കണ്ണുമടച്ചു ഇരുന്നു.

തന്റെ അച്ഛന് എങ്ങിനെയാണ് ആ പാവം കുരുന്നിനെ നശിപ്പിക്കാൻ കഴിഞ്ഞത്, ഇത്രയും ക്രൂരനായിരുന്നോ ആ മനുഷ്യൻ മനുഷ്യനല്ല, മൃഗമാണ് അയാൾ , മൃഗം.
മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും അവളുടെ മനസ്സിലേക്കെത്തുന്നു.

റിമാന്റിൽ ആയ മോഹന ചന്ദ്രൻ പിന്നെ പുറം ലോകം കണ്ടിട്ടില്ല, പ്രമാദമായ കേസായതിനാൽ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നത്, വിചാരണ കാലത്തെ പത്ര വാർത്തകൾ മാലിനിയുടെ മനസ്സിൽ അച്ഛനോട് വെറുപ്പും അറപ്പുമാണ് സൃഷ്ടിച്ചത്.

വിചാരണക്കൊടുവിൽ മോഹന ചന്ദ്രനെ ഏഴ് വർഷത്തേക്ക് ശിക്ഷിച്ചു.

എംഎസ്‌സി ക്ക് അഡ്‌മിഷൻ ലഭിച്ചെങ്കിലും പോകാൻ മടിച്ചു നിന്ന മാലിനി അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ചേർന്നത്.

ആ രണ്ടു വർഷം താൻ അനുഭവിച്ചു തീർത്തത് പല ജന്മങ്ങളുടെ സഹനങ്ങളാണ്.

കോളേജ് ക്യാമ്പസ്സിൽ, ബസ്സ് സ്റ്റോപ്പിൽ, പലചരക്ക് കടയിൽ എവിടെ ചെന്നാലും പരിഹാസം, അവഹേളനം, ചില സന്ദർഭങ്ങളിൽ ബലാൽസംഗക്കാരന്റെ മകൾ എന്ന പേരിൽ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമം, അങ്ങിനെ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വന്നു.

ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല, പാവം അമ്മയെ ഓർത്തുമാത്രം ചെയ്തില്ല.

ഒരു ദിവസം കോളേജിൽ നിന്ന് വീട്ടിലെത്തിയപ്പോൾ കണ്ടത് ബോധരഹിതായി കിടക്കുന്ന അമ്മയെ ആണ്, പലവട്ടം വിളിച്ചിട്ടും ഒരു ഓട്ടോ പോലും വന്നില്ല, ഒടുവിൽ സഹപാഠികളെ വിളിച്ചാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. മോഹന ചന്ദ്രൻ പിച്ചി ചീന്തിയ ആ കുഞ്ഞിന്റെ ഏതോ ബന്ധു വീട്ടിലെത്തി എന്തൊക്കെയോ അസഭ്യം പറഞ്ഞു, നിന്നെയും മകളെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു ഇറങ്ങി പോയപ്പോൾ മകളെ ആരെങ്കിലും എന്തെങ്കിലും ചെയ്തു കളയുമോ എന്നോർത്ത് ഭയന്നു, അത് താങ്ങാനാകാതെ തളർന്നു വീണതായിരുന്നു ഓമന.

അധികം വൈകാതെ ആശുപത്രിയിലെത്തിക്കാനായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു, അന്ന് തുടങ്ങിയതാണ് ഓമനയുടെ ചികിത്സ.

അമ്മയെയും കൂട്ടി ആശുപത്രിയിൽ പോയാൽപോലും അവഹേളനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

തന്റെ സഹപാഠികളിൽ ചിലരും അദ്ധ്യാപകരും മാത്രമാണ് താങ്ങും തണലുമായി ഉണ്ടായിരുന്നത്, രണ്ടു വർഷം സഹിച്ച ത്യാഗങ്ങൾക്കൊടുവിൽ മാലിനി ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടി.

സഹപാഠികളുടെ നിർബന്ധത്തിനു വഴങ്ങി ആണ് ബിഎഡിന് ചേർന്നത്, അവിടെയും പലപ്പോഴും അച്ഛന്റെ ചെയ്തികൾ വില്ലനായി അവളെ വേട്ടയാടി കൊണ്ടിരുന്നു. പരിഹാസങ്ങളിൽ നിന്ന് അവഹേളനങ്ങളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ചെമ്പൻ മല വിട്ട് തങ്ങളെ അറിയാത്ത മറ്റൊരു നാട്ടിലേക്ക് ചേക്കേറണം, അതിന് ജോലി വേണം.

പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആ ആഗ്രഹം കാരണമായി, ബിഎഡ് രണ്ടാം റാങ്കോടെ പാസ്സായി, സെറ്റും നെറ്റും നേടിയെടുത്തു.

അച്ഛന്റെ സുഹൃത്തുക്കളാരും ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല, ബന്ധുക്കളും ഏതാണ്ട് അങ്ങിനെ തന്നെ.

എല്ലാ പ്രതിബന്ധങ്ങളോടും പോരടിച്ചുകൊണ്ടാണ് ആ അമ്മയും മകളും ജീവിതം മുന്നോട്ട് കൊണ്ടുപോയത്.

അധികം താമസിയാതെ തന്നെ മാലിനിക്ക് താൽക്കാലികമായി ഒരു ജോലി തരപ്പെട്ടു, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ കെമിസ്ട്രി അദ്ധ്യാപികയായി.

അമ്മയും മകളും ചെമ്പൻമലയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് ജീവിതം പറിച്ചു നട്ടു. അച്ഛന്റെ ക്രൂരതക്ക് വേട്ടയാടപ്പെടാൻ തങ്ങളുടെ ജീവിതം വിട്ടുകൊടുക്കില്ലെന്ന അവളുടെ ഉറച്ച തീരുമാനം നടപ്പിലായി.

പരിഹാസങ്ങളും അവഹേളനങ്ങളും ഇല്ലാത്ത ഒരു ജീവിതത്തിലേക്കാണ് അവർ ചുരം കയറി എത്തിയത്. ഏതാണ്ട് ഒന്നര വർഷം അങ്ങിനെ കടന്നു പോയി.
ആയിടക്കാണ് സെന്റ് മേരീസ് കോളേജിലേക്ക് പോകുന്ന വഴിയിൽ ഒരു പുതിയ ടൈൽസ് ഷോറൂം തുടങ്ങിയത്, ചെമ്പൻമലക്കാരനായ സുധീർ ആണ് ആ ഷോറൂമിന്റെ ഉടമ. മോഹന ചന്ദ്രന്റെ സുഹൃത്തായിരുന്നു സുധീർ. ഒരു ദിവസം കോളജിൽ നിന്ന് വരുന്ന വഴിക്ക് മാലിനിയെ സുധീർ തിരിച്ചറിഞ്ഞു. അന്ന് വളരെ മാന്യമായിട്ടാണ് അയാൾ പെരുമാറിയത്. പക്ഷെ അടുത്ത ദിവസം തന്നെ അയാളുടെ ഉന്നം തന്റെ ശരീരമാണെന്ന് മാലിനി മനസ്സിലാക്കി, വഴങ്ങിയില്ലെങ്കിൽ ബലാൽസംഗക്കാരന്റെ മകളാണെന്ന വിവരം കോളേജിലും ആ നാട്ടിലും അറിയിക്കുമെന്ന് സുധീർ ഭീഷിണിപ്പെടുത്തി.

ജനിച്ച നാടും വീടും വിട്ടെറിഞ്ഞു വന്നിട്ടും അച്ഛന്റെ കളങ്കിതമായ പൈതൃകം തന്നെ വേട്ടയാടുകയാണല്ലോ എന്നവൾ പരിതപിച്ചു.

മാലിനി തനിക്ക് വഴങ്ങില്ലെന്ന് ഉറപ്പായപ്പോൾ സുധീർ കോളേജിലെ കുട്ടികളോട് മോഹനചന്ദ്രന്റെ ബലാൽസംഗ കഥ പറഞ്ഞു, ആ ക്യാമ്പസ് മുഴുവൻ കാട്ടുതീ പോലെ ആ വാർത്ത പടർന്നു. റെക്കോർഡ് സബ്‌മിറ്റ് ചെയ്ത് ലാബിൽ നിന്ന് ഇറങ്ങുമ്പോൾ ഫൈനൽ ഇയർ വിദ്യാർത്ഥി അഖിൽ മാലിനിയുടെ അടുത്തെത്തി.

” മിസ്സ് , നമ്മളെപ്പോഴാണ് ഒന്ന് ശരിക്കും കാണുന്നത് ? ” വഷളൻ ചിരിയുമായി അവളെ തലോടികൊണ്ട് അവൻ ചോദിച്ചു.

എല്ലാ നിയന്ത്രണങ്ങളും വിട്ട മാലിനി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.

ഒരു പെണ്ണിൽ നിന്ന് മുഖത്തേറ്റ അടിയും അത് സഹപാഠികൾ കണ്ടതും കാരണം പെട്ടെന്ന് തന്നെ അഖിൽ അവിടെ നിന്ന് സ്ഥലം കാലിയാക്കി.

ഇനി സുധീറിനെ മാത്രമല്ല അഖിലിനെ കൂടി പേടിക്കണമല്ലോ എന്നോർത്ത് മാലിനി അസ്വസ്ഥയായി. സ്റ്റാഫ് റൂമിൽ എത്തിയ അവൾ ഒരു എ 4 ഷീറ്റിൽ വിറയാർന്ന കൈകൊണ്ട് തന്റെ രാജിക്കത്ത് എഴുതി പ്രിൻസിപ്പലിന് നൽകി അവിടെ നിന്നും പടിയിറങ്ങി. വീണ്ടും ഒരു ഒളിച്ചോട്ടം.

അമ്മയെയും കൂട്ടി അങ്ങിനെയാണ് മാലിനി വയനാടൻ ചുരമിറങ്ങിത്.
തന്റെ സുഹൃത്തും സഹപാഠിയുമായ മെൽവിൻ ജോസഫ് തിരുവന്തപുരത്താണ് ജോലി ചെയ്യുന്നത്.

കോളേജിൽ വച്ചുണ്ടായ സംഭവങ്ങൾ പറഞ്ഞപ്പോൾ മെൽവിനാണ് അവളോട് തിരുവന്തപുരത്തേക്ക് പോകാൻ പറഞ്ഞത്, അവിടെ എന്തെങ്കിലും ജോലിക്ക് ശ്രമിക്കാം , ജോലി കിട്ടുന്നത് വരെ ഓമനക്കും മാലിനിക്കും മെൽവിനോടോപ്പം താമസിക്കാമെന്നും പറഞ്ഞു.

അച്ഛന്റെ കാമഭ്രാന്ത് നശിപ്പിച്ചത് ആ പാവം പെൺകുട്ടിയെ മാത്രമല്ല, തന്റെയും അമ്മയുടെയും ജീവിതം കൂടിയാണെന്ന് മാലിനിക്ക് തോന്നി.

മരണത്തിലൂടെ അല്ലാതെ അച്ഛന്റെ പൈതൃകത്തിൽ നിന്ന് മോചനം തേടാനാകുമോ

അച്ഛന്റെ ക്രൂരതയുടെ ഇന്നലകളിൽ നിന്ന് തനിക്കും അമ്മക്കും എന്നെങ്കിലും രക്ഷയുണ്ടാകുമോ ?

അവളുടെ മനസ്സിൽ പല പല ചിന്തകൾ ചേക്കേറി ..

ബലാൽസംഗക്കാരന്റെ മകളെന്ന പേരുമായിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി യാത്രതിരിച്ച മാലിനിയെയും അമ്മയെയും അവരുടെ നൊമ്പരങ്ങളെയും ആത്മസംഘര്ഷങ്ങളെയും കൊണ്ട് ഏറനാട് എക്സ്പ്രസ്സ് എറണാകുളവും അമ്പലപ്പുഴയും കായംകുളവും പിന്നിട്ട് അനന്തപുരിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here