മലേഷ്യ

ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുന്നതിനുള്ള അനൗണ്‍സ്മെന്റുന്റ് കേട്ടു അവന്‍ തന്റെ സീറ്റ് നേരെയാക്കി. ബെല്‍റ്റ് കണക്ട് ചെയ്തു  …സൈഡ് വിന്‍ഡോയിലൂടെ പുറത്തേക്കുനോക്കി. …നല്ല നീലാകാശം.. അപ്പോഴും വെള്ളിമേഘങ്ങള്‍ക്കു മുകളിലൂടെ ഫ്ലൈറ്റ് സഞ്ചഞ്ചരിക്കുകയായിരുന്നു…ഫ്ലൈറ്റ് ചെറുതായി ഒന്നു കുലുങ്ങി താഴാന്‍ തുടങ്ങുകയായിരുന്നു. വിമാനത്തിന്റെ സ്പീഡും അൾട്ടിട്യൂടും ടെമ്പറേച്ചറും ഒടുക്കം വെല്‍ക്കം ടു കൊച്ചിന്‍ ഇന്റന്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന അനൗണ്‍സ്മെന്റും ഉറക്കത്തില്‍ നിന്നും അവനെ ഉണര്‍ത്തി……വിമാനത്തിന്റെ പുറകിലേക്ക് നോക്കാന്‍ അവന് ഭയപ്പെട്ടു….

ബെന്യാമിന്‍റെ ആടുജീവിതം യിച്ചതവന്‍ ര്‍ത്തു….ആട്ജീവിതത്തിന്റെ കാണാകനലുകള്‍ ഹൃദയം നുറുങ്ങുന്ന വേദന സമ്മാനിച്ചതാണ്…ആ പുസ്തകം തന്നത് എഞ്ചിനീയര്‍ ആയിരുന്ന രഞ്ജിത്ത് ആയിരുന്നു . തനിക്കു സംഭവിച്ചതോ ….കഴിഞ്ഞ നൂറ്റിഅന്‍പത്തിയെട്ടുദിനങ്ങള്‍ …ഈശ്വര……
ആടുജീവിതത്തെക്കാള്‍ ഭയാനകമായ രംഗങ്ങള്‍ ഓര്‍ത്തപ്പോള്‍ അവനില്‍ അസ്വസ്ഥതയുടെ ഗതിവിഗതികള്‍ അനിയത്രിതമായി.

നഷ്ട്ടസ്വപ്നങ്ങളുടെ നിറമില്ലാത്ത ഭാണ്ഡം അവനി നൊമ്പരപ്പാടുകള്‍ സൃഷ്ട്ടിച്ചു.
പേക്കിനാവിലും കടന്നുവരുന്ന അറുകൊലപിശാചുകളെ കണ്ടു അവന്‍ ഭയചകിതനായി.
കടിഞ്ഞാണിട്ട മെരുക്കിയ കുതിരയെപ്പോലെ അവന്‍ സീറ്റില്‍ തലകുമ്പിട്ടിരുന്നു….

സഹദേവന്‍ ചേട്ടന്‍ മലേഷ്യയിലെ ഹോട്ടലിലേക്ക് ഏജന്റ് വഴി വിസ ശരിയാക്കിയിട്ടുണ്ട് എന്ന് പഞ്ഞപ്പോള്‍ ഗള്‍ഫ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയാണെന്നു തോന്നിപ്പോയി…..

ഏജന്‍റ് പറഞ്ഞതനുസരിച്ചു പ്ലസ്ടു വിദ്യാഭ്യാസമുണ്ടെങ്കില്‍ മലേഷ്യയില്‍ പഞ്ചനക്ഷത്രഹോട്ടലില്‍ ജോലി കിട്ടും എന്നാണ്…ശമ്പളം ഒന്നരലക്ഷവും ,താമസിക്കാന്‍ ഫ്ലാറ്റ് , കാര്‍ തുടങ്ങിയവ വേറെയും ..എട്ടു  മണിക്കൂര്‍ ജോലി മാത്രം….ഇവിടെ ഒരു ദിവസവും മുഴുവന്‍ ആരാന്റെ പറമ്പില്‍ ഇഴഞ്ഞാല്‍ അഞ്ഞൂറ്രൂപ മാത്രം, അതും വല്ലപ്പോഴും. എത്ര ജോലി ചെയ്താലും യില്‍ ഒന്നും അവശേഷിപ്പിക്കാതെ സ്വന്തം നാടിനെ ഓര്‍ത്തു അവനു അന്ന് ആദ്യമായി വെറുപ്പ് തോന്നി…
..മോഹന്‍ലാലിന്റെ നാടോടിക്കാറ്റ് സിനിമയില്‍ ചോദിക്കുന്നപോലെ “ഇതെന്തേ നേരത്തെ തോന്നാഞ്ഞേ …”-
“അതിനൊക്കെ ഓരോ സമയമുണ്ട് ദാസാ …”-
സ്വയം ചോദ്യവും ഉത്തരവും നല്‍കി  തികട്ടി വന്ന സന്തോഷം കടിച്ചമര്‍ത്തി ഉള്ളില്‍….

അമ്മമ്മ …നാണിയമ്മ വെറ്റിലക്കറ പിടിച്ച പല്ലു മുഴുക്കെ പുറത്തു കാട്ടി
ചോദിച്ചു …
” നീ ഗള്‍ഫില്‍ പോയാല്‍ ഞങ്ങളെ ഒക്കെ മറക്വോട…”

“നിങ്ങളെ മറന്നു എനിക്ക് എന്ത് ഗള്‍ഫ് ..”

അങ്ങനെ പറഞ്ഞെങ്കിലും അവന്റെ സ്വരത്തിനു അല്പം കട്ടി കൂടിയിരുന്നു…അറിയാതെ അവന്‍ മലേഷ്യയെന്ന സ്വപ്ന സുന്ദ രിയുടെ മടിത്തട്ടിലായിരുന്നു…നിറം പിടിച്ച ചിന്തകളുടെ വേലിയേറ്റത്തില്‍ അവ അവനെ തന്നെ  മറന്നു…മലേഷ്യ എന്ന പറുദീസയില്‍ ആയിരുന്നു അവന്റെ മനസ് മുഴുവനും…ഇഴ ചേര്‍ത്ത സ്വപ്നങ്ങള്‍ക്കു വര്‍ണ്ണപ്പകിട്ടുകള്‍ തായമ്പകയുടെ അകമ്പടി,
അവിടെ പടുകൂറ്റ ഹോട്ടല്‍ , അവിടെ മാനേജര്‍ , ടൈ , കോട്ടുംസ്യൂട്ടും …പിന്നെ വാഹനത്തില്‍ പിന്‍സീറ്റില്‍ തന്റെ ഫ്ലാറ്റി
ലേക്കുള്ള യാത്ര . .വാനോളം ഉയര്‍ന്നു നില്‍ക്കുന്ന വലിയ മണിസൗധങ്ങളെ അവന്‍ മനസ്സില്‍ കണ്ടു..അവിടെ സ്വപ്ങ്ങളുടെ നിലാവെളിച്ചം ഒഴുകിയെത്തി.

ഏജന്‍ന്റ് പറഞ്ഞതനുസരിച്ചു രണ്ടു മാസത്തിനകം പോകാന്‍ പറ്റും.
പക്ഷെ ആദ്യം രണ്ടര ലക്ഷം രൂപ കൊടുക്കണം …എന്നാലെന്താ …രണ്ടു മാസം കൊണ്ട് കടം പൂര്‍ണമായും തീര്‍ക്കാമല്ലോ…താമസിക്കുന്ന മുപ്പതു സെന്‍ ന്റ്  സ്ഥലം കൊള്ള പലിശക്കു കൊടുക്കുന്ന പാപ്പിച്ചായന് ഈറ്റ് വച്ച് ഒന്നരലക്ഷം സഘടിപ്പിക്കാമെന്നു അപ്പന്‍ പറഞ്ഞിട്ടുണ്ട് ..കൊള്ളപ്പലിശയാ എന്നാലും റിന് മാസം ആറുരൂപയാണ് എന്നാലും ഒന്നരലക്ഷത്തിനുരണ്ടുമാസത്തേക്കു പതിനെണ്ണായിരമല്ലേ ആകുവുള്ളൂ…

കൊച്ചനുജത്തിയുടെ കഴുത്തില്‍ ഒരരപ്പവന്റെ ഒരു മാലയുണ്ട് അത് വിറ്റാല്‍ മുപ്പതിനായിരം സഘടിപ്പിക്കാം …പിന്നെ ചില കൂട്ടുകാര്‍ മുഖേന മുപ്പതിനായിരം ബ്ലേഡ്പലിശക്കു വാങ്ങിക്കാം …പിന്നയും വേണം നാല്പത്തിനായിരവും മറ്റു ചിലവിനു ഒരുപതിനായിരവും …മൊത്തം അമ്പതിനായിരം. ഏഴുരൂപ പ്രകാരം രണ്ടു പേരോട് ചെക്കും മുദ്രപേപ്പറും കൊടുത്തു ഇരുപത്തയ്യായിരം വീതം വാങ്ങാം…കണക്കുകളുടെ ആരോഹണഅവരോഹണക്രയവിക്രയപ്രക്രിയയില്‍ അക്കങ്ങള്‍ വെട്ടിനിരത്തി പുതിയ അക്കങ്ങള്‍ സ്ഥാനം പിടിച്ചുകൊണ്ടിരുന്നു…

പുതിയ ബാഗ് വാങ്ങണം , പുതിയഷൂസ് ….. ഒരുകോട്ട്, ടൈ ….നാലഞ്ച് നല്ല പാന്റ്സും ഷര്‍ട്ടും…..കൂളിംഗ്ലാസ് മലേഷ്യയില്‍ ചെന്നു വാങ്ങാം…അവിടെ ആകുമ്പോള്‍ നല്ല ബ്രാന്‍ഡ് ഐറ്റം കിട്ടും…..

ഏജന്റിനു വേണ്ടി സഹദേവന്‍ ചേട്ടന്‍ രണ്ടരലക്ഷം എണ്ണി വാങ്ങുമ്പോള്‍ പ്ലസ്ടു വരെ പഠിച്ച ഹോട്ടല്‍മാനേജ്മന്റ് പോയിട്ട് ഒരു ചെറു ചായക്കടയില്‍ പോലും ജോലി ചെയ്യാത്ത എനിക്ക് എങ്ങനെ കഴിയും എന്ന എന്റെ മനസിലെ ചോദ്യം ഞാന്‍ ചോദിക്കാതെ തന്നെ മനസിലാക്കി സഹദേവന്‍ ചേട്ടന്‍ എന്നോട് വിശദമാക്കി…

”ജോലിയില്‍ ചേര്‍ന്നാലുടനെ പതിനഞ്ചു ദിവസം ട്രെയിനിങ് , അതും ശമ്പളത്തോടുകൂടി…പിന്നെ കാഷ്യര്‍ അതുകഴിഞ്ഞു ഒരുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പിന്നെ ആരാ…മാനേജര്‍ ആണ്…ശമ്പളവും കൂടും…..”

മനസിലുള്ള ചോദ്യങ്ങള്‍ ഒന്നന്നായി അലിഞ്ഞു ഇല്ലാതാവുകയായിരുന്നു…
ഒടുവില്‍ ഇത്രയും സഹായിച്ച സഹദേവന്‍ ചേട്ടനും കൊടുത്തു മൂവായിരം…
കോട്ടും സ്യൂട്ടും ടൈയും എല്ലാം വാങ്ങി ബാഗില്‍ നിറച്ചു…

നടപ്പിലും എടുപ്പിലും എല്ലാം ഒരു മാനേജര്‍ ടച്ച് വന്ന പോലെ….അടുക്കളയില്‍ തലേ ദിവസത്തെ ബാക്കി വന്ന ചക്കപ്പുഴുക്കും പഴങ്കഞ്ഞിയും കൂടി ഉണക്കമീന്‍ തല അരച്ച ചമ്മന്തിയും കൂടി അകത്താകുമ്പോള്‍ കഴുത്തില്‍ മാനേജരുടെ ടൈ കിടക്കുന്നതുപോലെ തന്നെ അവനുതോന്നി…
കണ്ണാടിയിയുടെ മുന്നില്‍ നിന്ന്…മാനേജര്‍ ആയി സ്വയം അഭിനയിച്ചു…ആയിരക്കണക്കിന് കാതം അകലെയുള്ള ഗള്‍ഫ്നാടായിരുന്നു അവന്റെ സ്വപ്നങ്ങളില്‍ മുഴുവനും…

എയര്‍പോര്‍ട്ടില്‍എത്തി ..

യാത്രയാക്കാന്‍ എല്ലാവരും ഉണ്ട്…യാത്രയാക്കല്‍ വേളയില്‍ എല്ലാവരും കരഞ്ഞു…
അവനു മാത്രം കരച്ചില്‍ വന്നില്ല…
മറിച്ചു അവനു എത്രയും വേഗം മലേഷ്യയില് ‍എത്തിയാല്‍ മതിയായിരുന്നു….
അവന്റെ കൈപിടിച്ചു അമ്മമ്മ കരഞ്ഞപ്പോള്‍ ..അവന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറിനെ വെല്ലുന്ന പോലെ ഒന്നും പറയാതെ നിന്ന്…ഇതൊക്കെ എത്ര കണ്ടവനാ ഈ കെ കെ ജോസഫ്എന്നപോലെ ….

എ സി യുടെ തണുത്ത കുളിര്‍ മ കാറിനകത്തു …ക്വലാലംബൂരില്‍ നിന്നും കുറെ പോണമത്രേ താന്‍ ജോലി ചെയ്യുന്ന ഹോട്ടലിലേക്ക്…

നേര്‍ത്ത വെസ്റ്റേണ്‍ മ്യൂസിക് ….മലേഷ്യയിലെ കറുത്ത് തടിച്ച തമിഴന്‍ ഡ്രൈവര്‍ ഒരു ബോട്ടിലില്‍ നിന്നും എന്തോ എടുത്തു കുടിച്ചു….പണ്ട് കണ്ട നാടകത്തിലെ ഭൈരവന്റെരൂപം , മുഖത്തെ വെട്ടു കൊണ്ട പാടിന്റെ തിരുശേഷിപ്പുകള്‍ …

തമിഴന്റെ കണ്ണുകള്‍ ഒന്നും കൂടിചുവന്നു…

“ഇനി എത്ര ദൂരമുണ്ട് …”-

അയാള്‍ ചോദിച്ചത് തമിഴന് ഇഷ്ട്ടപ്പെട്ടില്ലെന്നു തോന്നി. തമിഴന്‍ ഒന്നും മിണ്ടിയില്ല….ഞാന്‍ ജോലിയില്‍ ഒന്ന് കേറിക്കോട്ടെ …ഈ അഹങ്കാരിയായ ഡ്രൈവറെ ഒരു പാഠം പഠിപ്പിക്കണം…. അവന്‍ മനസ്സില്‍ കുറിച്ചു…….

അവന്‍ കണ്ണുകള്‍ വളരെ ബുദ്ധിമുട്ടി വലിച്ചു തുറന്നു……
സ്വപ്നത്തില്‍ കണ്ട കാഴ്കളുടെ ലഹരിയൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല അപ്പോഴും…..

പുറത്തു നല്ല ചൂട്…….
തുറന്ന കാറിന്റെ ഗ്ലാസ് അയാള്‍ പെട്ടെന്ന് കേറ്റിയിട്ടു ……
റോഡിലൂടെ വാഹനം ഒഴുകുകയായിരുന്നു ….
യാത്രയുടെ ക്ഷീണത്താല്‍ അയാള്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നു…..
അവിടെ വയലില്‍ ഓടിക്കളിക്കുന്ന കുട്ടികളെയും, ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെയും ചെറുപ്പക്കാരെയും അവന്‍ കണ്ടു….ചെറുമീനിനെ പിടിക്കാന്‍ വലയിടുന്ന ചോനന്‍, ഉച്ചയൂണ് തയാറാക്കുന്ന ഏലിയാമ്മ ചേടത്തിയുടെ ഊണ്റെഡി എന്ന ബോര്‍ഡ് ….അവന്‍ പറക്കുകയായിരുന്നല്ലോ …

തടിയന്‍ തമിഴന്‍ അവനെ കുലുക്കി വിളിച്ചു….അവന്‍ ഉണര്ന്നു….
ആലസ്യത്തോടെ കണ്ണുകള്‍ വലിച്ചു തുറന്നു….
വളരെ ആകര്‍ഷിക്കുന്ന വലിയ അലങ്കാരങ്ങളുടെ നടുക്ക് മനോഹരമായ വലിയ ഒരു കെട്ടിടം …അവിടെ വായിക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ വലിയ ഒരു ബോര്‍ഡ് —റെസ്റ്റോറന്റ്എന്ന് വായിച്ചെടുത്തു…

കാര്‍ പാര്‍ക്കിങ്ങില്‍ നിന്നും പുറത്തിറങ്ങി…നന്നായി തിരക്കുള്ള ഒരു റെസ്റ്റോറന്റ്…..
അവിടെ തടിച്ച കുറുകിയ ഒരു കരിങ്കുറ്റിയാന്‍ റെസ്റ്റോറാനിന്റെ കാഷില്‍ ഇരിക്കുന്നുണ്ടായിരുന്നു…ഒരു പാട് പേര്‍ ആഹാരം കഴിക്കുന്നു….പൊരിച്ച മീനിന്റെയും ഇറച്ചിയുടെയും മനംകുളിര്‍ക്കുന്ന ഗന്ധം അവന്റെ വായില്‍ കുളിര്‍ മഴ പെയ്യിച്ചു…..തടിയന്‍ തമിഴന്‍ യാതൊരു സൗമ്യതയുമില്ലാതെ അകത്തേക്ക് വരാന്‍ അവനോടു പറഞ്ഞു…ക്യാഷിലിരുന്ന കരിങ്കുറ്റിയാനോട് ഏതോ ഭാഷയില്‍ എന്തോ പറഞ്ഞു…ഞാന്‍ ക്യാഷ്കൗണ്ടറില്‍ ഇരിക്കുന്ന കരിങ്കുറ്റിയാനെ നോക്കി ചിരിച്ചു…അയാള്‍ കടുപ്പത്തിലൊന്നു അവനെ നോക്കി….അവന്റെ ചിരി മാഞ്ഞു…

അവനു ഒന്നും മനസിലായില്ല..
അവന്‍ രണ്ടും കല്‍പ്പിച്ചു തടിയന് ‍ഡ്രൈവറോട് ദേഷ്യത്തില്‍ പറഞ്ഞു…
”എനിക്ക് വിശക്കുന്നു…വല്ലതും കഴിക്കണം….”

വലിയ ഹാളില്‍ ടേബിളില് ‍ആളുകള്‍ ഭക്ഷണം കഴിക്കുന്നതു നോക്കി കൊതിയോടെ അവന്‍ പറഞ്ഞു…
അവന്‍ ആലോചിച്ചത് ആദ്യം നന്നായിട്ടു വയറു നിറച്ചു വറുത്തതും പൊരിച്ചതുമെല്ലാം കൂട്ടി ഒരു ഊണ് കഴിക്കാം….പിന്നെ വിശാലമായൊരു കുളി …നാളെയാകാം ജോലിക്കു ജോയിന്‍ ചെയ്യുന്നത് …വൈകിട്ട് ഒരു കൂളിംഗ് ഗ്ലാസും വാങ്ങണം ….ഒരു പക്ഷെ ഭക്ഷണം ഇവിടെ നിന്നും കഴിച്ചിട്ടായിരിക്കും താന്‍ ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോകുന്നത്…

പൊടുന്നനെ തടിയന്‍ പറഞ്ഞു..

”ലഗേജ്എടുത്തോ …”

”എന്തിനു …”
അറിയാതെ ഉയര്‍ന്ന എന്റെ ചോദ്യത്തെ അയാള്‍ ഒരു നോട്ടം കൊണ്ട് നിലം പരിശാക്കി…ഞാന്‍ പോയി ഓപ്പണ്‍ ആയ ഡിക്കിയില്‍ നിന്നും എന്റെ ലഗേജ് എടുത്തു വന്നു…തടിയന്‍ ഡ്രൈവര്‍ ഒന്ന് സഹായിച്ചു കൂടിയില്ല.

അയാള്‍ ആ തിരക്കിനിടയിലൂടെ മുന്‍പേ നടന്നു…ഞാന്‍ പിറകെയും…

അകത്തേക്ക് ചെല്ലും തോറും പുറമെ കാണുന്ന ഭംഗി കുറഞ്ഞു വന്നു….റെസ്റ്റോറിന്റെ അടുക്കളയുടെ ഇടുങ്ങിയ അകത്തളത്തില്‍ വലിയ അക്ഷരത്തില്‍ അന്യര്‍ക്ക് പ്രവേശനമില്ല എന്ന് എഴുതിയും വെച്ചിരിക്കുന്നത് അവന്‍ കണ്ടു….പുക ഉയരുന്ന അടുക്കളയിലേക്കു ഒളിഞ്ഞു നോക്കിയപ്പോള്‍ കുട്ടിതോര്‍ത്ത് ഉടുത്തു വിയര്‍പ്പു ചാലിട്ടൊഴുകുന്ന ഒരു വൃത്തികെ ട്ട രൂപം പോറോട്ടയ്ക്കു മാവു ചവിട്ടിക്കുഴക്കുന്നതാണ്…

അടുക്കളയുടെ അരികിലുള്ള തടികൊണ്ട് നിര്‍മ്മിച്ച വളരെ പഴയതും ചെളി പുരണ്ട തുമായ ചവിട്ടുപടിയില്ലുടെ തമിഴന്‍ മുകളിലേക്കു പോയി..വളരെ പാടു പെട്ടു ഞാനും അയാളുടെ പിറകെ മുകളിലേക്ക്….

അവിടെ പഴകി ദ്രവിച്ച ഒരു മരവാതില്‍ അയാള്‍ തള്ളിത്തുറന്നു….കുറെ ബേക്കറി കാര്‍ട്ടന്‍സ് അലക്ഷ്യമായി ഇട്ടിരിക്കുന്നു…ഏതാനും പഴകിയ തമിഴ് ന്യൂസ്പേപ്പര്‍ നിലത്തു വിരിച്ചു കിടപ്പുണ്ടായിരുന്നു….നാട്ടിന്‍ പുറത്തെ പാലത്തിനടിയില്‍ പണ്ട് സ്ഥിരമായി കാശു വെച്ച് ചീട്ടുകളിക്കുന്ന ഏതാനും ചിലര്‍ ഉണ്ടായിരുന്നു…ശല്യമായപ്പോള്‍ താനും കൂട്ടുകാരും പോലീസിന്റെ സഹായത്തോടെ അവരെ ഓടിച്ചപ്പോള്‍ ഉണ്ടായിരുന്ന സ്ഥലം പോലെ അവനു തോന്നി…ആകെ വൃത്തിഹീനമായ സ്ഥലം….അവന്‍ ചുറ്റും നോക്കിയപ്പോള്‍ വലിയ എലികള്‍ കുതിച്ചോടുന്നു…ഒരുചുണ്ടന്‍എലി ബേസ്ബോര്‍ഡിന് മുകളില്‍ നിന്നും അവനെ പല്ലിളിച്ചു കാട്ടി…ഒരു ഭയം കാലിന്‍ നിന്നും മുകളിലേക്ക് അരിച്ചു കയറി.

ആ ചുട്ടു പൊള്ളുന്ന മുറിയില്‍ ദുര്‍ഗന്ധങ്ങള്‍ അവന്റെ മൂക്കിലേക്കടിച്ചുകയറി..കുത്തൊഴുക്കില്‍ വെള്ളം ഇടിച്ചു കയറുന്നതുപോലെ…അവനു ഓക്കാനംവന്നു…..

തടിയന്‍ പറഞ്ഞു…
”ഒരുമണിക്കൂര്‍ റസ്റ്റ് എടുത്തോളൂ ..അത് കഴിഞ്ഞു താഴ്ത്തേക്കു വരണം ..അപ്പൊ യൂണിഫോം തരാം ….പരുക്കന്‍ സ്വരത്തില്‍ കടുപ്പിച്ചു അയാള്‍ പറഞ്ഞു..
അപ്പോള്‍ തന്റെ ജോലി എവിടെയാണോ ….ചോദിക്കാനാഞ്ഞ അവനെ രൂക്ഷമായി നോക്കുന്ന പാണ്ടിയെ കണ്ടപ്പോള്‍ അവന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി പുറത്തേക്കു വന്നില്ല….
തമിഴന്‍ പുറത്തേക്കു പോയി….

അവനു ഒന്നും മനസിലായില്ല…
വലിയ ഹോട്ടല്‍…
കാഷ്യര്‍ , മാനേജര്‍ , കോട്ട്, സ്യൂട്ട് , …ലക്ഷങ്ങള്‍…ഫ്ലാറ്റ് …കാറ്…….എല്ലാം വെറുതെയായോ…..

മുമ്പില്‍ പല്ലിളിച്ചു നില്‍ക്കുന്ന ജീവിതാവസ്ഥയില്‍ നഗ്നജീവിതത്തിന്റെ തീഷ്ണതതകള്‍ തൂത്തെറിഞ്ഞ പ്രതീക്ഷകൂമ്പാരങ്ങള്‍ ചില്ലുപാത്രങ്ങള് ‍പോലെ തകര്‍ന്നുടയുന്നതു വേദനയോടെ അവന്‍ അറിഞ്ഞു……..
അച്ഛനെയും അമ്മയെയും കുഞ്ഞനുജത്തിയേയും വീടിനു പുറത്താക്കി,
തന്റെ എല്ലാമെല്ലാമായ വീട് , സ്വന്തം അധീനതയിലാക്കി താഴിട്ടു പൂട്ടുന്ന പാപ്പിചേട്ടനേയും അവന്‍ ഒരൊറ്റ നിമിഷത്തില്‍ കണ്ടു…..അവനു തലകറങ്ങി…

പത്തടി സമചതുരമുള്ള ഒരു ഇടുങ്ങിയ മുറി..പത്തിലധികം മനുഷ്യകോലങ്ങള്‍ക്കു തല ചായ്ക്കാനുള്ള ഇടമാണെന്നു അവനു അധികം വൈകാതെ മനസിലായി…

അതില്‍ നിറയെ മുഷിഞ്ഞ തുണികളും ഏതാനും ബാഗുകളും , കറ പുരണ്ട മുഷിഞ്ഞ ഭിത്തി .തകര്‍ന്നുവീഴാറായ കൊളുത്തുകള്‍ നഷ്ട്ടപ്പെട്ട , പട്ടിക കീറുകള്‍ കൊണ്ട് ബലമായി അടച്ചു പൂട്ടിയ തടി ജനാലകള്‍…വായു ലഭിക്കാന്‍ മുറിയുടെ മുകളില്‍ രണ്ടു വശത്തായി ഒരടി വലുപ്പത്തില്‍ രണ്ടു തുളകള്‍….ചൂട് കൊണ്ട് അവന്‍ ഉരുകി …സ്വിച്ചു ഇളകിയ ബോര്‍ഡില്‍ അവന്‍ ഭയത്തോടെയാണെങ്കിലും വിരല്‍ അമര്‍ത്തി…ചൂണ്ടു വിരലില്‍ ഒരു നേര്‍ത്ത തരിപ്പ്….
ചെറിയ തോതില്‍ ഷോക്ക് ഉണ്ട്…….
ഫാന്‍ അലസമായി കറങ്ങി…
അവന്‍ ആ തറയില്‍ നിലത്തു കിടന്ന തമിഴ്പത്രക്കടലാസ് നിവര്‍ത്തി….അതില്‍ ബാഗില്‍ നിന്നും എടുത്ത വിരിയെടുത്തു നിവര്‍ത്തി….ഡ്രസ്സ് മാറി ബാഗിന് പുറത്തേക്കു തന്നെ ഇട്ടു …നാറുന്ന മറ്റു മുഷിഞ്ഞ തുണികള്‍ക്കൊപ്പം തന്റെ വസ്ത്രങ്ങള്‍ ഇടാന്‍ അവനു മനസു വന്നില്ല….
നിലത്തേക്ക് ഒരു വിതുമ്പലോടെ അവന്‍ വീണു….മനംപുരട്ടിവരുന്നു..

മുറിക്കുള്ളിലെ രൂക്ഷമായ മനം മടുപ്പിക്കുന്ന ഗന്ധം…അവനില്‍ വീണ്ടും മനം പുരട്ടലുണ്ടാക്കി …..
തൊണ്ട വരളുന്നു…..വിശന്നു വയര്‍ ഒട്ടുന്നു…ശരീരം ആകെ
തളരുന്നു…അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി …

നാട്ടിലെ കൂട്ടുകാരേയും , അവര്‍ ഒത്തുകൂടിയിരുന്ന ക്ലബും അതിന്റെ മുറ്റവും, പന്തുകളിയും ..നാട്ടിലെ കുളിര്മയുള്ള പുഴയും ഓര്‍ത്തപ്പോള്‍ അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി…..കുഞ്ഞനുജത്തി , അമ്മ , അച്ഛന്‍ ,  കുഞ്ഞമ്മാവന്‍, അയല്പക്കത്തെ സലോമിച്ചേച്ചിയുടെ കുസൃതികുടുക്ക  “ഇക്കുടു.. പുഴക്കരയുള്ള അയ്യപ്പന്‍ ക്ഷേത്രത്തിലെ ഉത്സവം …..

അവനു സങ്കടം അടക്കാനായില്ല …….വിരിപ്പ് അവന്റെ കണ്ണീരല് കുതിര്‍ന്നു…
അങ്ങനെ എപ്പോഴോ ഉറക്കത്തിലേക്കു അവന്‍ വഴുതി വീണു.

ആരോ വിളിക്കുന്നത് കേട്ട് അവന്‍ കണ്ണു തുറന്നു…

ഒരു മെല്ലിച്ച പയ്യന്‍  …സൊമാലിയയില്‍ നിന്ന് ആണ് ആ പയ്യന്‍ എന്നു തോന്നി…അവന്‍ ഇന്ത്യക്കാരന്‍ തന്നെയാണ്….

അവന്റെ സംസാരത്തില്‍ എനിക്ക് ഒന്ന് മനസിലായി താഴേക്ക് ചെല്ലാനാണെന്ന്…

അവന് താഴേക്ക് ചെന്നു…

അവിടെ തമിഴനായും , വലിയ മീശകൊമ്പനായും , അഴുക്കിന്റെ കൂമ്പാരക്കൂട് തന്റെ മേലേക്ക് വലിച്ചെറിഞ്ഞു. ആര്ത്തു ചിരിക്കുന്ന നരകസന്തതികളെയും അവന്‍ കണ്ടു…എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ വലിയ പന്നി എലികള്‍ അവന്റെ കാലിനു ചുവട്ടിലൂടെ ഓടുന്നു…അവന്‍ ഭയന്ന് വിറച്ചു…കാലിലെ വ്രണത്തില്‍ അസഹ്യമായ വേദന….പുഴു അരിക്കുന്നുണ്ടോ എന്ന് സംശയം , ചിലപ്പോള്‍ താന്‍ ഉറങ്ങിയപ്പോള്‍ എലികള്‍ വന്നു കടിച്ചുകാണുമോ….??

ഒരു പന്നി എലി കാര്‍ഡ് ബോര്‍ഡ് തട്ടികള്‍ തട്ടി മറിച്ചുകൊണ്ട് ഓടി….

അവന്‍ വിറച്ചു കൊണ്ട്ചാടി എഴുന്നേറ്റു….അത് ദ്രവിച്ച വാതിലിന്റെ താഴ്ഭാഗത്തെ വലിയ ദ്വാരത്തിലൂടെ മറഞ്ഞു……കരഞ്ഞു കൊണ്ട് അവന് നിലത്തു കുത്തിയിരുന്നു.

ക്യാഷിലിരുന്ന തടിയന്‍ അവനു ഒരു ജോഡി യൂണിഫോം കൊടുത്തു…വേഗം ഇട്ടോണ്ട്വാ ..പരുക്കന്‍ സ്വരത്തില്‍ അയാള്‍ പറഞ്ഞു….അവന്‍ ആ നരച്ച നീലനിറത്തിലുള്ള ചാക്കു പോലുള്ള യൂണിഫോം ഇട്ടു….വെയിറ്റേഴ്സിനു കുറെ കൂടി നല്ല യൂണിഫോംആണ്.

അവന്‍ യൂണിഫോം ഇട്ടു തിരികെ വന്നു…അവന്‍ പറഞ്ഞു.
”എനിക്ക് ഒന്നു  ഫോണ്‍ ചെയ്യണം …”

അവന്‍ നേരിയ വിറയലോടെ പറഞ്ഞൊപ്പിച്ചു….

എന്തോ ക്യാഷിലിരുന്ന കരിങ്കുറ്റിയാന്‍ ഒന്നും പറയാതെ ഫോണ്‍ എടുത്തു നീട്ടി …വലിയ സന്തോഷത്തോടെ മനസ്സില്‍ നിറഞ്ഞു പതഞ്ഞു വന്ന കാര്യങ്ങള്‍ പറയാനായി തുടങ്ങുന്നതിനെ മുമ്പ് തന്നെ അമ്മയുടെ ചോദ്യം …

” താമസം ഒക്കെ ഇഷ്ടപ്പെട്ടോ മോനെ …”- ഒരു മിനിറ്റ് പറഞ്ഞു തീരുന്നതിനെ മുമ്പ് കരിങ്കുറ്റിയാന്‍
ഫോണ്‍ എന്നോട് പിടിച്ചു വാങ്ങി…അടുത്ത് നിന്ന തമിഴനോട് എന്തോ ആംഗ്യം കാണിച്ചു…

അവനെ ആ തമിഴന്‍ കഴുത്തിന് കുത്തിപ്പിടിച്ചു ക്യാഷ്കൗണ്ടറിനു തൊട്ടു പിറകിലുള്ള ഇരുട്ടറയില്‍ കയറ്റി…അഞ്ചു മിനിട്ടു കഴിഞ്ഞിറങ്ങിയപ്പോള്‍ കവിളുകള്‍ തടിച്ചിരുന്നു..മുതുകത്തു കൂനും.

അകത്തെ ഇരുണ്ട മുറിക്കുള്ളില് അവന്റെ നിലവിളികള്‍ തടഞ്ഞു … അവനു ശ്വാസം എടുക്കാന്‍ പ്രയാസം തോന്നി….

നിലത്തുറക്കാത്ത കാലുകളോടെ പുറത്തേക്കു വന്നപ്പോള്‍ കരിങ്കുറ്റിയാന്‍ ചോദിച്ചു

” നിനക്ക് ഫോണ്‍ വേണോ …” –

അവന്‍ കലങ്ങിയ കണ്ണുകളോടെ ദയനീയമായി അയാളെ നോക്കി…നിസ്സഹായതയുടെ ആഴക്കടല്‍ തിരമാലകള്‍ ആ കണ്ണുകളില്‍ തിളച്ചു മറിയുന്നുണ്ടായിരുന്നു….

തടിയന്‍ തമിഴന്‍ പൊട്ടിച്ചിരിച്ചു…..ആ ചിരിയുടെ അലകളില്‍ തന്റെ മോഹകൂടാരത്തിന്റെ ചുവര്‍ ചിത്രങ്ങള്‍ തകര്‍ടിയുന്നത് അവന്‍ അറിഞ്ഞു…

അകത്തു നിന്നും അപ്പോള്‍ മുഖവും കഴുത്തും പൊള്ളിയടര്ന്ന മറ്റൊരാള്‍ വന്നു…അയാളെ കണ്ടപ്പോള്‍ ഒരു ക്രൂരന്റെ ലുക്ക് ഉണ്ടായിരുന്നു…അയാള്‍ കൈ ആട്ടി മുരണ്ടു…മെല്ലിച്ച അയാളുടെ കൂടെ ഹോട്ടലിന്റെ പിന്നാമ്പുറത്തേക്കു ചെന്നു…

അഴുക്കു ചാലിനോട് ചേര്‍ന്ന പിന്നാമ്പുറം….അവിടെ ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടക്കൂമ്പാരം …അതിന്റെ ഒത്ത നടുക്ക് റസ്സ്റ്റോറന്റില്‍
നിന്നും കഴിച്ചു കഴിഞ്ഞവരുടെ പാത്രങ്ങള്‍ വന്നു കൂമ്പാര മലകള്‍ സൃഷ്ട്ടിച്ചു…അഴുക്കു ചാലിന്റെയും മറ്റും തീക്ഷണമായ ദുര്ഗന്ധം അവന്റെ കുടല്‍ മാല പുറത്തു വരുന്നതു പോലെ തോന്നി….വൃത്തികെട്ട വലിയ രണ്ടു പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചിരിക്കുന്നു….

അവന്റെ ജോലി എന്താണെന്നു മനസിലായി….സ്വപ്ന പേടകത്തിന്റെ ചിറകൊടിഞ്ഞ വേദനകള്‍ ഉള്ളു നീറ്റി. ….

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവന്‍ നിലത്തു കുന്തിച്ചിരുന്നു……

വീട്ടില്‍ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റു പോകുമ്പോള്‍ പാത്രം എടുത്തു കൊണ്ടുപോകുന്ന അമ്മയെ അവന് ഓര്‍ത്തു….ഇന്നലെ വരെ താന്‍ കഴിക്കുന്ന പാത്രം പോലും കഴുകാത്ത താന്‍ ഇപ്പൊ ആരൊക്കെയോ ചവച്ചുതുപ്പിയ എച്ചില്‍ പാത്രങ്ങള്‍….കണ്ണീരൊലിപ്പിച്ചിരുന്നു പാത്രം കഴുകിയ അവന്‍ വീണ്ടും ശക്തിയായി ഓക്കാനിച്ചു…കണ്ണീര്‍ പാത്രത്തില്‍ കുതിര്‍ന്നു
….പൊള്ളല്‍ ഏറ്റ മുഖമുള്ള ചെകുത്താന്‍ അവനെ തല്ലാന്‍ ഓങ്ങി….”വേഗന്നു” അയാള്‍
ആക്രോശിച്ചു….അകത്തുനിന്നും പാത്രങ്ങള്‍ ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു….

മണിക്കൂറുകള്‍ ….അവന്റെ മുകളിലൂടെ പാത്രങ്ങള്‍ ചിതറി വീണുകൊണ്ടിരുന്നു…അവശിഷ്ട പെരുമഴ. അവന്റെ യൂണിഫോമിന്റെ മുകളിലൂടെ ഇറച്ചിയുടെയും മീനിന്റെയും ബിരിയാണിയുടെയും അവശിഷ്ടങ്ങള്‍ വീണുകൊണ്ടിരുന്നു അതില്‍ അവന്‍ മുങ്ങിത്താണു ….
ഒപ്പം തീഷ്ണ ദുര്‍ഗന്ധവും…………വരണ്ട തൊണ്ട….

ശ്വാസം കിട്ടുന്നില്ല ….അവന്റെ കണ്ണീര്‍ വറ്റിയ കണ്ണുകള്‍ നേരെ നില്ക്കുന്നില്ല …മിഴികള്‍ പുറത്തേക്കു തുറിച്ചു…ഉച്ചിഷ്ട പാത്രങ്ങളുടെ നടുവിലേക്ക് അവന്‍ കറങ്ങി വീണു…

ഇടയ്ക്കെപ്പോഴോ അവന്‍ കണ്ണു തുറന്നപ്പോള്‍ അവന് മുകളിലത്തെ മുറിയില്‍ നിലത്തു കിടക്കുകയായിരുന്നു.

കാല്‍ നീരു വന്നു വീര്ത്തിരിക്കുന്നു….പഴുക്കുന്ന വേദന ….പനിക്കുന്നു
ശരീരം വിയര്ക്കുന്നു….കാല്‍ വിങ്ങുന്നു…അനങ്ങാന്‍ പറ്റാത്ത വേദന ….തലപൊട്ടിപ്പിളരുന്നതുപോലെ …

അവന്‍ ഒരു വിധത്തില്‍ തറയില്‍ വിരിച്ച മുഷിഞ്ഞ ബെഡ്ഷീറ്റില്‍ ഒരു വശം ചരിഞ്ഞു കിടന്നു …..പഴയ ഫാന്‍ ഇപ്പൊ നിലത്തു വീഴുമെന്ന രീതിയില്‍ കറങ്ങുന്നു.

കണ്ണ് തുറന്നപ്പോള്‍ ആ മുറിയില്‍ മറ്റു പതിനൊന്നുപേര്‍ കൂടി ഉണ്ടായിരുന്നു….

ചിലര്‍ പത്രകടലാസ് വിരിച്ചുറങ്ങുന്നു. ചിലര്‍ മുഷിഞ്ഞ വിരി നിലത്തിട്ടു അതിനു മുകളില്‍ , മറ്റു ചിലര് കാര്ഡ്ബോര്ഡ് നിവര്ത്തി അതില്‍….

അവനു വിശന്നു നിലവിളിക്കണമെന്നു തോന്നി..എനിക്ക് വിശക്കുന്നു എന്നു പറഞ്ഞു …ഒരു തമിഴന്‍ പയ്യന് അവനോടു പറഞ്ഞു താഴെ ..അടുക്കളയുടെ അടുത്ത മുറിയില്‍ ഒരു വലിയ ചരുവത്തില്‍ കഞ്ഞി ഉണ്ടാവും. ..അവന്‍ പതിയെ എഴുന്നേറ്റു…ഒരാളെ കാല്‍ കവച്ചു വേണം അടുത്ത സ്റ്റെപ്പ് പൊക്കാന്‍…കടുത്ത വേദനയാല്‍ പുളഞ്ഞെങ്കിലും മന്ത് പിടിച്ച പോലെ നീരുള്ള കാലുമായി അവന്‍ ഏന്തി നടന്നു…ഒരു വിധത്തില്‍ അടുക്കളയിലെത്തി..കിച്ചന്‍ കഴിഞ്ഞുള്ള കുടുസുമുറി..അവിടെ ചരുവത്തില്‍ നാട്ടില്‍ കന്നാലിക്കു കൊടുക്കാനായി ഉണ്ടാക്കിയിരിക്കുന്ന വലിയ ചരുവത്തില്‍ കഞ്ഞി വെന്തു അളിഞ്ഞു കണ്ണുകള്‍ വീര്ത്തു കിടക്കുന്നു….അരികെ വക്കുപോയ ഒരു പാത്രത്തില്‍ കുമ്പളങ്ങയോ മറ്റോ കണ്ടിച്ചിട്ട സാമ്പാറു പോലെ ഒരു കറിയും…നായക്കു കൊടുക്കുന്ന ഒരു പാത്രം പോലെ ഒന്ന് അവിടെ കിടന്നിരുന്നു…അവന്‍ ആ ചെറിയ പാത്രം നിറയെ കഞ്ഞി എടുത്തു കുടിച്ചു…പിന്നെയും…പിന്നെയും…..

കുറെ വെള്ളവും കുടിച്ചു ….അവനു ജീവന്‍ വെക്കുന്നതുപോലെ തോന്നി….കഞ്ഞി കുടിച്ചപ്പോള്‍ കണ്ണീരിന്റെ ഉപ്പുരസം ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ഉപ്പു വേണ്ടിയിരുന്നില്ല.

കനല്‍ എരിയുന്ന മനസുമായി അവന്‍ ഭ്രാന്തു പിടിച്ചു നടന്നു…ആരോട് പറയാന്‍ …ആര് കേള്‍ക്കാന്‍…

ആഹാരമില്ലാത്ത , ഉറക്കമില്ലാത്ത രാത്രികള്‍ …കാലിനു പരിക്കു പറ്റിയതിനെ തുടര്‍ന്ന് അങ്ങനെയാണ് അവനെ വെയ്റ്റര്‍ ആയി പ്രൊമോഷന്‍ കൊടുത്തതാണ്…മലയാളികളും ആ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുമായിരുന്നു…എന്നു കരുതി ആരോടും മിണ്ടാന്‍ പാടില്ലായിരുന്നു….ഹോട്ടലിന്റെ പലയിടങ്ങളിലായി അവരുടെ ഓരോ നീക്കങ്ങളും വാച്ച് ചെയ്യാനായി ആള്‍ക്കാര്‍ നിന്നിരുന്നു ഏതാനും തമിഴന്മാര്‍…..

ഒരു രാത്രിയില്‍ ധരിച്ച വിയര്‍ത്ത് അഴുകിയ കുപ്പായം ഒരു വിധത്തില്‍ മാറ്റി ബാഗില്‍ കഴുകാതെ വെച്ചിരുന്ന വസ്ത്രമെടുത്തു ധരിച്ചു…തലയില്‍ കൂടെ ഒഴിച്ച വെള്ളം ചെളി പിടിച്ചു കട്ടികൂടിയ തോര്ത്തില് അലിഞ്ഞു ചേരാന്‍ വിസമ്മതിച്ച ഒരു രാത്രിയില്‍ …എപ്പോഴോ ഒരു നിലവിളി കേട്ട് നെട്ടിയുണര്‍ന്നു….ഒരു രാജസ്ഥാനിപ്പയ്യനെ രണ്ടു തടിമാടന്‍ തമിഴന്മാര്‍ മര്‍ദ്ദിക്കുന്നു..എല്ലാവരും പകച്ചു ഞെട്ടിയുണര്ന്നു …ഭീതിയോടെ നോക്കുന്നു…പിന്നീടാണ് കാര്യം മനസിലായത്….കഴിച്ച പാത്രം എടുക്കാന്‍ വന്നപ്പോള്‍ അവന്‍ ഏതോ കോസ്റ്റമേഴ്സിനോട് മിണ്ടിയത്രേ…അതോടെ ഇങ്ങോട്ടു ആരെങ്കിലും എന്തെങ്കിലും ചോദിച്ചാലും സ്വയം മൂകനും ബധിരതനുമായി…….

പലപ്പോഴും ഓര്‍ത്തു ഒന്ന് ആരോടെണ്ടങ്കിലും മിണ്ടിയിരുന്നെങ്കില്‍ എന്ന്….

നിസ്സഹായതയുടെ വരമ്പത്തുകൂടി അവന്‍ അലഞ്ഞു…അങ്ങനെയിരിക്കെയാണ് അവനു ഒരു പേനയും കീറക്കടലാസും സംഘടിപ്പിച്ചു …പാതിരാത്രിയില്‍ എല്ലാവരും തളര്‍ന്നുറങ്ങിയപ്പോള്‍ അവന്‍ ഒരു വിധത്തില്‍ കുത്തിക്കുറിച്ചു..

നാല് ദിവസം വേണ്ടി വന്നു …കരുതലോടെ ഭക്ഷണം കഴിക്കാന്‍ വന്ന രണ്ടു മലയാളികളെ ഏല്പ്പിച്ചപ്പോള്‍ …..അങ്ങനെ പിന്നെ മലേഷ്യന്‍ പോലീസിന്റെ സഹായത്തോടെ തന്നെയും അവിടുള്ള മറ്റു പത്തുപേരെയും മോചിപ്പിച്ചു….എയര്പോര്ട്ടില് വന്നു
നേരെ നില്ക്കാന്‍ ശേഷിയില്ലാതെ നില്ക്കുമ്പോള്‍ ടിക്കറ്റും പാസ്പോര്‍ട്ടും ഒരു കവറും തടിയന്‍ തമിഴന്‍ ഡ്രൈവര്‍ കൈയില്‍ തന്നു..എയര്‍പോര്‍ട്ടിനകത്തു ഫ്ലൈറ്റ് കാത്തിരിക്കുമ്പോള്‍ വെറുതെ കവര്‍ തുറന്നു നോക്കി. ആയിരം ഇന്ത്യന്‍ റുപ്പീ.. നൂറ്റി അന്പത്തിയെട്ടുദിവസത്തെ ശമ്പളം…..അവനതില്‍ നിര്‍വികാരതയോടെ നോക്കിയിരുന്നു…മാനസികമായി ഒന്നും ചിന്തിക്കാനുള്ള ഒരു അവസ്ഥയില്‍ ആയിരുന്നില്ലല്ലോ അവന്‍ അപ്പോള്‍….ബാഗില്‍ അന്നു വരെ ഉപയോഗിക്കാത്ത കോട്ടും ടൈയും മുഷിഞ്ഞ വസ്ത്രങ്ങളോടൊപ്പം ഒരു മൂലയില്‍ ചുരുണ്ടു കിടന്നിരുന്നു…ഇനിയും പറയാത്ത ഒരു പാടു കഥകളുമായി…

അവന്‍ താഴേക്കു നോക്കി……

മലകളുടെ നടുവിലൂടെ കൊന്നത്തെങ്ങുകള്‍ക്കും മീതെ ചിറകുവിടര്‍ത്തി ഫ്ലൈറ്റ് പറന്നു…എതിരെ വരുന്ന മേഘകുന്നുകളെ തട്ടിത്തെറിപ്പിച്ചു.

തന്റെ നഷ്ടസ്വപ്നത്തിന്റെ പരിസമാപ്തി…..

ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യാന്‍ തുടങ്ങിയിരുന്നു അപ്പോള്‍….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅവസാനത്തെ വണ്ടി
Next articleവഴി നടത്തം
ആനുകാലികങ്ങളിലും ആകാശവാണിയിലുമായി അൻപതിലധികം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2004 ലെ ഏറ്റവും മികച്ച തുടർ വിദ്യാഭ്യാസ പ്രവർത്തകനുള്ള NLM -പുരസ്ക്കാരം ഇന്ത്യൻ രാഷ്‌ട്രപതി Dr എ. പി ജെ അബ്ദുൽ കലാമിൽ നിന്നും ന്യൂ ഡൽഹിയിൽ വെച്ചു സ്വീകരിച്ചു.ഒരു വ്യാഴ വട്ടക്കാലമായി ഖത്തറിൽ ജോലി ചെയ്യുന്നു. മോട്ടിവേഷണൽ ട്രെയ്‌നറും ആണ്.അഞ്ഞൂറിലധികം ക്ലാസ്സുകൾ നയിച്ചിട്ടുണ്ട്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English