ആമയും മുയലും ഓട്ടപ്പന്തയത്തെക്കുറിച്ചു കേട്ടിട്ടില്ലേ? ഓട്ടപ്പന്തയത്തില്‍ ജയിച്ചതോടെ ആമകള്‍ വളരെ അഹങ്കാരികളായി മാറി . എന്തിനും ഏതിനും മുയലുകളെ പുച്ഛിക്കുകയും കളിയാക്കുകയും ചെയ്യുന്നത് അവര്‍ പതിവാക്കി.
ആയിടക്കാണ് കാട്ടിലെ പ്രധാനമന്ത്രിയെ തെരെഞ്ഞെടുക്കുന്ന മത്സരം വന്നത്. തെരെഞ്ഞെടുപ്പില്‍ അഴകന്‍ മുയലും അടകോടനാമയും തമ്മിലായിരുന്നു മത്സരം. ഇത്തവണയും താന്‍ തന്നെ ജയിക്കുമെന്ന് ആമ വിചാരിച്ചു . എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ അഴകന്‍ മുയല്‍ വമ്പിച്ച ഭൂരിപക്ഷത്തോടേ ജയിച്ചു. അടകോടനാമയ്ക്കു കെട്ടി വച്ച കാശുപോലും കിട്ടിയില്ല.
അഴകന്‍ മുയലിനെ പ്രധാനമന്ത്രിയാക്കിയത് അടകോടനൊട്ടും ഇഷ്ടമായില്ല . അവന്‍ മഹാകുശുമ്പനും കുറുമ്പനും തല്ലുകൊള്ളിയുമായിരുന്നു. അഴകന്‍ മുയലിനെ തോല്പ്പിക്കാന്‍ അടകോടന്‍ പല തന്ത്രങ്ങളും ആലോചിച്ചുകൊണ്ടിരുന്നു.
ഒരു ദിവസം അവന്‍ കുന്നിന്‍ ചെരുവിലെ ഒരു കല്ലുകൂമ്പാരത്തിനുള്ളില്‍ ഒളിച്ചിരുന്നു . അഴകന്‍ മുയല്‍ അതുവഴി വന്നപ്പോള്‍ ഒരു വലിയ പാറക്കലിളക്കി അവന്റെ ശരീരത്തിലേക്കിട്ടു . പാറക്കല്ലില്‍ തട്ടി പേടിച്ചരണ്ട അഴകന്‍ മുയല്‍ ചെന്നു വീണത് നന്നായി മൂത്ത ഒരു കുമ്പളങ്ങാകുട്ടന്റെ മേലേക്കാണ് . കുമ്പളങ്ങാക്കുട്ടന്‍ ഞെട്ടില്‍ നിന്നടര്‍ന്ന് തൊട്ടടുത്തുള്ള എള്ളിന്‍ പാടത്തു പോയി വീണൂ . വിളഞ്ഞു കിടന്നിരുന്ന എള്ളിന്‍ കായ്കള്‍ പൊട്ടിത്തെറിച്ച് പാടവരമ്പത്തിരുന്ന ചക്കിപ്പരുന്തിന്റെ കണ്ണില്‍ പതിച്ചു .
കണ്ണു കാണാതായ ചക്കിപ്പരുന്ത് പറന്നു ചെന്ന് ഒരു ഉണങ്ങിയ കൊമ്പിലിരുന്നു .
മരക്കൊമ്പൊടിഞ്ഞ് താഴെ ഉറങ്ങിക്കിടന്നിരുന്ന പാമ്പു മുത്തപ്പന്റെ പുറത്തു വീണൂ പാമ്പു മുത്തപ്പന്‍ മരണ വെപ്രാളത്തോടെ ഓടിച്ചെന്ന് പുഴവക്കില്‍ കിടന്നിരുന്നു ഒരു കരിമ്പോത്തിനെ കടിച്ചു.
കരിമ്പോത്ത് അമറിക്കൊണ്ട് കുലച്ചു നിന്നിരുന്നുന്ന ഒരു തൈതെങ്ങില്‍ ചെന്നിടിച്ചു. തൈത്തെങ്ങില്‍ നിന്ന് ഒരു തേങ്ങപ്പന്‍ അടര്‍ന്ന് തൊട്ടടുത്തുള്ള പൊട്ടക്കുളത്തില്‍ ഉറങ്ങിക്കിടന്നിരുന്ന മുതലയമ്മാച്ചന്റെ മുതുകത്തു വീണു!
മുതലയമ്മാച്ചന്‍ കോപത്തോടെ തേങ്ങപ്പനെ കടന്നു പിടിച്ചു.
”തേങ്ങപ്പ തേങ്ങപ്പാ നീയെന്തിനാ എന്റെ മുതുകത്ത് വന്നു വീണത്? നിന്നെ ഞാന്‍ ഇപ്പോള്‍ കൊല്ലും”
” അയ്യോ മുതലയമ്മാച്ച, എന്നെ കൊല്ലരുതേ ! ഞാന്‍ മന: പൂര്വ്വം വന്നു മുതുകത്ത് വീണതല്ല ആ കരിമ്പോത്തു വന്നു തെങ്ങില്‍ ഇടിച്ചതുകൊണ്ടാ”
ഉടനെ മുതലമ്മാച്ചന്‍ തേങ്ങപ്പനെ താഴെയിട്ടിട്ട് ഓടിച്ചെന്ന് കരിമ്പോത്തിനെ പിടിച്ചു.
” കരിമ്പോത്തേ നീയെന്തിനാ ആ തൈത്തെങ്ങില്‍ ചെന്നിടിച്ചത്? നിന്നെ ഞാന്‍ കൊല്ലും”
” അയ്യോ മുതലയമ്മാച്ച, എന്നെ കൊല്ലരുതേ പാമ്പു മുത്തപ്പന്‍ വന്നു കടിച്ചതുകൊണ്ടാ ഞാന്‍ തെങ്ങില്‍ ചെന്നിടിച്ചത്”
മുതലമ്മാച്ചന്‍ പാമ്പു മുത്തപ്പനെ ചെന്നു പിടിച്ചു.
” പാമ്പു മുത്തപ്പാ , നീയെന്തിനാ കരിമ്പോത്തിനെ കടിച്ചത് ? നിന്നെ ഞാന്‍ കൊല്ലും”
‘ അയ്യോ മുതലയമ്മാച്ച എന്നെ കൊല്ലരുതേ ! ആ ഉണങ്ങിയ മരക്കൊമ്പു വന്ന് എന്റെ നടുവിനു വീണതുകൊണ്ടാ ഞാന്‍ കരിമ്പോത്തിനെ കടിച്ചത്”
മുതലയമ്മാച്ചന്‍ ഉടനെ ഓടിപ്പോയി ഉണങ്ങിയ മരക്കൊമ്പിനെ പിടിച്ചു .
‘ മരക്കൊമ്പേ മരക്കൊമ്പേ നീയെന്തിനാ പാമ്പുമുത്തപ്പന്റെ നടുവിനു വീണത് ? നിന്നെ ഞാന്‍ കൊല്ലും’
” അയ്യോ മുതലയമ്മാച്ച എന്നെ കൊല്ലരുതേ ! ചക്കിപ്പരുന്തു വന്ന് ഊക്കോടെ ഇരുന്നതുകൊണ്ടാ ഞാന്‍ വീണത്”
മുതലയമ്മാച്ചന്‍ ചക്കിപ്പരുന്തിന്റെ അടുത്തെത്തി.
” ചക്കിപ്പരുന്തേ ചക്കിപ്പരുന്തേ നീയെന്തിനാ ഉണങ്ങിയ മരക്കൊമ്പില്‍ ഇരുന്നത്? നിന്നെ ഞാന്‍ കൊല്ലും ‘
‘ അയ്യോ മുതലയമ്മാച്ച , എന്നെ കൊല്ലരുതേ ! എള്ളില്‍ കായ പൊട്ടിത്തെറിച്ച് വീണപ്പോള്‍ ഞാന്‍ കണ്ണുകാണതെ ഇരുന്നതാ’
മുതലയമ്മാച്ചന്‍ എള്ളില്‍ കായുടെ അടുത്തെത്തി.
” എള്ളീന്‍ കായെ എള്ളിന്‍ കായെ നീയെന്തിനാ ചക്കിപ്പരുന്തിന്റെ കണ്ണില്‍ പൊട്ടിത്തെറിച്ച് വീണത്? ഞാന്‍ നിന്നെ കൊല്ലും ”
” അയ്യോ മുതലയമ്മാച്ച എന്നെ കൊല്ലരുതേ കുമ്പളങ്ങാക്കുട്ടന്‍ ഉരുണ്ടുരുണ്ട് എന്റെ മേലെ വീണതുകൊണ്ടാ ഞാന്‍ പൊട്ടിത്തെറിച്ചത്”
മുതലയമ്മാച്ചന്‍ ഓടിച്ചെന്ന് കുമ്പളങ്ങാക്കുട്ടനെ കയ്യിലെടുത്തു.
” കുമ്പളങ്ങാക്കുട്ടാ കുമ്പളങ്ങാകുട്ടാ നീയെന്തിനാ എള്ളിന്‍ കായുടെ മീതെ വീണത് ? നിന്നെ ഞാന്‍ കൊല്ലും’
”അയ്യോ മുതലയമ്മാച്ച എന്നെ കൊല്ലരുതേ നമ്മുടെ പ്രധാനമന്ത്രി അഴകന്‍ മുയല്‍ എന്റെ നടുവിനു വന്നു തട്ടിയതുകൊണ്ടാ ഞാന്‍ ഉരുണ്ട് എള്ളിന്‍ കായുടെ മേല്‍ വീണത്’
മുതലയമ്മാച്ചന്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
” അഴകന്‍ മന്ത്രി , മുയലന്‍ മന്ത്രി അവിടുന്നെന്തിനാ ആ കുമ്പളങ്ങാകുട്ടന്റെ നടുവിനു ചെന്നു വീണത് എനിക്കതിന്റെ ന്യായം അറിയണം ”
” അയ്യോ മുതലയമ്മാച്ച ഞാനത് മന:പൂര്വ്വം ചെയ്തതല്ല കുന്നിന്‍ ചരുവിലെ കല്ലു കൂമ്പാരത്തില്‍ മലയിളക്കുന്ന ഏതോ ചെകുത്താനുണ്ട് അവന്‍ പാറക്കല്ലുരുട്ടി എന്റെ ദേഹത്തിട്ടതുകൊണ്ടാ ഞാന്‍ ഉരുണ്ടുരുണ്ട് കുമ്പളങ്ങായില്‍ ചെന്നു തട്ടിയത്”
” എന്ത് നാടുവാഴുന്ന പ്രധാനമന്ത്രിയെ ഒരു ചെകുത്താന്‍ ഭയപ്പെടുത്തിയെന്നോ എങ്കില്‍ ആ ചെകുത്താനെ ഒന്നു കാണണമല്ലോ. എവിടെയാണ് അങ്ങ് അവനെ കണ്ടത്?”
രണ്ടു പേരും കൂടി കല്ലുകൂമ്പാരത്തിന്റെ അരികിലേക്കു നടന്നു . എ
എന്നിട്ട് മുതലയമ്മാച്ചന്‍ കല്ലുകള്‍ ഓരോന്നായി മാറ്റാന്‍ തുടങ്ങി .
കുറെ കല്ലുകള്‍ മാറ്റിയപ്പോള്‍ അടിയിലുള്ള കല്ലുകള്‍ ഇളകാന്‍ തുടങ്ങി . മലയിളക്കുന്ന ചെകുത്താന്‍ അകത്തു തന്നെയുണ്ടെന്നു അവര്‍ക്കു മനസിലായി . അഴകന്‍ മുയല്‍ പേടിച്ചു പിന്നോട്ടു മാറി. എങ്കിലും മുതലയമ്മാച്ചന്‍ ധൈര്യം കൈവിടാതെ കുറെ കല്ലുകള്‍ കൂടീ എടുത്തു മാറ്റി . പെട്ടന്ന് കല്ലുകൂമ്പാരത്തില്‍ ഒളീച്ചിരുന്ന അടകോടനാമ പുറത്തു ചാടി.
മുതലയമ്മാച്ചന്‍ അവനെ പിടി കൂടി ‘ ഹും നീയാണോ നമ്മുടെ പ്രധാനമന്ത്രിയെ പേടിപ്പിച്ചത് നീ കാരണം എന്തെല്ലാം കുഴപ്പങ്ങളാ വന്നത്. വെടുതെ വിട്ടാല്‍ ഇനിയും നീ കുഴപ്പങ്ങളുണ്ടാക്കും
മുതലയമ്മാച്ചന്‍ അവനെയെടുത്ത് പാറപ്പുറത്തേക്ക് ഒറ്റയേറ് .’ പ്ധും..’ എന്നിട്ട് അഴകന്‍ മുയലും മുതലയമ്മാച്ചനും കൂടി കൂട്ടുകാരായി തിരിച്ചു പോന്നു.
പിന്നീടൊരിക്കലും അടകോടനാമ അഴകന്‍ മുയലിനെ ഉപദ്രവിച്ചിട്ടേ ഇല്ല.