രാവിലെ സ്ക്ക്ക്കൂളിൽ ചിരിച്ചു കൊണ്ട് പോയ മകൻ വൈകിട്ട് കരഞ്ഞു കൊണ്ട് തിരിച്ചു വരുന്നത് കണ്ട് അമ്മ അന്തം വിട്ടു.ഇന്നു ട്യൂഷനു പോകാതിരിക്കാനുള്ള വയറു വേദന,തലവേദന തുടങ്ങിയ തന്ത്രം വല്ലതുമാണോ എന്നാണ് ആദ്യം സംശയിച്ചത്.കാലവും കോലവും മാറിയെങ്കിലും ന്യൂ ജനറേഷനൊക്കെ ആയെങ്കിലും പഠിക്കാൻ പോകാതിരിക്കാൻ കുട്ടികൾ പറയുന്ന കാരണങ്ങൾ ഇപ്പോഴും പഴയതൊക്കെ തന്നെ.അതോ ഇനി ഏതെങ്കിലും കുട്ടികളുമായിട്ട് തല്ലു കൂടിയിട്ട് വരികയാണോ എന്നുമറിയില്ല.സിനിമയിലും സീരിയലിലുമൊക്കെ കാണുന്ന രംഗങ്ങൾ അഭിനയിച്ചു നോക്കുന്നത് സ്കൂളിലും വീട്ടിലുമൊക്കെയാണല്ലോ?
‘’എന്താ മോനേ?’’ ആകാംക്ഷയോടെ അമ്മ ചോദിച്ചു.’’അച്ഛൻ വന്നിട്ട് പറയാം’’ കരച്ചിലിനിടയിലും മകൻ പറഞ്ഞു. ’’അതെന്താ,എന്നോട് പറയാൻ പറ്റാത്ത കാര്യം?’’
‘’പറയാൻ പറ്റാത്തതു കൊണ്ടല്ല അമ്മേ,അച്ഛൻ വരുമ്പോൾ പിന്നേം പറയണ്ടേ എന്നോർത്താ..അതുമല്ല അച്ഛൻ ഇടപെടാതെ ഇതിനൊരു പരിഹാരവുമാകില്ല.’’
‘’എന്തായാലും നീ കാര്യം പറ..’’ മെഗാ സീരിയൽ നീട്ടിക്കൊണ്ടു പോകുന്നതു പോലെയുള്ള അവന്റെ സംസാരം അമ്മയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.’’ഇതു കണ്ടോ,ഇന്നെന്നെ ടീച്ചർ തല്ലി..’’അവൻ പറഞ്ഞപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്,ശരീരം നിറയെ തിണർത്തു കിടക്കുന്ന പാടുകൾ.എന്തെങ്കിലും വികൃതി കാണിക്കാതെ ടീച്ചർ ഇങ്ങനെ തല്ലാൻ സാധ്യതയില്ല.അമ്മയുടെ സംശയം മനസ്സിലാക്കിയാവാം അവൻ പറഞ്ഞു.’’ഞാനൊന്നും ചെയ്തില്ല,അമ്മയെ വിളിച്ചതു മാത്രമാണ് ഞാൻ ചെയ തെറ്റ്.’’
‘’വെറുതെയല്ല അമ്മയ്ക്ക് വിളിച്ചാൽ ടീച്ചറെന്നല്ല ആരും തല്ലിപ്പോകും.’’
‘’അയ്യോ ടീച്ചറുടെ അമ്മയ്ക്കല്ല,എന്റെ സ്വന്തം അമ്മയെത്തന്നെയാ ഞാൻ വിളിച്ചത്’’ അത് കേട്ടു കൊണ്ടാണ് അച്ഛൻ കയറി വന്നത്. ‘’എന്താ പ്രശ്നം?’’
‘’അതാ പറഞ്ഞോണ്ട് വരുന്നത്.അടുത്തിരുന്ന കുട്ടി എന്നെ പിടിച്ചു തള്ളിയപ്പോൾ അറിയാതെ ഞാൻ അയ്യോ എന്റെ അമ്മേ എന്ന് വിളിച്ചു പോയി.അതും കേട്ടു കൊണ്ടു വന്ന ടീച്ചർ ‘’ക്ളാസിൽ ഇനി മലയാളം പറയുമോടാ’’എന്നു ചോദിച്ചു കൊണ്ട് അടിച്ചു പൊട്ടിച്ചതാ ഇതൊക്കെ.’’ അച്ഛൻ അവന്റെ ദേഹമൊക്കെ പരിശോധിച്ചു.അപ്പോഴാണ് ` പുറത്ത് ഒരു പേപ്പറിൽ എഴുതി പിൻ ചെയ്തു വെച്ചിരിക്കുന്നത് കണ്ടത്. ’’ഇതെന്താ,നെയിം ബോർഡൊക്കെ ഇപ്പോൾ മുതുകത്താണോ ഒട്ടിക്കുന്നത്.’’ എന്നു ചോദിച്ചു കൊണ്ട് നോക്കിയപ്പോഴാണ് അതിൽ എഴുതി വെച്ചിരിക്കുന്നത് മനസ്സിലായത്. ’’ഇനി ഞാൻ മലയാളം പറയില്ല.’’
‘’അത് ടീച്ചർ ഒട്ടിച്ചു വെച്ചതാ,പോരാത്തതിന് ‘’ഞാൻ അറിയാതെ മലയാളം പറഞ്ഞതാണ്,ഇനി ഒരിക്കലും മലയാളം പറയില്ല’’ എന്ന് നൂറ് പ്രാവശ്യം ഇംപോസിഷൻ എഴുതിക്കൊണ്ട് ചെല്ലണമെന്നാ ടീച്ചർ പറഞ്ഞിരിക്കുന്നത്.’’ മകൻ വിശദീകരിച്ചപ്പോൾ ഞാനോർത്തു.എന്തൊപരാധമാണ് അവൻ ചെയ്തത്! വീഴാൻ പോയപ്പോഴാണെങ്കിലും ഇംഗ്ളീഷ് സ്ക്കൂളാണെന്ന കാര്യം ഓർക്കണ്ടായിരുന്നോ? ’’ഓ മൈ ഗോഡ്’’ എന്നോ’’ ‘’ഓ മൈ മദർ’’ എന്നോ മറ്റോ വിളിച്ചു കൊണ്ട് വീണിരുന്നെങ്കിൽ വീണ വേദന മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ.ഇതിപ്പോൾ ആകെ നാണക്കേടായി,പോരാത്തതിന് ഇംപോസിഷനും എഴുതണം.
ഏതായാലും ജീവിതത്തിലൊരിക്കലും മലയാളം പറയരുതെന്ന തീരുമാനത്തിലൊന്നുമല്ല മകനെ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ ചേർത്തത്.അൽപ്പം അടക്കവും ഒതുക്കവുമുള്ള ഒരു സ്ക്കൂളായിക്കോട്ടെ എന്നു വിചാരിച്ചു.എന്നാൽ ഇപ്പോൾ മറ്റ് സ്ക്കൂളുകളെയൊക്കെക്കാൾ കഷ്ടമാണ് അവസ്ഥ.നാട്ടിലെവിടെയെങ്കിലുമുള്ള ഏതെങ്കിലും ഈർക്കിൽ സംഘടന വിദ്യാഭ്യാസ ബന്ദെന്നെങ്ങാനും പറഞ്ഞൂ കളഞ്ഞാൽ സ്ക്കൂളിന് രണ്ടു ദിവസം അവധി കൊടുത്തു കളയും! കേരളത്തിൽ മറ്റെല്ലാ സ്ക്കൂളുകൾക്കും പിറ്റേന്ന് ക്ളാസ് കാണും.നമ്മുടെ സ്ക്കൂളിന് മാത്രം വിദ്യാഭ്യാസ ബന്ദ്!
ഇങ്ങനെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന സ്ക്കൂളിലാണ്.ഇപ്പോൾൾ മാതൃഭാഷയിൽ കരഞ്ഞതിന് അടിയും പിഴയും. ഇതൊക്കെയാണെങ്കിലും ദോഷം പറയരുതല്ലോ ഫീസിന്റെ ഇൻസ്റ്റാൾമെന്റുകൾ അടക്കുന്നതിനുള്ള അറിയിപ്പുകൾ കൃത്യമായി വരികയും ചെയ്യും അതിന് ഒരു വിദ്യാഭ്യാസ ബന്ദും പ്രശ്നമല്ല.താമസിച്ചാൽ ഫൈനും വാങ്ങിക്കും
.നമ്മളൊക്കെ മാതൃഭാഷയിൽത്തന്നെ കരയുകയും ചിരിക്കുകയും ചെയ്യുന്നവരല്ലേ,ഏതായാലും ഒന്ന് ചോദിച്ചേക്കാമെന്ന് കരുതി സ്ക്കൂളിൽ ചെന്നു.സമയം കിട്ടുകയാനെങ്കിൽ മാതൃഭാഷാസ്നേഹത്തെപ്പറ്റി ഒരു ക്ളാസ്സുമെടുത്തു കളയാം..അകത്തേക്ക് കയറിയ ഉടനെതന്നെ പ്രിൻസിപ്പൽ കൂപ്പു കൈകളോടെ അഭിവാദ്യം ചെയ്തു..’’നമസ്ക്കാരം..’’
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.വഴിതെറ്റി വേറെ എവിടെയെങ്കിലുമാണോ ചെന്നു കയറിയത്.അല്ലെന്ന് ഒന്നു കൂടി ഉറപ്പു വരുത്തി.കുറച്ചു കഴിഞ്ഞാണ് കാര്യങ്ങൾ മനസ്സിലായത്.എന്നെപ്പോലെ തന്നെ കുറെ കുട്ടികളും രക്ഷിതാക്കളും രാവിലെ തന്നെ എത്തിയിട്ടുണ്ട്.എല്ലാം കേസ് ഇതു തന്നെ.മലയാളം പറഞ്ഞതിനും മലയാളത്തിൽ കരഞ്ഞതിനും ശിക്ഷിക്കപ്പെട്ട കുട്ടി ക്രിമിനലുകളും അവരുടെ നിഭാഗ്യവാൻമാരുമായ രക്ഷിതാക്കളുമായി വന്ന് സ്ക്കൂളിൽ ഒരങ്കം കഴിഞ്ഞിരിക്കുന്നു.കൂടെ ആരോ പറഞ്ഞതനുസരിച്ച് പത്രറിപ്പോർട്ടർമാരും ക്യാമറാമാൻമാരുമൊക്കെ നേരത്തെ വന്ന് സ്ഥലം പിടിച്ചിട്ടുണ്ട്.ബാക്കിയുള്ളവർ വന്നു കൊണ്ടിരിക്കുന്നു.
ചിലപ്പോൾ ലൈവ് റിപ്പോർട്ടിംഗ് തന്നെ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.ഏതായാലും എല്ലാവരുടെയും മുഖങ്ങളിൽ സന്തോഷം അലയടിക്കുന്നുണ്ട്.വൈകിട്ട് ന്യൂസ് അവറിൽ ചർച്ച ചെയ്യാൻ ഒരു വിഷയം കിട്ടിയല്ലോ?വെറുതെയല്ല സ്ക്കൂളുകാർക്ക് പെട്ടെന്നൊരു മലയാള സ്നേഹം വന്നത്. കാര്യങ്ങൾ വിശദീകരിച്ച് പ്രിൻസിപ്പാളിന് നമസ്ക്കാരവും പറഞ്ഞ് മോനുമായി പുറത്തിറങ്ങുമ്പോൾ ഞാനോർത്തു,മാതൃഭാഷയിൽ സംസാരിക്കാൻ കുട്ടികളെ അനുവദിച്ചില്ലെങ്കിലും വേണ്ടില്ല,കുറഞ്ഞ പക്ഷം മാതൃഭാഷയിൽ കരയാനെങ്കിലും സമ്മതിച്ചാൽ മതിയായിരുന്നു!
Click this button or press Ctrl+G to toggle between Malayalam and English