മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു

 

 

 

 

 കേരള സർക്കാരിൻറെ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻറെ സൗദിഅറേബ്യയിലെ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു. സൗദിയിലെ മലയാളം മിഷൻറെ വിവിധ മേഖലാ കമ്മിറ്റികളുടെ ഭാരവാഹികളുടെയും സംഘടനാ നേതാക്കളുടെയും ഓൺലൈൻ യോഗത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ്ജ് സൗദി ചാപ്റ്റർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ രജിസ്ട്രാർ എം.സേതുമാധവൻ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ലോക കേരള സഭ അംഗം എം.എം. നഈം യോഗത്തിൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ സൗദി കോ.ഓർഡിനേറ്റർ താഹ കൊല്ലേത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക കേരള സഭ അംഗങ്ങളായ വി.കെ.റഊഫ്, ഡോ.മുബാറക്ക് സാനി, കെ.പി.എം.സാദിഖ്, കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ യോഗത്തിൽ സംസാരിച്ചു. വിവിധ മേഖലാ ഭാരവാഹികളായ ഷിബു തിരുവനന്തപുരം, മാത്യു തോമസ് നെല്ലുവേലിൽ, നൗഷാദ് കോർമത്ത്,നന്ദിനി മോഹൻ, സുനിൽ സുകുമാരൻ, സക്കീർ താമരത്ത്, റഷീദ് ചന്ദ്രാപ്പിന്നി, ഷാഹിദ ഷാനവാസ്, വി.പി.രഞ്ജിത്, റഫീഖ് പത്തനാപുരം, കിസ്‌മത്ത്, ഡോ.രമേശ് മൂച്ചിക്കൽ, ഉബൈസ് മുസ്‌തഫ, നിഷ നൗഫൽ, സീബ കൂവോട്, രശ്‌മി.ആർ, ജിതേഷ് പട്ടുവം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 എം.എം.നഈം (പ്രസിഡൻറ്), താഹ കൊല്ലേത്ത് (സെക്രട്ടറി), ഷിബു തിരുവനന്തപുരം (കൺവീനർ), ഡോ.മുബാറക്ക് സാനി (വിദഗ്‌ധ സമിതി ചെയർമാൻ), മാത്യു തോമസ് നെല്ലുവേലിൽ (വൈസ് പ്രസിഡൻറ്), നൗഷാദ് കോർമത്ത് ( ജോയിൻറ് സെക്രട്ടറി), രശ്‌മി.ആർ, ഡോ.രമേശ് മൂച്ചിക്കൽ, റഫീഖ് പത്തനാപുരം, ഉബൈസ് മുസ്‌തഫ, ജിതേഷ് പട്ടുവം, റഷീദ് ചന്ദ്രാപ്പിന്നി (മേഖലാ കോ-ഓർഡിനേറ്റർമാർ), നന്ദിനി മോഹൻ, ഷാഹിദ ഷാനവാസ്, സീബ കൂവോട് (വിദഗ്‌ധ സമിതി അംഗങ്ങൾ), സുനിൽ സുകുമാരൻ, സക്കീർ താമരത്ത്, ഷാനവാസ് എന്നിവർ ഭാരവാഹികളായ മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ കമ്മിറ്റിയെ ഓൺലൈൻ യോഗം തെരഞ്ഞെടുത്തു. സൗദി അറേബ്യയിൽ നിലവിലുള്ള മലയാളം ഭാഷാ പഠന പ്രവർത്തനങ്ങൾ മലയാളം മിഷന് കീഴിൽ ഏകോപിപ്പിക്കുന്നതിനും ഉർജ്ജിതമാകുന്നതിനും മിഷൻറെ വിപുലമായ ഭാഷാ-സാംസ്‌കാരിക- പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം മലയാളം മിഷൻ ഡയറക്ടർ പുറത്തിറക്കി.

 

 ആഗോള തലത്തിൽ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിപ്പിക്കുന്നതിനായി ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന മലയാളം മിഷൻ പ്രവാസി സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്നതാണ് മലയാളം മിഷൻ ലക്ഷ്യമിടുന്നത്. പ്രവാസി മലയാളി കുട്ടികൾക്കുള്ള മാതൃഭാഷാ പഠന കോഴ്‌സുകളും ഓൺലൈൻ ക്ളാസുകളും വിവിധ സാംസ്ക്കാരിക -ഭാഷാ  പ്രവർത്തനങ്ങളുമാണ് മുഖ്യമായും മലയാളം മിഷൻ നടത്തുന്നത്. കണിക്കൊന്ന (സർട്ടിഫിക്കറ്റ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പൽ (ഹയർ ഡിപ്ലോമ), നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ) എന്നീ നാല് സൗജന്യ മാതൃഭാഷാ കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. ഈ സർക്കാർ അംഗീകൃത കോഴ്‌സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ്സിന് തത്തുല്യമായ നിലവാരത്തിലേക്ക് എത്തിച്ചേരാൻ  കഴിയും. പാട്ടുകളിലൂടെയും കഥകളിലൂടെയും കൂട്ടായ കലാപ്രവർത്തനങ്ങളിലൂടെയും മാതൃഭാഷാ പഠനത്തിന്റെ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ പഠനബോധന രീതിയാണ് മലയാളം മിഷൻ പിന്തുടരുന്നത്.

 സൗദിയിൽ നിലവിൽ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, തബൂക്ക്, അൽഖസിം, അബഹ, നജ്‌റാൻ, അറാർ എന്നീ മേഖലകളിലെ പഠനകേന്ദ്രങ്ങളിൽ ഓൺലൈൻ ക്ളാസുകൾക്കുള്ള പ്രവേശനം നടന്നു വരുന്നു. മലയാളം മിഷൻറെ സാംസ്കാരിക-ഭാഷാ പഠന പ്രവർത്തനങ്ങൾക്ക് സൗദിയിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളുടെയും ഭാഷാപ്രേമികളുടെയും സഹകരണം ചാപ്റ്റർ ഭാരവാഹികൾ അഭ്യർത്ഥിച്ചു. മലയാളം മിഷൻ പ്രവർത്തനങ്ങളെയും ഓൺലൈൻ ക്ളാസുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സൗദി ചാപ്റ്ററുമായി 0564132147, 0508716292 എന്നീ ടെലിഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here