മലയാളം മിഷൻ സൗദി ചാപ്റ്റർ ഓൺലൈൻ അധ്യാപക പരിശീലനം 16-നും 17-നും

 

 

ജിദ്ദ: കേരള സര്‍ക്കാരിൻറെ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്ററിൻറെ ഓൺലൈൻ അധ്യാപക പരിശീലനം ഈ മാസം 16, 17 തീയതികളിൽ നടത്തുമെന്ന് ചാപ്റ്റർ വിദഗ്‌ധ സമിതി ചെയർമാൻ ഡോ.മുബാറക്ക് സാനി അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിശീലന പരിപാടിയിൽ സൗദിയിലെ വിവിധ മേഖലകളിൽ നിന്ന് രജിസ്റ്റർ ചെയ്‌ത നൂറോളം അദ്ധ്യാപകർ പങ്കെടുക്കും. മലയാളം മിഷൻ രജിസ്‌ട്രാർ എം.സേതുമാധവൻ, വിദഗ്‌ധ പരിശീലകനും ഭാഷാ അധ്യാപകനുമായ ഡോ.എം.ടി ശശി എന്നിവർ ഓൺലൈൻ അധ്യാപക പരിശീലന പരിപാടിക്ക്  നേതൃത്വം നൽകും.

മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ വിവിധ പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം ‘ എന്നതാണ് മലയാളം മിഷൻ ലക്ഷ്യമിടുന്നത്. മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ  പ്രവാസി മലയാളി കുട്ടികൾക്കുള്ള സൗജന്യ മാതൃഭാഷാ പഠന കോഴ്‌സുകൾക്കുള്ള ഓൺലൈൻ പ്രവേശനം ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, തബൂക്ക്, അൽഖസിം, അബഹ, നജ്‌റാൻ, അറാർ എന്നീ മേഖലകളിൽ നടന്നു വരുന്നു. മാതൃഭാഷാ പഠനത്തിന്റെ സാമ്പ്രദായിക രീതികളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പഠന ബോധന രീതിയാണ് മലയാളം മിഷൻ പിന്തുടരുന്നത്. കുട്ടികളെ സ്വന്തം ജീവിതാനുഭവങ്ങളും ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി അവരുടെ ജന്മസിദ്ധമായ ചിന്താശേഷികളും ഭാഷാപഠനശേഷികളും വികസിപ്പിച്ച് ഭാഷാപഠനം രസകരവും സർഗാത്മകവുമാക്കുന്ന തരത്തിലാണ് മലയാളം മിഷൻറെ പാഠ്യപദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. മലയാളം മിഷൻ പാഠ്യപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് അധ്യാപക പരിശീലനം അനിവാര്യമാണെന്നും കോവിഡ് പശ്ചാത്തലത്തിൽ എല്ലാ മേഖലകളിലും ഓൺലൈൻ ക്ളാസുകൾ നടത്തുന്നതിനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായും ചാപ്റ്റർ ഭാരവാഹികളായ താഹ കൊല്ലേത്തും എം.എം.നഈമും അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English