പുള്ളിയില്ലാതെയെഴുതിക്കുറിക്കുവാൻ
പിള്ളമാരെ പഠിപ്പിച്ച ഭാഷ നീ
കള്ളമില്ലാതെ ജയിച്ചു ജീവിക്കുവാൻ
ഉള്ളുണർത്തി പഠിപ്പിച്ച ഭാഷ നീ
വെള്ളമൊഴുകും കളകളാരവം
തുള്ളിയായ് വീഴും മഴതൻ ഗീതവും
വെള്ളി വരകളായ് മേഘപാളികളിൽ
കൊള്ളിയാനായ് മിന്നി മറഞ്ഞതും
കള്ളിമുൾച്ചെടിയായി മരുഭൂവിൽ
ഉള്ളറിഞ്ഞു ചിരിതൂകി നിന്നതും
വെള്ള നിറമായ് കൂരിരുൾ നിശയിലും
വെളുക്കെച്ചിരിച്ചുല്ലസിപ്പിച്ച ഭാഷനീ.
കൈവളയിട്ടു കൊലുസിട്ടു വാക്കിനെ
താളത്തിൽ താരാട്ടുപാടിയുറക്കി നീ
തറയും പറയും തുമ്പയും തുളസിയും
തുള്ളിക്കളിച്ചു പഠിച്ചുള്ള നാളുകൾ
നളനും നിളയും കിളിപ്പാട്ടു കൊഞ്ചലും
നീളത്തിൽ മൂളിപ്പഠിപ്പിച്ച ഭാഷ നീ.
കേരളമെന്നൊരു കേളീധരിത്രിക്കു
വെള്ളവും വളവുംവെളിച്ചവും നൽകി നീ
ഭാഷകളുലകിലൊരായിരമെങ്കിലും
വേഷങ്ങളെത്ര,ഘോഷങ്ങളെങ്കിലും
ഉള്ളിലെന്നുമണയാതെ കത്തുന്ന
മാതൃഭാഷയാമെന്റെ മലയാളമാണു നീ