മാതൃഭാഷയുടെ വളർച്ചക്കായി മലയാളത്തിനൊരു വകുപ്പും മന്ത്രിയും വേണമെന്ന് മലയാളമഹോത്സവം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി മലയാളം അധ്യാപകസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മലയാളമഹോത്സവമാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. മലയാളം സർവകലാശാല, കേരള സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ശബ്ദവിജ്ഞാനകോശം, ഭരണഭാഷയുടെയും മാതൃഭാഷയുടെയും പ്രചാരണസംവിധാനങ്ങൾ, ശ്രേഷ്ഠഭാഷ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ വകുപ്പിലൂടെ ഏകീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. മലയാളമഹോത്സവം ഉദ്ഘാടനം ചെയ്തു. പി.ഡി. പ്രകാശ്ബാബു അധ്യക്ഷനായി. കവി പി.എൻ. ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പാഠപുസ്തകത്തിൽ പരിചയപ്പെട്ട എഴുത്തുഗുരുവിനുള്ള ഈ വർഷത്തെ ഗുരുദക്ഷിണ പുരസ്‌കാരം പരിസ്ഥിതി എഴുത്തുകാരൻ എൻ.എ. നസീറിന് വിദ്യാർഥികൾ സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തിഫലകവും അടങ്ങിയതാണ് പുരസ്‌കാരം.
ഷീജ മേരി തോട്ടാൻ എഴുതിയ ‘കല്പകവൃക്ഷത്തിലെ ഇല’ എന്ന പുസ്തകം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.വി. മദനമോഹനൻ പ്രകാശനം ചെയ്തു. മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ പുസ്തകം പരിചയപ്പെടുത്തി. മനോജ് കമ്മത്ത്, വി.എം കരീം, എ.ഡി. ആന്റു, എം.കെ. ബിന്ദു, വി. സുനന്ദ, കെ.എസ്. കവിത, പി. ഉഷ, പി.ജെ. ലിജി, ഒ.ആർ. ചിത്ര, കെ.പി. പ്രസീത എന്നിവർ പ്രസംഗിച്ചു.
Click this button or press Ctrl+G to toggle between Malayalam and English