മകളിലൂടെ സത്യന്‍ അന്തിക്കാട് പറയുന്നത്

 

 

 

 

ചില സംവിധായരുടേ പേരു മാത്രം മതി ഒരു കൂട്ടം കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍. ആ മായാജാലം സത്യന്‍ അന്തിക്കാടിനു ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്നു ഈയിടെ ഇറങ്ങിയ ‘ മകള്‍’ എന്ന സിനിമയും തെളിയിക്കുന്നുണ്ട്.

കുടുംബബന്ധങ്ങളുടെ ഇഴപിരിച്ചെഴുത്തുകള്‍ ഇത്ര കണ്ട് സൂക്ഷ്മമായി സമര്‍ത്ഥമായി അനുവാചകരിലേക്ക് എത്തിക്കുന്നതില്‍ ഇക്ബാല്‍ കുറ്റിപ്പുറവും സംവിധായകനെ ഏറെ സഹായിച്ചു കാണും.

ജീവിത സാഹചര്യങ്ങള്‍ ഉരുക്കി പാകപ്പെടുത്തിയ ഒരച്ഛനെ മകള്‍ക്ക് അത്ര കണ്ട് മനസലാകണമെന്നില്ല. പ്രത്യേകിച്ച്, പ്രവാസ ജീവിതം കഴിഞ്ഞ് എത്തിയ അച്ഛനെ. ടീനേജ്കാരിയായ മകളുടെ മനസിന്റെ വിഹ്വലതകള്‍ അച്ഛന്റെ ചിന്തകള്‍ക്ക് അപ്പുറത്താകാനാണ് സാധ്യത. ‘ ന്യൂജെന്‍’ സമൂഹം പഴയ തലമുറയെക്കാള്‍ ഏതേതു കാര്യങ്ങളിലും ബഹുദൂരം മുന്നില്‍തന്നെ. പ്രത്യേകിച്ച് ഈ പുതുയുഗത്തില്‍.

കുടുംബബന്ധങ്ങളുടെ സത്ത കാത്തു സൂക്ഷിച്ച് അതൊക്കെ ഏതൊക്കെ അളവില്‍ എവിടെയൊക്കെ വേണമെന്ന് വരെ ചിത്രത്തിലൂടെ സമൂഹത്തിനു വായിച്ചെടുക്കാന്‍ സാധിക്കുന്നു.

താക്കീതുകള്‍ മനസില്‍ കോറിയിടും തരത്തില്‍ ഗുണപാഠകഥകള്‍ പറഞ്ഞു തരാന്‍ നമുക്കു മുത്തശിമാരുണ്ടായിരുന്നു. ഒക്കെ വളരെ ഗോപ്യമായി ഇഴപിരിച്ചു ചേര്‍ത്ത് ആ കഥകളില്‍ ഉള്‍ക്കൊള്ളിക്കാനും അവരൊക്കെ ശ്രദ്ധിച്ചിരുന്നു.

അതൊക്കെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലും ഉണ്ടാകാറുണ്ട്.
നാടും നാട്ടിന്‍ പുറവും പല സംസ്ക്കാരങ്ങളും കണ്ട ഒരച്ഛനു മകളെ കുറിച്ചുള്ള ഭയപ്പാട് , കരുതല്‍ , ആകുലതകള്‍ പക്ഷെ അമ്മക്ക് മനസിലാക്കാനാകുന്നില്ല. അതൊക്കെ പറഞ്ഞു മനസിലാക്കാനാകാത്ത നിസഹായാവസ്ഥയും അച്ഛനില്‍ ഉമിതീയാകുന്നു.

അതൊക്കെ ജയറാം നന്ദകുമാറിലൂടെ അനായാസമായി പ്രതിഫലിപ്പിക്കുന്നുണ്ട്.

മീരാ ജാസ്മിന്‍ ജൂലിയറ്റായി ഗംഭീര തിരിച്ചു വരവ് തന്നെ നടത്തിയിരിക്കുന്നു.

നല്ലൊരു സംവിധായകന്റെ കൈയ്യിലെ ടൂളുകളാണ് ഓരോ നടീനടന്മാരും. അവരെത്ര പുകള്‍ പെറ്റവരായാലും .

ഏതു നടന്റെയും അഭിനയശേഷി ഊറ്റി എടുത്ത് പ്രയോജനപ്പെടുത്താനുള്ള സത്യന്‍ അന്തിക്കാടിന്റെ കരവിരുത് ഒന്നു വേറെ തന്നെയാണ്.

പ്രകൃതി എപ്പോഴും കൂടൊരുക്കി പാര്‍ക്കുന്നത് ഗ്രാമങ്ങളിലാണെന്നു സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ നമുക്കു പറയാതെ പറഞ്ഞു തരുന്നുണ്ട്. ആയിടങ്ങളിലൊക്കെ എസ്. കുമാര്‍ ക്യാമറ എത്തിക്കുന്നുണ്ട്. ചിത്രം തുടങ്ങുമ്പോഴുള്ള രണ്ട് കള്ള്ന്മാരുടെ സംഭാഷണ ശകലങ്ങള്‍ കേട്ടപ്പോള്‍ ഈ രണ്ടും എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ഞാറക്കല്‍ മെജസ്റ്റിക്കിലെ സ്ക്രീനില്‍ കണ്ണുനട്ടിരുന്ന് ചിക്കിചികയുമ്പോള്‍ അതിന്റെ മറുപടി തൊട്ടുപിറകിലെ അടക്കം പറച്ചിലില്‍ നിന്നു കിട്ടി. മഴവില്‍ മനോരമയിലെ മറിമായത്തിലെ പാരിജാതമെന്ന സലിം അലിയുടേ ശബ്ദം തന്നെ.

മറിമായത്തിലെ കുറച്ചേറെ താരങ്ങള്‍ ചിത്രത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുണ്ട്. പരന്ന വായനക്കിടക്ക് സത്യന്‍ മറിമായം കാണാന്‍ സമയം കണ്ടെത്തുന്നുണ്ട് എന്നു സാരം.

എണ്‍പതുകളിലൊക്കെ ജനപ്രിയ വാരികകളിലൂടെ ജനം വിശിഷ്യ സ്ത്രീകള്‍ വായിച്ചാസ്വദിച്ച നോവലുകള്‍ പ്രശസ്ത സിനിമാബാനറുകള്‍ സിനിമകളാക്കാന്‍ ശ്രമിച്ചു പോന്നിരുന്നു. അതില്‍ അഭിനയിക്കേണ്ടുന്ന താരങ്ങളെ നിര്‍ദ്ദേശിക്കാന്‍‍ വായനക്കാര്‍ക്ക് ആകുമായിരുന്നു . നോവല്‍ ഓരോ ലക്കവും വായിച്ചാസ്വദിച്ചുകൊണ്ടിരുന്ന ഓരോരുത്തരുടേയും മനസില്‍ കഥാപാത്രങ്ങള്‍ക്ക് യോജ്യരായ നടീനടന്മാര്‍ ചേക്കേറിക്കഴിഞ്ഞിട്ടുണ്ടാകും. അതിലൂടെ ഒരു‍ കച്ചവടതന്ത്രം ഒളിഞ്ഞിരിപ്പുണ്ടുതാനും .

കുറെകൂടി പിന്നിലേക്കു പോയാല്‍ ജനം ഹൃദയത്തിലേറ്റിയ നാടകങ്ങളാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് മിമിക്രി വേദികളില്‍ കഴിവ് തെളീയിച്ചവരായിരുന്നു വെട്ടിത്തിളങ്ങിയത് എന്നു കാണാനാകും.

ഇവരുടെയൊക്കെ പ്രതിഭ ഊതിക്കാച്ചിയെടുത്തത് സത്യനെ പോലുള്ള സംവിധായകരിലൂടെയാണ്.

മറിമായത്തിലൂടെ, ഫെയ്സ്ബുക്കിലൂടേ മനസില്‍ ചേക്കേറിയ ഈ താരങ്ങള്‍ സത്യന്റെ കൈയിലൂടെ വിശാലമായ അല്ല, അനന്തസാധ്യതയുള്ള തിരശീലയിലേക്ക് ഇറങ്ങുന്നു. സത്യന്‍ അന്തിക്കാട് കണ്ടെത്തിയ ആരും മോശമായിട്ടില്ല എന്നത് മുന്‍കാല അനുഭവങ്ങള്‍ നമുക്ക് സാക്ഷ്യപത്രം നല്‍കുന്നു.

സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങിയ പ്രതിഭകളോട് കട്ടക്കുനിന്ന് അഭിനയിക്കുന്നതില്‍ കുറച്ചേറെ പാട്പെട്ടുകാണും ദേവിക.

പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ചു മലയാള സിനിമക്കു ഒരു താരോദയം തന്നെ.

ഓരോ വൈകാരിക മുഹൂര്‍ത്തങ്ങളും അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതില്‍ കഴിവു തെളിയിച്ച താരനിര തന്നെയാണു മകളുടെ കൈമുതല്‍.

വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ്.

ഒന്നോ രണ്ടോ ഫ്രയിമില്‍ വന്നു പോകുന്ന കഥാപാത്രങ്ങള്‍ വരെ ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസില്‍ മായാതെ മിഴിവാര്‍ന്നു നില്‍ക്കുന്നു. മകള്‍ നല്ല പടമാണെന്നു എടുത്തു പറഞ്ഞാല്‍ ഒരു പക്ഷെ വായനക്കാര്‍ ചോദിച്ചേക്കും അതിത്ര പറയാനെന്തിരിക്കുന്നു എന്ന് സത്യന്‍ അന്തിക്കാടിന്റെ ഏതു സിനിമയാണ് മോശമായിട്ടുള്ളത്??ഞങ്ങള്‍ കാണാതിരുന്നിട്ടുള്ളത്? കുടുംബ പ്രേക്ഷകരുടേ ഈ വാക്കുകള്‍ തന്നെയല്ലേ സത്യന്‍ അന്തിക്കാടിനുള്ള ഏറ്റവും വലിയ ജനകീയ അവാര്‍ഡ്!!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here