എല്ലാവരും നല്ല സന്തോഷത്തിലാണ്.അരവിന്ദേട്ടനും കല്യാണിമോളും അരവിന്ദേട്ടന്‍റെ അമ്മയുമെല്ലാം. വ്യാഴാഴ്ച കല്യാണിമോളുടെ പിറന്നാളാണ്. അതെങ്ങനെ ആഘോഷിക്കണമെന്ന ചര്‍ച്ചയിലാണ് എല്ലാരും.
“ങ്ഹാ, കാത്തു ഒരു കാര്യം ഞാന്‍ ഇപ്പഴേ പറഞ്ഞേക്കാം. പിറന്നാളിന്‍റെ കാര്യോന്നും ആ പെരട്ട കെളവനോട് സൂചിപ്പിക്കുകയേ വേണ്ട. അറിഞ്ഞാല്‍ തുള്ളിച്ചാടി ഇങ്ങ് പോരും. വന്നാ വല്യ ശല്യാന്നേ.ആരോട് എങ്ങനെ പെരുമാറണമെന്ന് ഇത്രയും പ്രായയായിട്ടും അങ്ങോരിക്ക് അറിയില്ല.” അരവിന്ദേട്ടന്‍ പെരട്ട കെളവന്‍ എന്നു വിളിച്ചത് എന്‍റെ അച്ഛനെയാണ് എന്നറിയാമായിരുന്നിട്ടും ഞാനൊന്നും മിണ്ടിയില്ല.
“ശരിയാ അച്ഛന്‍ പറഞ്ഞെ, മുത്തശ്ശന്‍ വന്നാല്‍ കാറി തുപ്പി ഇവിടൊക്കെ വൃത്തിക്കേടാക്കും.” കല്യാണിമോള് കൂടി അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി. പിറന്നാളിന്‍റെ കാര്യം എല്ലാരും മറന്നിരിക്കയായിരുന്നു. ഇവരെയൊക്കെ ഓര്‍മ്മിപ്പിച്ചത് ഞാനാണ് . എന്നെയോര്‍മ്മിപ്പിച്ചതോ അച്ഛനും.
കഴിഞ്ഞാഴ്ച വിളിച്ചപ്പോ കൂടി അച്ഛന്‍ പറഞ്ഞതാണ്. “അടുത്ത വ്യാഴാഴ്ചയല്ലേ കല്യാണിമോള്ടെ പിറന്നാള്. ഞാന്‍ ബുധനാഴ്ച വൈകിട്ടു തന്നെ അങ്ങെത്തിയേക്കാം.”
അച്ഛനെ ഈയിടെയായി ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ എന്നു ഞാന്‍ വെറുതെ കുശലം ചോദിച്ചതാണ്. അപ്പോഴാണ് അച്ഛന്‍ അങ്ങനെ പറഞ്ഞത്.വെറുതെയെങ്കിലും ഞാന്‍ അങ്ങനെ ചോദിക്കുമ്പോള്‍ അച്ഛന് ഒരു സന്തോഷം തോന്നുന്നുവെങ്കില്‍ ആയിക്കോട്ടെ .ഒന്നുമില്ലേലും സ്വന്തം മോളല്ലേ ഞാന്‍. അങ്ങനെയെങ്കിലും ഒരു മകളുടെ കടമ എനിക്ക് നിറവേറ്റണ്ടെ.
എഴുപത് വയസ്സ് കഴിഞ്ഞ അച്ഛന്‍ ഇപ്പോഴും തൊടിയില്‍ കൃഷി ചെയ്താണ് ജീവിക്കുന്നത്.ഒര് തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇന്നേവരെ അച്ഛന്‍ എന്നെ അറിയിച്ചിട്ടില്ല. ഞാനായിട്ട് അറിഞ്ഞുകൊണ്ടൊരു സഹായവും അച്ഛന് ഇതുവരെ ചെയ്തുകൊടുത്തിട്ടുമില്ല. തനിക്ക് മകള്‍ക്കു പകരം ഒരു മകന്‍ പിറന്നാ മതിയായിരുന്നുവെന്നു അച്ഛന്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകുമോ. അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതിന് അച്ഛനെ ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല. ഒരു ഭാര്യയുടെയും അമ്മയുടെയും കടമകളും ഉത്തരവാദിത്വങ്ങളും ഭംഗിയായി നിറവേറ്റുന്നതിനിടെ ഒരു മകളുടെ കര്‍ത്തവ്യങ്ങളെന്തെന്ന്‍ പലപ്പോഴും ഞാന്‍ മറന്നു പോകുന്നു. അല്ലെങ്കില്‍ മനപ്പൂര്‍വം മറന്നു പോയെന്നു നടിക്കുന്നു.
പിറന്നാളിന്‍റെ തലേദിവസം. രാവിലെ തൊട്ടേ ആകെ അസ്വസ്ഥമായ മനസ്സുമായി നടക്കുകയാണ് ഞാന്‍. ഇന്നു വൈകിട്ടാണ് അച്ഛന്‍ വരാമെന്നു പറഞ്ഞത്. അച്ഛന്‍ ഇവിടെയുണ്ടെങ്കില്‍ അരവിന്ദേട്ടനു പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യവും അസ്വസ്ഥതയുമൊക്കെയാണ്. അതുകൊണ്ടു തന്നെയാ മുത്തശ്ശന്‍റെ സാമീപ്യം കല്യാണിമോളും ഇഷ്ടപ്പെടാത്തത്. എന്തു പറഞ്ഞാ അച്ഛനെയൊന്ന് ഒഴിവാക്കുക.സ്വന്തം പേരക്കുട്ടീടെ പിറന്നാളിന് വരണ്ടാന്ന്‍ അച്ഛനോട് പറയാനൊക്ക്വോ. എനിക്കതിന് ആവുമോ. ഈശ്വരാ എന്തൊരു പരീക്ഷണമാ ഇത്.
അവിടെ അരവിന്ദേട്ടനും കല്യാണിമോളും നാളത്തെ പിറന്നാളാഘോഷത്തിന് വീടലങ്കരിക്കുന്ന തിരക്കിലാണ്. അവരോടൊപ്പം കൂടാന്‍ എനിക്കെന്തോ ഒരുത്സാഹവും തോന്നിയില്ല. എന്‍റെ മനസ്സപ്പോള്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ഉലാത്തുകയായിരുന്നു.
പണ്ട്, കുട്ടിക്കാലത്ത് എന്‍റെ പിറന്നാളിന്‍റന്ന്‍ പാടവരമ്പിലൂടെ അച്ഛന്‍റെ കൈയ്യും പിടിച്ച് അമ്പലത്തിലേക്ക് നടന്നു പോകുമ്പോള്‍ പട്ടുപാവാടയുടെ കസവില്‍ ചെളി പറ്റാതിരിക്കാന്‍ അച്ഛന്‍ തോളിലേറ്റിയതും നിലാവുള്ള രാത്രികളില്‍ ഉമ്മറതിണ്ണമേല്‍ അച്ഛന്‍റെ നെഞ്ചോടു പറ്റിച്ചേര്‍ന്ന്‍ ആകാശം നോക്കി കിടന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. അച്ഛന് ഈ ലോകത്ത് സ്വന്തമെന്നു പറയാന്‍ ആകെ ഞങ്ങള്‍ മൂന്നു പേരു മാത്രമേയുള്ളൂ.ചെറുപ്പത്തിലേ അമ്മ മരിച്ചു പോയ എന്നെ വളരെ കഷ്ടപ്പെട്ടാ അച്ഛന്‍ വളര്‍ത്തിയത്.ഒരു കടലോളം സ്നേഹം തന്നിട്ടുണ്ട് ആ പാവം. പക്ഷേ അതിന്‍റെ ഒരംശം പോലും തിരിച്ചു കൊടുക്കാന്‍ എന്നെക്കൊണ്ട് പറ്റീട്ടില്ല.
അങ്ങനെ ഞാന്‍ ഒരായിരം ചിന്തകളുടെ നീര്‍ച്ചുഴിയില്‍ താണുപോയികൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. ഈശ്വരാ, അച്ഛന്‍റെ നമ്പര്‍ ഇവിടെ ബസ് സ്റ്റാന്‍റിലെത്തി എന്നു പറയാനാണാവോ വിളിക്കുന്നത്. ഞാനെന്താ അച്ഛനോട് പറയ്യാ
“ഹലോ, മോളേ കാത്തു, അച്ഛനാണേ, അച്ഛനു നല്ല സുഖമില്ല. പനിയാ. ഈ പനിയും വെച്ചോണ്ട് അത്രടം വരെ യാത്ര ചെയ്യാന് അച്ഛനു വയ്യ മോളെ. അതുകൊണ്ട് പിറന്നാളിന് അച്ഛന്‍ വരല്ണ്ടാവില്ല്യ. അരവിന്ദനോടും കല്യാണിമോളോടും നീ പ്രത്യേകം പറയണം അച്ഛനോട് പരിഭവൊന്നും തോന്നരുതെന്ന്.അസുഖൊക്കെ മാറീട്ട് കല്യാണിമോള്‍ക്കുള്ള പിറന്നാള്‍ സമ്മാനവുമായിട്ട് അച്ഛന്‍ രണ്ടീസം കഴിഞ്ഞിട്ട് വരാ.”
അതുകേട്ടപ്പോള്‍ എനിക്കെന്തോ വല്ലാത്ത ആശ്വാസമാണ് തോന്നിയത്.ഇനി അരവിന്ദേട്ടന്‍റെ പിറുപിറുക്കലും കടന്നല്‍ കുത്തിയതു പോലുള്ള മുഖവും കാണേണ്ടല്ലോ. ഒരുപക്ഷേ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനായ അച്ഛന് സുഖമില്ലെന്ന്‍ കേട്ടപ്പോള്‍ ആശ്വാസം തോന്നിയ മകള്‍ ഈ ലോകത്ത് ഞാന്‍ മാത്രമേ ഉണ്ടാവൂ എന്തു ചെയ്യാനാ എന്‍റെ സാഹചര്യം അങ്ങനെയായിപോയില്ലേ.
പറഞ്ഞതുപോലെ കുറച്ചു ദിവസം കഴിഞ്ഞ് അച്ഛന്‍ വന്നു.ബെല്ലടിക്കുന്നതു കേട്ട് അരവിന്ദേട്ടനാണ് ഡോര്‍ തുറന്നത്. അച്ഛനാണെന്നറിഞ്ഞപ്പൊതന്നെ ആ മുഖത്തെ പ്രസന്നത മൊത്തമങ്ങ് മാഞ്ഞില്ലാതായി. അച്ഛന്‍റെ കയ്യില്‍ ഒരു കടലാസു പൊതിയുണ്ട്.അത് കല്യാണിമോള്‍ക്കുള്ളതാണ്. മുത്തശ്ശന്‍റെ സമ്മാനപൊതികളിലൊന്നും അവള്‍ക്ക് വല്യ താത്പര്യമില്ലെങ്കിലും എന്തോ ഭാഗ്യത്തിന് അവളത് നിരസിക്കാറില്ല. കടലാസു പൊതി കല്യാണി മോളുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് അച്ഛന്‍ പറഞ്ഞു.
“കല്യാണിമോള്ക്ക് ഏറെ സന്തോഷം തരുന്ന ഒരു വാര്‍ത്തയുമായിട്ടാ മുത്തശ്ശന്‍ വന്നിട്ട്ളളെ. മുത്തശ്ശന്‍ ഇനിയെന്നും കല്യാണിമോള്ടെ കൂടെത്തന്നെയുണ്ടാകും.മോളെ വിട്ട് മുത്തശ്ശന്‍ ഇനി എങ്ങും പോകില്ല.” അതുകഴിഞ്ഞ് അച്ഛന്‍ ഞങ്ങളോടായി തുടര്‍ന്നു.
“വയ്യ മക്കളെ, ഒറ്റയ്ക്ക് ജീവിച്ചു മടുത്തു. ഒറ്റയ്ക്കാവുമ്പോള്‍ വല്ലാത്ത മനപ്രയാസം തോന്നുന്നു. അതുകൊണ്ട് ഇനീള്ള കാലം നിങ്ങടെയൊപ്പം അങ്ങ് കൂടാന്ന് വെച്ചു.”
അപ്പോഴാണ് ഡോറിനു പിന്നിലായി വെച്ചിരുന്ന അച്ഛന്‍റെ ബാഗ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ അരവിന്ദേട്ടനെ നോക്കി. ആ കണ്ണുകളില്‍ രോഷം തിരമാലകളായി ആഞ്ഞടിക്കുന്നതു ഞാന്‍ കണ്ടു.
എന്നെയൊന്നു തറപ്പിച്ചു നോക്കിയ ശേഷം “നിങ്ങള് സംസാരിച്ചിരി ഞാനൊന്ന് പുറത്തുപോയിട്ടു വരാം” എന്നു പറഞ്ഞു അരവിന്ദേട്ടന്‍ വീട്ടിന്നിറങ്ങിപ്പോയി.ആ നോട്ടത്തിന്‍റെ അര്‍ഥം ഒരുപക്ഷേ അച്ഛനു മനസ്സിലായികാണില്ലെങ്കിലും എനിക്കതു നന്നായി മനസ്സിലായി.
അന്നു രാത്രി ബെഡ് റൂമില്‍ വന്നു അരവിന്ദേട്ടന്‍ ഒരു കാര്യം മാത്രമേ എന്നോട് പറഞ്ഞുള്ളൂ.
“ഇന്നു രാത്രി ഓ.കെ. നാളെ കാലത്തു തന്നെ എന്തേലും പറഞ്ഞ് കെളവനെ പറഞ്ഞു വിട്ടേക്കണം കേട്ടല്ലോ.” അതും പറഞ്ഞ് ഒരു ബെഡ്ഷീറ്റും തലയണയുമെടുത്ത് അദ്ദേഹം മുറിവിട്ടുപോയി.
പിറ്റേന്നു കാലത്ത് ചായയുമായി അച്ഛന്‍റെയടുത്തേക്ക് പോകുമ്പോള്‍ എന്‍റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അച്ഛനെ പറഞ്ഞയക്കാന്‍ വേണ്ടി ഒരു ഭീമന്‍ നുണയും ഞാന്‍ മനസ്സില്‍ കരുതിയിരുന്നു.
അരവിന്ദേട്ടന്‍റെ അമ്മാവന് നല്ല സുഖമില്ലാന്ന് പറഞ്ഞ് ഫോണ്‍ വന്നിരുന്നു.ഞങ്ങളെല്ലാരും കൂടി അരവിന്ദേട്ടന്‍റെ അമ്മയുടെ നാട്ടിലേക്ക് പോവുകയാ. അച്ഛന്‍ ഒരു കാര്യം ചെയ്യ് തത്ക്കാലം ഇന്ന്‍ തിരിച്ചു പോയിട്ട് കുറച്ചു ദിവസം കഴിഞ്ഞ് വാ എന്നു പറയാം. പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും വരുമ്പോഴെല്ലേ അന്നേരം വേറെന്തെങ്കിലും നുണ പറയാം.
നുണ പറയുന്നത് മഹാപാപമാണെന്ന് പഠിപ്പിച്ച അച്ഛനോട് തന്നെ ഇങ്ങനെ നുണ പറയേണ്ടി വരുന്നല്ലോ. ഈശ്വരാ, എന്തിനെന്നെ ഇങ്ങനെ തീ തീറ്റിക്കുന്നു.
ചായ മേശപ്പുറത്തു വെച്ചു ഞാന്‍ അച്ഛനെ വിളിച്ചു. അച്ഛന്‍ എണീറ്റില്ല. “അച്ഛാ, അച്ഛാ” ഞാന്‍ അച്ഛനെ വീണ്ടും കുലുക്കിവിളിച്ചു. ഇല്ല അച്ഛന്‍ എഴുന്നേല്‍ക്കുന്നില്ല. ഇതെന്തുപറ്റി സാധാരണ ഒന്നു തൊട്ടാല്‍ എണീക്കുന്ന ആളാണല്ലോ. അച്ഛന്‍റെ ശരീരമൊക്കെ എന്താ ആകെ തണുത്തിരിക്കുന്നത്. കൈകാലുകളൊക്കെ വിറങ്ങലിച്ചിരിക്കുന്നു. എന്‍റെയുള്ളില്‍ ഭയം ഒരു കൊള്ളിയാനായി മിന്നി.ഞാന്‍ അച്ഛന്‍റെ മൂക്കിനു താഴെ കൈ വെച്ചു നോക്കി.ഇല്ല ശ്വാസമില്ല. ഈശ്വരാ എന്‍റെ അച്ഛന്‍—— എന്‍റെ അച്ഛന്‍ മരിച്ചുവോ
“അരവിന്ദേട്ടാ” ഒരലറികരച്ചലോടെ ഞാന്‍ പിന്നിലേക്കു മറഞ്ഞു.
ചടങ്ങുകളൊക്കെ കഴിഞ്ഞ് കരഞ്ഞു കരഞ്ഞു തളര്‍ന്നു കിടക്കുകയായിരുന്നു ഞാന്‍. ഒരു കാല്‍പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ കട്ടിലിന്‍റെ കാല്‍ക്കല്‍ നില്ക്കുകയാണ് അരവിന്ദേട്ടന്‍. ആ കണ്ണുകളിലെ അപ്പോഴത്തെ ഭാവമെന്താണെന്ന് എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കുറ്റബോധമാണോ, കാലാകാലത്തോളം എന്‍റെ വെറുപ്പ് സമ്പാദിക്കേണ്ടി വരുമോ എന്ന ഭയമാണോ, അതോ ഒരു ശല്യം എന്നന്നേക്കുമായി ഒഴിഞ്ഞുപോയതിലുള്ള ആശ്വാസമോ.
“അരവിന്ദേട്ടാ, എന്‍റച്ഛന്‍ ഈ വീട്ടില്‍ നിന്നു മാത്രമല്ല. ഈ ലോകത്ത് നിന്നു തന്നെ പോയി.അരവിന്ദേട്ടന് ഇപ്പോ സന്തോഷായോ.”
“അത് പിന്നെ കാത്തു, ഇങ്ങനെയൊന്നും സംഭവിക്കൂന്ന്‍ ആരും വിചാരിച്ചില്ലല്ലോ. എല്ലാം ദൈവത്തിന്‍റെ തീരുമാനമല്ലേ. അന്സരിക്കയല്ലേ നിവൃത്തിയുള്ളൂ.”
ശരിയാ എല്ലാം ദൈവത്തിന്‍റെ തീരുമാനങ്ങളാണ്. ചിലപ്പോള്‍ മനുഷ്യരുടെ ആഗ്രഹങ്ങള്‍ ദൈവത്തിന്‍റെ തീരുമാനങ്ങളായി പരിണമിക്കുന്നൂന്ന്‍ മാത്രം. എന്തായാലും നഷ്ടപ്പെട്ടത് എനിക്കല്ലേ. അതെന്‍റെ മാത്രം നഷ്ടമായി എന്നും നിലനില്ക്കട്ടെ.