മെയിൽവായന

 

 

 

ഒന്നൊന്നര വർഷത്തിനുശേഷം ഇന്‍ബോക്സ് തുറന്നു. കത്തുകള്‍ നൂറില്‍പ്പരമുണ്ട്. അജ്ഞാതനായ ഒരു അഭ്യൂദയകാംക്ഷി കത്തുവഴി ആന്റി വൈറസ്സിനെ അയച്ചിരിക്കുന്നു, അതും സ്വന്തമെന്നു പറയാൻ ഒരു ടാബ്ലെറ്റോ ലാപ്പൊ ക്ണാപ്പൊ ഇല്ലാത്ത എനിക്ക്!!

സൌന്ദര്യസംവർധക ചരക്കുകളുടെയും വയാഗ്ര പോലുള്ള ഉത്തേജന മരുന്നുകളുടെയും വിലവിവരപ്പട്ടികയാണ് മറ്റൊരു കത്ത് .

മറ്റു ചിലത് സ്വന്തം ജില്ലക്കപ്പുറം കാണാൻ ഗതിയില്ലാത്ത ഈ പാപ്പർസൂട്ടിനു
മിതമായ നിരക്കില്‍ ആഡംബരക്കപ്പലിൽ താമസിച്ചു ഉലകം ചുറ്റാനുള്ള പ്രലോഭനങ്ങളും.

വേറൊന്നില്‍ ഇങ്ങനെ കാണുന്നു : ബ്രോഡ് വെയിലെ അപരിചിതനായ ഒരു മഹാകോടീശ്വരന്‍ എന്റെ പേർക്ക് ഒസ്യത്തില്‍ എഴുതി വെച്ചിരിക്കയാണ് അഞ്ചു ബില്യണ്‍ ഡോളര്‍! ക്ലീയറന്സ് ചാര്‍ജിന്റെ വകയില്‍ മുന്‍കൂറായി നൈജീരിയൻ ദല്ലാളിന്റെ അക്കൗണ്ടിലേക്ക് പെട്ടെന്ന് ഇട്ടു കൊടുക്കണമത്രേ ഇന്ത്യൻ രൂപ അയ്യായിരം…..!

കീശയില്‍ ഒരു മണിക്കൂറിന്‍ടെ നെറ്റ് വാടക കഷ്ടിച്ചുള്ള ഈ
ജോബ്‌ലെസ്സിനും അയ്യായിരം ഉലുവയ്ക്കും തമ്മിൽ എന്ത് ബന്ധം!
രണ്ടു സമാന്തര രേഖകൾ തമ്മിൽ എന്ത് സംഗം!

ഒരു വേള ഒരായുസ്സിൽ ഓർക്കാപ്പുറത്ത് വർഷിക്കുന്ന സ്വർണ്ണമഴയായിക്കൂടെ! നിറച്ചുവെക്കാനായി വാർപ്പ് പോയിട്ട് ഒരു ടീസ്പൂൺ പോലും കൈവശമില്ല! കോടീശ്വരന് ഇതൊന്നും അറിയേണ്ടല്ലോ. അജ്ഞാതനായ മഹാകോടീശ്വരാ, അങ്ങ് ജനിക്കുകയോ മരിക്കുകയോ ചെയ്യാത്ത കേവലമൊരു കാല്പനികസൃഷ്ടിയാണോ അതോ പാവങ്ങളുടെ രക്തമൂറ്റാൻ പിറന്ന മറ്റൊരു അവതാരമോ?

അങ്ങൊരു ജൂതനാണെന്നും ഞാൻ മനസിലാക്കുന്നു.
പണ്ട് മാടായിപ്പാറയിൽ അങ്ങയുടെ പൂർവ്വജർ കച്ചവടത്തിന് വന്ന ചരിത്രവും
വായിച്ചിട്ടുണ്ട്. മാടായിപ്പാറക്കടുത്താണ് എന്റെ താമസം. അപ്പോൾ എന്റെ സിരകളിലൂടേ ഒഴുകുന്നത് ജൂതരക്‌തമാണെന്നു സംശയിച്ചുപോയാൽ അതിലാരുംതന്നെ എന്നെ കുറ്റപ്പെടുത്തരുത്. അല്ലെങ്കിൽപിന്നെ എവിടെയോ കിടക്കുന്ന ഒരു ജൂതൻ എന്തിനു ഈ അജ്ഞാതനാമാവിന്റെ പേരുതന്നെ ഒസ്യത്തിൽ ………….?

അഞ്ചു ബില്യണ്‍ ഡോളർ! അതിൽ എത്ര കാണും പൂജ്യങ്ങൾ? കപടസൈബർലോകം ആശയ്‌ക്കെതിരെ ആശിപ്പിച്ച് എന്നെ ഒരു വട്ടനാക്കുകയാകാം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആശയെ കുറിച്ചല്ല പറയുന്നത്. അവൾ എന്നേ എന്റെ മൊത്തം ലൈഫിന്റെ ആശ കെടുത്തി. എന്നെ തേച്ചു ഇസ്തിരിയിട്ടിട്ടല്ലേ പഹയത്തി പി എസ് സിയുടെ എൽ ഡി സി റാങ്ക് ലിസ്റ്റിൽ നൂറാം സ്ഥാനത്തുള്ള ഒരു പൊതുവിജ്ഞാനകോശിയുടെ വിരലിൽ മുക്കു-റിങ്ങിട്ടത്. ഹിമാലയൻ ഫ്രോഡ് !!

വി ആർ പ്ളീസ്‌ഡ്‌ ടു അപ്പോയിന്റ് യു ഇൻ ഔർ കമ്പനി ഫോർ ദി റോൾ ഓഫ് എ ഹ്യൂമൻ റിസോഴ്സ് ……………. ഇൻബോക്സിൽ ഈവിധമൊരു ഇമെയിൽ
വരാനുള്ള ശുക്രദശ ലഗ്നത്തിന്റെ ജാതകത്തിൽ കാണുമോ! തൊഴിലുറപ്പ് കിട്ടിയാൽ മാത്രമേ ഒരുറപ്പുമില്ലാത്ത വിവാഹത്തിന് മുതിരാൻ ആത്‌മവിശ്വാസം കിട്ടൂ. ജാതകത്തിലാണെങ്കിൽ പാപഗ്രഹങ്ങളുടെ ശക്തമായ അധിനിവേശം. വുഡ് ബി ഒരു ചൊവ്വാദോഷമാണെങ്കിൽ മാച്ച് കറക്റ്റ് ……….പണ്ട് യുക്തിവാദി യോഗങ്ങളിൽ ജാതകമൊക്കെ കത്തിക്കണമെന്നു ഉദ്ബോധിപ്പിക്കാറുള്ള ഞാനാണല്ലോ ശിവ ശിവ ! ഇങ്ങനെയൊക്കെ ബോധം കെട്ട് ചിന്തിക്കുന്നത്.

ഡിലിററില്‍ ക്ളിക്കിച്ച് ക്ളിക്കിച്ച് വായിച്ചതും വായിക്കാത്തതുമായ കത്തുകളെയൊക്കെ പടിയടച്ചു പിണ്ഡം വെച്ച് ഇൻബോക്സിനു പുറത്താക്കി.
ലെറ്റ് ദ ബാസ്‌റ്റാർഡ്സ് ഗോ ടു ബ്ലഡി റീസൈക്കിൾ ബിൻ!

സൈന്‍ഔട്ട് ചെയ്ത് കഫെ വിടുമ്പോള്‍, ആരും കത്തിടാത്ത ഒരു തപാല്‍പ്പെട്ടിയുടെ ശൂന്യത മനസ്സിനെ ഗ്രസിച്ചിരുന്നു. ആശ എന്ന ഹിമാലയൻ ഫ്രോഡ് അവസാനം അയച്ച പോസ്റ്റിലെ വരികൾ തീയേറ്ററുകളിൽ പൊട്ടിയ ഒരു പടത്തിന്റെ നീണ്ട ടൈറ്റിൽ പോലെ കണ്മുന്നിൽ വെളിച്ചപ്പെട്ടു: ശരീരം ഒരു വഴിയമ്പലമാണ്. ആത്‌മാവ്‌ സഞ്ചാരിയും!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറ: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്ന് ബെന്നി ബെഹനാന്‍
Next articleനായ ഒരു വളർത്തുമൃഗം മാത്രമല്ല !
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

2 COMMENTS

  1. ഹ ഹ ഹ……. ?
    ഒന്നര വർഷത്തിനുള്ളിൽ ഇത്രയും മെയിൽ മാത്രമേ കിട്ടിയുള്ളോ?

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here