മഹാശ്വേതാദേവി- ഓർമ

mahasweta-devi-by-mukthar-3ചിലർ അങ്ങനെയാണ് അതിരുകളെ അവഗണിച്ച് പ്രതിഭകൊണ്ട് നമ്മെ അമ്പരപ്പിക്കും. ബംഗാൾ സാഹിത്യത്തിൽ നിന്നും എഴുതിത്തെളിഞ്ഞു ഇന്ത്യൻ എഴുത്തുകാരി എന്ന നിലയിലേക്ക് എത്തിയ മഹാശ്വേതാദേവി സാഹിത്യത്തെ ഒരിക്കലും അവസാനവാക്കായി കണ്ടില്ല. എഴുത്ത് ഒരിക്കലും പ്രവർത്തനത്തിന് പകരമാവില്ല എന്ന് പറയുമ്പോലെ അവർ നിരന്തരം സമൂഹത്തിൽ സജീവമായി ഇടപെട്ടു. ഒറ്റപ്പെട്ടവരുടെയും അകറ്റിനിർത്തപ്പെട്ടവരുടെയും അരികെ എത്തി കൈ തോളിലൂടെ ഇട്ടു. അവരുടെ നോവലുകൾ ക്രാഫ്റ്റിന്റെ സൗന്ദര്യത്തിനപ്പുറം അതിലെ ജീവിതം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.

സാഹിത്യം നിറഞ്ഞ അന്തരീക്ഷത്തിൽ ജനിച്ച അവർ സജീവമായി എഴുതിയിരുന്നു. 100 ലേറെ നോവലുകളും അത്രയും തന്നെ ചെറുകഥകളും അതിന് തെളിവാണ്. കമ്മ്യൂണിസം എന്ന ആശയത്തോട് 1940കാലിൽ തോന്നിയ അഭിമുഖ്യം അതേ അളവിൽ നിലനിർത്താനായില്ലെങ്കിലും മരണം വരെ ആ ആശയത്തോടാവർക്ക് പ്രത്യേക മമത ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെയാവാം കേരളം അവരെ ആകർഷിച്ചതും. ഒറ്റപ്പെട്ട മനുഷ്യർക്കൊപ്പം ഒറ്റപ്പെട്ട സ്ത്രീകളും അവരുടെ പ്രധാന വിഷയമായിരുന്നു. അവാർഡുകളോടുംഅധികാര ഘടനകളോടും ആജീവനാന്തം സംശയം പുലർത്തിയ എഴുത്തുകാരിയെത്തേടി പക്ഷെ രാജ്യത്തെ പ്രമുഖ ബഹുമതികളെല്ലാം എത്തി.

കഥാപാത്രങ്ങളിൽ ശക്തമായ സ്ത്രീ സാന്നിധ്യങ്ങൾ, തികച്ചും സാധാരണമായ സംഭവങ്ങളുടെ വിവരണങ്ങൾ എന്നിവ നിറഞ്ഞതാണ് ദീദിയുടെ നോവലുകളെങ്കിലും അവ വീണ്ടും വീണ്ടും വായിക്കപ്പെടുന്നു.ഉൾഗ്രാമങ്ങളിലെ നിരക്ഷരരുടെ മുന്നിൽ അവർ എഴുത്തുകാരി ആയി ഒരിക്കലും ചെന്നില്ല അവിടെ അക്ഷരങ്ങളല്ല ഭക്ഷണമാണ് അവർ തേടുന്നതെന്ന ഉത്തമ ബോധ്യമായിരുന്നു എഴുത്തുകാരിയെക്കൊണ്ട് അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കരുതണം.വിശ്വസിച്ചതെന്തോ അതെഴുതുകയും, എഴുതിയത് പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയുമാണ് അവർ ചെയ്തത്.തികച്ചും സാർത്ഥകമായ ഒരു ജീവിതമായിരുന്നു അവരുടേത്. തന്റെ ഉജ്ജ്വലമായ കഥാപാത്രങ്ങളെപ്പോലെയായിരുന്നു അവരും.  കലാപങ്ങളുടേയും യുദ്ധങ്ങളുടെയും,അധികാര ദുർവിനിയോഗങ്ങളുടെയും ഇന്ത്യയെ ആയിരുന്നു അവർ കൃതികളിലൂടെ കാട്ടി തന്നത്. സാധാരണക്കാരന് ജീവിതം അസാധ്യമാകുന്ന സാമൂഹികാന്തരീക്ഷം കുറച്ചൊന്നുമല്ല അവരെ ചൊടിപ്പിച്ചത്. കലക്കും, കർമ്മത്തിനുമായി ഒരു മനുഷ്യായുസ്സ് നീട്ടി വെച്ച എഴുത്തുകാരിയെ വീണ്ടുമോർക്കുമ്പോൾ അധികാരവും, വേർതിരിവും മുമ്പത്തേക്കാൾ ശക്തിയോടെ തിരികെ വരുന്നതും നമ്മൾ കാണുന്നു. നമുക്കില്ലാതായിക്കൊണ്ടിരിക്കുന്നത് പ്രതീകങ്ങളാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here